Category  |  odb

കഥ അവസാനിച്ചിട്ടില്ല

ലൈൻ ഓഫ് ഡ്യൂട്ടി എന്ന ബ്രിട്ടീഷ് ഡ്രാമ അവസാനിച്ചപ്പോൾ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാനുള്ള കാഴ്ചക്കാരുടെ എണ്ണം റെക്കോർഡ് സൃഷ്ടിച്ചു. ആത്യന്തികമായി തിന്മ ജയിക്കുന്നു എന്ന ധ്വനി കാരണം അനേകരും നിരാശയോടെയാണ് മടങ്ങിയത്. "ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്"- ഒരു ആരാധകൻ പറഞ്ഞു. "അങ്ങനെയൊരു ധാർമ്മികമായ അവസാനമാണ് വേണ്ടത്."

സാമൂഹ്യശാസ്ത്രജ്ഞനായ പീറ്റർ ബെർഗർ ഒരിക്കൽ പറഞ്ഞു, നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നവരാണ്- തിന്മയെ ഒരു നാൾ ജയിക്കുമെന്നും അതിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്ന പ്രത്യാശ. ദുഷ്ടന്മാരായവർ ജയിക്കുന്ന ലോകം,ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷക്ക് വിപരീതമാണ്. എല്ലാം ശരിയായി നടക്കുന്ന ഒരു ലോകത്തിനായുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹം അറിയാതെ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ആ നാടകത്തിന്റെ നിരാശിതരായ ആരാധകർ.

കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തിന്മയെക്കുറിച്ച് യാഥാർത്ഥ്യബോധം പ്രകടിപ്പിച്ചു. അത് നമുക്കിടയിൽ മാത്രമുള്ള പാപക്ഷമ മാത്രമല്ല (മത്തായി 6:12), വിശാലമായ തലത്തിൽ വിമോചനവും (വാ.13) ആവശ്യപ്പെടുന്നു. ഈ യാഥാർത്ഥ്യബോധം പ്രത്യാശയുമായി ചേർന്ന് നില്ക്കുന്നു. തിന്മക്ക് ഇടമില്ലാത്ത ഒരിടമുണ്ട്-സ്വർഗ്ഗം-ആ സ്വർഗരാജ്യം ഭൂമിയിലേക്ക് വരുന്നു (വാ.10). ഒരു നാൾ ദൈവത്തിന്റെ നീതി നടപ്പിലാകും, അവിടുത്തെ "ധാർമ്മികമായ അന്ത്യം" വരും, നന്മയ്ക്കായ് തിന്മ നീക്കിക്കളയും (വെളിപ്പാട് 21:4).

ജീവിതത്തിൽ തെറ്റ് ചെയ്യുന്നവർ ജയിക്കുകയും നിരാശ നിറയുകയും ചെയ്യുമ്പോൾ ഓർക്കാം - ദൈവത്തിന്റെ ഇഷ്ടം "സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും" ആകുന്നതുവരെ പ്രത്യാശയുണ്ട്; കാരണം, കഥ അവസാനിച്ചിട്ടില്ല.

ആളുകളെ ആവശ്യമായ ആളുകൾ

സ്പോർട്സ് ലേഖകൻ എന്ന നിലയിൽ തന്റെ ജോലിയിൽ ഹോൾ ഓഫ് ഫെയിം (സ്പോർട്സ് പോലുള്ള ഒരു പ്രത്യേക വിഭാഗത്തിൽ വിശിഷ്ടമായി തിരഞ്ഞെടുക്കപ്പെട്ടവർ) ലഭിച്ച ഡേവ് കിൻഡ്രഡ് നൂറ് കണക്കിന് പ്രധാന സ്പോർട്സ് പരിപാടികളെക്കുറിച്ചും മുഹമ്മദ് അലിയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത്തിന്റെ വിരസത മാറ്റാനായി അടുത്തുള്ള സ്കൂളിൽ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ ഗെയിമിനെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതി ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഡേവിന്റെ അമ്മയും കൊച്ചു മകനും മരിക്കുകയും ഭാര്യക്ക് പക്ഷാഘാതം വരികയും ചെയ്തപ്പോൾ , തന്റെ ടീം നല്ലൊരു സമൂഹമായി കൂടെ നിന്ന് ജീവിതത്തിന് അർത്ഥം നല്കിയെന്ന്  അയാൾ മനസ്സിലാക്കി. അവർക്ക് അയാളെ ആവശ്യമായതുപോലെ അവരെ അയാൾക്കും ആവശ്യമായിത്തീർന്നു. കിൻഡ്രഡ് പറഞ്ഞു: "ഈ ടീം എന്നെ രക്ഷിച്ചു. എന്റെ ജീവിതം ഇരുട്ടായി മാറിയിരുന്നു.... അവർ എനിക്ക് വെളിച്ചമായി."

