നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

ദൈവത്താൽ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു

മിയാമി യൂണിവേഴ്‌സിറ്റിക്കു വേണ്ടി അമേരിക്കൻ ഫുട്‌ബോൾ കളിക്കാൻ ഷെർമാൻ സ്മിത്ത് ഡെലാൻഡ് മക്കല്ലോയെ റിക്രൂട്ട് ചെയ്ത ശേഷം, ഷെർമാൻ അവനെ സ്‌നേഹിക്കാൻ ആരംഭിക്കുകയും ഡെലാൻഡിന് ഒരിക്കലും ഇല്ലാതിരുന്ന പിതാവായി മാറുകയും ചെയ്തു. ഡെലാന്റിന് ഷെർമാനോട് വലിയ ആരാധന ഉണ്ടായിരുന്നു, അദ്ദേഹത്തെപ്പോലെയാകാൻ അവൻ ലക്ഷ്യമിട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ഡെലാൻഡ് തന്റെ അമ്മയെ കണ്ടെത്തിയപ്പോൾ, “നിന്റെ പിതാവിന്റെ പേര് ഷെർമാൻ സ്മിത്ത്’’ ആണ് എന്നറിയിച്ച് അവനെ ഞെട്ടിച്ചു. അതെ, ആ ഷെർമാൻ സ്മിത്ത്. തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞ് കോച്ച് സ്മിത്ത് അമ്പരന്നു, താൻ പിതൃതുല്യം കരുതുന്ന വ്യക്തി അക്ഷരാർത്ഥത്തിൽ തന്റെ പിതാവാണെന്നറിഞ്ഞ് ഡെലാൻഡ് അമ്പരന്നു!

അടുത്ത തവണ അവർ കണ്ടുമുട്ടിയപ്പോൾ, ഷെർമാൻ ഡിലാൻഡിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, “എന്റെ മകൻ.’’ ഒരു പിതാവിൽ നിന്ന് ഡെലാൻഡ് അത് കേട്ടിട്ടില്ലായിരുന്നു. “ഞാൻ അഭിമാനിക്കുന്നു, ഇത് എന്റെ മകനാണ്,'' എന്ന സ്ഥാനത്തു നിന്നാണ് ഷെർമാൻ അത് പറയുന്നത് എന്ന് അവനറിയാമായിരുന്നു.

നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണമായ സ്‌നേഹത്തിൽ നാമും മതിമറന്നവരായിരിക്കണം. യോഹന്നാൻ എഴുതുന്നു, “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു!’’ (1 യോഹന്നാൻ 3:1). ഷെർമനെപ്പോലൊരാൾ തന്റെ അച്ഛനാകുമെന്ന് കരുതാൻ ധൈര്യപ്പെടാത്ത ഡിലാൻഡിനെപ്പോലെ നാമുംഅന്ധാളിച്ചുപോകുന്നു. അത് ശരിക്കും സത്യമാണോ? യോഹന്നാൻ ഉറപ്പിച്ചു പറയുന്നു, അതേ, 'അങ്ങനെ തന്നേ നാം ആകുന്നു!' (വാ. 1).

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവന്റെ പിതാവ് നിങ്ങളുടെയും പിതാവാണ്. നിങ്ങൾക്ക് അനാഥരായി, ലോകത്ത് ഒറ്റപ്പെട്ടതായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ഒരു പിതാവുണ്ട് എന്നതാണ് സത്യം - ഏക സമ്പൂർണ്ണൻ - നിങ്ങളെ അവന്റെ പൈതൽ എന്ന് വിളിക്കുന്നതിൽ അവൻ അഭിമാനിക്കുന്നു.

മൂന്ന് രാജാക്കന്മാർ

പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.

ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?

അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).

ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.

