വിശദാംശങ്ങളിൽ ദൈവം
രാഹുലിനും നിഷയ്ക്കും ഇത് ഒരു മോശം ആഴ്ചയായിരുന്നു. രാഹുലിന്റെ ചുഴലിദീനം പെട്ടെന്നു വഷളായി, അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാമാരിക്കിടയിൽ, അവരുടെ നാലു കൊച്ചുകുട്ടികൾ വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ വിഷമത്തിലായിരുന്നു. അതിലുപരിയായി, വീട്ടിൽ അവശേഷിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്ന് മാന്യമായ നിലയിൽ ഭക്ഷണമുണ്ടാക്കാൻ നിഷയ്ക്കു കഴിഞ്ഞില്ല. വിചിത്രമെന്നു പറയട്ടെ, ആ നിമിഷം അവൾ കാരറ്റിനുകൊതിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. അവിടെ അവരുടെ സുഹൃത്തുക്കളായ അനിതയും അഭിഷേകും നിന്നിരുന്നു - അവരുടെ കൈയിൽ കുടുംബത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണമുണ്ടായിരുന്നു - കാരറ്റ് ഉൾപ്പെടെ.
വിശദാംശങ്ങളിൽ പിശാച് ഉണ്ടെന്ന് അവർ പറയുന്നു? ഇല്ല. യെഹൂദ ജനതയുടെ ചരിത്രത്തിലെ ഒരു അത്ഭുതകരമായ കഥ, വിശദാംശങ്ങളിൽ ദൈവം ഉണ്ടെന്നു തെളിയിക്കുന്നതാണ്. “ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണം” (പുറപ്പാട് 1:22) എന്ന് ഫറവോൻ കൽപ്പിച്ചിരുന്നു. ആ വംശഹത്യയുടെ വികസനം ശ്രദ്ധേയമായ ഒരു വിശദാംശത്തിലേക്കു തിരിഞ്ഞു. മോശയുടെ അമ്മ തന്റെ കുഞ്ഞിനെ നൈൽ നദിയിലേക്ക് “എറിഞ്ഞു,” എന്നാൽ ഒരു തന്ത്രം പ്രയോഗിച്ചു. നൈൽ നദിയിൽ നിന്ന്, ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ ഉപയോഗിച്ച കുഞ്ഞിനെ ഫറവോന്റെ സ്വന്തം മകൾ രക്ഷിച്ചു. കുഞ്ഞിനു മുലയൂട്ടാൻ മോശെയുടെ അമ്മയ്ക്ക് അവൾ പണം നൽകുക പോലും ചെയ്തു! (2:9).
ഈ വളർന്നുവരുന്ന യെഹൂദ രാഷ്ട്രത്തിൽ നിന്ന് ഒരു ദിവസം വാഗ്ദത്തം ചെയ്യപ്പെട്ട ഒരു ആൺകുട്ടി വരും. അവന്റെ കഥ അതിശയകരമായ വിശദാംശങ്ങളാലും ദിവ്യമായ വൈരുധ്യങ്ങളാലും സമൃദ്ധമായിരുന്നു. ഏറ്റവും പ്രധാനമായി, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് യേശു ഒരു പുറപ്പാട് നൽകും.
പ്രത്യേകിച്ചും - ഇരുണ്ട കാലത്തു പോലും, ദൈവം വിശദാംശങ്ങളിലുണ്ട്. “ദൈവം എനിക്കു കാരറ്റ് കൊണ്ടുവന്നു!” എന്നു നിഷ നിങ്ങളോടു പറയും.
ആൺകുഞ്ഞ്
ഒരു വർഷത്തിലേറെ, അവന്റെ നിയമപരമായ പേര് “ആൺകുഞ്ഞ് ” എന്നായിരുന്നു. അവന്റെ കരച്ചിൽ കേട്ട ഒരു സെക്യൂരിറ്റി ഗാർഡ് ആണ് ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനെ കണ്ടെത്തിയത് - പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള അവനെ ഒരു ബാഗിനുള്ളിൽ കിടത്തിയിരിക്കുകയായിരുന്നു.
