
നിങ്ങൾക്ക് ദൈവത്തിൽ ആശ്രയിക്കാൻ കഴിയും
എന്റെ പൂച്ച മിക്കിക്ക് കണ്ണിൽ അണുബാധയുണ്ടായപ്പോൾ, ഞാൻ അവന്റെ കണ്ണുകളിൽ ദിവസവും തുള്ളിമരുന്ന് ഒഴിച്ചു. ഞാൻ അവനെ ബാത്ത്‌റൂം കൗണ്ടറിൽ വയ്ക്കുമ്പോൾ, അവൻ ഇരുന്ന്, പേടിച്ചരണ്ട കണ്ണുകളോടെ എന്നെ നോക്കി, ദ്രാവകം കണ്ണിലേക്കു വീഴാനായി സ്വയം ധൈര്യപ്പെട്ടു. ''നല്ല കുട്ടി,'' ഞാൻ പിറുപിറുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ലെങ്കിലും, അവൻ ഒരിക്കലും ചാടിയില്ല, കരയുകയോ മാന്തുകയോ ചെയ്തില്ല. പകരം, അവൻ എന്നോടു കൂടുതൽ ചേർന്നിരിക്കും-പരിശോധനയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെപ്പോലെ. എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.
9-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദാവീദ് ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും അനുഭവിച്ചിട്ടുണ്ടാകും. ശത്രുക്കളിൽ നിന്നുള്ള സംരക്ഷണത്തിനായി അവൻ ദൈവത്തിങ്കലേക്ക് തിരിഞ്ഞു, ദൈവം അവനുവേണ്ടി പ്രവർത്തിച്ചു (വാ. 3-6). ദാവീദിന്റെ ആവശ്യസമയത്ത്, ദൈവം അവനെ നിരാശപ്പെടുത്തിയില്ല. തൽഫലമായി, അവൻ എങ്ങനെയുള്ളവനാണെന്ന് ദാവീദ് മനസ്സിലാക്കി-അവൻ ശക്തനും നീതിമാനും സ്‌നേഹവാനും വിശ്വസ്തനുമായിരുന്നു. അങ്ങനെ, ദാവീദ് അവനെ വിശ്വസിച്ചു. ദൈവം വിശ്വസ്തനാണെന്ന് അവനറിയാമായിരുന്നു.
തെരുവിൽ പട്ടിണി കിടക്കുന്ന ഒരു ചെറിയ പൂച്ചക്കുട്ടിയായി ഞാൻ മിക്കിയെ കണ്ടെത്തിയ രാത്രി മുതൽ അവനെ ഞാൻ പല രോഗങ്ങളിലും പരിചരിച്ചു. അവന് എന്നെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാം-അവന് മനസ്സിലാകാത്ത കാര്യങ്ങൾ ഞാൻ അവനോട് ചെയ്യുമ്പോൾ പോലും. സമാനമായി, ദൈവം നമ്മോടും അവന്റെ സ്വഭാവത്തോടുമുള്ള വിശ്വസ്തതയെ ഓർക്കുന്നത്, അവൻ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തപ്പോൾ പോലും അവനിൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ നമുക്ക് ദൈവത്തിൽ വിശ്വസിക്കുന്നത് തുടരാം.

സ്വർണ്ണത്തേക്കാൾ വിലയേറിയത്
നിങ്ങൾ എപ്പോഴെങ്കിലും ഒരു ആദായ വിൽപ്പനശാലയിൽ കുറഞ്ഞ വിലയുള്ള സാധനങ്ങൾ പരിശോധിച്ച് അതീവ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? ഒരു ആദായ വിൽപ്പനയിൽ വെറും 35 ഡോളറിന് (ഏകദേശം 2800 രൂപ) വാങ്ങിയ ഒരു പുരാതന ചൈനീസ് പാത്രം 2021 ലെ ലേലത്തിൽ 700,000 ഡോളറിന് (ഏതാണ്ട് 6 കോടി ഇന്ത്യൻ രൂപ) വിറ്റപ്പോൾ കണക്റ്റിക്കട്ടിൽ ഇത് സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ ഒരു പുരാവസ്തുവായി ഈ പാത്രം മാറി. ചില ആളുകൾ കുറച്ച് മൂല്യമുള്ളതായി കണക്കാക്കുന്ന കാര്യത്തിന് യഥാർത്ഥത്തിൽ വലിയ മൂല്യമുണ്ടാകുമെന്നത് അതിശയിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്.