ഒരു ഐതിഹാസിക പത്രപ്രവർത്തകൻ എങ്ങനെയാണ് കൗമാരക്കാരുടെ സമൂഹത്തെ ആശ്രയിക്കാൻ ആരംഭിച്ചത്? ഇതുപോലെ ഒരു ഐതിഹാസിക അപ്പസ്തോലൻ തന്റെ മിഷണറി യാത്രയിൽ കണ്ടെത്തിയ ആളുകളുടെ കൂട്ടായ്മയിൽ ആശ്രയിക്കുന്നു. പൗലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ വന്ദനം ചെയ്യുന്ന ആളുകളുടെ പട്ടിക ശ്രദ്ധിച്ചോ? (റോമർ 16: 3 - 15 ). " എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ" (വാ. 7). "കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ" (വാ. 8). ഇങ്ങനെ ഇരുപത്തിയഞ്ചിലധികം പേരുകൾ അദ്ദേഹം പറയുന്നുണ്ട്. തിരുവെഴുത്തിൽ മറ്റെവിടെയും ഇവർ പരാമർശിക്കപ്പെടുന്നില്ല; എന്നാൽ പൗലോസിന് അവർ വേണ്ടപ്പെട്ടവരായിരുന്നു.

നിങ്ങളുടെ സമൂഹം ആരൊക്കെയുള്ളതാണ്? നിങ്ങൾക്ക് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം നിങ്ങളുടെ സഭയാണ്. ജീവിതം ഇരുണ്ടതായ ആരെങ്കിലും അവിടെയുണ്ടോ? ദൈവം നയിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് അവരെ യേശുവിലേക്ക് നയിക്കുന്ന വെളിച്ചമായി മാറാം. എന്നെങ്കിലുമൊരിക്കൽ അവർ ഇതിനോട് നന്ദിയോടെ പ്രതികരിക്കും.

ജീവ ജലം

നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?

അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്,  ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് - യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.

ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ - അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി - അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: "നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു " (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് "ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്" (വാ . 38,39).

ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്.  നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.

വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങൾ

കൗമാരക്കാരനായ ഒരു ആൺകുട്ടി ഫുട്ബോൾ മാച്ചിന് ശേഷം തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് അവന്റെ പിറകെ അതിവേഗം വാഹനമോടിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നതിനാൽ, കൂട്ടുകാരന്റെ ബൈക്കിനൊപ്പമെത്താൻ അവൻ പാടുപെട്ടു. അപ്രതീക്ഷിതമായി ട്രാഫിക് സിഗ്നൽ കണ്ട് വാഹനം നിർത്തുവാനായി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും, വാഹനം തെന്നിപ്പോയി ഒരു വലിയ മരത്തിൽ ഇടിക്കുകയും ചെയ്തു. അവന്റെ മോട്ടോർ സൈക്കിൾ തകർന്നു പോയി. ദൈവകൃപയാൽ ജീവൻ ലഭിച്ചു എങ്കിലും അവന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

മോശെയും ഇതു പോലെ ചിന്തയില്ലാത്ത ഒരു തീരുമാനം എടുത്ത് അതിന് വലിയ വില നല്കേണ്ടി വന്നു. വെള്ളമില്ലാത്ത ഒരു സന്ദർഭമാണ് ഇപ്രകാരം ദയനീയമായ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. സീൻ മരുഭൂമിയിൽ ഇസ്രായേൽ ജനത്തിന് വെള്ളമില്ലാതെ വന്നു. "ജനം മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി" (സംഖ്യ 20:2). ക്ഷീണിതനായ നേതാവിനോട് ദൈവം പറഞ്ഞു: പാറയോട് കല്പിക്കുക, "അതു വെള്ളം തരും" (വാ . 8). അതിനു പകരം അദ്ദേഹം "പാറയെ രണ്ടു പ്രാവശ്യം അടിച്ചു" (വാ.11). ദൈവം പറഞ്ഞു: "നിങ്ങൾ എന്നെ വിശ്വസിക്കാതിരുന്നതു കൊണ്ട് ….നിങ്ങൾ (വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല)" ( വാ . 12).

