Category  |  odb

ഒരു താങ്ക്‌സ്ഗിവിംഗ് അനുഗ്രഹം

2016-ൽ, വാൻഡ ഡെഞ്ച് തന്റെ ചെറുമകനെ താങ്ക്‌സ്ഗിവിംഗ് ഡിന്നറിന് ക്ഷണിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു, അവൻ അടുത്തിടെ തന്റെ ഫോൺ നമ്പർ മാറ്റിയതായി അവൾ അറിഞ്ഞിരുന്നില്ല. പകരം സന്ദേശം അപരിചിതനായ ജമാലിലേക്കാണ് പോയത്. ജമാലിന് പരിപാടിയൊന്നുമില്ലായിരുന്നു, അതിനാൽ, താൻ ആരാണെന്ന് വ്യക്തമാക്കിയ ശേഷം, എനിക്കും ഡിന്നറിനു വരാമോ എന്ന് ചോദിച്ചു. വാൻഡ പറഞ്ഞു, “തീർച്ചയായും നിങ്ങൾക്ക് വരാം.’’ ജമാൽ കുടുംബ അത്താഴത്തിൽ ചേർന്നു, അത് മുതൽ അത് അവന്റെ വാർഷിക പാരമ്പര്യമായി മാറി. തെറ്റായ ഒരു ക്ഷണം വാർഷിക അനുഗ്രഹമായി മാറി.

അപരിചിതനായ ഒരാളെ അത്താഴത്തിന് ക്ഷണിച്ച വാൻഡയുടെ ദയ എന്നെ ലൂക്കൊസിന്റെ സുവിശേഷത്തിലെ യേശുവിന്റെ പ്രോത്സാഹനത്തെ ഓർമ്മിപ്പിക്കുന്നു. ഒരു “പ്രമാണിയായ’’ ഒരു പരീശന്റെ വീട്ടിൽ (ലൂക്കൊസ് 14:1) ഒരു അത്താഴവിരുന്നിനിടെ, ആരെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അതിഥികൾ മികച്ച ഇരിപ്പിടങ്ങൾക്കായി പിടിവലി കൂട്ടുന്നതും യേശു ശ്രദ്ധിച്ചു (വാ. 7). തനിക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ആളുകളെ ക്ഷണിക്കുന്നത് (വാക്യം 12) അനുഗ്രഹം പരിമിതമാക്കും എന്ന് യേശു തന്റെ ആതിഥേയനോട് പറഞ്ഞു. പകരം, തനിക്ക് പ്രതിഫലം നൽകാനുള്ള കഴിവില്ലാത്ത ആളുകൾക്ക് ആതിഥ്യമരുളുന്നത് ഇതിലും വലിയ അനുഗ്രഹം നൽകുമെന്ന് യേശു പറഞ്ഞു (വാ. 14).

വാൻഡയെ സംബന്ധിച്ചിടത്തോളം, താങ്ക്‌സ് ഗിവിംഗ് ഡിന്നറിന് തന്റെ കുടുംബത്തോടൊപ്പം ചേരാൻ ജമാലിനെ ക്ഷണിച്ചത്, അവളുടെ ഭർത്താവിന്റെ മരണശേഷം അവൾക്ക് ഒരു വലിയ പ്രോത്സാഹനമായി, ശാശ്വത സൗഹൃദത്തിന്റെ അപ്രതീക്ഷിത അനുഗ്രഹത്തിന് കാരണമായി. നമ്മൾ മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, നമുക്ക് എന്ത് ലഭിക്കുമെന്നത് കൊണ്ടല്ല, മറിച്ച് നമ്മിലൂടെ ഒഴുകുന്ന ദൈവത്തിന്റെ സ്‌നേഹം നിമിത്തം, നമുക്ക് കൂടുതൽ വലിയ അനുഗ്രഹവും പ്രോത്സാഹനവും ലഭിക്കും.

തിളങ്ങുന്ന നക്ഷത്രങ്ങൾ

നഗരത്തിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ ദാരിദ്ര്യമായിരുന്നു. അടുത്തതായി, അതിലെ മദ്യക്കടകൾ, “ചേരികൾ,'' മറ്റുള്ളവരിൽ നിന്ന് പണം സമ്പാദിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഭീമൻ പരസ്യബോർഡുകൾ. ഞാൻ മുമ്പ് നിരവധി നിഴൽ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ഇത് അതിനെക്കാളെല്ലാം താഴ്ന്ന നിലയിലുള്ളതായി തോന്നി.

