
പുത്രനും ഉദിക്കുന്നു
ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ആദ്യത്തെ മുഴുനീള നോവലിൽ അടുത്തിടെ ഒന്നാം ലോകമഹായുദ്ധം സഹിച്ച മദ്യപാനികളായ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നു. അവർ യുദ്ധത്തിന്റെ മുറിപ്പാടുകള്‍ അക്ഷരാർത്ഥത്തിലും ആലങ്കാരികമായും വഹിക്കുകയും, വിരുന്നുകളിലൂടെയും വലിയ സാഹസികതകളിലൂടെയും, ഉറക്കത്തിലൂടെയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. വേദന ശമിപ്പിക്കാൻ എപ്പോഴും മദ്യമുണ്ട്. ആരും സന്തുഷ്ടരല്ല.
ഹെമിംഗ്‌വേയുടെ 'ദി സൺ ഓൾസോ റൈസസ്' എന്ന പുസ്തകത്തിന്റെ തലക്കെട്ട് സഭാപ്രസംഗിയുടെ പേജുകളിൽ നിന്നാണ് (1:5). സഭാപ്രസംഗിയിൽ, ശലോമോൻ രാജാവ് തന്നെത്തന്നെ "ഗുരു" എന്ന് വിളിക്കുന്നു (വാക്യം 1). അവൻ നിരീക്ഷിക്കുന്നു, "സകലവും മായയത്രേ" (വാക്യം 2). കൂടാതെ, "സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?" (വാ. 3). സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് സോളമൻ കണ്ടു, കാറ്റ് അങ്ങോട്ടും ഇങ്ങോട്ടും വീശുന്നു, നദികൾ ഒരിക്കലും നിറയാത്ത കടലിലേക്ക് അനന്തമായി ഒഴുകുന്നു (വാ. 5-7). ആത്യന്തികമായി, എല്ലാം മറന്നുപോകുന്നു (വാക്യം 11).
ഹെമിംഗ്‌വേയും സഭാപ്രസംഗിയും, ഈ ജീവിതത്തിനായി മാത്രം ജീവിക്കുന്നതിന്റെ നിരർത്ഥകതയെ ചിത്രീകരിക്കുന്നു. എന്നിരുന്നാലും, ശലോമോൻ തന്റെ പുസ്തകത്തിൽ ദൈവികതയുടെ ഉജ്ജ്വലമായ സൂചനകൾ തുന്നിച്ചേർക്കുന്നു. ശാശ്വതമായ കാര്യവും, യഥാർത്ഥ പ്രത്യാശയും ഉണ്ട്. സഭാപ്രസംഗി, മനുഷ്യന്റെയും ദൈവത്തിന്റെയും യഥാർത്ഥ അവസ്ഥ കാണിക്കുന്നു. “ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം,” (3:14) ശലോമോൻ പറഞ്ഞു, അതിലാണ് നമ്മുടെ പ്രത്യാശ. എന്തെന്നാൽ, ദൈവം നമുക്ക് തന്റെ പുത്രനായ യേശുവിനെയാണ് ദാനമായി നൽകിയിരിക്കുന്നത്.
ദൈവത്തെക്കൂടാതെ, നാം അനന്തമായ നടുക്കടലിൽ ഒഴുകിനടക്കുന്നു. അവന്റെ ഉയിർത്തെഴുന്നേറ്റ പുത്രനായ യേശുവിലൂടെ നാം ദൈവവുമായി ചേരുകയും, നമ്മുടെ അർത്ഥവും, മൂല്യവും, ലക്ഷ്യവും കണ്ടെത്തുകയും ചെയ്യുന്നു.

ക്രിസ്തുവിലുള്ള പുതിയ വ്യക്തിത്വം
“ഞാൻ പഴയ ആളല്ല. ഞാൻ ഒരു പുതിയ ആളാണ്." ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളോട് സംസാരിച്ച എന്റെ മകന്റെ ആ ലളിതമായ വാക്കുകൾ ദൈവം അവന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തിയെന്ന് കാണിക്കുന്നു. ഒരിക്കൽ ഹെറോയിന് അടിമയായിരുന്ന ജെഫ്രി സ്വയം ഒരു പാപിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവൻ തന്നെത്തന്നെ ദൈവമകനായാണ് കാണുന്നത്.
