Category  |  odb

സ്നേഹിക്കുവാൻ പഠിക്കുക

സ്കോട്ലന്റിലെ ഗ്രീനൊക്കിലെ ഒരു പ്രൈമറി സ്കൂളിലെ പ്രസവാവധിയിലായിരുന്ന മൂന്നു ഒരു അധ്യാപികമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഓരോ രണ്ടാഴ്ചയിലും സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളുമായി ഇടപഴകുവാൻ അനുവദിച്ചു. ശിശുക്കളുടെ കൂടെ കളിക്കുന്നതു വഴി കുട്ടികൾ സഹാനുഭൂതിയും മറ്റുള്ളവരുടെ വികാരം മാനിക്കുന്നതും പരിശീലിക്കും. "ലേശം ശല്യക്കാരായ" കുട്ടികളാണ് ഈ കാര്യങ്ങൾ വേഗം പഠിക്കുന്നത് എന്ന് ഒരു ടീച്ചർ നിരീക്ഷിച്ചു. "മിക്കപ്പോഴും ഇവരാണ്(സ്‌കൂൾ കുട്ടികൾ) പരസ്പരം കൂടുതൽ ഇടപെടുന്നത്". "ശിശുക്കളെ പരിചരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നും" മറ്റൊരാളുടെ വികാരത്തെ മാനിക്കുന്നതും" അവർ പഠിച്ചു.

മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യം ശിശുവിൽ നിന്നും പഠിക്കുക എന്നത് ക്രിസ്തു വിശ്വാസികൾക്ക് ഒരു പുതിയ കാര്യമല്ല. ശിശുവായി ജനിച്ച യേശുവിനെ നമുക്ക് അറിയാം. ബന്ധങ്ങൾ നിലനിർത്തുന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെയൊക്കെ യേശുവിന്റെ ജനനം തിരുത്തി. ബലഹീനവും വഴി തെറ്റുന്നതുമായ ആടുകളെ മേയ്ച്ചിരുന്ന ഇടയന്മാരാണ് യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത്. പിന്നീട് ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അവരെ അയോഗ്യരായി കണ്ട ശിഷ്യന്മാരെ യേശു തിരുത്തി. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ" (മർക്കൊസ് 10:14).

യേശു “ശിശുക്കളെ അണച്ച് അവരുടെ മേൽ കൈ വെച്ച് അവരെ അനുഗ്രഹിച്ചു” (വാ:16). നമ്മുടെ ജീവിതങ്ങൾ നോക്കിയാൽ , ചിലപ്പോൾ "ശല്യക്കാരായ" കുട്ടികൾ എന്ന പോലെ നാമും അയോഗ്യരാണെന്ന് കണക്കാക്കപ്പെട്ടേക്കാം. എന്നാൽ ഒരു ശിശുവായി വന്ന ക്രിസ്തു സ്നേഹത്തോടെ നമ്മെ കൈക്കൊള്ളും; എന്നിട്ട് ശിശുക്കളെയും മറ്റുള്ളവരെയും കരുതുന്നതിന് നമ്മെ പഠിപ്പിക്കും.

പെരുവെള്ളത്തിൽ നിന്ന് രക്ഷ

2015 ഡിസംബറിലെ മഹാദുരന്തമായ പേമാരിയിൽ ചെന്നെയിൽ 24 മണിക്കൂറിൽ 494 മില്ലീമീറ്റർ മഴ പെയ്തു. മഴയ്ക്ക് പുറമെ ചില അണക്കെട്ടുകളും തുറന്നത് പ്രളയ ദുരന്തം വർദ്ധിപ്പിച്ചു. 250 ലധികം ആളുകൾ മരിക്കുകയും ചെന്നൈയെ ഒരു “ദുരന്തമേഖലയായി” പ്രഖ്യാപിക്കുകയും ചെയ്തു. പ്രകൃതി ചെന്നൈയെ പ്രളയത്തിലാഴ്ത്തിയപ്പോൾ, അവിടുത്തെ മത്സ്യത്തൊഴിലാളികൾ കരുണയുടെ പ്രവാഹത്താൽ നഗരത്തെ നിറച്ചു.