അവനെ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ, സോഷ്യൽ സർവീസസ്, ഒരു ദിവസം അവന്റെ എക്കാലത്തെയും കുടുംബമായി മാറാനിരുന്ന ആളുകളെ വിളിച്ചു. ദമ്പതികൾ അവനെ ഏറ്റെടുക്കുകയും ഗ്രേസൺ (യഥാർത്ഥ പേരല്ല) എന്നു വിളിക്കുകയും ചെയ്തു. ഒടുവിൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഗ്രേസന്റെ പേര് ഔദ്യോഗികമായി മാറി. ഇന്ന് നിങ്ങളോട് ആത്മാർത്ഥമായി സംഭാഷണത്തിൽ ഏർപ്പെടുന്ന സന്തോഷവാനായ ഒരു കുട്ടിയെ കാണാൻ കഴിയും. ഒരിക്കൽ ഒരു ബാഗിൽ ഉപേക്ഷിച്ച നിലയിൽ അവനെ കണ്ടെത്തിയതാണെന്ന് നിങ്ങൾ ഒരിക്കലും ഊഹിക്കുകയില്ല.
തന്റെ ജീവിതത്തിന്റെ അവസാനത്തിൽ, മോശെ ദൈവത്തിന്റെ സ്വഭാവവും അവൻ യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും അവലോകനം ചെയ്തു. “നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്‌നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു” മോശ അവരോടു പറഞ്ഞു (ആവർത്തനം 10:15). ഈ സ്‌നേഹത്തിന് വിശാലമായ വ്യാപ്തി ഉണ്ടായിരുന്നു. “അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്‌നേഹിച്ചു അവന് അന്നവും വസ്ത്രവും നല്കുന്നു” എന്നു മോശ പറഞ്ഞു (വാ. 18). “അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം” (വാ. 21).
അത് ദത്തെടുക്കലിലൂടെയോ അല്ലെങ്കിൽ കേവലം സ്‌നേഹത്തിലൂടെയോ സേവനത്തിലൂടെയോ ആകട്ടെ, ദൈവസ്‌നേഹം പ്രതിഫലിപ്പിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാതെയും അവകാശവാദം ഉന്നയിക്കപ്പെടാതെയും പോയേക്കാവുന്ന ഒരാൾക്ക് തന്റെ സ്‌നേഹം നീട്ടാൻ ദൈവം ഉപയോഗിച്ച കൈകളും കാലുകളായി ആ സ്‌നേഹ ദമ്പതികൾ മാറി. നമുക്കും അവന്റെ കൈകളും കാലുകളും ആയി സേവനം ചെയ്യാം.
അസാധാരണ വർഷം
ജീവിതത്തിന്റെ അധിക കാലവും ഒരു അന്യമതക്കാരനായി ജീവിച്ചുവെങ്കിലും, ക്രിസ്ത്യാനികൾ നേരിട്ട വ്യവസ്ഥാനുസൃതമായ പീഢനം നിർത്തലാക്കുവാൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ (AD 272-337 ) നവീകരണങ്ങൾ നടത്തി. ചരിത്രത്തെ BC (ക്രിസ്തുവിനു മുമ്പ്) എന്നും AD (ക്രിസ്തുവർഷം-Anno Domini ) എന്നും വേർതിരിച്ച് കലണ്ടർ നടപ്പിലാക്കിയതും അദ്ദേഹമാണ്.
ഇതിനെ പിന്നീട് മതേതരമാക്കാനുള്ള ശ്രമം ഉണ്ടായി; CE (Common Era) എന്നും BCE (before Common Era) എന്നും വിളിക്കാൻ ശ്രമിച്ചു. ദൈവത്തെ പുറത്ത് നിർത്താനുള്ള ലോകത്തിന്റെ താല്പര്യത്തിന്റെ ഒരു ഉദാഹരണമായി ചിലർ ഇതിനെ കണക്കാക്കുന്നു.
എന്നാൽ ദൈവം എങ്ങോട്ടും പോകുന്നില്ല. പേര് എങ്ങനെ മാറ്റിയാലും ചരിത്രത്തിന്റെ കലണ്ടർ യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതത്തെ കേന്ദ്രീകരിച്ച് തന്നെയാണ് നിലകൊള്ളുന്നത്.
