നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

നമ്മെപ്പോലെ, നമുക്ക് വേണ്ടി

തന്റെ മകൾ ഷോപ്പിങ്ങ് മോളിലായിരുന്ന സമയം മുഴുവൻ തൊപ്പി തലയിൽ നിന്ന് മാറ്റാത്തത് കാൻസർ ചികിത്സയുടെ ഭാഗമായുള്ള തുടർച്ചയായ കീമോ തെറാപ്പിയുടെ ഫലമായി മുടിയെല്ലാം പോയതിനെക്കുറിച്ച് സ്വയം നല്ല ബോധ്യമുള്ളതുകൊണ്ടാണെന്ന് പ്രീതിക്ക് മനസ്സിലായി. തന്റെ മകളോട് തദാത്മ്യപ്പെടുന്നതിനായി, പ്രീതിയും തന്റെ മനോഹരമായ നീണ്ട മുടി മുഴുവൻ ഷേവ് ചെയ്ത് കളയാൻ വേദനയോടെ തീരുമാനിച്ചു.

തന്റെ മകളോടുള്ള പ്രീതിയുടെ ഈ സ്നേഹം ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. കാരണം, അവന്റെ മക്കളായ നാം “ജഢരക്തങ്ങളോടു കൂടിയവർ” (എബ്രായർ 2:14) ആകയാൽ യേശു നമുക്ക് സദൃശരായി മനുഷ്യ രൂപത്തിലായി നമ്മെ മരണത്തിന്റെ അധികാരത്തിൽ നിന്നും വിടുവിച്ചു. നമുക്കായി സകലവും ദൈവത്തോട് നിരപ്പിക്കുന്നതിനു വേണ്ടി അവൻ “സകലത്തിലും തന്റെ സഹോദരന്മാരോട് സദൃശനായി തീരുവാൻ ആവശ്യമായിരുന്നു” (വാ. 17).

തന്റെ മകളുടെ സ്വയാവബോധത്തെ അതിജീവിക്കുവാൻ സഹായിക്കുന്നതിനു വേണ്ടി പ്രീതി സ്വയം തന്റെ മകളെപ്പോലെയായി. യേശു ഇതിനെക്കാൾ വലുതായ, പാപത്തിന്റെ അടിമത്തം എന്ന നമ്മുടെ പ്രശ്നം അതിജീവിക്കാൻ നമ്മെ സഹായിച്ചു. അവൻ നമ്മിലൊരുവനെപ്പോലെയായി നമ്മുടെ പാപത്തിന്റെ പരിണിത ഫലമെല്ലാം ഏറ്റെടുത്ത് നമുക്ക് പകരമായി മരിച്ചു കൊണ്ട് നമുക്കു വേണ്ടി ഈ പ്രശ്നം പരിഹരിച്ചു.

യേശു നമ്മുടെ മനുഷ്യത്വം പങ്കുവെക്കുവാൻ മനസ്സായതു മൂലം നമുക്ക് ദൈവവുമായി നല്ല ബന്ധം ലഭിച്ചു എന്നത് മാത്രമല്ല, നമ്മുടെ സംഘർഷങ്ങളുടെ നിമിഷങ്ങളിൽ അവനെ ചാരുവാൻ നമുക്ക് സാധ്യമാകുകയും ചെയ്യുന്നു. നാം പ്രലോഭനങ്ങളും പ്രതികൂലങ്ങളും അഭിമുഖീകരിക്കുമ്പോൾ ശക്തിക്കും ബലത്തിനുമായി “സഹായിക്കുവാൻ കഴിവുള്ളവനായ” (വാ.18) അവനിൽ ചാരുവാൻ നമുക്കാകുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മെ മനസ്സിലാക്കുകയും കരുതുകയും ചെയ്യും.

സ്ഥിരമായ മേൽവിലാസം

കുറച്ചു നാൾ മുമ്പ് ഞങ്ങൾക്ക് തൊട്ടടുത്ത് തന്നെയുള്ള ഒരു പുതിയ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. വില്പനയും വാങ്ങലും സംബന്ധിച്ച പണമിടപാടുകളിൽ വന്ന താമസം മൂലം സാധനങ്ങളെല്ലാം ഒരു ട്രക്കിലേക്ക് മാറ്റേണ്ടിവന്നു; ഞങ്ങൾ ഒരു തല്ക്കാലികസ്ഥലത്തും താമസിച്ചു. വീട്ടിൽ അല്ല എങ്കിലും വീട്ടുസാധനങ്ങൾ എല്ലാം ട്രക്കിൽ ആയിട്ടും എനിക്ക് വീട്ടിൽ തന്നെ താമസിക്കുന്നതു പോലെ തോന്നി-കാരണം ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്റെ കുടുംബത്തോടൊപ്പമായിരുന്നു.