ബൈബിൾ പറയുന്നു: “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17). നമ്മുടെ ഭൂതകാലത്തിൽ നാം ആരായിരുന്നാലും എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, നമ്മുടെ രക്ഷയ്ക്കായി യേശുവിൽ വിശ്വസിക്കുകയും അവന്റെ കുരിശിലൂടെയുള്ള പാപമോചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നാം പുതിയ ഒരാളായി മാറുന്നു. ഏദെൻ തോട്ടം മുതൽ, നമ്മുടെ പാപങ്ങളുടെ കുറ്റബോധം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, എന്നാൽ അവൻ ഇപ്പോൾ നമുക്കെതിരായ നമ്മുടെ പാപങ്ങൾ "കണക്കിടാതെ," "അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു," (വാ. 18-19). നാം അവന്റെ പ്രിയപ്പെട്ട മക്കളാണ് (1 യോഹന്നാൻ 3:1-2). അവൻ നമ്മെ കഴുകി വൃത്തിയാക്കി അവന്റെ പുത്രന്റെ സാദൃശ്യത്തിൽ ആക്കിയിരിക്കുന്നു.
യേശു നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. നാം ഇനി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനല്ല, മറിച്ച്, നമുക്ക് വേണ്ടി "മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു" വേണ്ടിയാണ്. (2 കൊരിന്ത്യർ 5: 15). ഈ പുതുവത്സര ദിനത്തിൽ, അവന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹം പുതിയ വ്യക്തിത്വത്തോടും ലക്ഷ്യത്തോടും കൂടി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഓർക്കുക. മറ്റുള്ളവരെ പുതിയ മനുഷ്യരാക്കുവാൻ കഴിവുള്ള നമ്മുടെ രക്ഷകനെ അവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഇടയാകട്ടെ.

നീതി നഗരം
2000-ലെ പുതുവത്സരത്തലേന്ന് ഡിട്രോയിറ്റിലെ ഉദ്യോഗസ്ഥർ നൂറു വർഷം പഴക്കമുള്ള ഒരു ടൈം ക്യാപ്‌സ്യൂൾ ശ്രദ്ധാപൂർവ്വം തുറന്നു. സമൃദ്ധിയുടെ ദർശനങ്ങൾ പ്രകടിപ്പിക്കുന്ന ചില നഗര നേതാക്കളുടെ പ്രതീക്ഷാജനകമായ പ്രവചനങ്ങളായിരുന്നു ചെമ്പ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മേയറുടെ സന്ദേശം മറ്റൊരു സമീപനം വാഗ്ദാനം ചെയ്തു. അദ്ദേഹം എഴുതി, ''മറ്റെല്ലാറ്റിനെക്കാളും ശ്രേഷ്ഠമായ ഒരു പ്രത്യാശ ഞങ്ങൾ പ്രകടിപ്പിക്കട്ടെ . . . ഒരു രാജ്യമായും ജനമായും നഗരമായും നിങ്ങൾ നീതിയിൽ വളർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, കാരണം ഇതാണ് ഒരു ജനതയെ ഉയർത്തുന്നത്.''
വിജയം, സന്തോഷം, സമാധാനം എന്നിവയെക്കാളും, ഭാവിയിലെ പൗരന്മാർ യഥാർത്ഥത്തിൽ നീതിയും നേരും ഉള്ളവരായിരിക്കുക എന്നതിൽ വളരണമെന്ന് മേയർ ആശംസിച്ചു. തന്റെ നീതിക്കായി കാംക്ഷിക്കുന്നവരെ അനുഗ്രഹിച്ച യേശുവിൽ നിന്നായിരിക്കാം അദ്ദേഹം തന്റെ ആശയം സ്വീകരിച്ചത് (മത്തായി 5:6). എന്നാൽ ദൈവത്തിന്റെ പൂർണ്ണതയുള്ള നിലവാരം പരിഗണിക്കുമ്പോൾ നിരുത്സാഹപ്പെടാൻ എളുപ്പമാണ്.