എന്നിരുന്നാലും, പിറ്റേന്ന് രാവിലെ ഒരു ടാക്‌സി ഡ്രൈവറോട് സംസാരിച്ചപ്പോൾ എന്റെ മാനസികാവസ്ഥ മെച്ചപ്പെട്ടു. ''എന്നെ സഹായിക്കുന്നതിനായി ആഗ്രഹിക്കുന്ന ആളുകളെ അയയ്ക്കാൻ ഞാൻ എല്ലാ ദിവസവും ദൈവത്തോട് അപേക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു. മയക്കുമരുന്നടിമകൾ, വേശ്യകൾ, തകർന്ന വീടുകളിൽ നിന്നുള്ള ആളുകൾ അവരുടെ പ്രശ്‌നങ്ങൾ കണ്ണീരോടെ എന്നോട് പറയുന്നു. ഞാൻ വണ്ടി നിർത്തുന്നു. ഞാൻ കേൾക്കുന്നു. അവർക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇതാണ് എന്റെ ശുശ്രൂഷ.''

നമ്മുടെ വീണുപോയ ലോകത്തിലേക്കുള്ള യേശുവിന്റെ വരവ് വിവരിച്ച ശേഷം (ഫിലിപ്പിയർ 2:5-8), അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ഒരു വിളി നൽകുന്നു. നാം ദൈവഹിതം പിന്തുടരുകയും (വാ.13) “ജീവന്റെ വചനം’’-സുവിശേഷം - (വാ. 16) മുറുകെ പിടിക്കുകയും ചെയ്യുമ്പോൾ, നാം 'വക്രതയും കോട്ടവുമുള്ള തലമുറയിൽ അനിന്ദ്യരും പരമാർത്ഥികളുമായ ദൈവമക്കൾ' ആയിരിക്കും. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’’ (വാ. 15). ആ ടാക്‌സി ഡ്രൈവറെപ്പോലെ നമ്മൾ യേശുവിന്റെ വെളിച്ചം ഇരുട്ടിലേക്ക് കൊണ്ടുവരണം.

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ലോകത്തെ മാറ്റാൻ വിശ്വസ്തതയോടെ ജീവിച്ചാൽ മതിയെന്ന് ചരിത്രകാരനായ ക്രിസ്റ്റഫർ ഡോസൺ പറഞ്ഞു, കാരണം ആ ജീവതത്തിൽ “ദൈവിക ജീവിതത്തിന്റെ എല്ലാ രഹസ്യങ്ങളും അടങ്ങിയിരിക്കുന്നു.’’ ലോകത്തിലെ ഏറ്റവും അന്ധകാരമായ സ്ഥലങ്ങളിൽ അവിടുത്തെ പ്രകാശം പരത്തിക്കൊണ്ട് യേശുവിന്റെ ജനമായി വിശ്വസ്തതയോടെ ജീവിക്കാൻ നമ്മെ ശക്തരാക്കുവാൻ ദൈവാത്മാവിനോട് നമുക്ക് അപേക്ഷിക്കാം.

ദൈവത്തിന് വിലപ്പെട്ടത്

ഒരു കുട്ടിയായിരുന്നപ്പോൾ, ജീവൻ തന്റെ പിതാവിനെ പരുഷസ്വഭാവമുള്ളവനും അകന്നവനുമായി കണ്ടു. ജീവന് അസുഖം ബാധിച്ച് ശിശുരോഗ വിദഗ്ദ്ധനെ കാണേണ്ടി വന്നപ്പോഴും പിതാവ് പിറുപിറുത്തു. ഒരിക്കൽ, പിതാവും മാതാവുമായുണ്ടായ ഒരു വഴക്കിനിടയൽ, തന്നെ ഗർഭച്ഛിദ്രം ചെയ്യണമെന്ന് പിതാവ് ആഗ്രഹിച്ചിരുുന്നുവെന്ന് പിതാവ് പറയുന്നത് അവൻ കേട്ടു. ആവശ്യമില്ലാത്ത കുട്ടിയാണെന്ന തോന്നൽ പ്രായപൂർത്തിയായപ്പോഴും അവനെ പിന്തുടർന്നു. ജീവൻ യേശുവിൽ വിശ്വസിച്ചപ്പോൾ, ദൈവത്തെ തന്റെ ജീവിതത്തിന്റെ കർത്താവായി അറിയാമായിരുന്നിട്ടും, പിതാവെന്ന നിലയിൽ ദൈവവുമായി ബന്ധപ്പെടാൻ അയാൾക്ക് ബുദ്ധിമുട്ടുണ്ടായി.