ജീവിതത്തിന്റെ ഒരു കാലഘട്ടം ദാവീദിന് ഭവനമില്ലാതെ കഴിയേണ്ടി വന്നു. ശൗൽ രാജാവിൽ നിന്ന് ഒളിച്ച് താമസിച്ച കാലം. ദാവീദിനെ തന്റെ പിൻഗാമിയായി ദൈവം അഭിഷേകം ചെയ്തു എന്ന് മനസ്സിലാക്കിയ ശൗൽ ദാവീദിനെ തനിക്ക് ഭീഷണിയായി കണ്ട് കൊല്ലാൻ ശ്രമിച്ചു. ദാവീദ് വീട് വിട്ട് ഓടിപ്പോയി ഒളിവിടങ്ങളിൽ പാർത്തു. തന്റെ കൂട്ടാളികൾ എല്ലാം കൂടെയുണ്ടായിട്ടും ദാവീദിന്റെ ഹൃദയത്തിന്റെ താല്പര്യം “ആയുഷ്കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നേ” ആയിരുന്നു (സങ്കീ.27:4) ദൈവവുമായുള്ള ഒരു സ്ഥിരമായ കൂട്ടായ്മാബന്ധം ദാവീദ് ആഗ്രഹിച്ചിരുന്നു.

യേശുവാണ് നമ്മുടെ സ്ഥിരമായ സഹചാരി. അതുകൊണ്ട് നാം എവിടെയായിരുന്നാലും അസ്വസ്ഥത വേണ്ട. നമ്മുടെ പ്രശ്നങ്ങളിലെല്ലാം അവൻ കൂടെ ആയിരിക്കുകയും അവനോടൊപ്പം നിത്യവുമായിരിക്കുവാൻ നമുക്കായി സ്ഥലമൊരുക്കുകയും ചെയ്യുന്നു (യോഹന്നാൻ 14:3). ഈ ഭൂമിയിലെ പൗരന്മാർ എന്ന നിലയിൽ നാം അസ്ഥിരതയും മാറ്റങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെങ്കിലും ദൈവവുമായുള്ള കൂട്ടായ്മാബന്ധത്തിൽ നമുക്ക് സ്ഥിരവാസമനുഭവിക്കാനാകും; എവിടെയും എല്ലാ ദിവസവും.

​​ദൈവത്തിന്റെ നല്ല പശ

ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു പുതിയ തരം പശ നിർമ്മിച്ചു, അത് വളരെ ശക്തവും നീക്കം ചെയ്യാവുന്നതുമാണ്. അവരുടെ ഡിസൈൻ ഒരു ഒച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഉണങ്ങിയ അവസ്ഥയിൽ അതിന്റെ ദ്രവം കഠിനമാകുകയും നനഞ്ഞാൽ വീണ്ടും അയവു വരികയും ചെയ്യും. ഒച്ചുകളുടെ ദ്രവത്തിന്റെഈ സവിശേഷത,കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത്സ്വതന്ത്രമായി നീങ്ങാൻ അതിനെ അനുവദിക്കുന്നു, എന്നാൽചലനം അപകടകരമാകുമ്പോൾ,അത്ഒച്ചുകളെ അതിന്റെ പരിസ്ഥിതിയിൽ സുരക്ഷിതരായി ഉറപ്പിച്ചുനിർത്തുന്നു.

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു പശയെ അനുകരിക്കുന്ന ഗവേഷകരുടെ സമീപനം, ശാസ്ത്രജ്ഞനായ ജോഹാനസ് കെപ്ലറുടെ കണ്ടെത്തലുകളെക്കുറിച്ചുതാൻ പറഞ്ഞത്ഓർമിപ്പിക്കുന്നു. താൻ "കേവലംദൈവത്തിന്റെ ചിന്തകൾ പിന്തുടരുകമാത്രമാണ് ചെയ്തിരുന്നത്" എന്ന്അദ്ദേഹം പറഞ്ഞു. ഭൂമിയും അതിലുള്ള സകലവും ദൈവം സൃഷ്ടിച്ചെന്ന് ബൈബിൾ നമ്മോട് പറയുന്നു: ഭൂമിയിലെ സസ്യങ്ങൾ (ഉൽപത്തി 1:12); വെള്ളത്തിലെ ജീവജന്തുക്കളുംപറവജാതിയും (വാ.21); ഭൂചരജന്തുക്കൾ (വാ.25); കൂടാതെ തന്റെ സ്വരൂപത്തിൽമനുഷ്യനെയും (വാ.27).
മനുഷ്യൻഒരു ചെടിയുടെയോ മൃഗത്തിന്റെയോ ഒരു പ്രത്യേക ഗുണം കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുമ്പോൾ, അവൻസൃഷ്ടിയുടെചുവടുകൾ കേവലം പിന്തുടരുകയാണ്.

