Category  |  odb

അന്തസ്സ് വർദ്ധിപ്പിക്കുന്നു

മാഗിയുടെ യുവ സുഹൃത്ത് വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് പള്ളിയിൽ എത്തി.  അവൾ ഒരു വേശ്യയായിരുന്നതിനാൽ അതിൽ ആർക്കും ആശ്ചര്യം തോന്നിയതുമില്ല. മാഗിയുടെ ആ സുഹൃത്ത് അവളുടെ ഇരിപ്പിടത്തിൽ അസ്വസ്ഥതയോടെ ഇരിക്കുകയും, വളരെ ഇറക്കം കുറഞ്ഞ അവളുടെ പാവാടയുടെ അറ്റം  താഴോട്ട് വലിക്കുകയും, കൈകെട്ടി ബോധപൂർവ്വം ശരീരം മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. 

"ഓ, നിനക്ക് തണുക്കുന്നുണ്ടോ?" അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ട് മാഗി സുഹൃത്തിനോട് ചോദിച്ചു. "ഇതാ! എന്റെ ഷാൾ എടുത്തോളൂ".

ആൾക്കാരെ പള്ളിയിലേക്ക് ക്ഷണിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്തുകൊണ്ട് മാഗി യേശുവിനെ നിരവധി ആളുകളുമായി പങ്കിട്ടു. അവളുടെ നല്ല ഇടപെടലുകളിലൂട സുവിശേഷത്തിനു മാറ്റു കൂടി. അവൾ എല്ലാവരോടും മാന്യമായി പെരുമാറി.

വ്യഭിചാരത്തിന്റെ കഠിനമായ ആരോപണവുമായി മതനേതാക്കൾ ഒരു സ്ത്രീയെ യേശുവിൻറെ മുമ്പിലേക്ക് വലിച്ചിഴച്ചപ്പോൾ, കുറ്റാരോപിതരെ പറഞ്ഞയയ്ക്കുന്നതുവരെ ക്രിസ്തു അവളെ ശ്രദ്ധിച്ചില്ല. അവർ പോയിക്കഴിഞ്ഞപ്പോൾ അവന് അവളെ ശാസിക്കാമായിരുന്നു. പകരം, യേശു രണ്ട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചു: "സ്ത്രീയേ, അവർ എവിടെ?" "നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? (യോഹന്നാൻ 8:10). അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം, തീർച്ചയായും, “ഇല്ല” എന്നായിരുന്നു. അതിനാൽ യേശു ചുരുക്കമായി അവളോട് സുവിശേഷം പറഞ്ഞു. "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു." (വാ. 11).

മറ്റുള്ളവരോടുള്ള ആത്മാർത്ഥമായ സ്നേഹത്തിന്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്—വിമർശന മനോഭാവം ഇല്ലാത്ത  എല്ലാവർക്കും ക്ഷമയും മാന്യതയും നൽകുന്ന തരത്തിലുള്ള സ്നേഹം.

നന്ദിയാൽ തിരിച്ചുപിടിച്ചവർ

ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം, ക്യാൻസറിനെ നേരിടുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ 'ക്യാൻസറിനോട് പോരാടണം' എന്നത് ഊന്നിപ്പറയുന്നു എന്ന്  ക്രിസ്റ്റീന കോസ്റ്റയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, ആ 'പോരാട്ടം' തന്നെ തളർത്തിക്കളയുന്നതാണെന്ന് അവൾ വേഗം മനസ്സിലാക്കി. “[തന്റെ] ശരീരവുമായി ഒരു വർഷത്തിലധികം പോരാട്ടത്തിൽ ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചില്ല.” അതിനുപകരം, അവളെ പരിചരിക്കുന്ന വിദഗ്ധരുടെ സംഘത്തിനും, അവൾക്ക് ലഭിക്കുന്ന സൗഖ്യത്തിനും വേണ്ടി എല്ലാ ദിവസവും നന്ദിയുള്ളവളായി ഇരിക്കുന്നതാണ് നല്ലത് എന്ന് അവൾക്ക് മനസ്സിലായി. പ്രതിസന്ധി എത്ര കഠിനമാണെങ്കിലും, നന്ദിയുള്ള ഹൃദയം വിഷാദത്തെ ചെറുക്കാൻ സഹായിക്കുമെന്നും, "പ്രതിരോധശേഷി വളർത്താൻ നമ്മുടെ തലച്ചോറിനെ സജ്ജമാക്കുമെന്നും" അവൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.