ബൈബിളിലെ എസ്ഥേറിന്റെ പുസ്തകത്തിന്, ദൈവം എന്ന വാക്ക് അതിൽ ഇല്ല എന്ന ഒരു അസാധാരണത്വം ഉണ്ട്. എങ്കിലും ദൈവം വിടുവിക്കുന്നതിന്റെ ചരിത്രമാണ് അതിൽ വിവരിക്കുന്നത്. അവരുടെ ജന്മനാട്ടിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദന്മാർ ദൈവത്തെ അറിയാത്ത ഒരു നാട്ടിലാണ്. ശക്തനായ ഒരു അധികാരിക്ക് അവരെയെല്ലാം കൊന്നു മുടിക്കണമെന്ന് താല്പര്യമുണ്ടായി (എസ്ഥേർ 3:8-9; 12-14). എന്നാൽ എസ്ഥേർ രാജ്ഞിയിലൂടെയും സഹോദരനായ മൊർദ്ദേഖായിയിലൂടെയും ദൈവം തന്റെ ജനത്തെ വിടുവിച്ചു. ഈ ചരിത്രമാണ് യഹൂദൻ പൂരിം ഉത്സവത്തിലൂടെ ഓർക്കുന്നത് ( 9:20-32).
ലോകം തന്നോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വിഷയമാക്കാതെ, യേശു സകലതും വ്യത്യാസപ്പെടുത്തുന്നു. യഥാർത്ഥ പ്രത്യാശയുടെയും വാഗ്ദത്തത്തിന്റെയും ഒരു അസാധാരണ കാലഘട്ടത്തിലേക്ക് അവൻ നമ്മെ പ്രവേശിപ്പിച്ചിരിക്കുന്നു. ചുറ്റുപാടും ഒന്ന് നോക്കിയാൽ മാത്രം മതി; നമുക്കവനെ കാണാനാകും.
ആജീവനാന്ത ജീവിതഗതി
ഷിബുമോനും എലിസബത്തും ഹരിതാഭമായ കേരളത്തിൽ നിന്ന് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക്, പാമ്പുപിടിത്തക്കാരുടെ പാർശ്വവത്കരിക്കപ്പെട്ട സാമൂഹിക ജീവിതത്തിൽനിന്ന് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ശ്രേഷ്ഠദൗത്യത്തിനായി കുടിയേറി. ഡൽഹി-ഗുർഗാവോൺ അതിർത്തിയിലെ മാണ്ഡി ഗാവോണിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി അവർ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി. തങ്ങളുടെ മാതാപിതാക്കളുടെ തൊഴിൽ ഏറ്റെടുക്കാതെ ഒരുനാൾ കുട്ടികൾ പരിഷ്‌കൃതരായി ജീവിക്കുമെന്ന പ്രതീക്ഷയിലാണ് അവർ അധികമാരും സഞ്ചരിക്കാത്ത പാത സ്വീകരിച്ചത്.
യെഹോയാദ എന്ന പേര് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല, എന്നിട്ടും അത് ദൈവത്തോടുള്ള സമർപ്പണത്തിന്റെ പര്യായമാണ്. ഭരണത്തിന്റെ ഭൂരിഭാഗം സമയവും നല്ല രാജാവായി ഭരിച്ച - യെഹോയാദയ്ക്കു നന്ദി - യോവാശ് രാജാവിന്റെ ഭരണകാലത്ത് അദ്ദേഹം മഹാപുരോഹിതനായി സേവനമനുഷ്ഠിച്ചു. യോവാശിന് വെറും ഏഴു വയസ്സുള്ളപ്പോൾ, അവനെ നിയമാനുസൃത രാജാവായി വാഴിക്കുന്നതിൽ യെഹോയാദയായിരുന്നു പ്രേരകം (2 രാജാക്കന്മാർ 11:1-16). എന്നാൽ ഇത് അധികാരം പിടിച്ചെടുക്കലായിരുന്നില്ല. യോവാശിന്റെ കിരീടധാരണ വേളയിൽ, യെഹോയാദാ 'അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു' (വാ. 17). ഏറ്റവും ആവശ്യമായിരുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട് അവൻ വാക്കു പാലിച്ചു. “അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു’’ (2 ദിനവൃത്താന്തം 24:14). അവന്റെ സമർപ്പണം ഹേതുവായി യെഹോയാദയെ “ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു’’ (വാ. 16).