ജീവനെപ്പോലെ, നമ്മുടെ ഭൗമിക പിതാക്കന്മാർ നമ്മെ സ്‌നേഹിക്കുന്നതായി തോന്നിയിട്ടില്ലെങ്കിൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സമാനമായ സംശയങ്ങൾ നമുക്കും നേരിടേണ്ടി വന്നേക്കാം. ഞാൻ അവന് ഒരു ഭാരമാണോ എന്ന് നാം ചിന്തിച്ചേക്കാം. അവൻ എന്നെ കരുതുന്നുണ്ടോ? എന്നാൽ നമ്മുടെ ഭൗമിക പിതാക്കന്മാർ നിശ്ശബ്ദരും അകന്നവരുമായിരിക്കുമ്പോൾ, നമ്മുടെ സ്വർഗ്ഗീയ പിതാവായ ദൈവം അടുത്തുവന്ന് പറയുന്നു, “ഞാൻ നിന്നെ സ്‌നേഹിക്കുന്നു’’ (യെശയ്യാവ് 43:4).

യെശയ്യാവ് 43-ൽ ദൈവം നമ്മുടെ സ്രഷ്ടാവായും പിതാവായും സംസാരിക്കുന്നു. നിങ്ങൾ അവന്റെ കുടുംബത്തിന്റെ ഭാഗമായി അവന്റെ സംരക്ഷണയിൽ ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ, അവൻ തന്റെ ജനത്തോട് പറഞ്ഞത് ശ്രദ്ധിക്കുക: “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിക്കും’’ (വാ. 6, 7). നിങ്ങൾ അവന് എത്രമാത്രം വിലയുള്ളവരാണെന്ന് ആശ്ചര്യപ്പെടുന്നെങ്കിൽ, അവന്റെ സ്ഥിരീകരണം കേൾക്കുക: “നീ എനിക്കു വില ഏറിയവനും മാന്യനും ആകുന്നു’’ (വാ. 4).

ദൈവം നമ്മെ വളരെയധികം സ്‌നേഹിക്കുന്നതിനാൽ നമ്മുടെ പാപത്തിന്റെ ശിക്ഷ നൽകാൻ യേശുവിനെ അയച്ചു, അങ്ങനെ അവനിൽ വിശ്വസിക്കുന്ന നമുക്ക് അവനോടൊപ്പം എന്നേക്കും ആയിരിക്കാൻ കഴിയും (യോഹന്നാൻ 3:16). അവൻ പറയുന്നതും അവൻ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും കാരണം, അവൻ നമ്മെ ആഗ്രഹിക്കുന്നുവെന്നും നമ്മെ സ്‌നേഹിക്കുന്നുവെന്നും ഉള്ള നമുക്ക് പൂർണ്ണ ആത്മവിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും.

വിലമതിക്കാനാകാത്ത ഫലങ്ങൾ

മൂന്ന് വർഷമായി എല്ലാ സ്‌കൂൾ ദിവസങ്ങളിലും, കൊളീൻ എന്ന ഒരു അധ്യാപിക തന്റെ മക്കൾ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ വ്യത്യസ്തമായ വേഷവിധാനമോ മുഖംമൂടിയോ ധരിക്കുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിലെ എല്ലാവരുടെയും ദിവസം അവൾ പ്രകാശമാനമാക്കുന്നു: “[അവൾ] എന്റെ ബസിലെ കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്നു, ഇത് അതിശയകരമാണ്. അത് എനിക്ക് ഇഷ്ടമായി.’’ കൊളീന്റെ മക്കൾ സമ്മതിക്കുന്നു.

കൊളീൻ മക്കളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നതും ഒരു പുതിയ സ്‌കൂളിൽ ചേരുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്ന അവൾ ഒരു പുതിയ വേഷവിധാനത്തിൽ മക്കളെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസം അങ്ങനെ ചെയ്തിട്ട് അതു നിർത്താൻ തുടങ്ങിയയിട്ട് കുട്ടികൾ സമ്മതിച്ചില്ല. അങ്ങനെ കൊളീൻ തുടർന്നു. അതിനുവേണ്ടി കടകളിൽ സമയവും പണവും അവൾക്കു ചെലവഴിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു റിപ്പോർട്ടർ വിവരിക്കുന്നതുപോലെ, അത് “അമൂല്യമായ ഫലം: സന്തോഷം’’ കൊണ്ടുവന്നു.