ദൈവം നിങ്ങളുടെ പേര് വിളിക്കുന്നു

വിദ്യാഭ്യാസം നേടാൻ സഹായിക്കാമെന്ന വാഗ്ദാനം സ്വീകരിച്ച് നതാലിയ മറ്റൊരു രാജ്യത്തേക്ക് പോയി. എന്നാൽ താമസിയാതെ അവളുടെ പുതിയ വീട്ടിലെ പിതാവ് അവളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാൻ തുടങ്ങി. ശമ്പളമില്ലാതെ തന്റെ വീടിനെയും കുട്ടികളെയും പരിപാലിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. പുറത്തുപോകാനോ ഫോൺ ഉപയോഗിക്കാനോ അവളെ അയാൾ സമ്മതിച്ചില്ല. അവൾ അയാളുടെ അടിമയായി മാറിയിരുന്നു.

അബ്രാമിന്റെയും സാറായിയുടെയും മിസ്രയീമ്യ അടിമയായിരുന്നു ഹാഗാർ. ആരും അവളുടെ പേര് ഉപയോഗിച്ചില്ല. അവർ അവളെ “എന്റെ അടിമ” അല്ലെങ്കിൽ “നിങ്ങളുടെ അടിമ” എന്ന് വിളിച്ചു (ഉൽപത്തി 16:2, 5-6). അവർക്ക് ഒരു അനന്തരാവകാശി ലഭിക്കാൻ അവളെ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ദൈവം എത്ര വ്യത്യസ്തനാണ്! മരുഭൂമിയിൽ, ഗർഭിണിയായ ഹാഗാറിനോട് സംസാരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ തിരുവെഴുത്തുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നു. ദൂതൻ ഒന്നുകിൽ ദൈവത്തിന്റെ ദൂതൻ അല്ലെങ്കിൽ ദൈവം തന്നെയാണ്. അവൻ ദൈവമാണെന്ന് ഹാഗാർ വിശ്വസിച്ചു, കാരണം അവൾ പറയുന്നു, “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടു” (വാ. 13). ദൂതൻ ദൈവമാണെങ്കിൽ, അവൻ ഒരുപക്ഷേ പുത്രനാം ദൈവത്തിന്റെ - നമുക്ക് ദൈവത്തെ വെളിപ്പെടുത്തുന്നവൻ-അവതാരപൂർവ്വപ്രത്യക്ഷതയായിരിക്കും. അവൻ അവളുടെ പേര് വിളിച്ചു: “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു'' എന്നു ചോദിച്ചു (വാ. 8).

ദൈവം നതാലിയയെ കണ്ടു, അവളെ രക്ഷിക്കുന്നതിനായി കരുതലുള്ള ആളുകളെ അവളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അവൾ ഇപ്പോൾ നേഴ്‌സാകാൻ പഠിക്കുകയാണ്. ദൈവം ഹാഗാറിനെ കണ്ടു അവളെ പേര് ചൊല്ലി വിളിച്ചു. ദൈവം നിങ്ങളെയും കാണുന്നു. നിങ്ങൾ അവഗണിക്കപ്പെടുകയോ അതിലും മോശമായി, ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാം. യേശു നിങ്ങളെ പേര് ചൊല്ലി വിളിക്കുന്നു. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലുക.

ആത്മാവിൽ സ്വതന്ത്രൻ

ഓർവില്ലിനും വിൽബർ റൈറ്റിനും പൈലറ്റ് ലൈസൻസ് ഇല്ലായിരുന്നു. ഇരുവരും കോളേജിൽ പോയിട്ടില്ല. സ്വപ്‌നവും പറക്കാൻ ശ്രമിക്കാനുള്ള ധൈര്യവുമുള്ള സൈക്കിൾ മെക്കാനിക്കുകളായിരുന്നു അവർ. 1903 ഡിസംബർ 17-ന്, അവർ തങ്ങളുടെ റൈറ്റ് ഫ്‌ളൈയറിൽ നാല് പ്രാവശ്യം മാറിമാറി പറന്നു. ഏറ്റവും ദൈർഘ്യമേറിയത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു എങ്കിലും അതു നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

പത്രൊസിനോ യോഹന്നാനോ പ്രസംഗിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു. രണ്ടുപേരും സെമിനാരിയിൽ പോയിട്ടില്ല. മത്സ്യത്തൊഴിലാളികളായിരുന്നു അവർ, എങ്കിലും യേശുവിന്റെ ആത്മാവിനാൽ നിറഞ്ഞു, ധൈര്യത്തോടെ സുവാർത്ത പ്രഖ്യാപിച്ചു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവൃത്തികൾ 4:12). ).