സൃഷ്ടിവിവരണത്തിൽ ഓരോ ദിവസത്തിന്റെയും അവസാനം, ദൈവം തന്റെ പ്രവൃത്തിയുടെ ഫലം പരിശോധിക്കുകയും അതിനെ "നല്ലത്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കൂടുതൽ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, നാമും അവന്റെ പ്രൗഢമായ പ്രവൃത്തി തിരിച്ചറിഞ്ഞ്, അതിനെ നന്നായി പരിപാലിച്ച്, അതെത്ര നല്ലതാണെന്ന് പ്രഖ്യാപിക്കുവാൻ ഇടയാകട്ടെ!

​​മനോഹരമായ പാദങ്ങൾ

ജോൺ നാഷിന് 1994-ൽ, ഗണിതശാസ്ത്രത്തിലെ തന്റെ മുൻനിര പ്രവർത്തനങ്ങൾ അംഗീകരിച്ച്, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ സമവാക്യങ്ങൾ അന്നു മുതൽ ലോകമെമ്പാടുമുള്ള ബിസിനസ്സുകാർ പരസ്പരമത്സരത്തിന്റെ ചലനശാസ്ത്രം മനസ്സിലാക്കുവാൻ ഉപയോഗിക്കുന്നു. ഒരു പുസ്തകവും ഒരു മുഴുനീള സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തെ രേഖപ്പെടുത്തുകയും, അദ്ദേഹത്തിന് "ഒരു മനോഹരമായ ഹൃദയം" ഉള്ളതായി പരാമർശിക്കുകയും ചെയ്തു –അത്തന്റെഹൃദയത്തിന്എന്തെങ്കിലും സൗന്ദര്യപരമായ ആകർഷണം ഉണ്ടായതുകൊണ്ടല്ല, മറിച്ച് അദ്ദേഹംഎന്ത് ചെയ്തു എന്നതുകൊണ്ടാണ്.

പഴയനിയമ പ്രവാചകനായിരുന്ന യെശയ്യാവ് കാലുകളെ വർണ്ണിക്കുവാൻ"മനോഹരം" എന്ന പദം ഉപയോഗിക്കുന്നുണ്ട് - ദൃശ്യമായ ഏതെങ്കിലും ശാരീരിക ഗുണം കൊണ്ടല്ല, മറിച്ച് അവ ചെയ്യുന്നതിൽ താൻ സൗന്ദര്യം കണ്ടതിനാലാണ്. "...സുവാർത്താ ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം" (യെശ.52:7).ദൈവത്തോടുള്ള തങ്ങളുടെ അവിശ്വസ്തതയുടെ ഫലമായി ബാബിലോണിൽ അനുഭവിച്ച എഴുപത് വർഷത്തെ അടിമത്വത്തിനു ശേഷം, ദൈവജനം താമസിയാതെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുമെന്ന ആശ്വാസ വാക്കുകളുമായി ദൂതൻമാർ എത്തി, കാരണം "യഹോവ .... യെരുശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ" (വാ.9).

യിസ്രായേലിന്റെ സൈനിക ശക്തിയോ മറ്റേതെങ്കിലും മാനുഷിക പ്രയത്നമോ മൂലമല്ല ഈ സുവാർത്ത. മറിച്ച് അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ"വിശുദ്ധ ഭുജത്തിന്റെ" പ്രവർത്തനമായിരുന്നു (വാ.10). നമുക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിലൂടെ ആത്മീയശത്രുവിൻമേൽ നമുക്ക് വിജയം ഉള്ളതിനാൽ ഇന്നും അതു സത്യമാണ്. ഇതിന് പ്രതികരണമായി ചുറ്റുമുള്ളവരോട് സമാധാനം, ശുഭവാർത്ത, രക്ഷ എന്നിവ അറിയിച്ച് സുവിശേഷത്തിന്റെ ദൂതൻമാരായി നാം സഞ്ചരിക്കുന്നു. മനോഹരമായ പാദങ്ങളാൽ നാം അതുചെയ്യുന്നു.