യൂജിൻ പീറ്റേഴ്‌സൺ അത്തരമൊരു ദൈവ-കേന്ദ്രീകൃതമായ ജീവിതത്തെ വിളിക്കുന്നത് “ഒരേ ദിശയിലുള്ള ദീർഘമായ അനുസരണം’’ എന്നാണ്. വിരോധാഭാസമെന്നു പറയട്ടെ, പ്രശസ്തി, അധികാരം, സ്വയം നിർവൃതി എന്നിവയ്ക്ക് അടിയറവു പറയുന്ന ഒരു ലോകത്തു വേറിട്ടുനിൽക്കുന്നത് അത്തരം അനുസരണമാണ് .
പ്രതിസന്ധിയിൽ ഒരുമിച്ച്
കൊവിഡ് 19 പ്രതിസന്ധി ആഞ്ഞടിച്ച സമയത്ത് കെല്ലി മസ്തിഷ്‌ക ക്യാൻസറുമായി പോരാടുകയായിരുന്നു. തുടർന്ന് അവളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ചുറ്റും സ്രവം ഉണ്ടാകുകയും അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡ് കാരണം അവളുടെ കുടുംബത്തിന് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. അവളുടെ ഭർത്താവ് ഡേവ് പ്രതിസന്ധി പരിഹരിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.
പ്രിയപ്പെട്ടവരെ ഒരുമിച്ചുകൂട്ടിക്കൊണ്ട്, സന്ദേശങ്ങൾ എഴുതിയ വലിയ ബോർഡുകൾ ഉണ്ടാക്കാൻ ഡേവ് അവരോട് ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു. മാസ്‌ക് ധരിച്ച്, ഇരുപതു പേർ ആശുപത്രിക്കു പുറത്ത് തെരുവിൽ ബോർഡുകൾ പിടിച്ചുകൊണ്ടു നിന്നു: “മികച്ച അമ്മ!’’ “നിന്നെ നിന്നെ സ്‌നഹിക്കുന്നു,’’ “ഞങ്ങൾ നിന്നോടൊപ്പമുണ്ട്,’’ ഒരു നഴ്‌സിന്റെ സഹായത്തോടെ കെല്ലി നാലാം നിലയിലെ ജനാലയുടെ അടുത്തേക്കു പോയി. “ഞങ്ങൾക്ക് ആകെ കാണാൻ കഴഞ്ഞത് ഒരു മുഖംമൂടിയും വീശുന്ന ഒരു കൈയുമാണ്,’’ അവളുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, “എങ്കിലും അതു മനോഹരമായ മുഖംമൂടിയും വീശുന്ന കൈയുമായിരുന്നു.’’
തന്റെ ജീവിതാവസാനത്തിൽ, റോമൻ തടവറയിൽ കഴിയുമ്പോൾ അപ്പൊസ്തലനായ പൗലൊസിന് ഏകാന്തത അനുഭവപ്പെട്ടു. അവൻ തിമൊഥെയൊസിന് എഴുതി, “”ശീതകാലത്തിനുമുമ്പെ വരുവാൻ ശ്രമിക്ക’’ (2 തിമൊഥെയൊസ് 4:21). എങ്കിലും പൗലൊസ് പൂർണ്ണായും തനിച്ചായിരുന്നില്ല. “കർത്താവോ എനിക്കു തുണനിന്നു ..... എന്നെ ശക്തീകരിച്ചു’’ അവൻ പറഞ്ഞു (വാ. 17). മറ്റ് വിശ്വാസികളുമായി അവന് പ്രോത്സാഹജനകമായ ചില സമ്പർക്കം ഉണ്ടായിരുന്നതായും വ്യക്തമാണ്. “യൂബൂലൊസും പൂദെസും ലീനൊസും ക്ലൗദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.’’ അവൻ തിമൊഥെയൊസിനോടു പറഞ്ഞു (വാ. 21).