വളരാൻ നമ്മുടെ സ്വന്തം പ്രയത്‌നത്തിൽ ആശ്രയിക്കേണ്ടതില്ല എന്നതിന് ദൈവത്തെ സ്തുതിക്കുക. എബ്രായലേഖന കർത്താവ് ഇപ്രകാരം പറഞ്ഞു: ''സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ’’ (എബ്രായർ 13:20-21). ക്രിസ്തുവിലുള്ള നാം അവനിൽ വിശ്വസിക്കുന്ന നിമിഷം അവന്റെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടുന്നു (വാ. 12), എന്നാൽ ജീവിതകാലം മുഴുവൻ അവൻ നമ്മുടെ ഹൃദയങ്ങളിൽ നീതിയുടെ ഫലം സജീവമായി വളർത്തുന്നു. യാത്രയിൽ നാം പലപ്പോഴും ഇടറിപ്പോകാമെങ്കിലും ദൈവത്തിന്റെ നീതി വാഴുന്ന “വരുവാനുള്ള നഗര’’ത്തിനായി നാം കാത്തിരിക്കുന്നു (വാ. 14).

അസ്വസ്ഥ മനസ്സ്, ആത്മാർത്ഥമായ പ്രാർത്ഥനകൾ
1957 ജനുവരിയിൽ ഒരു ബോംബ് സ്‌ഫോടനം തന്റെ ഭവനത്തെ പിടിച്ചുകുലുക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനുണ്ടായ ഒരു അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഭീഷണിപ്പെടുത്തുന്ന ഒരു ഫോൺ കോൾ ലഭിച്ചതിന് ശേഷം, പൗരാവകാശ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് കിംഗ് ചിന്തിച്ചു. അപ്പോൾ അവന്റെ ആത്മാവിൽ നിന്ന് പ്രാർത്ഥനകൾ ഉയർന്നു. ''ഞാൻ ഇവിടെ ശരിയാണെന്ന് വിശ്വസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ഞാൻ ഭയപ്പെടുന്നു. എനിക്ക് ഒന്നും അവശേഷിക്കുന്നില്ല. ഒറ്റയ്ക്ക് നേരിടാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ എത്തിയിരിക്കുന്നു.'' അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാന്തമായ ഉറപ്പ് ലഭിച്ചു. കിംഗ് കുറിച്ചു, ''ഏതാണ്ട് പെട്ടെന്ന് എന്റെ ഭയം നീങ്ങിത്തുടങ്ങി. എന്റെ അനിശ്ചിതത്വം അപ്രത്യക്ഷമായി. എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു.''
യോഹന്നാൻ 12-ൽ, “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു’’ (വാ. 27) എന്ന് യേശു സമ്മതിച്ചു. അവൻ തന്റെ ആന്തരിക അവസ്ഥയെക്കുറിച്ച് സുതാര്യമാംവിധം സത്യസന്ധനായിരുന്നു; അപ്പോഴും അവൻ തന്റെ പ്രാർത്ഥനയിൽ ദൈവകേന്ദ്രീകൃതനായിരുന്നു. “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ!’’ (വാ. 28). യേശുവിന്റെ പ്രാർത്ഥന ദൈവഹിതത്തിനു കീഴടങ്ങലായിരുന്നു.
ദൈവത്തെ ബഹുമാനിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനു മുമ്പിൽ നാം എത്തുമ്പോൾ ഭയത്തിന്റെയും അസ്വസ്ഥതയുടെയും വേദന അനുഭവപ്പെടുന്നത് തികച്ചും മനുഷ്യത്വമാണ്. ബന്ധങ്ങൾ, ശീലങ്ങൾ അല്ലെങ്കിൽ മറ്റ് മാതൃകകൾ (നല്ലതോ ചീത്തയോ) സംബന്ധിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും, ധൈര്യത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ഭയത്തെയും അസ്വസ്ഥതകളെയും തരണം ചെയ്യാനും അവനു മഹത്വം നൽകുന്ന കാര്യങ്ങൾ - നമ്മുടെ നന്മയ്ക്കും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി - ചെയ്യാനും അവൻ നമുക്ക് ശക്തി നൽകും-.

ജീവ കിരീടം
5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!
പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും - ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).
ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് - അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.