സൃഷ്ടിയുടെ അത്ഭുതം

അലാസ്കയിൽ കാൽനടയായിവിനോദയാത്രചെയ്യുമ്പോൾ, ടിം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കാര്യം കണ്ടു. ഹിമപാളികളെക്കുറിച്ചു താൻ പ്രൊഫഷണലായി പഠിച്ചിട്ടുണ്ടെങ്കിലും, അവിടെയുള്ള ധാരാളം ചെറിയ പന്തുകൾ പോലുള്ള ഹിമപായലുകളുടെ (ഒരുതരം സസ്യം) കാഴ്ച അദ്ദേഹത്തിന് തികച്ചും പുതിയതായിരുന്നു. പച്ചനിറമുള്ള  “ഹിമപായൽപന്തുകളെ”വർഷങ്ങളോളം നിരീക്ഷിച്ചതിനുശേഷം, ടിമ്മും സഹപ്രവർത്തകരും ഒരുകാര്യം കണ്ടെത്തി - മരങ്ങളിലെ പായലിൽ നിന്ന് വ്യത്യസ്തമായി, ഹിമപായൽപന്തുകൾസ്വതന്ത്രമായിനില്ക്കുകയാണ്; അതിലും ആശ്ചര്യകരമായ കാര്യം, അവർ കൂട്ടംകൂടി  ഒരു ആട്ടിൻകൂട്ടം പോലെ ഒരുമിച്ച് നീങ്ങുന്നു എന്നാണ്. ആദ്യം, ടിമ്മും സഹപ്രവർത്തകരും അത് കാറ്റിൽ പറന്നതാണോ അല്ലെങ്കിൽ താഴേക്ക് ഉരുളുന്നതാണോഎന്ന് സംശയിച്ചു, പക്ഷേ അവരുടെ ഗവേഷണം ആ ഊഹങ്ങളെ തള്ളിക്കളഞ്ഞു.

അലാസ്കയിലെ ഹിമപായൽപന്തുകൾ എങ്ങനെയാണ് നീങ്ങുന്നതെന്ന് അവർ ഇതുവരെ കണ്ടെത്തിയില്ല. അത്തരം നിഗൂഡതകൾ ദൈവത്തിന്റെ സർഗ്ഗാത്മകതയെ ഉയർത്തിക്കാട്ടുന്നു. ദൈവം തന്റെ സൃഷ്ടിയിൽ, ചെടികളുടെയും മരങ്ങളുടെയും രൂപത്തിൽ "സസ്യങ്ങൾ ഉത്പാദിപ്പിക്കുവാൻ" ഭൂമിയെ നിയമിച്ചു (ഉല്പത്തി 1:11). അവന്റെ രൂപകൽപ്പനയിൽ ഹിമപ്രദേശത്തെ പായൽപന്തുകളും ഉൾപ്പെടുന്നു.അവവളരുന്നതിന്അനുയോജ്യമായ ഒരു ഹിമപ്രദേശം സന്ദർശിച്ചാൽ നമുക്കത് നേരിൽ കാണുവാൻ സാധിക്കും.

പായൽപന്തുകൾ 1950 കളിൽ കണ്ടെത്തിയതുമുതൽ അവയുടെ പച്ചനിറസാന്നിദ്ധ്യത്താൽ അവ ശാസ്ത്രജ്ഞരെ ആകർഷിക്കുന്നു. ദൈവം താൻ സൃഷ്ടിച്ച സസ്യങ്ങളെ നിരീക്ഷിച്ചപ്പോൾ, “അത് നല്ലതു” എന്നു പ്രഖ്യാപിച്ചു (1:12). ദൈവത്തിന്റെ ബൊട്ടാണിക്കൽ ചിത്രപ്പണികളാണു നമുക്ക് ചുറ്റും. അവ ഓരോന്നും അവന്റെ സൃഷ്ടിപരമായ കഴിവിന്റെ ശ്രേഷ്ഠതയേ പ്രകടിപ്പിക്കുകയും, അവനെ ആരാധിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവൻ ഉണ്ടാക്കിയ ഓരോ വൃക്ഷത്തെയും ചെടിയേയും കുറിച്ചു നമുക്ക് സന്തോഷിക്കുവാൻ കഴിയും - കാരണം അതു നല്ലതാണ്!