അവർ 400ലധികം ആളുകളെ വീരോചിതമായി രക്ഷിച്ചു. അനവധി വീടുകൾ വെള്ളത്തിനടിയിലാവുകയും കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നടക്കുകയും ചെയ്തു. ഈ സമർപ്പിതരായ മത്സ്യത്തൊഴിലാളികളുടെ മനസ്സലിവും വൈദഗ്ദ്ധ്യവും ഇല്ലായിരുന്നെങ്കിൽ ഇതിലും അധികം മനുഷ്യജീവനുകൾ നഷ്ടപ്പെടുമായിരുന്നു. 

ജീവിതത്തിൽ നാം പലപ്പോഴും അനുഭവിക്കുന്ന പ്രളയം ആക്ഷരികമല്ല- എന്നാൽ യഥാർത്ഥമാണ്. അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും നാളുകളിൽ മാനസികമായും വൈകാരികമായും, ആത്മീകമായും അമിതഭാരവും അരക്ഷിതത്വവും "നമ്മുടെ തലക്കുമുകളിൽ" നമുക്ക് അനുഭവപ്പെടാം. എന്നാൽ നാം നിരാശപ്പെട്ടു പോകേണ്ടതില്ല.

സങ്കീർത്തനങ്ങൾ 18 ൽ നാം വായിക്കുന്നത്, ദാവീദിന്റെ എതിരാളികൾ എത്ര  അസംഖ്യവും ശക്തരും ആയിരുന്നെങ്കിലും, തന്റെ ദൈവം അവരെക്കാൾ വലിയവനാണ് എന്നാണ്. എത്ര വലിയവൻ? അതിമഹത്വവും ബലവും ഉള്ളവൻ (വാ.1) അവിടുത്തെ വിവരിക്കുവാൻ നിരവധി വർണ്ണനകൾ ദാവീദ് ഉപയോഗിച്ചിരിക്കുന്നു (വാ. 2). പെരുവെള്ളത്തിൽ നിന്നും ബലമുള്ള വൈരിയിൽ നിന്നും വിടുവിക്കുവാൻ ദൈവം ശക്തനായിരുന്നു (വാ.16, 17 ). എത്ര വലിയവൻ? ജീവിതത്തിൽ നമ്മെ വലയം ചെയ്യുന്ന "പെരുവെള്ളത്തിന്റെ" ആഴവും പരപ്പും  എത്രതന്നെ ആയിരുന്നാലും, യേശുവിന്റെ നാമത്തിൽ നമുക്ക് അവിടുത്തെ വിളിച്ചപേക്ഷിക്കാവുന്നത്ര വലിയവൻ.

ഹല്ലേലൂയ്യ!

അതിശയകരം എന്ന് പറയട്ടെ, വർഷം തോറും ആയിരക്കണക്കിന് തവണ അവതരിപ്പിക്കപ്പെടുന്നതും ഒരുപക്ഷേ ലോകത്തിൽ ഏറ്റവും പ്രസിദ്ധവുമായ സംഗീത സൃഷ്ടിയായ മിശിഹാ എന്ന ഓറേറ്റോറിയോയുടെ (ഒരു സംഗീത രചന) സംഗീതം രചിക്കാൻ ഹാൻഡലിന് കേവലം 24 ദിവസമേ വേണ്ടിവന്നുള്ളൂ. ആരംഭിച്ച് 2 മണിക്കൂർ പിന്നിട്ട്, അതിന്റെ ഏറ്റവും പ്രസിദ്ധമായ "ഹല്ലേലൂയ്യ" കോറസ് എത്തുമ്പോഴാണ് ഈ അതിശയ സൃഷ്ടി അതിന്റെ ഉച്ചസ്ഥായി പ്രാപിക്കുന്നത്.

ട്രംപെറ്റും റ്റിമ്പണിയും ഈ കോറസിന്റെ തുടക്കം കുറിക്കുമ്പോൾ, ഒരു ശബ്ദം മറ്റൊന്നിനു മീതെയായി ഗായക സംഘം വെളിപ്പാട് 11:15 ലെ "അവൻ എന്നെന്നേക്കും വാഴും" എന്നത് പാടുന്നു. സ്വർഗത്തിൽ യേശുവിനോടു കൂടെയുള്ള നിത്യതയുടെ പ്രത്യാശയുടെ പ്രൗഢമായ ഒരു ഘോഷണമാണത്.