റൈറ്റ് സഹോദരന്മാരുടെ അയൽക്കാർ അവരുടെ നേട്ടത്തെ അ്‌ന്നേരം അഭിനന്ദിച്ചില്ല. അവരുടെ ജന്മനാട്ടിലെ പത്രം അവരുടെ കഥ വിശ്വസിച്ചില്ല. അഥവാ ശരിയാണെങ്കിൽപ്പോലും, വിമാനങ്ങൾ വളരെ ഹ്രസ്വദൂരം മാത്രമേ പറന്നുള്ളു എന്നു പറഞ്ഞു. അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നതിനും മുമ്പ് വിമാനങ്ങൾ പറപ്പിക്കാനും നവീകരിക്കാനും അവർക്ക് കുറച്ച് വർഷങ്ങൾ കൂടി വേണ്ടി വന്നു.

മതനേതാക്കന്മാർക്ക് പത്രൊസിനെയും യോഹന്നാനെയും ഇഷ്ടപ്പെട്ടില്ല, അവർ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് നിർത്താൻ അവരോട് ആജ്ഞാപിച്ചു. പത്രൊസ് പറഞ്ഞു: ''ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല'' (വാ. 20).

നിങ്ങൾ അംഗീകൃത പട്ടികയിൽ ഇല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങൾ അങ്ങനെയുള്ളവരാൽ പരിഹസിക്കപ്പെട്ടേക്കാം. ഒരു പ്രശ്‌നവുമില്ല. നിങ്ങൾക്ക് യേശുവിന്റെ ആത്മാവുണ്ടെങ്കിൽ, അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്!

ശത്രുക്കളുടെ മേൽ തീക്കനൽ കുന്നിക്കുക

ഒരേ ജയിൽ ഗാർഡിൽ നിന്ന് ഡാൻ ദിവസവും മർദ്ദനങ്ങൾ ഏറ്റു. എങ്കിലും ആ മനുഷ്യനെ സ്‌നേഹിക്കാൻ യേശു തന്നെ നിർബന്ധിക്കുന്നതായി അവനു തോന്നി, അതുകൊണ്ട് ഒരു ദിവസം രാവിലെ, അടി തുടങ്ങും മുമ്പ്, ഡാൻ പറഞ്ഞു, “സർ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ എല്ലാ ദിവസവും കാണാൻ പോകുകയാണെങ്കിൽ, നമുക്ക് സുഹൃത്തുക്കളാകാം.” കാവൽക്കാരൻ പറഞ്ഞു, ''ഇല്ല സർ. നമുക്ക് ഒരിക്കലും സുഹൃത്തുക്കളാകാൻ കഴിയില്ല.” ഡാൻ നിർബന്ധപൂർവ്വം കൈ നീട്ടി.

ഗാർഡ് മരവിച്ചുനിന്നു. അയാൾ വിറയ്ക്കാൻ തുടങ്ങി, പിന്നെ ഡാനിന്റെ കൈ പിടിച്ചു, വിട്ടില്ല. അയാളുടെ മുഖത്തുകൂടി കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞു, ''ഡാൻ, എന്റെ പേര് റോസോക്ക്. നിങ്ങളുടെ സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗാർഡ് അന്നും പിന്നെ ഒരിക്കലും ഡാനെ അടിച്ചില്ല.

തിരുവെഴുത്തുകൾ നമ്മോട് പറയുന്നു: ''നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും” (സദൃശവാക്യങ്ങൾ 25:21-22). 'തീക്കനൽ' രൂപകം ഒരു ഈജിപ്ഷ്യൻ ആചാരത്തെ സൂചിപ്പിക്കുന്നു. അതിൽ കുറ്റവാളി ഒരു പാത്രത്തിൽ തീക്കനൽ തലയിൽ വഹിച്ചുകൊണ്ട് പശ്ചാത്താപം പ്രകടിപ്പിക്കുന്നു. അതുപോലെ, നമ്മുടെ ദയ നമ്മുടെ ശത്രുക്കളെ നാണക്കേടുനിമിത്തം മുഖം ചുവക്കാൻ കാരണമായേക്കാം, അത് അവരെ മാനസാന്തരത്തിലേക്ക് നയിച്ചേക്കാം.