നാം വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോൾ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും. "പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ട് കാൽ വെക്കുന്നവനോ പിഴച്ചു പോകുന്നു." (സദൃശ്യവാക്യങ്ങൾ 19:2). ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളിലും നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നമുക്ക് പ്രാർത്ഥനാപൂർവ്വം, ശ്രദ്ധയോടെ ദൈവത്തിന്റെ ജ്ഞാനവും മാർഗ്ഗനിർദ്ദേശങ്ങളും തേടാം.

ഭാവന കാണുന്ന വിശ്വാസം

"പപ്പാ, നോക്കിക്കേ! ആ മരങ്ങൾ ദൈവത്തെ കൈ വീശി അഭിവാദ്യം ചെയ്യുന്നു!" ഒരു കൊടുങ്കാറ്റിനു മുന്നോടിയായുള്ള കാറ്റിൽ മരച്ചില്ലകൾ ഇളകിയാടുന്നത് കണ്ട എന്റെ കൊച്ചു മകന്റെ കമന്റ് കേട്ട ഞാൻ ചിരിച്ചു. ഞാൻ എന്നോടു തന്നെ ചോദിച്ചു, എനിക്ക് ഇപ്രകാരം ഭാവന കാണുന്ന വിശ്വാസം ഉണ്ടോ?

മോശെയെയും കത്തുന്ന മുൾപ്പടർപ്പിനെയും അടിസ്ഥാനമാക്കി, എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ് എഴുതിയത് ഇങ്ങനെയാണ്: "ഭൂമിയിൽ സ്വർഗം നിറഞ്ഞു നിൽക്കുന്നു, / എല്ലാ കുറ്റിക്കാടുകളും ദൈവത്തിന്റെ അഗ്നിയിൽ ജ്വലിച്ച് നിൽക്കുന്നു; / എന്നാൽ അത് കാണുന്നവൻ മാത്രം, ചെരിപ്പ് അഴിച്ചു മാറ്റുന്നു." ദൈവത്തിന്റെ കരവേല അവന്റെ അത്ഭുത സൃഷ്ടികളിലെല്ലാം സ്പഷ്ടമാണ്; ഒരിക്കൽ സർവ്വഭൂമിയും പുതുതാക്കപ്പെടുമ്പോൾ, മുമ്പ് കാണാത്ത വിധം നാമത് കാണും.

ഈ ദിവസത്തെക്കുറിച്ച് യെശയ്യാവിലൂടെ ദൈവം പ്രഖ്യാപിക്കുന്നു: "നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകലവൃക്ഷങ്ങളും കൈ കൊട്ടും" (യെശയ്യാവ് 55:12). പാടുന്ന പർവ്വങ്ങൾ ? കൈ കൊട്ടുന്ന വൃക്ഷങ്ങൾ? എന്തുകൊണ്ട് ഇല്ല? പൗലോസ് പറയുന്നു: "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും " (റോമർ 8:20).

യേശു ഒരിക്കൽ കല്ലുകൾ ആർത്തു വിളിക്കുന്നതിനെപ്പറ്റി പറഞ്ഞു (ലൂക്കൊസ് 19:40), തന്റെ അടുക്കൽ രക്ഷക്കായി വരുന്നവരെപ്പറ്റിയുള്ള യെശയ്യാവിന്റെ പ്രവചനത്തെ പ്രതിദ്ധ്വനിക്കുന്നതാണ് ആ വാക്കുകൾ. ദൈവത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് സങ്കല്പ്പിക്കുന്ന വിശ്വാസത്തോടെ നാം അവനെ നോക്കിയാൽ, അവന്റെ അത്ഭുതങ്ങൾ എക്കാലത്തും തുടരുന്നതായി നമുക്ക് കാണാനാകും.