മിശിഹായിലെ മിക്കവാറും വാക്കുകൾ, ക്രിസ്തുവിന്റെ വീണ്ടും വരവിനോടനുബന്ധിച്ച് അന്ത്യകാലത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യോഹന്നാൻ അപ്പസ്തോലന് ദർശനം ലഭിച്ച വെളിപ്പാട് പുസ്തകത്തിൽ നിന്നാണ്. ഇതിൽ ഉയിർത്തെഴുന്നേറ്റ യേശു ഭൂമിയിലേക്ക് വീണ്ടും വരുന്നു എന്ന പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയത്തിലേക്ക് യോഹന്നാൻ വീണ്ടും വീണ്ടും പോകുന്നുണ്ട് - അപ്പോഴെല്ലാം വലിയ സന്തോഷവും ഗായകവൃന്ദത്തിന്റെ ശബ്ദവും കേൾക്കാം (19:1-8 ). യേശു അന്ധകാര ശക്തികളെയും മരണത്തേയും തോല്പിച്ച് സമാധാനത്തിന്റെ രാജ്യം സ്ഥാപിച്ചതിനാൽ ലോകം ആനന്ദിക്കുകയാണ്.

ഒരിക്കൽ, സ്വർഗം മുഴുവൻ യേശുവിന്റെ മഹത്വകരമായ അധികാരത്തെയും നിത്യമായ വാഴ്ചയെയും ഘോഷിച്ചു കൊണ്ട് പാടും (7: 9). അതുവരെ നാം ജോലി ചെയ്യുന്നു, പ്രാർത്ഥിക്കുന്നു , പ്രത്യാശയോടെ കാത്തിരിക്കുന്നു.

എനിക്ക് സ്വന്തമായ ഇടം

സഭയിലെ ഒരു കൃതജ്ഞതാ സമ്മേളനത്തിനൊടുവിൽ എല്ലാവരും അവരുടെ ആനന്ദവും ഐക്യവും പ്രകടിപ്പിക്കാനായി വട്ടത്തിൽ നിന്ന് നൃത്തച്ചുവടുകൾ വെച്ചു. ബാരി ഒരു വലിയ പുഞ്ചിരിയോടെ മാറി നിന്ന് നിരീക്ഷിക്കുകയായിരുന്നു. ഇത്തരം അവസരങ്ങളെ താൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അവൻ പറഞ്ഞു. "ഇത് ഇനി എന്റെ കുടുംബമാണ്. ഇതാണെന്റെ സമൂഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഒരിടം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇവിടെയാണ് എനിക്ക് സ്വന്തമായ ഇടം. "

ചെറുപ്പത്തിൽ ബാരി  മാനസികവും ശാരീരികവുമായി ക്രൂരമായ പീഡനം സഹിച്ചു; ജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ അവന്റെ സ്ഥലത്തെ സഭ അവനെ യേശുവുമായുള്ള ബന്ധത്തിലേക്ക് നടത്തി. അവരുടെ കലർപ്പില്ലാത്ത സന്തോഷവും ഐക്യവും കണ്ട് അവൻ ക്രിസ്തുവിനെ അനുകരിക്കുവാനും, സ്നേഹവും അംഗീകാരവും അനുഭവിക്കുവാനും തുടങ്ങി.

സങ്കീർത്തനങ്ങൾ 133-ൽ, ദൈവജനത്തിന്റെ "ശുഭവും മനോഹരവുമായ" ഐക്യത്തിന്റെ ദൂരവ്യാപകമായ സത്ഫലങ്ങൾ വിവരിക്കുവാൻ, ദാവീദ് രാജാവ് ശക്തമായ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. അമൂല്യ തൈലം കൊണ്ട് ഒരാളെ അഭിഷേകം ചെയ്തിട്ട് ആ തൈലം വസ്ത്രാഗ്രങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെ (വാ.2 ) ആണെന്ന് താൻ പറഞ്ഞിരിക്കുന്നു. ഇങ്ങനെ അഭിഷേകം ചെയ്യുന്നത് പുരാതന കാലത്ത് പതിവായിരുന്നു; പ്രത്യേകിച്ചും ഒരാളെ ഭവനത്തിലേക്ക് സ്വീകരിക്കുമ്പോൾ. ദാവീദ്, ഈ ഐക്യത്തെ വീണ്ടും, പർവ്വതത്തിൽ പെയ്ത് ജീവനും സമൃദ്ധിയും ഉളവാക്കുന്ന മഞ്ഞിനോടും ഉപമിക്കുന്നു (വാ. 3) .