ദൈവത്തിൽ നിന്നും ഒളിക്കുക

ഞാൻ കണ്ണുകൾ മുറുക്കെയടച്ച് എണ്ണാൻ തുടങ്ങി. മൂന്നാം ക്ലാസ്സിലെ സഹപാഠികൾ ഒളിക്കാൻ സ്ഥലം അന്വേഷിച്ച് പാഞ്ഞു. ഒരോ അലമാരയും പെട്ടിയും അറകളും പരിശോദിച്ചതിനു ശേഷവും ഒരു സുഹൃത്തിനെ പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചുമരിൽ തൂക്കി ഇട്ടിരുന്ന ചിത്രപ്പുല്ല് ചെടിയുടെ പിന്നിൽ നിന്നും അവൾ പുറത്തു ചാടിയപ്പോൾ പരിഹാസ്യമായി തോന്നി. അവളുടെ തല മാത്രമായിരുന്നു ചെടികൊണ്ട് മറഞ്ഞിരുന്നത്—ശരീരം മുഴുവൻ പുറത്തു കാണാമായിരുന്നു!

ഏദൻ തോട്ടത്തിലായിരുന്ന ആദമും ഹവ്വയും ദൈവത്തിൽ നിന്നും “ഒളിച്ചപ്പോൾ" ദൈവം സർവ്വജ്ഞാനി ആകയാൽ, അവർ ദൈവത്തിന്റെ “കാഴ്ചയിൽ” തന്നെ ആയിരുന്നു (ഉല്പത്തി 3:8). പക്ഷേ അവർ എന്തെങ്കിലും കുട്ടിക്കളികൾ കളിക്കുകയായിരുന്നില്ല; ദൈവം തിന്നരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്നതു മൂലം അവർ അവരുടെ തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവും—ലജ്ജയും—പെട്ടന്ന് അനുഭവിക്കുകയായിരുന്നു.

ദൈവത്തിന്റെ കല്പന അനുസരിക്കാതിരുന്നപ്പോൾ ആദമും ഹവ്വയും ദൈവത്തിൽ നിന്നും അവിടുത്തെ  സ്നേഹപൂർവ്വമായ കരുതലിൽ നിന്നും അകന്നു. ക്രോധത്താൽ അവരെ വിട്ട് പോകുന്നതിനു പകരം അവിടുന്ന് “നീ എവിടെ“ എന്ന് ചോദിച്ച് അവരെ തേടി ചെന്നു. അവർ എവിടെയാണെന്ന് അവിടുന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ അവരോടുള്ള ആർദ്ര കരുതൽ അവർ അറിയണമെന്ന് അവിടുന്ന് ആഗ്രഹിച്ചു(വാ. 9).

എനിക്ക് എന്റെ കൂട്ടുകാരി ഒളിച്ചിരുന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല, എന്നാൽ ദൈവം എപ്പോഴും നമ്മെ കാണുന്നു, നമ്മെ അറിയുന്നു—അവിടുത്തെ കണ്മുന്നിൽ തന്നെ ആണ് നമ്മൾ. ആദമിനേയും ഹവ്വയേയും തേടി വന്നതു പോലെ നമ്മേയും നാം “പാപികൾ ആയിരിക്കുമ്പോൾതന്നെ” യേശു തേടി വന്നു—ക്രൂശിൽ മരിച്ചു “നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (റോമർ 5:8). നമുക്കിനി ഒളിക്കേണ്ട കാര്യമില്ല.

അടുപ്പിച്ചു

കൊറോണ വൈറസിന്റെ പശ്ചാതലത്തിൽ എന്റെ സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സിൽ നിന്നും എന്തെങ്കിലും പിൻവലിക്കുന്നതിനു മുൻപത്തേക്കാൾ കൂടുതൽ പ്രോട്ടോക്കോളുകൾ ആവശ്യമാണ്. ഇപ്പോൾ ഞാൻ മുൻകൂട്ടി ആപോയിന്റ്മെന്റ് എടുക്കണം, എത്തിക്കഴിഞ്ഞാൽ അകത്തു കയറാൻ വിളിക്കണം, തിരിച്ചറിയൽ രേഖയും ഒപ്പും കാണിക്കണം, അതിനു ശേഷം നിലവറയിലേക്ക് കൊണ്ടുപോകാനായി നിയുക്തനായ ഉദ്യോഗസ്ഥനെ കാത്തിരിക്കണം. അകത്തു കയറിയാൽ, എനിക്ക് ആവശ്യമുള്ളത് ബോക്സിനുള്ളിൽ നിന്നും കണ്ടെത്തുന്നതു വരെ ഭാരിച്ച ഡോറുകൾ വീണ്ടും അടക്കും. ഈ നിർദ്ദേശങ്ങളെല്ലാം പാലിച്ചില്ലെങ്കിൽ എനിക്ക് അകത്തു കടക്കാൻ സാധിക്കില്ല.