നാം സമൂഹമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്, നാം പ്രതിസന്ധിയിലായിരിക്കുമ്പോൾ അത് ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നത്. ഇന്ന് തനിച്ചായിരിക്കുന്നു എന്നു തോന്നുന്ന ഒരാൾക്കു വേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
തോട്ടത്തിലെ ദൈവം
വർഷങ്ങൾക്കുമുമ്പ് നന്ദിതയും ഭർത്താവ് വിശാലും വലിയ ശമ്പളമുണ്ടെങ്കിലും അതീവ സമ്മർദ്ദമനുഭവിച്ച കമ്പ്യൂട്ടർ മേഖലയിലെ ജോലി ഉപേക്ഷിച്ച് ലളിതവും സംഘർഷ രഹിതവുമായ കൃഷി ജീവിതം ആരംഭിച്ചു. കൂടുതൽ സമയം ദൈവത്തോടും തമ്മിൽ തമ്മിലും ഒരുമിച്ച് ചെലവഴിക്കാനായി അവർ ഒരു ശാന്തമായ മലമ്പ്രദേശത്തേക്ക് മാറി. പ്രകൃതി സുന്ദരമായ അവിടെ പ്രശാന്തമായ ഒരു ജീവിതം തുടങ്ങി - ഒരു "തോട്ടത്തിലേക്കുള്ള" മടങ്ങിപ്പോക്ക്.
ആരംഭത്തിൽ ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ച പറുദീസയായിരുന്നു ഏദൻ. ഇവിടെ ആദവും ഹവ്വയും സ്ഥിരമായി ദൈവത്തെ കണ്ടിരുന്നു - പിശാചിനോട് വിലപേശൽ തുടങ്ങുന്നതുവരെ (ഉല്പത്തി 3:6,7). ആ സമയം എല്ലാം വ്യത്യാസപ്പെട്ടു. "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെയിടയിൽ ഒളിച്ചു " (വാ.8).
അവർ എന്താണ് ചെയ്തതെന്ന് ദൈവം ചോദിച്ചപ്പോൾ ആദവും ഹവ്വയും ആരോപണ പ്രത്യാരോപണങ്ങൾ നിരത്തി. അവർ ദൈവത്തെ തള്ളിക്കളഞ്ഞെങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവം "തോൽ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു" (വാ.21). ഇത് പാപങ്ങളെ മറയ്ക്കുന്ന യേശുവിന്റെ യാഗമരണത്തിന്റെ ഒരു സൂചനയായിരുന്നു.
ദൈവം നമ്മെ ഏദനിലേക്കല്ല തിരികെ കൊണ്ടു പോകുന്നത്. നഷ്ടപ്പെട്ടു പോയ ദൈവബന്ധത്തിലേക്കാണ് വഴി തുറന്നത്. നമുക്കാ തോട്ടത്തിലേക്ക് തിരികെപ്പോകാനാകില്ല. എന്നാൽ തോട്ടത്തിലെ ദൈവത്തിന്റെ പക്കലേക്ക് മടങ്ങിച്ചെല്ലാം.
ഗുരുതരമായ അളവുകൾ
അലങ്കരിച്ച ഒരു വില്ലും ഒരു ആവനാഴിയും ദീർഘ വർഷങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒരു ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഞങ്ങൾ ഒരു ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ മിഷനറി പ്രവർത്തനം ചെയ്തപ്പോൾ എന്റെ പിതാവിന് ഒരു സ്മരണക്കായി നൽകിയതാണ്. പിന്നീട് അത് കൈമാറി എനിക്ക് ലഭിക്കുകയും ചെയ്തു.
എന്നാൽ ഒരു ദിവസം ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിന്ന് ഒരു സുഹൃത്ത് ഞങ്ങളെ കാണാനെത്തി. അവൻ ആ വില്ല് കണ്ടപ്പോൾ വളരെ വിചിത്രമായ രീതിയിൽ അതിനെ നോക്കി. അതിൽ ഘടിപ്പിച്ചിരുന്ന ഒരു വസ്തുവിൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു, "അത് ഒരു മന്ത്ര തകിടാണ്. അതിന് പ്രത്യേകിച്ച് ശക്തിയൊന്നുമില്ല എന്നെനിക്കറിയാം, എങ്കിലും ഞാൻ, എന്റെ വീട്ടിൽ അത് സൂക്ഷിക്കാറില്ല". വേഗം തന്നെ ആ മന്ത്രത്തകിട് ഞങ്ങൾ അതിൽ നിന്നും മുറിച്ചുമാറ്റി. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്ന ഒരു വസ്തുവും ഞങ്ങളുടെ വീട്ടിൽ ആവശ്യമില്ല.
യെരുശലേമിൽ രാജാവായിരുന്ന യോശിയാവ്, ദൈവത്തിന് തന്റെ ജനത്തെപ്പറ്റിയുള്ള ചെറിയ അറിവിലാണ് വളർന്നത്. മഹാപുരോഹിതൻ ദീർഘനാളുകളായി അവഗണിക്കപ്പെട്ട ആലയത്തിൽനിന്നും ന്യായപ്രമാണം കണ്ടെത്തിയപ്പോൾ (2 രാജാക്കന്മാർ 22:8) യോശിയാവ് അത് കേൾക്കുവാൻ ആഗ്രഹിച്ചു. വിഗ്രഹാരാധനയെപ്പറ്റി ദൈവം പറയുന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ, ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് മന്ത്രത്തകിട് മുറിച്ചു മാറ്റുന്നതിനേക്കാൾ വലിയ മാറ്റങ്ങൾ വരുത്തി. (2 രാജാക്കന്മാർ 23:3 -7)
ഇന്നത്തെ വിശ്വാസികൾക്ക് യോശിയാവ് ചെയ്തതിനേക്കാൾ മികച്ച കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് നമ്മെ ഉപയോഗിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ നിറവ് നമുക്കുണ്ട്, അത് നാം മറന്നുകളയുവാൻ സാദ്ധ്യതയുള്ള ചെറുതും വലുതുമായ കാര്യങ്ങളെ വെളിച്ചത്തിൽ കൊണ്ടുവരുന്നു.
യുക്തിവാദത്തെ നിരസിക്കുന്നു.
ഒരു ട്രാഫിക് പോലീസ് ഓഫീസർ വാഹനം ഓടിച്ച ഒരു സ്ത്രീയോട് അവളെ എന്തിനാണ് തടഞ്ഞത് എന്നറിയുമോ എന്ന് ചോദിച്ചു. "ഒരു വിവരവുമില്ല" എന്നവൾ ഒരു അമ്പരപ്പോടെ പറഞ്ഞു. "മാഡം നിങ്ങൾ വാഹനോമോടിക്കുമ്പോൾ സന്ദേശമയക്കുകയായിരുന്നു" ആ ഓഫീസർ വളരെ മൃദുവായി അവളോട് പറഞ്ഞു. "അല്ല, അല്ല" അതൊരു ഇമെയിൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ മൊബൈൽ തെളിവിനായി ഉയർത്തിപ്പിടിച്ചു.
വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയക്കുന്നതിനെ നിരോധിക്കുന്ന നിയമങ്ങൾ ഉള്ളിടത്ത്, ഇമെയിൽ അയക്കുവാൻ മൊബൈൽ ഉപയോഗിക്കുക എന്നത് അനുവദനീയമായ ഒന്നല്ല. നിയമത്തിന്റെ ഉദ്ദേശ്യം സന്ദേശം ടൈപ് ചെയ്യുന്നത് തടയുകയല്ല, മറിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയാണ്.