തൈലം ഒരു മുറിയിൽ സുഗന്ധം പരത്തുകയും മഞ്ഞ് വരണ്ട പ്രദേശത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് സ്വീകരണം നല്കുന്നതുപോലെ, ഐക്യവും നല്ലതും ആനന്ദദായകവുമാണ്. നമ്മിലൂടെ നന്മ ഉണ്ടാകുവാനായി ക്രിസ്തുവിൽ ഒരുമിച്ചായിരിക്കാൻ നമുക്ക് പരിശ്രമിക്കാം.

ഭിന്നതയില്ലാത്ത ഒരു ഭവനം

അമേരിക്കൻ സെനറ്റിലേക്ക് റിപ്പബ്ളിക്കൻ പാർട്ടി നാമനിർദ്ദേശം ചെയ്ത അവസരത്തിൽ, 1858 ജൂൺ 16 ന്, എബ്രഹാം ലിങ്കൻ തന്റെ പ്രസിദ്ധമായ "ഭിന്നിച്ച ഭവനം" എന്ന പ്രസംഗം നടത്തി. അടിമത്തത്തോട് ബന്ധപ്പെട്ട് അമേരിക്കയിൽ നിലനിന്നിരുന്ന ചേരിതിരിവുകളെയാണ് ഇതിൽ അദ്ദേഹം പരാമർശിച്ചത്. ഈ പ്രസംഗം ശത്രുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ചലനം സൃഷ്ടിച്ചു. മത്തായി 12:26 ൽ യേശു ഉപയോഗിച്ച "ഭിന്നിച്ച ഭവനം" എന്ന പ്രയോഗം തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം അത് പ്രസിദ്ധവും ലളിതമായി അവതരിപ്പിച്ചിരിക്കുന്നതുമാണ്. ഈ രൂപകത്തിലുടെ അദ്ദേഹം "ആളുകളുടെ മനസ്സിലേക്ക് തന്റെ ആശയം സന്നിവേശിപ്പിച്ച് കാലഘട്ടത്തിന്റെ വിപത്തിനെക്കുറിച്ച് അവരെ ഉണർത്തുകയായിരുന്നു."

ഭിന്നിച്ചു നില്ക്കുന്ന ഒരു ഭവനത്തിന് നിലനില്ക്കാനാകില്ല എന്ന് പറയുമ്പോൾ ഭിന്നതയില്ലാത്ത ഭവനം ഐക്യത്തോടെ നിലനില്ക്കുന്നു എന്നു കൂടിയാണല്ലോ. തത്വത്തിൽ ദൈവത്തിന്റെ ഭവനത്തെ ഇങ്ങനെ വിഭാവന ചെയ്തിട്ടുള്ളതാണ് (എഫെസ്യർ 219). വിവിധ പശ്ചാത്തലങ്ങളിലുള്ളവരെങ്കിലും യേശുവിന്റെ കുരിശുമരണത്തിലൂടെ നാമെല്ലാം ദൈവത്തോടും അതുവഴി തമ്മിൽ തമ്മിലും അനുരഞ്ജനം പ്രാപിച്ചിരിക്കുന്നു (വാ.14 - 16). ഈ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് പൗലോസ് വിശ്വാസികളോട്: "ആത്മാവിന്റെ ഐക്യത സമാധാന ബന്ധത്തിൽ കാക്കുവാൻ ശ്രമിക്കുകയും ചെയ്യുവിൻ" (എഫെസ്യർ 4:3) എന്ന് പറയുന്നത്.

ഒരുമിച്ച് നില്ക്കുന്ന കുടുംബങ്ങളെയും വിശ്വാസികളെയും ഒക്കെ ഭിന്നിപ്പിക്കാനുള്ള വിവിധ പ്രതിസന്ധികൾ നിലനില്ക്കുമ്പോൾ, ഒരുമിച്ച് നില്ക്കാനാവശ്യമായ പരിജ്ഞാനവും ബലവും പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്നു. ഭിന്നതയുടെ അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശമായി നില്കാൻ അതുവഴി നമുക്ക് കഴിയുന്നു.