പഴയ നിയമത്തിൽ സമാഗമനകൂടാരത്തിലുള്ള അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാൻ ദൈവം ചില പ്രോട്ടോക്കോളുകൾ നിർദ്ദേശിച്ചിരുന്നു (പുറപ്പാട് 26:33). “വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്ന” പ്രത്യേക തിരശ്ശീലയ്ക്കു പിന്നിലേക്ക് ആണ്ടിലൊരിക്കൽ മഹാപുരോഹിതനു മാത്രം കടന്നു ചെല്ലാമായിരുന്നു (എബ്രായർ 9:7). മഹാപുരോഹിതൻ അഹരോനും ശേഷം വന്ന മഹാപുരോഹിതന്മാരും, അകത്തു കടക്കുന്നതിനു മുൻപ് കുളിച്ച്, വിശുദ്ധമായ അങ്കി ധരിച്ച് വേണം യാഗവസ്തുക്കളുമായി വരാൻ (ലേവ്യാപുസ്തകം 16:3–4). ദൈവത്തിന്റെ നിർദ്ദേശങ്ങൾ ആരോഗ്യപരമോ സുരക്ഷാപരമോ ആയ കാരണങ്ങൾക്കായിരുന്നില്ല; യിസ്രായേലിനെ ദൈവത്തിന്റെ വിശുദ്ധിയും നമുക്ക് പാപക്ഷമയുടെ ആവശ്യകതയും പഠിപ്പിക്കാൻ ഉദ്ധേശിച്ചായിരുന്നു.

യേശുവിന്റെ മരണ സമയത്ത്, തങ്ങളുടെ പാപക്ഷമക്കായി അവന്റെ യാഗത്തിൽ വിശ്വസിക്കുന്ന എല്ലാ ജനങ്ങൾക്കും ദൈവത്തിന്റെ സന്നിധിയിലേക്ക്  കടന്നു വരാമെന്ന് പ്രതീകാത്മകമായി കാണിച്ചു കൊണ്ട് ആ പ്രത്യേക തിരശ്ശീല ചീന്തി(മത്തായി 27:51). നമ്മുടെ അനന്ത സന്തോഷത്തിന്റെ കാരണം കൂടാരത്തിലെ തിരശ്ശീലയിലെ ചീന്തൽ ആണ്—എല്ലായ്പ്പോഴും ദൈവ സന്നിധിയിലേക്ക് അടുക്കുവാൻ യേശു നമ്മെ പ്രാപ്തരാക്കി! 

സാങ്കല്പിക സാന്നിദ്ധ്യം

പുതിയ കൊറോണ വൈറസ് ലോകത്തെ അങ്ങോളം ഇങ്ങോളം ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ, രോഗവ്യാപനം കുറയ്ക്കാൻ ശാരീരിക അകലം കൂട്ടുക എന്നാണ് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നത്.പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് ആവശ്യപ്പെടുന്നത്, സംസർഗ്ഗം കുറക്കുവാനോ സുരക്ഷിതമായ ഒരു സ്ഥലത്തായിരിക്കുവനോ ആണ്. സാധിക്കുന്ന സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുവാൻ അയച്ചിരിക്കുകയാണ്. അത് കഴിയാത്തിടങ്ങളിൽ ധാരാളം പേർ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. മറ്റു ചിലരെ പോലെ ഞാനും സഭയുടെ യോഗങ്ങളിലും ചെറിയ കൂട്ടായ്മകളിലും ഡിജിറ്റൽ വേദികളിൽ കൂടിയാണ്  പങ്കെടുത്തുകൊണ്ടിരിക്കുന്നത്. വ്യക്തിപരമായി ബന്ധപ്പെടുവാൻ സാധിക്കുന്നില്ലെങ്കിലും ലോകം മുഴുവൻ നാം പുതിയ രീതിയിലുള്ള കൂടിച്ചേരലുകൾ പരിചയിച്ചു.