ശലോമോൻ രാജാവ് തന്റെ മകന് നൽകിയ ജ്ഞാനവും നർമ്മബോധവും നിറഞ്ഞ ഒരു പുസ്തകത്തിലെ ഒരു ചെറിയ വാക്യം, ഈ അമ്മയുടെ പ്രവൃത്തികളുടെ ഫലത്തെ സംഗ്രഹിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു’ (സദൃശവാക്യങ്ങൾ 17: 22). അവളുടെ എല്ലാ മക്കൾക്കും (സ്വന്തം മക്കൾ, ദത്തെടുത്തവർ, വളർത്തുമക്കൾ) സന്തോഷം നൽകുന്നതിലൂടെ, ആത്മാക്കൾ തകരുന്നതു തടയാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിച്ചു.

സത്യവും നിലനിൽക്കുന്നതുമായ സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ദൈവമാണ് (ലൂക്കൊസ് 10:21; ഗലാത്യർ 5:22). മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അത് പരീക്ഷണങ്ങളെ നേരിടാനുള്ള പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.

ദൈവത്തിൽ ശക്തി സംഭരിക്കുക

പക്ഷികളെക്കുറിച്ചു പഠിക്കുകയും അവയുടെ ശിൽപം നിർമ്മിക്കുകയും, അവയുടെ സൗന്ദര്യവും ദുർബലതയും ശക്തിയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് ഗ്രേഞ്ചർ മക്കോയ്. റിക്കവറി എന്നാണ് അദ്ദേഹത്തിന്റെ ഒരു ശില്പത്തിന്റെ പേര്. ഇത് ഒരു പിൻടെയിൽ താറാവിന്റെ ഒറ്റ വലത് ചിറക് കാണിക്കുന്നു, അതു ലംബമായി മുകളിലേക്ക് ഉയർത്തിയിരിക്കുന്നു. താഴെ, ഒരു ഫലകത്തിൽ പക്ഷിയുടെ വീണ്ടെടുക്കൽ പറക്കലിനെ വിവരിക്കുന്നത് “പറക്കലിൽ പക്ഷിയുടെ ഏറ്റവും വലിയ ദൗർബല്യത്തിന്റെ നിമിഷം, എങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ശക്തി ശേഖരിക്കുന്ന നിമിഷം’’ എന്നാണ്. ഗ്രേഞ്ചർ “എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു’’ എന്ന വാക്യത്തെയാണ് ഇതിൽ ഉൾക്കൊള്ളുന്നത് (2 കൊരിന്ത്യർ 12:9).

അപ്പൊസ്തലനായ പൗലൊസ് ഈ വാക്കുകൾ കൊരിന്തിലെ സഭയ്ക്ക് എഴുതി. വ്യക്തിപരമായ പോരാട്ടത്തിൽ ഞെരുങ്ങിയ ഒരു കാലഘട്ടത്തിൽ, “എന്റെ ജഡത്തിലെ ശൂലം’’ (വാ. 7) എന്ന് താൻ വിശേഷിപ്പിച്ചത് നീക്കം ചെയ്യാൻ പൗലൊസ് ദൈവത്തോട് അപേക്ഷിച്ചു. അവന്റെ കഷ്ടത ഒരു ശാരീരിക രോഗമോ ആത്മീയ എതിർപ്പോ ആയിരുന്നിരിക്കാം. യേശുവിനെ ക്രൂശിലേറ്റുന്നതിന്റെ തലേദിവസം രാത്രി തോട്ടത്തിലിരുന്ന് അവൻ പ്രാർത്ഥിച്ചതുപോലെ (ലൂക്കൊസ് 22:39-44), തന്റെ കഷ്ടതകൾ നീക്കാൻ പൗലൊസ് ദൈവത്തോട് ആവർത്തിച്ച് അപേക്ഷിച്ചു. ആവശ്യമായ ശക്തി താൻ നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പരിശുദ്ധാത്മാവ് പ്രതികരിച്ചു. “ഞാൻ ബലഹീനനായിരിക്കുമ്പോൾ, ഞാൻ ശക്തനാണ്’’ (2 കൊരിന്ത്യർ 12:10) എന്നു പൗലൊസ് പഠിച്ചു.

ഓ, ഈ ജീവിതത്തിൽ നാം അനുഭവിക്കുന്ന മുള്ളുകൾ! മുന്നോട്ടുള്ള യാത്രയ്ക്കായി ഒരു പക്ഷി ശക്തി സംഭരിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന കാര്യങ്ങൾക്കായി നമുക്ക് ദൈവത്തിന്റെ ശക്തി സംഭരിക്കാനാകും. അവന്റെ ശക്തിയിൽ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു.