
ഹൃദയത്തിൽ നിന്ന്
"ഓപ്പറേഷൻ നോഹാസ് ആർക്" എന്നു പേരിട്ട, മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പ്രോഗ്രാം മൃഗ സ്നേഹികൾക്ക് ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കയിലെ മൃഗസംരക്ഷണ സമിതിക്ക് ഇതൊരു പേടിസ്വപ്നമായി മാറി. ഒരു വീട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദവും ദുസ്സഹമായ മണവും മൂലം പരാതികളുണ്ടായപ്പോൾ അവിടം പരിശോധിച്ച സമിതി കണ്ടെത്തിയത് 400 ലധികം മൃഗങ്ങൾ അവിടെ തീർത്തും അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു എന്നതാണ്(പിന്നീട് അവയെ നീക്കം ചെയ്തു).
നാം ഇതുപോലെ നൂറ് കണക്കിന് മൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പാപപങ്കിലമായ ചിന്തകളും പ്രവൃത്തികളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കേണ്ടതാണെന്ന് യേശു പറഞ്ഞു.
ഒരു വ്യക്തിയെ ശുദ്ധനോ അശുദ്ധനോ ആക്കുന്നതിനെ സംബന്ധിച്ച് ശിഷ്യരെ പഠിപ്പിക്കുമ്പോൾ യേശു പറഞ്ഞത്, കഴുകാത്ത കൈയോ "വായിക്കകത്ത് കടക്കുന്നതോ" അല്ല ഒരുവനെ അശുദ്ധനാക്കുന്നത്, മറിച്ച് ദുഷ്ട ഹൃദയമാണ് (മത്തായി 15:17-19 ). ഹൃദയത്തിലെ ദുർഗന്ധം ജീവിതത്തിലൂടെ പുറത്തേക്ക് വമിക്കാതിരിക്കില്ല. അതിനുശേഷം യേശു "ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന" തിന്മകൾക്ക് ഉദാഹരണം പറഞ്ഞത് (വാ.19). ബാഹ്യമായ മത കർമ്മങ്ങൾക്കോ ആചാരങ്ങൾക്കോ അവയെ വിശുദ്ധമാക്കാൻ കഴിയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തണം.
ഉള്ളിൽ നിന്നും പുറത്തേക്ക് എന്ന യേശുവിന്റെ ഈ ധാർമ്മികത നമുക്ക് അംഗീകരിച്ച് ഹൃദയത്തിന്റെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കി വിശുദ്ധീകരിക്കാൻ അവനെ അനുവദിക്കാം. അവൻ നമ്മുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നവയെ തുറന്നു കാണിച്ച്, നമ്മുടെ വാക്കുകളും പ്രവൃത്തികളും അവന്റെ താല്പര്യത്തിനനുസൃതമാക്കുമ്പോൾ, നമ്മുടെ ജീവിതം പൊഴിക്കുന്ന സുഗന്ധം അവനെ പ്രസാദിപ്പിക്കുന്നതാകും.

നമ്മുടെ ഭാവിക്കായുള്ള ദൈവത്തിന്റെ സഹായം
മനശാസ്ത്രജ്ഞയായ മെഗ് ജേയുടെ അഭിപ്രായത്തിൽ, നാം തികച്ചും അപരിചിതരേക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ നമ്മുടെ മനസ്സ് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ചും ചിന്തിക്കുവാൻ സാധ്യതയുണ്ട്. എന്തുകൊണ്ട്? ഒരുപക്ഷേ, ഇതിന് കാരണം "സഹാനുഭൂതിയിലെ വിടവാണ്". നമുക്ക് പരിചയമില്ലാത്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും അവരെ കരുതാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ഭാവിയോടും ഉള്ള സമീപനം. അതുകൊണ്ട് ജേ ചെറുപ്പക്കാരെ അവരുടെ ഭാവിയെ സങ്കൽപ്പിച്ച് അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. അവർ ഭാവിയിൽ ആരായിരിക്കും എന്നതിനനുസരിച്ച് കർമ്മപദ്ധതി ഒരുക്കേണ്ടതുണ്ട്- അങ്ങനെ അവരുടെ സ്വപ്നങ്ങളെ പിന്തുടർന്ന് വിജയം നേടാൻ അവർക്ക് വഴിയൊരുക്കുന്നു .