യേശു അക്കാലത്തുണ്ടായിരുന്ന മതനേതാക്കന്മാരെ ഇത്തരം പഴുതുകളുണ്ടാക്കുന്നതിന് നന്നായി വിമർശിച്ചിരുന്നു. ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്ന കൽപ്പന തെളിവായി ഉദ്ധരിച്ചുകൊണ്ട്, "നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി" എന്നവിടുന്ന് പറഞ്ഞു (മർക്കോസ് 7:9-10). മതഭക്തി എന്ന കപടവേഷം ധരിച്ച്, ഈ ധനികരായ നേതാക്കൾ അവരുടെ കുടുംബങ്ങളെ തള്ളിക്കളയുകയായിരുന്നു. അവരുടെ പണം ‘ദൈവത്തിനായി സമർപ്പിച്ചതാണെന്നും’ അതിനാൽ അപ്പനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ സഹായിക്കേണ്ടെന്നും അവർ പ്രസ്താവിച്ചു. യേശു പെട്ടെന്നുതന്നെ പ്രശ്നത്തിന്റെ ഉത്ഭത്തിലെത്തി, "ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു" എന്ന് പറഞ്ഞു (വാ.13). അവർ ദൈവത്തെ ബഹുമാനിച്ചില്ല, മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തു.
യുക്തിവാദം വളരെ സൂക്ഷ്മമായിരിക്കാം. അതിലൂടെ നാം കർത്തവ്യങ്ങളെ മറക്കുകയും, സ്വാർത്ഥതയെ പടർത്തുകയും, ദൈവത്തിന്റെ കല്പനകളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അത് നമ്മുടെ പെരുമാറ്റത്തെയാണ് കാണിക്കുന്നുവെങ്കിൽ, നാം നമ്മെതന്നെ വഞ്ചിക്കുകയാണ്. തന്റെ പിതാവിന്റെ നല്ല ഉപദേശങ്ങളാലും പരിശുദ്ധാത്മാവിന്റെ നിയോഗത്താലും, നമ്മുടെ സ്വാർത്ഥ ചിന്തകളെ മാറ്റുവാനുള്ള അവസരം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു.
കാഴ്ചപ്പാടിൽ ഒരു മാറ്റം
1854 -ൽ, ഒരു യുവ റഷ്യൻ പീരങ്കി ഉദ്യോഗസ്ഥൻ പീരങ്കികൾ സ്ഥാപിക്കപ്പെട്ട കുന്നിൻ മുകളിലിരുന്ന് അങ്ങ് താഴെയുള്ള ഒരു യുദ്ധക്കളത്തിലെ കൂട്ടക്കുരുതി കണ്ടുകൊണ്ടിരിക്കുമായിരുന്നു. "ആളുകൾ പരസ്പരം കൊല്ലുന്നത് ഒരുതരം പ്രത്യേകമായ ആനന്ദത്തോടെ കണ്ടുകൊണ്ടിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതു കാണാൻ കുറെ മണിക്കൂറുകൾ ചെലവഴിക്കുക പതിവായിരുന്നു" ലിയോ ടോൾസ്റ്റോയ് എഴുതി.
ടോൾസ്റ്റോയിയുടെ കാഴ്ചപ്പാട് പെട്ടെന്ന് മാറി. സെവാസ്റ്റോപോൾ നഗരത്തിലെ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും നേരിട്ട് കണ്ടതിനുശേഷം അദ്ദേഹം എഴുതി, "മുമ്പുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായി, നഗരത്തിൽ കേട്ട വെടിയൊച്ചകളുടെ ഗൗരവം നിങ്ങൾക്കിപ്പോൾ മനസ്സിലാവും."
പ്രവാചകനായ യോനാ ഒരിക്കൽ നിനെവേയുടെ നാശം കാണാൻ ഒരു കുന്നിൻ മുകളിൽ കയറി (യോനാ 4: 5). ദൈവത്തിന്റെ ന്യായവിധിയുടെ മുന്നറിയിപ്പ് ആ നിഷ്ഠൂരമായ നഗരത്തിന് അദ്ദേഹം നൽകി. എന്നാൽ നിനെവേക്കാർ അനുതപിച്ചു. ഇതിൽ യോനാ നിരാശനായി. എന്നിരുന്നാലും, നഗരം വീണ്ടും തിന്മയിലേക്ക് തിരിഞ്ഞു. ഒരു നൂറ്റാണ്ടിന് ശേഷം, നഹൂം പ്രവാചകൻ അതിന്റെ നാശത്തെക്കുറിച്ച് വിവരിച്ചു: "അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു" (നഹൂം 2: 3 IRV).