അന്ന് അറിയപ്പെട്ടിരുന്ന ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികൾക്ക് എഴുതുമ്പോൾ, യേശുവിലുള്ള അവരുടെ വിശ്വാസം വിശാലമായ സംസ്‌കാരത്താൽ നിരസിക്കപ്പെട്ടവനിലുള്ള വിശ്വാസമാണെന്ന് പത്രൊസ് വിശദീകരിച്ചു. മിക്ക യെഹൂദ മതനേതാക്കളാലും നിന്ദിക്കപ്പെട്ട്, റോമൻ ഗവൺമെന്റിനാൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാത്തതിനാൽ അനേകർ വിലകെട്ടവനായി കണക്കാക്കി. എന്നാൽ മറ്റുള്ളവർ യേശുവിന്റെ മൂല്യം തള്ളിക്കളഞ്ഞെങ്കിലും, അവൻ “ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും അവനു വിലയേറിയവനുമാണ്” (1 പത്രൊസ് 2:4). അവന്റെ മൂല്യം വെള്ളിയെക്കാളും സ്വർണ്ണത്തെക്കാളും എത്രയോ അനന്തമാണ് (1:18-19). യേശുവിനെ വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നവർ ഒരിക്കലും അവരുടെ തിരഞ്ഞെടുപ്പിൽ ലജ്ജിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട് (2:6).
മറ്റുള്ളവർ യേശുവിനെ വിലകെട്ടവനായി തള്ളിക്കളയുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം. ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകാനുള്ള അമൂല്യമായ ക്ഷണം എല്ലാ മനുഷ്യർക്കും നൽകുന്ന ക്രിസ്തുവിന്റെ അമൂല്യമായ ദാനം കാണാൻ ദൈവത്തിന്റെ ആത്മാവിന് നമ്മെ സഹായിക്കാനാകും (വാ. 10).

മൂന്ന് രാജാക്കന്മാർ
പ്രസിദ്ധ സംഗീത ശില്പമായ ഹാമിൽട്ടണിൽ, ഇംഗ്ലണ്ടിലെ കിംഗ് ജോർജ്ജ് മൂന്നാമനെ ഒരു കോമാളിയും വിഭ്രാന്തിയുള്ള വില്ലനും ആയി ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, ഹാമിൽട്ടണിലോ അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലോ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വേച്ഛാധിപതിയല്ല ജോർജ്ജ് രാജാവ് എന്ന് അദ്ദെഹത്തെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം പറഞ്ഞു. ജോർജ്ജ് അമേരിക്കക്കാർ പറഞ്ഞ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, തീവ്രവും ക്രൂരവുമായ നടപടികളിലൂടെ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ നീക്കം അദ്ദേഹം അവസാനിപ്പിക്കുമായിരുന്നു. എന്നാൽ അവന്റെ “നാഗരികവും, നല്ലതുമായ’’ സ്വഭാവം അദ്ദേഹത്തെ അതിൽനിന്നു തടഞ്ഞു.
ജോർജ്ജ് രാജാവ് ഖേദത്തോടെയാണോ മരിച്ചതെന്ന് ആർക്കറിയാം? പ്രജകളോട് കർക്കശമായി പെരുമാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഭരണം കൂടുതൽ വിജയകരമാകുമായിരുന്നോ?
അങ്ങനെയാകണമെന്നില്ല. “തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു” (2 ദിനവൃത്താന്തം 21:4). തന്റെ സിംഹാസനം ഉറപ്പിച്ച യെഹോരാം രാജാവിനെക്കുറിച്ച് ബൈബിളിൽ നാം വായിക്കുന്നു. യെഹോരാം “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു” (വാ. 6). അവന്റെ ക്രൂരമായ ഭരണം അവനെ ജനത്തിൽനിന്ന് അകറ്റിനിർത്തി, അവർ അവന്റെ ദാരുണമായ മരണത്തിൽ കരയുകയോ “അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം” നടത്തുകയോ ചെയ്തില്ല (വാ. 19).
ജോർജ് വളരെ മൃദുവായിരുന്നോ എന്ന് ചരിത്രകാരന്മാർ തർക്കിച്ചേക്കാം; യെഹോരാം തീർച്ചയായും വളരെ ക്രൂരനായിരുന്നു. “കൃപയും സത്യവും നിറഞ്ഞ” (യോഹന്നാൻ 1:14) രാജാവായ യേശുവിന്റേതാണ് മികച്ച മാർഗ്ഗം. ക്രിസ്തുവിന്റെ പ്രതീക്ഷകൾ ഉറച്ചതാണ് (അവൻ സത്യം ആവശ്യപ്പെടുന്നു), എങ്കിലും പരാജയപ്പെടുന്നവരെ അവൻ ആശ്ലേഷിക്കുന്നു (അവൻ കൃപ നൽകുന്നു). തന്നിൽ വിശ്വസിക്കുന്ന നമ്മെ അവന്റെ വഴി പിന്തുടരാൻ യേശു വിളിക്കുന്നു. തുടർന്ന്, തന്റെ പരിശുദ്ധാത്മാവെന്ന് വഴികാട്ടിയിലൂടെ, അവൻ അങ്ങനെ ചെയ്യാൻ നമ്മെ ശക്തിപ്പെടുത്തുന്നു.

വെണ്ണീറിനു പകരം സൗന്ദര്യം
കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീപിടുത്തമായ മാർഷൽ ഫയറിന് ശേഷം, വിലപിടിപ്പുള്ള വസ്തുക്കൾക്കായി ചാരത്തിൽ തിരയുന്നതിനായി കുടുംബങ്ങളെ സഹായിക്കാമെന്ന്് ഒരു സംഘടന വാഗ്ദാനം ചെയ്തു. നശിക്കാതെ കിടപ്പുണ്ടെന്ന് കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അവർ പരാമർശിച്ചു. അതു വളരെ കുറവായിരുന്നു. ഒരാൾ തന്റെ വിവാഹ മോതിരത്തെക്കുറിച്ച് ആർദ്രമായി സംസാരിച്ചു. അയാൾ അത് മുകൾ നിലയിലെ കിടപ്പുമുറിയിൽ തന്റെ മേശയിലാണ് വെച്ചിരുന്നത്. വീട് ഇപ്പോൾ ഇല്ലാതായി, അതിന്റെ സാധനങ്ങൾ താഴത്തെ നിലയിൽ അവശിഷ്ടങ്ങളുടെ ഒരു പാളിയായി ഉരുകിക്കിടന്നിരുന്നു. കിടപ്പുമുറി ഉണ്ടായിരുന്ന അതേ മൂലയിൽ അവർ മോതിരത്തിനായി തിരച്ചിൽ നടത്തി-പക്ഷേ വിജയിച്ചില്ല.
യെരൂശലേമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് അത് ഇടിച്ചു നിരത്തപ്പെടും എന്ന് യെശയ്യാ പ്രവാചകൻ ദുഃഖത്തോടെ എഴുതി. അതുപോലെ, നമ്മൾ കെട്ടിപ്പടുത്ത ജീവിതം ചാരമായി മാറിയതായി നമുക്ക് തോന്നുന്ന സമയങ്ങളുണ്ട്. വൈകാരികമായും ആത്മീയമായും ഒന്നും അവശേഷിക്കുന്നില്ലെന്ന് നമുക്ക് തോന്നുന്നു. എന്നാൽ യെശയ്യാവ് നമുക്കു പ്രത്യാശ നൽകുന്നു: ''ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ... അവൻ എന്നെ അയച്ചിരിക്കുന്നു'' (യെശയ്യാവ് 61:1-2). ദൈവം നമ്മുടെ ദുരന്തത്തെ മഹത്വമാക്കി മാറ്റുന്നു: '[അവൻ] അവർക്ക് വെണ്ണീറിന്നു പകരം അലങ്കാരമാല നൽകും' (വാ. 3). 'അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടു പോക്കുകയും ചെയ്യും” എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 4).
ആ മാർഷൽ ഫയർ മേഖലയിൽൽ, ഒരു സ്ത്രീ അതിനെതിർവശത്തുള്ള ചാരക്കൂമ്പാരത്തിൽ തിരഞ്ഞു. അവിടെ, അവളുടെ ഭർത്താവിന്റെ വിവാഹ മോതിരം അതിന്റെ കേസിനകത്ത് ഭദ്രമായി കിടപ്പുണ്ടായിരുന്നു. നിങ്ങളുടെ നിരാശയിൽ, ദൈവം നിങ്ങളുടെ ചാരത്തിൽ എത്തുകയും യഥാർത്ഥത്തിൽ വിലയേറിയ ഒരു വസ്തുവിനെ പുറത്തെടുക്കുകയും ചെയ്യുന്നു - നിങ്ങളെ.

എല്ലാവർക്കും ഒരു വാതിൽ
എന്റെ ബാല്യകാലത്ത് ഞങ്ങളുടെ അയൽപക്കത്തുള്ള റസ്റ്റോറന്റിലെ പ്രോട്ടോക്കോളുകൾ 1950 കളുടെ അവസാനത്തിലും 1960 കളുടെ തുടക്കത്തിലും നിലവിലിരുന്ന സാമൂഹികവും വംശീയവുമായ രീതികളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. അടുക്കള സഹായികൾ-മേരി, പാചകക്കാരി, എന്നെപ്പോലെ പാത്രം കഴുകുന്നവർ-കറുത്തവരായിരുന്നു; എന്നിരുന്നാലും, റെസ്റ്റോറന്റിലെ മുതലാളിമാർ വെള്ളക്കാരായിരുന്നു. കറുത്തവർഗ്ഗക്കാരായ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാമായിരുന്നു, പക്ഷേ അവർ അത് പിൻവാതിലിൽ വന്ന് വാങ്ങേണ്ടിവന്നു. അത്തരം നയങ്ങൾ ആ കാലഘട്ടത്തിൽ കറുത്തവർഗ്ഗക്കാരോടുള്ള അസമത്വത്തെ ശക്തിപ്പെടുത്തി. അതിനുശേഷം നാം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ആളുകൾ എന്ന നിലയിൽ നമ്മൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വളർച്ചയ്ക്ക് ഇനിയും ഇടമുണ്ട്.
റോമർ 10:8-13 പോലുള്ള തിരുവെഴുത്തുകൾ ദൈവകുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം ഉണ്ടെന്ന് കാണാൻ നമ്മെ സഹായിക്കുന്നു; അവിടെ പിൻവാതിൽ ഇല്ല. എല്ലാവരും ഒരേ വഴിയിൽ - ശുദ്ധീകരണത്തിനും പാപമോചനത്തിനും വേണ്ടിയുള്ള യേശുവിന്റെ മരണത്തിലുള്ള വിശ്വാസത്തിലൂടെ - പ്രവേശിക്കുന്നു. ഈ പരിവർത്തനാനുഭവത്തിന്റെ ബൈബിൾ പദം രക്ഷിക്കപ്പെട്ടവർ എന്നാണ് (വാ. 9, 13). നിങ്ങളുടെയോ മറ്റുള്ളവരുടെയോ സാമൂഹിക സാഹചര്യമോ വംശീയ നിലയോ സമവാക്യത്തിൽ പെടുന്നില്ല. തിരുവെഴുത്തുകൾ പറയുന്നതുപോലെ, “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല.'' അതിനാൽ യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു'' (വാ. 11-12). യേശുവിനെക്കുറിച്ചുള്ള ബൈബിൾ സന്ദേശം നിങ്ങളുടെ ഹൃദയത്തിൽ വിശ്വസിക്കുന്നുണ്ടോ? കുടുംബത്തിലേക്ക് സ്വാഗതം!