സങ്കീർത്തനം 90 ൽ, നമ്മുടെ ഇപ്പോഴത്തെ ജീവിതം മാത്രമല്ല, മുഴുവനായും കാണാൻ ക്ഷണിക്കുകയാണ്- "ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ" (വാ. 12) എന്ന് ദൈവത്തോട് സഹായം അഭ്യർത്ഥിക്കുന്നു. നമ്മുടെ ഭൂമിയിലെ നാളുകൾ പരിമിതമാണ് എന്ന് ഓർമ്മിക്കുന്നത്, ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ മാത്രമല്ല, "ആയുഷ്കാലത്തൊക്കെയും" (വാ.14) സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമ്മളെക്കുറിച്ച് മാത്രമല്ല, ഭാവി തലമുറകളെക്കുറിച്ചും ചിന്തിക്കാനും (വാ. 16) ദൈവത്തിന്റെ സഹായം ആവശ്യമാണ്. നമുക്ക് നൽകിയിരിക്കുന്ന സമയത്ത്-അവിടുന്ന് നമ്മുടെ കൈകളുടെയും ഹൃദയത്തിന്റെയും പ്രവർത്തികളെ സ്ഥാപിക്കുമ്പോഴേക്കും ദൈവത്തെ സേവിക്കുന്നതിനും ദൈവത്തിന്റെ സഹായം ആവശ്യമാണ്.(വാ. 17).

രക്ഷ എന്ന അത്‌ഭുതം
ബ്ലോഗർ കെവിൻ ലിന്നിന്റെ ജീവിതം തകർച്ചയുടെ വക്കിലായിരുന്നു. ഈയിടെ ഒരു ലേഖനത്തിൽ അയാൾ എഴുതി: "ഞാൻ ഒരു തോക്ക് എന്റെ തലക്ക് നേരെ ചൂണ്ടി... ദൈവത്തിന് പ്രകൃത്യാതീതമായ വിധത്തിൽ എന്റെ റൂമിലേക്കും ജീവിതത്തിലേക്കും കടന്നുവരേണ്ടി വന്നു. ഞാനിപ്പോൾ അറിയുന്നത് ദൈവത്തെയാണ് എന്ന് ആ നിമിഷത്തിൽ ഞാൻ കണ്ടെത്തുകയായിരുന്നു." ജീവൻ എടുക്കുന്നതിൽ നിന്നും ദൈവം ഇടപെട്ട് ലിന്നിനെ തടയുകയായിരുന്നു. ദൈവം അവന് ഉറച്ച ബോധ്യം നല്കി തന്റെ സ്നേഹ സാന്നിധ്യത്തിന്റെ അത്യാഗധമായ ഒരു ഓർമ്മ നൽകി. ലിൻ തനിക്ക് ദൈവവുമായിട്ടുണ്ടായ ഈ സമാഗമ അനുഭവത്തെ മൂടിവെക്കാതെ ലോകത്തോട് പങ്കുവെച്ചു. അതിനായി തന്റെയും മറ്റനേകരുടെയും ജീവിത രൂപാന്തര കഥ പങ്കുവെക്കുന്ന ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു.
യേശുവിന്റെ സുഹൃത്തും അനുഗാമിയുമായിരുന്ന ലാസർ മരിച്ചപ്പോൾ യേശു എത്താൻ വൈകിയെന്ന് അനേകർ കരുതി ( യോഹന്നാൻ 11:32). യേശു എത്തുന്നതിന് നാല് ദിവസം മുൻപുതന്നെ ലാസറിനെ കല്ലറയിൽ വെച്ചു എങ്കിലും, ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു കൊണ്ട്, മനോവേദനയുടെ ആ സന്ദർഭത്തെ അവിടുന്ന് അത്ഭുതത്തിന്റേതാക്കി മാറ്റി (വാ. 3) . "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ ?" (വാ . 40).