നിനെവേയുടെ നിരന്തരമായ പാപം നിമിത്തം ദൈവം ശിക്ഷ അയച്ചു. പക്ഷേ, അവൻ യോനയോട് പറഞ്ഞു, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” (യോനാ 4:11 IRV).
ദൈവത്തിന്റെ നീതിയും സ്നേഹവും ഒരുമിച്ച് പോകുന്നു. തിന്മയുടെ അനന്തരഫലങ്ങൾ നഹൂം പ്രവചനം കാണിക്കുന്നു. നമ്മളിൽ ഏറ്റവും മോശപ്പെട്ടവരോടുപോലുമുള്ള ദൈവത്തിന്റെ തീവ്രമായ അനുകമ്പ യോനായുടെ പുസ്തകവും വെളിപ്പെടുത്തുന്നു. നാം അനുതപിക്കുകയും ദൈവികമായ അനുകമ്പ മറ്റുള്ളവരോട് കാണിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിന്റെ ഹൃദയത്തിന്റെ ആഗ്രഹം.
പ്രപഞ്ചം കൊണ്ട് കളിക്കുന്നു!
1980-കളുടെ തുടക്കത്തിൽ, ദൈവത്തിൽ വിശ്വസിക്കാത്ത ഒരു പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ എഴുതി, "ഒരു അതുല്യ ബുദ്ധിശക്തി, ഭൗതികശാസ്ത്രത്തിലും അതുപോലെ രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും "കളിച്ചതു " പോലെയാണ്, വസ്തുതകളെ സാമാന്യ ബുദ്ധികൊണ്ട് വ്യാഖ്യാനിച്ചാൽ മനസ്സിലാകുന്നത്. . ." ഈ ശാസ്ത്രജ്ഞന്റെ കണ്ണിൽ, പ്രപഞ്ചത്തിൽ നമ്മൾ കാണുന്നതെല്ലാം ആരോ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ തെളിവുകൾ ദൃശ്യമാണ്. "എന്നാൽ, പ്രകൃതിയിൽ എടുത്തു പറയത്തക്ക അജ്ഞാത ശക്തികളൊന്നുമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ കാണുന്നതെല്ലാം ആരെങ്കിലും ആസൂത്രണം ചെയ്തതായി തോന്നുന്നു, " എന്നിട്ടും, ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു നിരീശ്വരവാദിയായി തുടർന്നു !
മൂവായിരം വർഷങ്ങൾക്ക് മുമ്പ്, മറ്റൊരു ബുദ്ധിമാനായ മനുഷ്യൻ ആകാശത്തേക്ക് നോക്കി വ്യത്യസ്തമായ ഒരു നിഗമനത്തിലെത്തി. "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?" ദാവീദ് ആശ്ചര്യപ്പെട്ടു (സങ്കീ. 8: 3-4).
എങ്കിലും ദൈവം നമ്മെ ഓർക്കുന്നു. നാം കാണുന്ന പ്രപഞ്ചം, അതിനെ രൂപകൽപ്പന ചെയ്ത അതുല്യ ബുദ്ധിശക്തിയുള്ള ഒരു നിർമാതാവിന്റെ കഥ പറയുന്നു. അവൻ നമ്മുടെ മനസ്സുകളും സൃഷ്ടിച്ച്, തന്റെ പ്രവർത്തികളെ ധ്യാനിക്കുവാൻ നമ്മെ ഇവിടെ ആക്കി. യേശുവിലൂടെയും അവന്റെ സൃഷ്ടികളിലൂടെയും, നമുക്ക് ദൈവത്തെ അറിയാൻ സാധിക്കുന്നു. പൗലോസ് എഴുതി, "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." (കൊലൊ. 1: 16).
പ്രപഞ്ചത്തിന്റെ പിന്നിൽ " ആരോ കളിച്ചിട്ടുണ്ട്. " അതെ, അതിന്റെ പുറകിൽ പ്രവർത്തിച്ച ബുദ്ധിമാനായ സ്രഷ്ടാവിനെ, അന്വേഷിക്കുന്ന ഏവനും കണ്ടെത്തും.