നന്ദി പ്രകടിപ്പിക്കുന്നത് വിശ്വാസികൾ ഒരു കടമ എന്ന നിലയിൽ മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും, അത് സ്വമേധയാ ചെയ്യേണ്ട കാര്യമാണെന്നും കോസ്റ്റയുടെ കഥ എന്നെ ഓർമ്മിപ്പിച്ചു. ദൈവം നമ്മുടെ കൃതജ്ഞത അർഹിക്കുന്നു എന്നത് സത്യമാണെങ്കിലും, കൃതജ്ഞത പ്രകടിപ്പിക്കുന്നത് നമുക്കും അത്യധികം നല്ലതാണ്. "എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്." (സങ്കീർത്തനം 103:2) എന്ന് പറയാൻ നാം നമ്മുടെ ഹൃദയം ഉയർത്തുമ്പോൾ, ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എണ്ണമറ്റ വഴികൾ നമ്മെ ഓർമ്മിപ്പിക്കുന്നു—ക്ഷമയുടെ ഉറപ്പ് നൽകുന്നു, രോഗശാന്തിക്കായി പ്രവർത്തിക്കുന്നു; നമ്മുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നൽകുന്നു;  അവന്റെ സൃഷ്ടിയുടെ "ദയയും കരുണയും," എണ്ണമറ്റ "നന്മയും" അനുഭവിക്കാൻ നമ്മെ അനുവദിക്കുന്നു (വാ. 3-5).

ഈ ജീവിതകാലത്ത് എല്ലാ കഷ്ടപ്പാടുകൾക്കും പൂർണ്ണമായ സൗഖ്യം ലഭിക്കില്ലെങ്കിലും, നമ്മുടെ ഹൃദയങ്ങൾ എല്ലായ്പ്പോഴും നന്ദിയാൽ പുതുക്കപ്പെടണം, കാരണം ദൈവസ്നേഹം നമ്മോടൊപ്പമുണ്ട് "എന്നും എന്നേക്കും" (വാക്യം 17).

സ്നേഹത്തോടെ സമ്മാനിച്ചത്

വിവാഹദിനത്തിൽ, ഗ്വെൻഡോലിൻ സ്റ്റൾഗിസ്  താൻ സ്വപ്നം കണ്ടതുപോലെ തന്റെ വിവാഹ വസ്ത്രം ധരിച്ചു. എന്നിട്ട് തന്റെ ആവശ്യത്തിന് ശേഷം അവൾ അത് അപരിചിതയായ ഒരാൾക്ക് സമ്മാനിച്ചു. അലമാരയ്ക്കകത്തിരുന്ന് പൊടി പിടിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് അതാണെന്ന് സ്റ്റൾഗിസ് വിശ്വസിച്ചു. മറ്റ് നവവധുക്കൾ ഇത് ഏറ്റെടുത്തു. ഇപ്പോൾ നിരവധി സ്ത്രീകൾ അവളുടെ സോഷ്യൽ മീഡിയ സൈറ്റിൽ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യാനും ചിലർ അവ കൈപ്പറ്റുവാനും ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദാതാവ് പറഞ്ഞതുപോലെ, "ഈ വസ്ത്രം വധുവിൽ നിന്ന് വധുവിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അതിന്റെ അവസാനം, എല്ലാ ആഘോഷങ്ങളും കാരണം, അത് ജീർണ്ണിച്ചുപോകുകയും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

ദാനധർമ്മം ഒരു ആഘോഷമായി തോന്നാം, തീർച്ചയായും. സാദൃശ്യവാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ, “ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ. ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും." (സദൃശവാക്യങ്ങൾ 11:24-25).

അപ്പോസ്തലനായ പൗലോസ് പുതിയ നിയമത്തിൽ ഈ തത്ത്വം പഠിപ്പിച്ചു. എഫേസോസിലെ വിശ്വാസികളോട് യാത്ര പറയുമ്പോൾ, അവൻ അവർക്ക് ഒരു അനുഗ്രഹം നൽകുകയും (അപ്പ. പ്രവ 20:32) ഔദാര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. അവർ പിന്തുടരേണ്ട ഒരു മാതൃകയായി പൗലോസ് തന്റെ സ്വന്തം തൊഴിലിന്റെ നീതിശാസ്ത്രം ചൂണ്ടിക്കാട്ടി. പൗലോസ് പറഞ്ഞു, "ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു." (വാക്യം 35).

ഉദാരമനസ്കത ദൈവത്തെ പ്രതിഫലിപ്പിക്കുന്നു. “... ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16). അവൻ നമ്മെ നയിക്കുമ്പോൾ നമുക്ക് അവന്റെ മഹത്തായ മാതൃക പിന്തുടരാം.

ക്രിസ്തുവിൽ ആഴത്തിലുള്ള സൗഹൃദം

പതിനേഴാം നൂറ്റാണ്ടിലെ രണ്ട് ഡോക്ടർമാരായ ജോൺ ഫിഞ്ച്, തോമസ് ബെയ്ൻസ് എന്നിവർക്കായി നിർമ്മിച്ചിരിക്കുന്ന ഒരു സ്മാരകം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളേജിലെ ചാപ്പലിൽ ഉണ്ട്. "വേർപെടുത്താനാവാത്ത സുഹൃത്തുക്കൾ" എന്നറിയപ്പെടുന്ന ഫിഞ്ചും ബെയ്നസും മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും നയതന്ത്ര യാത്രകളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. 1680-ൽ ബെയ്ൻസ് മരിച്ചപ്പോൾ, മുപ്പത്തിയാറ് വർഷം നീണ്ടുനിന്ന അവരുടെ "ആത്മാക്കളുടെ ഉടയാത്ത വിവാഹത്തെക്കുറിച്ച്" ഫിഞ്ച് വിലപിച്ചു. വാത്സല്യത്തിന്റെയും, വിശ്വസ്തതയുടെയും, പ്രതിബദ്ധതയുടെയും സൌഹൃദമായിരുന്നു അവരുടേത്.

ദാവീദ് രാജാവും യോനാഥാനും തമ്മിൽ അടുത്ത സൌഹൃദമുണ്ടായിരുന്നു. അവർ ആഴത്തിലുള്ള പരസ്പര സ്നേഹം പങ്കിട്ടു (1 ശമൂവേൽ 20:41) ഒപ്പം പരസ്പരം പ്രതിബദ്ധത പ്രതിജ്ഞ പോലും ചെയ്തു (വാ. 8–17, 42). ദാവീദിന് രാജാവാകാൻ യോനാഥാൻ തന്റെ സിംഹാസനത്തിനുള്ള അവകാശം പോലും ത്യജിച്ചു എന്നത് (20:30–31; കാണുക 23:15–18) അവരുടെ പൂർണ്ണമായ വിശ്വസ്തതയെ കാണിക്കുന്നു. (1 ശമൂവേൽ 19:1-2; 20:13). യോനാഥാൻ മരിച്ചപ്പോൾ, തന്നോടുള്ള യോനാഥാന്റെ സ്നേഹം "കളത്രപ്രേമത്തിലും വിസ്മയമേറിയത്" എന്ന് ദാവീദ് വിലപിച്ചു. (2 ശമൂവേൽ 1:26).

സൌഹൃദത്തെ വിവാഹവുമായി ഉപമിക്കുന്നത് ഇന്ന് നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ ഫിഞ്ച്, ബെയ്ൻസ്, ഡേവിഡ്, യോനാഥൻ എന്നിവരുടെ സൌഹൃദങ്ങൾ നമ്മുടെ സൌഹൃദത്തെ കൂടുതൽ ആഴത്തിൽ എത്താൻ സഹായിച്ചേക്കാം.  തന്നിൽ ചാരുവാൻ യേശു തന്റെ സുഹൃത്തുക്കളെ സ്വാഗതം ചെയ്തു (യോഹന്നാൻ 13:23-25). അവൻ നമ്മോട് കാണിക്കുന്ന വാത്സല്യവും വിശ്വസ്തതയും പ്രതിബദ്ധതയുമാണ് നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ആഴത്തിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം.

ശോഭയേറിയ വിനയം

ഒരു കളിക്ക് ശേഷം, കോർട്ടിലെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ കപ്പുകളും ഭക്ഷണ പൊതികളും എടുത്തു കളഞ്ഞു അവിടം വൃത്തിയാക്കാനായി  തൊഴിലാളികളെ സഹായിക്കാൻ ഒരു കോളേജ് ബാസ്കറ്റ്ബോൾ താരം അവരോടൊപ്പം  കൂടി. ഒരു ആരാധകൻ അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ എൺപതിനായിരത്തിലധികം ആളുകൾ അത് കണ്ടു. ഒരാൾ അഭിപ്രായപ്പെട്ടു, "നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും താഴ്മയുള്ള ആളുകളിൽ ഒരാളാണ് ആ [ചെറുപ്പക്കാരൻ]". ആ ബാസ്കറ്റ്ബോൾ കളിക്കാരന് ടീമിന്റെ വിജയത്തിൽ തന്റെ സംഭാവന ആഘോഷിക്കാനും ടീമംഗങ്ങൾക്കൊപ്പം പോകാനും കഴിയുമായിരുന്നു. പകരം, വിലമതിക്കപ്പെടാത്ത ഒരു ജോലിക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.

ഭൂമിയിലെ ഒരു ദാസനെന്ന പദവി ഏറ്റെടുക്കുന്നതിനായി സ്വർഗ്ഗത്തിലെ തന്റെ ഉയർന്ന സ്ഥാനം ഉപേക്ഷിച്ച യേശുവിൽ താഴ്മയുടെ ആത്യന്തിക മനോഭാവം കാണപ്പെടുന്നു. (ഫിലിപ്പിയർ 2:8). യേശുവിന് അത് ചെയ്യേണ്ടതില്ല, എന്നാൽ അവൻ മനസ്സോടെ തന്നെത്തന്നെ താഴ്ത്തി. ഭൂമിയിലെ അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ എല്ലാ ആളുകളെയും പഠിപ്പിക്കുക, സുഖപ്പെടുത്തുക, സ്നേഹിക്കുക—അവരെ രക്ഷിക്കാൻ ക്രൂശിക്കപ്പെടുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുക എന്നിവ ഉൾപ്പെടുന്നു.

നിലം തുടയ്ക്കാനോ, കഠിനമായ വേല ചെയ്യാനോ, ഭക്ഷണം വിളമ്പാനോ ക്രിസ്തുവിൻറെ മാതൃക നമ്മെ പ്രചോദിപ്പിക്കുന്നു, എന്നാൽ അതിനേക്കാളുപരി മറ്റുള്ളവരോട് ഉള്ള നമ്മുടെ മനോഭാവത്തിൽ താഴ്മ കാണിക്കുമ്പോൾ  അത് ഏറ്റവും വിശിഷ്ടമാകും. യഥാർത്ഥ വിനയം നമ്മുടെ മുൻഗണനകളെയും പ്രവൃത്തികളെയും രൂപാന്തരപ്പെടുത്തുന്ന ഒരു ആന്തരിക ഗുണമാണ്. "മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണുവാൻ" അത് നമ്മെ പ്രേരിപ്പിക്കുന്നു. (വാ. 3).

എഴുത്തുകാരനും പ്രസംഗകനുമായ ആൻഡ്രൂ മുറേ പറഞ്ഞു, "താഴ്മയാണ് വിശുദ്ധിയുടെ ശോഭയും സൌന്ദര്യവും". അവന്റെ ആത്മാവിന്റെ ശക്തിയാൽ ക്രിസ്തുവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതം ഈ സൌന്ദര്യത്തെ പ്രതിഫലിപ്പിക്കട്ടെ.(വാ. 2–5).