യേശു ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതുപോലെ നമുക്കും അവനിൽ പുതുജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. സ്വന്തജീവൻ കുരിശിൽ യാഗമായി അർപ്പിച്ച് ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുകയും, നാം അവിടുത്തെ കൃപാ ദാനം സ്വീകരിച്ചാൽ നമുക്ക് പാപക്ഷമ സാധ്യമാക്കുകയും ചെയ്തു. നമ്മെ നമ്മുടെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും, അവിടുത്തെ നിത്യസ്നേഹത്താൽ ജീവിതം നവീകരിക്കപ്പെടുകയും, നമ്മുടെ ജീവിതഗതി വ്യത്യാസപ്പെടുത്താൻ അവസരം നല്കപ്പെടുകയും ചെയ്തിരിക്കുന്നു.

ജ്ഞാനത്തോടെ തെരഞ്ഞെടുക്കുക
ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല.മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു.
നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ "തന്നെത്താൻ ത്യജിക്കണം" എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34 ) . ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.
നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.

പേരിന്റെ ശക്തി
മുംബൈയിലെ തെരുവിൽ കഴിയുന്ന കുറെ കുട്ടികളുടെ പേര് ചേർത്ത് രഞ്ജിത്ത് ഒരു പാട്ട് ഉണ്ടാക്കി. ഓരോ പേരിനും വ്യത്യസ്തമായ സംഗീതം നല്കി അതിന്റെ ട്യൂൺ അവരെ പഠിപ്പിച്ചു, അവരുടെ പേരിനെക്കുറിച്ച് അവർക്ക് ശുഭകരമായ ഒരു ഓർമ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്നേഹപൂർവ്വമായ വിളി അന്യമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അദ്ദേഹം ഒരു ആദരം അർപ്പിക്കുകയായിരുന്നു.
ബൈബിളിൽ പേരുകൾക്ക് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പലപ്പോഴും അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പുതുതായി ലഭിച്ച ദൗത്യത്തെയോ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അബ്രാമിന്റെയും സാറായിയുടെയും പേരുകൾ ദൈവം മാറ്റി: ദൈവം അവരുടെ ദൈവവും അവർ ദൈവത്തിന്റെ ജനവുമായിരിക്കും എന്ന് അവരുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി ചെയ്തപ്പോഴാണ് ഈ പേരുകൾ മാറ്റിയത്. "ശ്രേഷ്ഠനായ പിതാവ്" എന്നർത്ഥമുള്ള അബ്രാം എന്നത്, " ബഹു ജാതികൾക്ക് പിതാവ്" എന്നർത്ഥമുള്ള അബ്രാഹാം എന്നാക്കി; " രാജകുമാരി " എന്നർത്ഥമുളള സാറായി എന്നത് "അനേകർക്ക് രാജകുമാരി" എന്നർത്ഥമുള്ള സാറാ എന്നാക്കി (ഉല്പത്തി 17:5, 15).
ദൈവം നല്കിയ ഈ പേരുകളിൽ അവർ ഇനി സന്തതിയില്ലാത്തവരായിരിക്കില്ല എന്ന വാഗ്ദത്തം കൂടി ഉണ്ടായിരുന്നു. സാറാ ഇസഹാക്കിനെ പ്രസവിച്ചപ്പോൾ അവർ അത്യാഹ്ലാദം മൂലം "അവൻ ചിരിക്കുന്നു" എന്നർത്ഥത്തിൽ ഇസഹാക്ക് എന്ന് പേരിട്ടു. സാറാ പറഞ്ഞു: "ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും " (ഉല്പത്തി 21:6).
നാം ആളുകളെ പേര് ചൊല്ലി വിളിക്കുമ്പോൾ നാം അവരെ ബഹുമാനിക്കുകയും അവർ ആരായിരിക്കേണം എന്ന് ദൈവം ഉദ്ദേശിക്കുന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രത്യേക ഗുണങ്ങളെ സൂചിപ്പിക്കുന്ന ഒരു ചെല്ലപ്പേര് പോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആ ഉദ്ദേശ്യത്തിൽ ഉറപ്പിക്കുന്നു.