ആരാണ് നിങ്ങളുടെ ശത്രു? നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടാത്തത്? ക്രിസ്തുവിന്റെ ദയ ഏതൊരു ഹൃദയത്തെയും-തന്റെ ശത്രുവിന്റെയും സ്വന്തം ഹൃദയത്തെയും -മാറ്റാൻ ശക്തമാണെന്ന് ഡാൻ കണ്ടെത്തി. നമുക്കും അതു കഴിയും.

അതിപ്പോൾ ശൂന്യമാണ്

ഞങ്ങളുടെ കുട്ടിക്കാലത്തെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സാധനങ്ങൾ മാറ്റുന്നതിനായി എന്റെ സഹോദരങ്ങളും കുടുംബങ്ങളും ഒരു ദിവസം ചെലവഴിച്ചു. ഉച്ചകഴിഞ്ഞ്, ഞങ്ങൾ അവസാനത്തെ ലോഡ് എടുക്കുന്നതിനായി ഒരു പിക്കപ്പുമായി തിരികെ പോയി. ഇത് ഞങ്ങളുടെ കുടുംബ വീട്ടിലെ അവസാന സമയമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട്, പുറകിലെ വരാന്തയിൽ ഒരു ഫോട്ടോയ്ക്കു ഞങ്ങൾ പോസ് ചെയ്തു. “ഇപ്പോൾ എല്ലാം ശൂന്യമാണ്” എന്ന് അമ്മ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. അതെനിക്ക് അടക്കാൻ കഴിഞ്ഞില്ല. അൻപത്തിനാലു വർഷത്തെ ഓർമ്മകൾ സൂക്ഷിക്കുന്ന വീട് ഇപ്പോൾ ശൂന്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു.

എന്റെ ഹൃദയത്തിലെ വേദന യിരെമ്യാവിന്റെ വിലാപങ്ങളുടെ ആദ്യ വാക്കുകളിൽ പ്രതിധ്വനിക്കുന്നു: ''അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?'' (1:1). ഒരു പ്രധാന വ്യത്യാസം, “അവളുടെ അനേകം പാപങ്ങൾ നിമിത്തം” യെരൂശലേം ശൂന്യമായി എന്നതാണ് (വാ. 5). ദൈവം തന്റെ ജനത്തെ ബാബിലോണിലേക്ക് പ്രവാസികളാക്കി അയച്ചു, കാരണം അവർ അവനെതിരെ മത്സരിക്കുകയും മാനസാന്തരപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു (വാ. 18). എന്റെ മാതാപിതാക്കൾ പാപം നിമിത്തമല്ല വീടുവിടേണ്ടിവന്നത്, കുറഞ്ഞപക്ഷം പ്രത്യക്ഷമായിട്ടെങ്കിലും അല്ല. എന്നാൽ ഏദൻ തോട്ടത്തിൽ ആദാം പാപം ചെയ്തതുമുതൽ, ഓരോ വ്യക്തിയുടെയും ആരോഗ്യം അവരുടെ ജീവിതകാലത്തുതന്നേ ക്ഷയിച്ചുപോകുന്നു. നമുക്ക് പ്രായമാകുമ്പോൾ, പരിപാലിക്കാൻ എളുപ്പമുള്ള വലുപ്പം കുറഞ്ഞ വീടുകളിലേക്ക് മാറുന്നത് അസാധാരണമല്ല.

