Category  |  odb

യേശു ഉള്ളത്തിൽ വസിക്കുന്നു

പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ  എന്റെ കൂടെ കഴിയാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല.  തുടർന്നുള്ള ജീവിത കാലം മുഴുവൻ അവർ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ നിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി - ദൈവം അവരെ വിളിച്ചതിന് ശേഷവും  ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.

ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് 'കൂടാരമടിച്ചു' എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ 'അവൻ നമ്മുടെയിടയിൽ വീട് വെച്ചു' എന്നാണ്.

വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: "അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ...." (എഫെ. 3: 16, 17).

ഒരു സന്ദർശകനല്ല യേശു ഇനി; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം.

 

ക്രിസ്തുവിനായുള്ള ഹൃദയം

ഒന്നും മിണ്ടാതെ വായടച്ചിരിക്കുന്നിടത്തോളം കാലം ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എന്റെ ഒരു സഹപ്രവർത്തക പറഞ്ഞത് തെറ്റിദ്ധരിച്ചിട്ട് ഞാൻ രോഷം കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ എന്നും കാണേണ്ടവരായിരുന്നത് കൊണ്ട്, അത്യാവശ്യത്തിന് മാത്രം സംസാരിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചു (ഇത് എന്റെ ഒരു നിശബ്ദമായ പ്രതികാരം ആയിരുന്നു). നിശബ്ദമായ പെരുമാറ്റം എങ്ങനെ തെറ്റാകും?

യേശു പറഞ്ഞത് പാപം ആരംഭിക്കുന്നത് ഹൃദയത്തിലാണെന്നാണ് (മത്തായി 15:18-20). ഞാൻ മിണ്ടാതിരിക്കുന്നത് വഴി കുഴപ്പമൊന്നുമില്ല എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകും, എന്നാൽ ദൈവത്തെ കബളിപ്പിക്കാനാകില്ലല്ലോ. കോപം നിറഞ്ഞ ഒരു ഹൃദയം ഞാൻ ഒളിച്ച് വെച്ചിരിക്കുകയാണെന്ന് ദൈവത്തിനറിയാമായിരുന്നു. ഹൃദയം ദൂരത്ത് വെച്ചിട്ട് അധരം കൊണ്ട് ദൈവത്തെ ആദരിക്കുന്ന പരീശന്മാരെപ്പോലെയായിരുന്നു ഞാനും (വാ. 8). എന്റെ പ്രകടനങ്ങളിൽ കാണപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ കയ്പ് നിറഞ്ഞിരിക്കുകയായിരുന്നു. സ്വർഗീയ പിതാവിനോട് എനിക്കുണ്ടായിരുന്ന അടുപ്പവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. ഇത് പാപത്തെ മറയ്ക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഫലം!

ദൈവം കൃപ ചെയ്തതുകൊണ്ട്, എനിക്ക് ആ സഹപ്രവർത്തകയോട് എന്റെ ഹൃദയം പകരാനും ക്ഷമ ചോദിക്കാനും കഴിഞ്ഞു. അവൾ ദയാപൂർവ്വം എന്നോട് ക്ഷമിച്ചു, പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

"ദുഷ്ചിന്ത... ഹൃദയത്തിൽ നിന്ന് പുറപ്പെട്ടു വരുന്നു" (വാ.19) എന്നാണ് യേശു പറഞ്ഞത്. നമ്മുടെ ഹൃദയത്തിന്റെ സ്ഥിതി വളരെ പ്രധാനപ്പെട്ടതാണ്; കാരണം ഹൃദയത്തിൽ തിന്മ വസിച്ചാൽ അത് ജീവിതത്തിൽ പ്രകടമാകും. നമ്മുടെ ആന്തരികവും ഭൗതികവുമായ സ്ഥിതി നല്ലതായിരിക്കണം.

 

ദൈവത്തിനുവേണ്ടി സംസാരിക്കുക

പൂമ്പാറ്റകൾ ശബ്ദമുണ്ടാക്കുമെന്ന് നാം കരുതാറില്ല: ഒരു രാജശലഭത്തിന്റെ ചിറകടി ശബ്ദം കേൾക്കാനേ കഴിയില്ല. എന്നാൽ മെക്സിക്കൻ മഴക്കാടുകളിൽ നിരവധി ചിത്രശലഭങ്ങൾ അവയുടെ ചെറുജീവിതം ചിറകടിച്ച് ആരംഭിക്കുമ്പോൾ അവയുടെ ഒരുമിച്ചുള്ള ചിറകടി ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാം. പല ലക്ഷങ്ങളായ ഇവ ഒരുമിച്ച് ചിറകടിക്കുമ്പോൾ അതൊരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം പോലെ വലുതാണ്.