നാം ബന്ധപ്പെട്ട്കൊണ്ടിരിക്കുന്നു എന്ന തോന്നൽ നിലനിർത്തുന്നത് ഇൻറർനെറ്റ് മാത്രമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായ നാം ഓരോരുത്തരും പരിശുദ്ധാത്മാവിൽ ബന്ധപ്പെട്ടിരിക്കുന്നു. പൗലോസ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കൊലോസ്സ്യർക്ക് എഴുതിയ ലേഖനത്തിൽ ഈ ഒരാശയം പ്രകടിപ്പിച്ചിരുന്നു. പൗലോസ് നേരിട്ട് അല്ല ആ സഭയെ സ്ഥാപിച്ചത് എങ്കിലും, അവരെക്കുറിച്ചും അവരുടെ വിശ്വാസത്തെക്കുറിച്ചും നല്ല താല്പര്യമുണ്ടായിരുന്നു. പൗലോസ് ശരീരം കൊണ്ട് ദൂരസ്ഥനെങ്കിലും “ആത്മാവുകൊണ്ട് അവരോടു കൂടെ” ഉണ്ടെന്ന് ഓർമ്മിപ്പിച്ചു (കൊലോസ്സ്യർ 2:5).

നമുക്ക് എപ്പോഴും നാം സ്നേഹിക്കുന്നവരുടെ കൂടെ അടുത്ത് ആയിരിക്കുവാൻ  സാമ്പത്തികമായോ, ആരോഗ്യപരമായോ, വേറെ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സാധിക്കുല്ലെങ്കിലും പുതിയ സാങ്കേതിക വിദ്യകൾ  ആ വിടവ് നികത്തുന്നു. എങ്കിലും ഓൺലൈൻ കൂട്ടായ്മകൾക്ക്, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗങ്ങളുടെ യഥാർത്ഥമായ ഒരുമിച്ച് കൂടലിനെ അപേക്ഷിച്ച് ഊഷ്മളത കുറവായിരിക്കും. (1 കൊരിന്ത്യർ12:27). ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് പൗലോസിനെ പോലെ ഓരോരുത്തരുടേയും വിശ്വാസത്തിന്റെ ഉറപ്പിൽ സന്തോഷിക്കാം, “ക്രിസ്തുവെന്ന ദൈവമർമ്മത്തെ”(കൊലോസ്സ്യർ 2:2) മുഴുവൻ മനസ്സിലാക്കുവാൻ പ്രാർത്ഥനയിലൂടെ പ്രോൽസാഹിപ്പിക്കാം.

പാർക്കാൻ അനുവദിക്കൂ

അവർ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ദർശൻ അമ്മയുടെ കയ്യിൽ നിന്ന് കുതറി പള്ളിയുടെ വാതിൽക്കലേക്ക് തിരികെയോടി. അവന് അവിടെ നിന്ന് പോകേണ്ടെന്ന് ! അമ്മ പിന്നാലെ ചെന്ന് അവനെ സ്നേഹപൂർവം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. അവസാനം അവന്റെ അമ്മ അവനെ വാരിയെടുത്ത് തിരികെ കൊണ്ടുപോകുമ്പോൾ നാല് വയസ്സുകാരനായ ദർശൻ വിതുമ്പിക്കൊണ്ട് അമ്മയുടെ തോളിന് മുകളിലൂടെ പള്ളിയിലേക്ക് തന്നെ ആഞ്ഞുകൊണ്ടിരുന്നു.

ദർശൻ ചിലപ്പോൾ സഭയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ടാവണം, എന്നാൽ അവന്റെ ആവേശം ദൈവത്തെ ആരാധിക്കാനുള്ള ദാവീദിന്റെ ആഗ്രഹത്തിന്റെ നേർചിത്രമാണ്.തന്റെ ശത്രുക്കളെ തോല്പിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടത് തന്റെ സുഖവും സുരക്ഷയും വിചാരിച്ചാകാമെങ്കിലും ദൈവത്തിന്റെ ആലയത്തിൽ ചെന്ന് യഹോവയുടെ മനോഹരത്വം ധ്യാനിക്കുവാൻ ദാവീദ് അതിയായി ആഗ്രഹിച്ചതുകൊണ്ട് സമാധാനം നിലനിൽക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു( സങ്കീ. 27:4). എവിടെയായിരുന്നാലും ദൈവത്തോടു കൂടെയായിരിക്കാനും ദൈവസാന്നിധ്യം ആസ്വദിക്കാനും ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിന്റെ ഏറ്റവും ശക്തനായ രാജാവും സേനാ നായകനുമായ ദാവീദ് തന്റെ സമാധാന നിമിഷങ്ങൾ ഉപയോഗിച്ചത് "യഹോവക്ക് പാടി കീർത്തനം ചെയ്യുന്നതിനു വേണ്ടിയാണ് "(വാ.6)