ഞങ്ങളുടെ എളിയ വീടിനെ സവിശേഷമാക്കിയ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. വേദനയാണ് സ്‌നേഹത്തിന്റെ വില. അടുത്ത വിടവാങ്ങൽ എന്റെ മാതാപിതാക്കളുടെ വീടിനോടല്ല, മറിച്ച് എന്റെ മാതാപിതാക്കളോട് തന്നെയായിരിക്കുമെന്ന് എനിക്കറിയാം. ഞാൻ കരയുന്നു. ഞാൻ യേശുവിനോട് വരണമെന്നും വിടവാങ്ങലുകൾ അവസാനിപ്പിക്കണമെന്നും എല്ലാം പുനഃസ്ഥാപിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ പ്രത്യാശ അവനിലാണ്.

യേശുവാണ് ഉത്തരം

ഐൻസ്റ്റീന്റെ പ്രസംഗം താൻ ആവശ്യത്തിലധികം കേട്ടിരിക്കുന്നുവെന്നും വേണമെങ്കിൽ തനിക്ക് അതു പ്രസംഗിക്കാൻ കഴിയുമെന്നും അദ്ദേഹത്തിന്റെ ഡ്രൈവർ പറഞ്ഞതായി കഥയുണ്ട്. എങ്കിൽ അടുത്ത സ്ഥലത്ത് ഡ്രൈവർ പ്രസംഗിച്ചുകൊള്ളാൻ ഐൻസ്റ്റീൻ നിർദ്ദേശിച്ചു. അവിടെ ആരും തന്റെ ചിത്രം കണ്ടിട്ടില്ലാത്തതിനാൽ അത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ സമ്മതിക്കുകയും നല്ല പ്രഭാഷണം നടത്തുകയും ചെയ്തു. പിന്നെ ചോദ്യോത്തര വേള വന്നു. ആക്രമണസ്വഭാവത്തോടെ ചോദ്യം ചോദിച്ച ഒരു അന്വേഷകനോട്, ഡ്രൈവർ മറുപടി പറഞ്ഞു, 'നിങ്ങൾ ഒരു മിടുക്കനായ പ്രൊഫസറാണെന്ന് എനിക്ക് കാണാൻ കഴിയും, പക്ഷേ എന്റെ ഡ്രൈവർക്ക് പോലും ഉത്തരം നൽകാൻ കഴിയുന്നത്ര ലളിതമായ ഒരു ചോദ്യം നിങ്ങൾ ചോദിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.' അപ്പോൾ അദ്ദേഹത്തിന്റെ 'ഡ്രൈവർ'-ആൽബർട്ട് ഐൻസ്റ്റീൻ-അതിന് ഉത്തരം നൽകി! അങ്ങനെ രസകരവും എന്നാൽ സാങ്കൽപ്പികവുമായ കഥ അവസാനിച്ചു.

ദാനീയേലിന്റെ മൂന്ന് സുഹൃത്തുക്കൾ ശരിക്കും അപകടത്തിൽ ആയിരുന്നു. തന്റെ ബിംബത്തെ നമസ്‌കരിച്ചില്ലെങ്കിൽ അവരെ എരിയുന്ന ചൂളയിലേക്ക് എറിയുമെന്ന് നെബൂഖദ്‌നേസർ രാജാവ് ഭീഷണിപ്പെടുത്തി. അവൻ ചോദിച്ചു, 'നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?' (ദാനീയേൽ 3:15). ആ സ്‌നേഹിതർ അപ്പോഴും നമസ്‌കരിക്കാൻ വിസമ്മതിച്ചു, അതിനാൽ രാജാവ് ചൂള ഏഴ് മടങ്ങ് ചൂടാക്കി അവരെ അതിലേക്ക് എറിഞ്ഞു.

അവർ ഒറ്റയ്ക്കല്ല തീച്ചൂളയിൽ വീണത്. ഒരു 'ദൂതൻ' (വാ. 28), ഒരുപക്ഷേ യേശു തന്നെ, തീയിൽ അവരോടൊപ്പം ചേർന്നു, അവരെ മരണത്തിൽ നിന്ന് കാത്തുസൂക്ഷിക്കുകയും രാജാവിന്റെ ചോദ്യത്തിന് നിഷേധിക്കാനാവാത്ത ഉത്തരം നൽകുകയും ചെയ്തു (വാ. 24-25). നെബൂഖദ്‌നേസർ 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോയുടെയും ദൈവത്തെ' സ്തുതിക്കുകയും 'മറ്റൊരു ദൈവത്തിനും ഈ വിധത്തിൽ രക്ഷിക്കാനാവില്ല' എന്ന് സമ്മതിക്കുകയും ചെയ്തു (വാ. 28-29).

