Category  |  odb

സന്തോഷവും ജ്ഞാനവും

എല്ലാ വസന്തകാലത്തും അതിമനോഹരമായ ഇളം പിങ്ക് നിറത്തിലുള്ളതും സുഗന്ധമുള്ളതുമായ പൂക്കൾ ജപ്പാനെ നിറയ്ക്കുന്നു, ഇത് അവിടുത്തെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും മനസ്സിനെ ഒരുപോലെ ആനന്ദിപ്പിക്കുന്നു. അധികം ആയുസ്സില്ലാത്ത ഈ പൂക്കളുടെ സ്വഭാവം, അവ വിരിയുമ്പോൾ അവയുടെ സൗന്ദര്യവും ഗന്ധവും ആസ്വദിക്കാനുള്ള തീക്ഷ്ണമായ അവബോധം ജപ്പാൻകാരിൽ വളർത്തുന്നു; അനുഭവത്തിന്റെ ക്ഷണികത അതിന്റെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നു. പെട്ടെന്ന് മാറുന്ന ഒന്നിന്റെ ഈ ബോധപൂർവമായ ആസ്വാദനത്തെ അവർ “മോണോ-നോ-അവേർ’’ എന്ന് വിളിക്കുന്നു.

മനുഷ്യരെന്ന നിലയിൽ, സന്തോഷം തേടാനും അതിന്റെ സമയം ദീർഘിപ്പിക്കാനും നാം ആഗ്രഹിക്കുന്നു എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ജീവിതം കഷ്ടപ്പാടുകളാൽ നിറഞ്ഞതാണ് എന്ന യാഥാർത്ഥ്യം അർത്ഥമാക്കുന്നത് സ്നേഹവാനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ലെൻസിലൂടെ വേദനയെയും സന്തോഷത്തെയും വീക്ഷിക്കാനുള്ള കഴിവ് നാം വളർത്തിയെടുക്കണം എന്നാണ്. നാം അമിതമായ അശുഭാപ്തി വിശ്വാസികളാകേണ്ടതില്ല; ജീവിതത്തെക്കുറിച്ച് എല്ലാം ശുഭകരമാണ് എന്ന ചിന്താഗതിയും പാടില്ല.

സഭാപ്രസംഗിയുടെ പുസ്തകം നമുക്ക് സഹായകമായ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു. ഈ പുസ്തകം ചിലപ്പോൾ നിഷേധാത്മക പ്രസ്താവനകളുടെ പുസ്തകം ആണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, “എല്ലാം മായ’’ (1:2) എന്ന് എഴുതിയ അതേ ശലോമോൻ രാജാവ് തന്നെ “മറ്റൊന്നും ഇല്ല’’ എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലെ ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. “തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ’’ (8:15).

നല്ല സമയങ്ങളിലും പ്രയാസഘട്ടങ്ങളിലും (3:11-14; 7:13-14) “ജ്ഞാനം ഗ്രഹിക്കാനും’’ “ദൈവത്തിന്റെ പ്രവൃത്തികളെ’’ നിരീക്ഷിക്കാനും പഠിക്കാനും (വാ. 16-17) നമ്മെ സഹായിക്കാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ സന്തോഷം ലഭിക്കുന്നു. ഇവ രണ്ടും — നല്ല സമയങ്ങളും പ്രയാസഘട്ടങ്ങളും — സ്വർഗ്ഗത്തിന്റെ ഇപ്പുറത്ത് ശാശ്വതമല്ലെന്ന് നാം അറിയുന്നു. 

ശരിയായി പ്രതികരിക്കുക

 

ഗൗരവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “എന്തുകൊണ്ടാണ് വെള്ള വസ്ത്രം ധരിച്ച ഈ പാവം അമ്മാവനെ അവർ അടിക്കുന്നത്?” പട്ടാളക്കാരുടെ വേഷം ധരിച്ചവരുടെ ചാട്ടവാറടി ഏറ്റുകൊണ്ടു, കൃത്രിമ രക്തം ഇറ്റിറ്റു വീഴുന്ന ശരീരത്തോടെ യേശുവിന്റെ വേഷം ധരിച്ച ഒരാളെ തെരുവിലൂടെ നടത്തുന്നതു കണ്ടപ്പോൾ അവൻ ചിന്തിച്ചു. പള്ളിയുടെ ദുഃഖവെള്ളി ഘോഷയാത്രയായിരുന്നു അത്. എന്നാൽ ഗൗരവിന് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഈ രംഗം. ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിരുന്നു ഗൗരവ്. അവന്റെ ഈ അവസ്ഥ അവനെ മറ്റുള്ളവരെക്കാൾ ഉത്കണ്ഠയും അനുകമ്പയും ഉള്ളവനാക്കിത്തീർത്തു. അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിയ അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞിരുന്നു. “മമ്മീ, ദയവായി അവരോടു നിർത്താൻ പറ!” എന്ന് അവൻ വിലപിച്ചു.

ഗൗരവിനെപ്പോലെ മനസ്സലിവുള്ളവരായിരിക്കാനാണു നമ്മെ വിളിച്ചിരിക്കുന്നത്. ചിലർക്ക് മനസ്സലിവ് അനായാസേന വരുമെങ്കിലും, ബാക്കിയുള്ളവർ അതിനായി പരിശ്രമിക്കേണ്ടതായി വരുന്നു. അവരുടെ പഴയ ജീവിതരീതി “വിട്ടുകളവിൻ” എന്നു കൊലൊസ്സ്യ സഭയ്ക്കു ശക്തമായ പ്രേരണ ലഭിച്ചു. മലിനമായതും വൃത്തികെട്ടതുമായ ഒരു വസ്ത്രം വലിച്ചെറിയുന്നതുപോലെ, കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം (വാ. 8) എന്നിവ ഉൾപ്പെടെയുള്ള അവരുടെ ഭൗമിക സ്വഭാവം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടു. പകരം, “കൃപയും കരുണയും” നിറഞ്ഞ അവരുടെ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്ന (സങ്കീർത്തനം 145:8) മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയുടെ ഗുണങ്ങൾ ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു (വാ. 12).

മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ഇന്നത്തെ ലോകത്തു പലപ്പോഴും ബലഹീനതകളായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ കാണേണ്ടതും അനുഭവിക്കേണ്ടതും ഇതാണ് (വാ.12). സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, ഈ ഗുണങ്ങളോടുകൂടി പ്രതികരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശരിയായി പ്രതികരിക്കാൻ നാം മനപ്പൂർവ്വമായി തീരുമാനമെടുക്കണം. കാരണം, ഈ വിധത്തിലാണ് നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയുന്നത്. 

 

ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കുക

യേശുവിനെ രക്ഷകനായി സ്വീകരിക്കാനുള്ള അമ്മയുടെ തീരുമാനം കൗമാരപ്രായത്തിലുള്ള എനിക്കും എന്റെ സഹോദരിക്കും മനസ്സിലായില്ല, പക്ഷേ ഞങ്ങൾ അമ്മയിൽ കണ്ട മാറ്റങ്ങൾ നിഷേധിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അമ്മയ്ക്ക് കൂടുതൽ സമാധാനവും സന്തോഷവും ലഭിച്ചു, സഭയിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാൻ അമ്മ തുടങ്ങി. അമ്മയ്ക്ക് ബൈബിൾ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു, അമ്മ സെമിനാരിയിൽ ചേരുകയും ബിരുദം നേടുകയും ചെയ്തു. എന്റെ അമ്മയുടെ തീരുമാനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം, എന്റെ സഹോദരി ക്രിസ്തുവിനെ സ്വീകരിച്ച് അവനെ സേവിക്കാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാനും യേശുവിൽ ആശ്രയിക്കുകയും അവനെ സേവിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം, ഡാഡിയും യേശുവിൽ വിശ്വസിച്ച് ഞങ്ങളോടൊപ്പം ചേർന്നു. ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ അമ്മയുടെ തീരുമാനം ഞങ്ങളുടെ കുടുംബത്തിലും ബന്ധുജനങ്ങളിലും വലിയ സ്വാധീനം ചെലുത്തി.

അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് തന്റെ അവസാന ലേഖനം എഴുതുകയും യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ, തിമൊഥെയൊസിന്റെ ആത്മീയ പൈതൃകം അവൻ രേഖപ്പെടുത്തി. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു’’ (2 തിമൊഥെയൊസ് 1:5).

അമ്മമാരേ, വല്യമ്മമാരേ, നിങ്ങളുടെ തീരുമാനങ്ങൾ തലമുറകളെ ബാധിക്കും.തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും, അവൻ എങ്ങനെയാകണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അങ്ങനെയുള്ള ദൈവമനുഷ്യനാകാൻ തക്കവിധം അവന്റെ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചത് എത്ര മനോഹരമാണ്.

ഈ മാതൃദിനത്തിലും അതിനുശേഷവും, യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ച അമ്മമാരെ നമുക്ക് ബഹുമാനിക്കാം. നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്ക് ഒരു ആത്മീയ പൈതൃകം ശേഷിപ്പിക്കാം. 

 

ജീവൻ, സ്നേഹം, പോഷണം

 

എന്റെ മുത്തശ്ശിയുടെ ചരമവാർഷികത്തിൽ ഞാനും ഭർത്താവും അവരുടെ കല്ലറ സന്ദർശിച്ച് അവിടെ റോസാപ്പൂക്കൾ അർപ്പിച്ചു. എന്റെ ഭർത്താവ് എന്റെ മുത്തശ്ശിയെ കണ്ടിട്ടില്ല. അതിനാൽ, അവരെക്കുറിച്ച് എന്നോടു അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ അവരുടെ പ്രിയപ്പെട്ട ഗീതങ്ങൾ ആലപിച്ചു, അവരുടെ വിപുലമായ ക്രിസ്തുമസ് ഭക്ഷണത്തെക്കുറിച്ചു സംസാരിച്ചു, കാട്ടു കൂൺ എങ്ങനെ കണ്ടെത്തണമെന്ന് അവർക്ക് അറിയാമായിരുന്നെന്നു ഞാൻ അദ്ദേഹത്തോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശാരീരികമായി മുത്തശ്ശി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും, അവരുടെ കല്ലറ സന്ദർശിക്കുകയും അവരുടെ കഥകൾ പങ്കിടുകയും ചെയ്തത് അവരുടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറച്ചു.

മരിക്കുന്നതിനു മുമ്പ്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം വിപുലമായ ഒരു പെസഹാ അത്താഴം പങ്കിടുകയുണ്ടായി. താമസംവിനാ താൻ കഷ്ടമനുഭവിച്ചു മരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു (വാ. 15). യഥാർത്ഥത്തിൽ, അവൻ ആ രാത്രി തന്നെ പിടിക്കപ്പെടുമായിരുന്നു (ലൂക്കൊസ് 22:54). ഈയൊരു പശ്ചാത്തലത്തിൽ, യേശു അപ്പം എടുത്തു, ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് അതു നുറുക്കി അവർക്കു നൽകി. “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (വാ.19) എന്ന് അവൻ അവരോടു പറഞ്ഞു. അവൻ അവർക്കു വീഞ്ഞിന്റെ പാനപാത്രവും കൊടുത്തുകൊണ്ട്, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” (വാ. 20) എന്നു പറഞ്ഞു.