യെഹെസ്ക്കേലിന്റെ ദർശനത്തിലെ ജീവികളുടെ ചിറകടി ശബ്ദവും ഇങ്ങനെയാണ് വിവരിച്ചിരിക്കുന്നത്. ചിത്രശലഭങ്ങളെപ്പോലെ അസംഖ്യം എണ്ണമില്ലെങ്കിലും അവയുടെ ചിറകടിയുടെ ശബ്ദവും "വലിയ വെള്ളത്തിന്റെ ഇരച്ചിൽ പോലെ" (യെഹെ. 1:24) എന്നാണ് വർണ്ണിച്ചിരിക്കുന്നത്. ജീവികൾ നിന്ന് ചിറകുകൾ താഴ്ത്തിയപ്പോൾ യെഹെസ്ക്കെൽ ദൈവം പറയുന്നത് കേട്ടു: ദൈവത്തിന്റെ വചനം ഇസ്രായേലിനോട് പറയുക എന്ന് (2:7).

മറ്റ് പഴയ നിയമ പ്രവാചന്മാരെപ്പോലെ  ദൈവത്തിന്റെ ജനത്തോട് സത്യങ്ങൾ അറിയിക്കാൻ  യെഹെസ്ക്കെലിനും കല്പന ലഭിച്ചു. ഇന്ന് നമ്മോടും, ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന നന്മകൾ ചുറ്റുമുള്ളവരോട് അറിയിക്കാൻ ആഹ്വാനം ചെയ്യുന്നു (1 പത്രൊസ് 3:15). ചിലപ്പോൾ അത് ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോടെ സത്യങ്ങൾ പറയാനാകും. മറ്റ് ചിലപ്പോൾ നിശബ്ദമായി, ഒരു പ്രയാസത്തിൽ സഹായിക്കാനാകും. ബഹുലക്ഷം ചിത്രശലഭങ്ങളുടെ ഇരമ്പത്തോടെ ദൈവ സ്നേഹം വർണ്ണിക്കാനോ ഒരു പൂമ്പാറ്റയുടെ ശബ്ദം പോലെ പറയാനോ ആയാലും നാം യെഹെസ്ക്കെലിനെപ്പോലെ ദൈവത്തിന് നമ്മോട് പറയാനുള്ളത് കേൾക്കാൻ ശ്രദ്ധയോടെ ഇരിക്കണം.

ഉടമസ്ഥനോ കാര്യസ്ഥനോ?

" ഞാൻ ഒരു ഉടമസ്ഥനാണോ അതോ കാര്യസ്ഥനാണോ?"  ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനിയുടെ സി ഇ ഒ ആയ മനുഷ്യൻ തന്റെ കുടുംബത്തിന്റെ നന്മയെക്കുറിച്ച് ചിന്തിച്ചപ്പോൾ സ്വയം ചോദിച്ച ചോദ്യമാണിത്. ഒത്തിരി ധനം കുമിഞ്ഞുകൂടുമ്പോൾ ഉണ്ടാകാവുന്ന പ്രലോഭനങ്ങളെക്കുറിച്ച് വിചാരിച്ചപ്പോൾ, തന്റെ കുടുംബത്തിലെ തുടർന്നുള്ള അവകാശികൾക്ക് ഈ വെല്ലുവിളി ഉണ്ടാകരുത് എന്നദ്ദേഹം കരുതി. അതുകൊണ്ട് അദ്ദേഹം കമ്പനിയുടെ ഉടമസ്ഥാവകാശം ഉപേക്ഷിച്ച്, 100 ശതമാനം ആസ്തിയും ഒരു ട്രസ്റ്റിനെ ഏല്പിച്ചു. സകലതും ദൈവത്തിന്റെ വകയാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് അദ്ധ്വാനം കൊണ്ട് ജീവിതമാർഗം കണ്ടെത്താനും മിച്ചമുള്ളവ സൂക്ഷിച്ച് വെക്കാതെ ക്രിസ്തീയ ശുശ്രൂഷകൾക്കായി നല്കാനും ആ കുടുംബത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനായി.

സങ്കീ.50:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു: "കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ  ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. "സകലത്തിന്റെയും സ്രഷ്ടാവായ ദൈവം നമ്മോട് എന്തെങ്കിലും കടപ്പെട്ടിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. "നിന്റെ വീട്ടിൽ നിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽ നിന്നു കോലാട്ടു കൊറ്റന്മാരെയോ ഞാൻ എടുക്കുകയില്ല" (വാ.9) എന്ന് അവിടുന്ന് പറയുന്നു. നമുക്കുള്ളതും നാം ഉപയോഗിക്കുന്നതും അദ്ധ്വാനിച്ച് സമ്പാദിക്കാനുള്ള കഴിവും ശക്തിയും എല്ലാം ദൈവം ഔദാര്യമായി നല്കുന്നതാണ്. അതുകൊണ്ട്, നമ്മുടെ ഹൃദയപൂർവ്വമായ ആരാധന അവിടുത്തേക്ക് അവകാശപ്പെട്ടതാണെന്ന് സങ്കീർത്തനം കാണിച്ചുതരുന്നു.