ചില സമയങ്ങളിൽ, അതു നമ്മുടെ തലയ്ക്ക് മുകളിൽ തുങ്ങിനിൽക്കുന്നതായി തോന്നാം. എന്നാൽ തന്നെ സേവിക്കുന്നവരോടൊപ്പമാണ് യേശു നിൽക്കുന്നത്. അവൻ നമ്മെ സഹായിക്കും.

അതു പോകട്ടെ

അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ 'തമാശയും ചിരിയും' അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി - അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.

പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ''എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.''

അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ''പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.''

അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ''പുത്രന്റെ രാജ്യത്തിൽ'' ആക്കി. 'അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു'' (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?

നാം തനിച്ചല്ല

ഫ്രെഡ്രിക് ബ്രൗണിന്റെ ചെറുകഥാ ത്രില്ലറായ "മുട്ട്" (knock)-ൽ അദ്ദേഹം എഴുതി, "ഭൂമിയിലെ അവസാനത്തെ മനുഷ്യൻ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. വാതിലിൽ ഒരു മുട്ട് കേട്ടു." - അയ്യോ! അത് ആരായിരിക്കാം, അവർക്കെന്താണ് വേണ്ടത്? ഏത് നിഗൂഢ ജീവിയാണ് അയാളെ തേടി വന്നത്? ആ മനുഷ്യൻ തനിച്ചായിരുന്നില്ല.

നാമും തനിച്ചല്ല.

ലവൊദിക്യയിലെ സഭ അവരുടെ വാതിലിൽ ഒരു മുട്ട് കേട്ടു (വെളി. 3:20). ഏത് അമാനുഷിക വ്യക്തിയാണ് അവർക്കായി വന്നത്? അവന്റെ നാമം യേശു എന്നായിരുന്നു. അവൻ "ആദ്യനും അന്ത്യനും ജീവനുള്ളവനും" (1:17-18) ആയിരുന്നു. അവന്റെ കണ്ണുകൾ അഗ്നിപോലെ ജ്വലിച്ചു, "അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു" (വാ.16). ഉറ്റസ്നേഹിതനായ യോഹന്നാൻ ക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു നേർക്കാഴ്ച്ച കണ്ടപ്പോൾ, "മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു" (വാ.17). ക്രിസ്തുവിലുള്ള വിശ്വാസം ദൈവഭയത്തോടുകൂടി ആരംഭിക്കുന്നു.

നാം ഒറ്റയ്ക്കല്ല, എന്നത് ആശ്വാസകരമാണ്. യേശു "[ദൈവത്തിന്റെ] തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും" ആണ് (എബ്രാ. 1:3). എങ്കിലും ക്രിസ്തു തന്റെ ശക്തി ഉപയോഗിക്കുന്നത് നമ്മെ നശിപ്പിക്കാനല്ല, മറിച്ച് നമ്മെ സ്നേഹിക്കാനാണ്. അവന്റെ ക്ഷണം കേൾക്കൂ, "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും" (വെളി. 3:20). നമ്മുടെ വിശ്വാസം ഭയത്തോടെ ആരംഭിക്കുന്നു - ആരാണ് വാതിൽക്കൽ മുട്ടുന്നത്? – എന്നാൽ അത് ഒരു ഊഷ്മളമായ സ്വാഗതത്തിലും ശക്തമായ ആലിംഗനത്തിലും അവസാനിക്കുന്നു. ഭൂമിയിലെ അവസാനത്തെ വ്യക്തിയാണെങ്കിൽ പോലും നമ്മോടു കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. ദൈവത്തിനു നന്ദി, നാം തനിച്ചല്ല.