തൊട്ടടുത്ത ദിവസം യേശു ക്രൂശിക്കപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം അവൻ ഉയർത്തെഴുന്നേറ്റു, ഒടുവിൽ സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. എന്നിട്ടും, ഇന്നും, അവന്റെ ശിഷ്യരായ നാം ഇപ്പോഴും അവന്റെ ഓർമ്മയ്ക്കായി അപ്പം നുറുക്കി വീഞ്ഞു പങ്കിടുന്നു. കാരണം, അതു യേശു തന്നെ സ്ഥാപിച്ച മനോഹരമായ ഒരു സ്മരണയും അവൻ വീണ്ടും വരുമെന്ന ശാശ്വതമായ വാഗ്ദത്തവുമാണ് (വാ. 15-18). നമുക്കു യേശുവിനെ ശാരീരികമായി കാണാനോ തൊടാനോ കഴിഞ്ഞേക്കില്ലെങ്കിലും, അവൻ ജീവനുള്ളവനാണെന്നും അവന്റെ സ്നേഹവും ജീവനും പോഷണവും കൊണ്ട് ദിനന്തോറും നമ്മെ നിറച്ചുകൊണ്ടു നമ്മോടൊപ്പമുണ്ടെന്നും നമുക്കറിയാം. നാം അപ്പം നുറുക്കുമ്പോൾ, യേശുവിന്റെ വാഗ്ദത്തം ഓർമ്മിച്ചുകൊണ്ടു അവനെപ്പോലെയാകാനായി നമ്മെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യാൻ അവനെ അനുവദിക്കുക. 

 

നമ്മെത്തന്നെ രക്ഷിക്കാൻ ശ്രമിക്കുക

“സുരക്ഷിതമായിരിക്കുക.’’ എലിവേറ്ററിൽ കുടുങ്ങുമ്പോൾ എങ്ങനെ ശാന്തത പാലിക്കാമെന്നും സുരക്ഷിതരായിരിക്കാമെന്നും ആളുകളെ ബോധവത്കരിക്കാനുള്ള “സ്റ്റേ സേഫ്, സ്റ്റേ പുട്ട്’’ എന്ന പേരിൽ ഒരു പരസ്യ കാമ്പെയ്ൻ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്ക് നഗരം നടത്തുകയുണ്ടായി. എലിവേറ്റർ നിശ്ചലമായപ്പോൾ അതിന്റെ വാതിലുകൾ കുത്തിത്തുറക്കാനോ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ പുറത്തേക്ക് കടക്കാനോ ശ്രമിച്ച ചിലർ മരിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു. സഹായത്തിനായി വിളിക്കാനും അടിയന്തര പ്രതികരണങ്ങൾക്കായി കാത്തിരിക്കാനും അലാറം ബട്ടൺ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രവർത്തന പദ്ധതി.

അപ്പൊസ്തലനായ പൗലൊസ് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപദ്ധതി ആവിഷ്കരിച്ചു — പാപത്തിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള പദ്ധതിയായിരുന്നു അത്. അവൻ എഫെസ്യരെ അവരുടെ തികഞ്ഞ ആത്മീയ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിച്ചു — യഥാർത്ഥത്തിൽ “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ ആയിരുന്നു’’ (എഫെസ്യർ 2:1) അവർ. അവർ പിശാചിനെ അനുസരിക്കുകയും ദൈവത്തിനു കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കെണിയിലകപ്പെട്ടു. ഇത് അവരെ ദൈവക്രോധത്തിനു പാത്രരാക്കി. എന്നാൽ അവൻ അവരെ ആത്മീയ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിച്ചില്ല. യേശുവിൽ വിശ്വസിക്കുന്നവർ “കൃപയാൽ . . . രക്ഷിക്കപ്പെട്ടു’’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 5, 8). ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തോടുള്ള പ്രതികരണം വിശ്വാസമായി പരിണമിക്കുന്നു. വിശ്വാസം എന്നാൽ നാം സ്വയം നമ്മെത്തന്നെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും നമ്മെ രക്ഷിക്കാൻ യേശുവിനെ വിളിക്കുകയും ചെയ്യുക എന്നതാണ്.

ദൈവകൃപയാൽ, പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷനേടുന്നത് നമ്മുടെ പ്രയത്നത്താലല്ല. അത് യേശുവിലൂടെ മാത്രമുള്ള “ദൈവത്തിന്റെ ദാനം’’ ആണ് (വാ. 8).