സകലത്തിന്റെയും ഉടമസ്ഥൻ ദൈവമാണ്. എന്നാൽ അവിടുത്തെ നന്മയാൽ, അവങ്കലേക്ക് തിരിയുന്ന ഏവനും അവനുമായി വ്യക്തിബന്ധം സാധ്യമാകും വിധം ദൈവം തന്നെത്തന്നെ നമുക്കായി നല്കി. യേശു 

"ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്" (മർക്കൊസ് 10:45). ദാനങ്ങളേക്കാൾ അവ നല്കിയവനെ വിലമതിച്ച് സേവിക്കുമ്പോൾ അവനിൽ നിരന്തരം ആനന്ദിക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കും.

ലേവ്യയുടെ പുസ്തകത്തിൽ പോലും

വിഷയം ലേവ്യപുസ്തകമായിരുന്നു, എനിക്ക് ഒരു കുമ്പസാരം നടത്താനുണ്ടായിരുന്നു. “ഞാൻ ധാരാളം വായന ഒഴിവാക്കി,” ഞാൻ എന്റെ ബൈബിൾ പഠന ഗ്രൂപ്പിനോട് പറഞ്ഞു. "ഞാൻ ത്വക്ക് രോഗങ്ങളെക്കുറിച്ച് വീണ്ടും വായിക്കുന്നില്ല."

അപ്പോഴാണ് എന്റെ സുഹൃത്ത് ഡേവ് സംസാരിച്ചത്. “ആ ഭാഗം കാരണം യേശുവിൽ വിശ്വസിച്ച ഒരാളെ എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്ത്-ഡോക്ടർ-ഒരു നിരീശ്വരവാദിയായിരുന്നുവെന്ന് ഡേവ് വിശദീകരിച്ചു. ബൈബിളിനെ പൂർണമായി നിരസിക്കുന്നതിനുമുമ്പ്, അത് സ്വയം വായിക്കുന്നതാണ് നല്ലത് എന്ന് അദ്ദേഹം തീരുമാനിച്ചു. ലേവ്യപുസ്തകത്തിലെ ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ഭാഗം അദ്ദേഹത്തെ ആകർഷിച്ചു. അതിൽ പകരുന്നതും പകരാത്തതുമായ വ്രണങ്ങളെക്കുറിച്ചും, (13:1–46) അവയെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചും (14:8–9) അതിശയിപ്പിക്കുന്ന വിശദാംശങ്ങൾ അടങ്ങിയിരുന്നു. അന്നത്തെ വൈദ്യശാസ്‌ത്ര പരിജ്ഞാനത്തേക്കാൾ എത്രയോ മുന്നിലാണെന്ന് അയാൾക്കറിയാമായിരുന്നു—പക്ഷെ അത് പഴയനിയമകാലത്തെ ലേവ്യ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മോശെയ്ക്ക് ഇതെല്ലാം അറിയാൻ ഒരു വഴിയുമില്ല എന്നും, മോശെയ്ക്കു ഈ വിവരങ്ങളെല്ലാം യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നും ഡേവ് മനസ്സിലാക്കി. ഒടുവിൽ അയാൾ യേശുവിൽ വിശ്വാസം അർപ്പിച്ചു. 

ബൈബിളിന്റെ ചില ഭാഗങ്ങൾ നിങ്ങളെ ബോറടിപ്പിക്കുന്നുവെങ്കിൽ, അതിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. എന്നാൽ എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്. ദൈവത്തിനുവേണ്ടിയും അവനോടൊപ്പവും എങ്ങനെ ജീവിക്കണമെന്ന് ഇസ്രായേല്യർക്ക് അറിയാൻ വേണ്ടിയാണ് ലേവ്യപുസ്തകം എഴുതപ്പെട്ടത്. ദൈവവും അവന്റെ ജനവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ നാം ദൈവത്തെക്കുറിച്ച് തന്നെ പഠിക്കുന്നു.

പൌലോസ് അപ്പൊസ്തലൻ എഴുതി "എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു....പ്രയോജനമുള്ളതു ആകുന്നു. (2 തിമൊഥെയൊസ് 3:16-17). നമുക്ക് വായിക്കാം…ലേവ്യ പുസ്തകം പോലും.