എന്താണ് നിങ്ങളുടെ പേര്?

ആദ്യ ഭർത്താവ് മരിച്ചതോടെ ജീന വീണ്ടും വിവാഹം കഴിച്ചു. അവളുടെ പുതിയ ഭർത്താവിന്റെ മക്കൾ ഒരിക്കലും അവളെ സ്വീകരിച്ചില്ല, ഇപ്പോൾ അവനും മരിച്ചതിനാൽ, അവൾ അവരുടെ വീട്ടിൽ താമസിക്കുന്നതു അവർ വെറുക്കുന്നു. അവളുടെ ഭർത്താവ് അവൾക്കായി ഒരു മിതമായ തുക കരുതിവച്ചിരുന്നു. എന്നാൽ അവൾ അവരുടെ അനന്തരാവകാശം മോഷ്ടിക്കുകയാണെന്ന് അവർ പറയുന്നു. ജീന നിരുത്സാഹപ്പെട്ടിരിക്കുന്നു, അവളുടെ ജീവിതത്തിൽ കയ്പ് നിറഞ്ഞിരിക്കുന്നു.

നവോമിയുടെ ഭർത്താവ് കുടുംബത്തെ മോവാബിലേക്ക് കൊണ്ടുവന്നു, അവിടെ അവനും അവരുടെ രണ്ട് ആൺമക്കളും മരിച്ചു. വർഷങ്ങൾക്കുശേഷം, മരുമകൾ രൂത്ത് ഒഴികെ മറ്റൊന്നുമില്ലാതെ നവോമി വെറുംകൈയോടെ ബെത്‌ലഹേമിലേക്ക് മടങ്ങി. നഗരം ഇളകി, “ഇവൾ നൊവൊമിയോ?” എന്നു സ്ത്രീജനം ചോദിച്ചു. (രൂത്ത് 1:19). അവർ അവളെ ആ പേര് വിളിക്കരുതെന്ന് അവൾ പറഞ്ഞു, അതിനർത്ഥം "സുഖകരമായ ഒന്ന്" എന്നാണ്. എന്നാൽ "കയ്പ്പുള്ള" എന്നർത്ഥം വരുന്ന "മാറ" എന്ന് അവളെ വിളിക്കാൻ അവൾ പറഞ്ഞു, കാരണം "നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു" (വാ. 20-21).

നിങ്ങളുടെ പേരും ഇതുപോലെ 'കയ്പേറിയതു' ആകുവാൻ സാധ്യതയുണ്ടോ?   സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ ആരോഗ്യം എന്നിവ ക്ഷയിക്കുന്നതിനാൽ നിങ്ങൾ നിരാശരാണോ? നിങ്ങൾ കൂടുതൽ അർഹിക്കുന്നു. പക്ഷേ നിങ്ങൾക്കത് കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ കയ്പേറിയ അവസ്ഥയിൽ ആയിരിക്കുന്നു.

കയ്പേറിയ നവോമി ബേത്ലഹേമിൽ തിരിച്ചെത്തി, പക്ഷേ അവൾ മടങ്ങിവന്നു. നിങ്ങൾക്കും ഭവനത്തിലേക്ക് മടങ്ങിവരാം. ബെത്‌ലഹേമിൽ ജനിച്ച രൂത്തിന്റെ സന്തതിയായ യേശുവിന്റെ അടുക്കൽ വരിക. അവന്റെ സ്നേഹത്തിൽ വിശ്രമിക്കുക. 

കാലക്രമേണ, ദൈവം തന്റെ പൂർണ്ണമായ പദ്ധതിയുടെ സന്തോഷകരമായ നിവൃത്തിയിലൂടെ നവോമിയുടെ കയ്പിനെ മാറ്റിസ്ഥാപിച്ചു (4:13-22). നിങ്ങളുടെ കയ്പിനെ സന്തോഷമാക്കി മാറ്റാൻ അവന് കഴിയും. അവന്റെ അടുത്തേക്ക്, ഭവനത്തിലേക്ക് മടങ്ങുക.