ദൈവത്തെ നമുക്ക് സ്വതന്ത്രമായി എവിടെയും ആരാധിക്കാം, കാരണം പരിശുദ്ധാത്മാവിലുള്ള വിശ്വാസത്താൽ അവൻ ഇപ്പോൾ നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുന്നു. ( 1 കൊരി.3:16; എഫേ. 3:17) നമ്മുടെ നാളുകൾ അവന്റെ സന്നിധിയിൽ ചെലവഴിക്കുവാനും മറ്റുവിശ്വാസികളോടൊപ്പം ഒരുമിച്ചു കൂടി അവനെ ആരാധിക്കുവാനും വാഞ്ഛയുള്ളവരാകാം. ദൈവത്തിലാവണം - അല്ലാതെ കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലല്ല - നാം സുരക്ഷിതത്വവും പരമമായ ആനന്ദവും കണ്ടെത്തേണ്ടത്.

മണി മുഴക്കുക

സംഭ്രമജനകമായ മുപ്പത് കോഴ്സ് റേഡിയേഷന്റെയൊടുവിൽ റീമ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കപ്പെട്ടു. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ചികിത്സ പൂർത്തിയാക്കിയ ക്യാൻസർ രോഗികൾ അവിടെയുള്ള " ക്യാൻസർ മുക്ത മണി" മുഴക്കണമെന്നത് ആ ആശുപത്രിയിലെ ഒരു രീതിയായിരുന്നു. ഈ ആഘോഷത്തിന്റെ മണി മുഴക്കാനുള്ള ഉദ്വേഗവും അത്യുത്സാഹവും മൂലം റീമ കുറച്ച് ശക്തിയായിട്ടാണ് ചരടിൽ പിടിച്ച് വലിച്ചത്. ചരട് പൊട്ടി താഴെ വീണു ! കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

റീമയുടെ ഈ കഥ എന്റെ മുഖത്തു ഒരു പുഞ്ചിരി കൊണ്ടുവന്നതോടൊപ്പം തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത പ്രവൃത്തികളെ ആഘോഷിക്കുവാൻ യിസ്രായേലിനെ ആഹ്വാനം ചെയ്തപ്പോൾ സങ്കീർത്തനക്കാരൻ വിഭാവന ചെയ്തത് എന്താണെന്നത് ചിന്തിപ്പിക്കുകയും ചെയ്തു. “കൈകൊട്ടുവാനും”, “ദൈവത്തെ അത്യുച്ചത്തിൽ സ്തുതിക്കുവാനും”, “സ്തുതിപാടുവാനും”  എഴുത്തുകാരൻ അവരെ ഉദ്ബോധിപ്പിക്കുന്നു; കാരണം, ദൈവം അവരുടെ ശത്രുക്കളെ തകർക്കുകയും യിസ്രായേലിനെ തന്റെ പ്രിയജനമായി തെഞ്ഞെടുക്കുകയും ചെയ്തു. (സങ്കീ. 47: 1,6)

ആരോഗ്യപരമോ സാമ്പത്തികമോ ബന്ധങ്ങളിലുള്ള പ്രശ്നമോ മുതലായ നമ്മുടെ ജീവിത സംഘർഷങ്ങളിൽ -ദൈവം എപ്പോഴും വിജയം നൽകണമെന്നില്ല. എന്നാൽ ഈ പ്രശ്നങ്ങളിലും നമുക്ക് ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും കഴിയണം; കാരണം, എപ്പോഴും "വിശുദ്ധ സിംഹാസനത്തിൽ ഇരിക്കുന്ന " (സങ്കീ.47:8) ദൈവം തന്നെയാണ് നമ്മുടെ ശരണം. എപ്പോഴൊക്കെ നാം ആഗ്രഹിക്കുന്നതുപോലെ ഒരു വിടുതൽ ദൈവം നമുക്ക് നൽകുന്നുവോ അപ്പോഴൊക്കെ നാം അത് ആഘോഷിക്കേണ്ടതുമാണ്. മുഴക്കാനായി ഒരു മണി കെട്ടിയിട്ടില്ലെങ്കിലും, റീമയെപ്പോലെ ആവേശഭരിതരായി, ദൈവത്തിന്റെ നമ്മോടുള്ള നന്മയെ സന്തോഷത്തോടെ നാം ആഘോഷിക്കണം.