ദൈവം നിങ്ങളെ കാണുന്നു
രണ്ട് കുഞ്ഞുങ്ങളെ തനിയെ വളർത്തേണ്ടിവന്ന, അമ്മയായ എന്റെ സുഹൃത്ത് അൽമക്ക് ഓരോ പ്രഭാതവും വേദന നിറഞ്ഞതാണ്. അവൾ പറയുന്നു: "എല്ലാം ശാന്തമാകുമ്പോൾ ആകുലത പൊങ്ങിവരും. വീട്ടിലെ ജോലിത്തിരക്കിനിടയിൽ സാമ്പത്തിക പ്രതിസന്ധികളും കുഞ്ഞുങ്ങളുടെ പഠനവും ആരോഗ്യപ്രശ്നങ്ങളും ഒക്കെ ചിന്തയിലേക്ക് വരും."
ഭർത്താവ് അവളെ ഉപേക്ഷിച്ചപ്പോൾ കുഞ്ഞുങ്ങളെ വളർത്താനുള്ള ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തു. അവൾ പറഞ്ഞു: "ഇത് വലിയ ശ്രമകരമാണ്. എന്നാൽ ദൈവം എന്നെയും കുടുംബത്തെയും കാണുന്നുണ്ട് എന്നെനിക്കറിയാം. രണ്ട് ജോലികൾ ചെയ്യുവാൻ അവിടുന്ന് ശക്തി നല്കുന്നു, ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു, കുട്ടികൾക്ക് ഓരോ ദിവസവും അവിടുത്തെ പരിപാലനം അനുഭവിക്കാനാകുന്നു."
ദൈവം എന്നെ കാണുന്നു എന്നത് ഒരു മിസ്രയീമ്യ ദാസിയായിരുന്ന ഹാഗാറിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. അബ്രാമിൽ നിന്ന് ഗർഭം ധരിച്ചശേഷം അവൾ സാറായിയെ നിന്ദിച്ചു (ഉല്പത്തി 16:4), തത്ഫലമായി സാറായി അവളോട് കഠിനമായി പെരുമാറി, അവൾക്ക് മരുഭൂമിയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഹാഗാർ ഏകാന്തതയിലായി, അവൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും മുമ്പിൽ ഭാവി ഇരുളടഞ്ഞതും പ്രത്യാശയില്ലാത്തതുമായി.
എന്നാൽ മരുഭൂമിയിൽ "യഹോവയുടെ ദൂതൻ " (വാ. 7) അവളെ കണ്ട് പറഞ്ഞു: "യഹോവ നിന്റെ സങ്കടം കേട്ടു" (വാ.11). എന്താണ് ചെയ്യേണ്ടത് എന്നും ഭാവിയിൽ സംഭവിക്കുന്നത് എന്താണെന്നും ദൂതൻ അവളോട് പറഞ്ഞു. ഹാഗാറിൽ നിന്നാണ് ദൈവത്തിന്റെ ഒരു പേര് നമ്മൾ പഠിക്കുന്നത് - ഏൽ റോയി, "എന്നെ കാണുന്ന ദൈവം" (വാ.13).
ഹാഗാറിനെപ്പോലെ നിങ്ങളും ഒരു പ്രയാസമുള്ള യാത്രയിലാകാം - തകർച്ചയിലും ഏകാന്തതയിലും. എന്നാൽ ശൂന്യദേശത്തും ദൈവം നിങ്ങളെ കാണുന്നു എന്ന് ഓർക്കണം. അവങ്കലേക്ക് ചെല്ലുക; മുന്നോട്ട് നയിക്കാനായി അവനിൽ ആശ്രയിക്കുക.

എന്തൊരു കണ്ടെത്തൽ!
റേഷ്മയുടെ കണ്ണ് ആ പുരാതന ഡ്രസ്സിങ്ങ് ടേബിളിൽ ഉടക്കി, മടിച്ചു നില്ക്കാതെ അവളത് വാങ്ങി. അതിന്റെ വലിപ്പുകൾ തുറന്നപ്പോൾ ഒരു സ്വർണ്ണ മോതിരവും കുറച്ച് കുടുംബ ഫോട്ടോകളും ലഭിച്ചു. ഫോട്ടോകളുടെ പുറകിൽ പേര്, സ്ഥലം തിയതിയൊക്കെ കുറിച്ചിട്ടുണ്ടായിരുന്നു. മോതിരം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. ജെന്നിഫർ ഫെയ്സ്ബുക്ക് വഴി ഫോട്ടോയിലുള്ള ഒരാളെ കണ്ടുപിടിച്ചു. മോതിരം അവർക്ക് എത്തിച്ച് നല്കിയപ്പോൾ, തലമുറകളായി അവരുടെ കുടുംബം ഇത് കൈമാറി വന്നിരുന്നതാണെന്നും എപ്പോഴോ നഷ്ടപ്പെട്ടു പോയതാണെന്നും, ഇപ്പോൾ കണ്ടെത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
2 രാജാക്കന്മാർ 22:8-ൽ ഹില്കിയാവ് ഒരു അസാധാരണ കണ്ടെത്തൽ നടത്തിയതായി നാം വായിക്കുന്നു: “ന്യായപ്രമാണ പുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു.” "യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ" (വാ.5) യോശിയാവ് രാജാവ് കല്പന കൊടുത്തപ്പോൾ, ന്യായപ്രമാണ പുസ്തകം അവർ കണ്ടെത്തുകയായിരുന്നു. മിക്കവാറും അത് ആവർത്തന പുസ്തകമായിരിക്കും. "രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടപ്പോൾ" വികാരാധീനനാകുകയും വല്ലാതെ അസ്വസ്ഥനാകുകയും ചെയ്തു (വാ.11). യഹൂദയിലെ ദേവാലയവും, ദൈവവും, ദൈവം അരുളിച്ചെയ്ത വചനങ്ങളുമെല്ലാം ആ കാലത്ത് അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. വലിയ മാനസാന്തരത്തോടെ, രാജാവ് ദേവാലയം ശുദ്ധീകരിച്ചു; ദൈവത്തിന് അനിഷ്ടമായിരുന്ന വിഗ്രഹങ്ങളും മറ്റും നീക്കം ചെയ്ത് രാജ്യത്ത് വലിയൊരു നവീകരണം വരുത്തി (23:1-24).
ഇന്ന്, ദൈവത്തിന്റെ ജ്ഞാനവും കല്പനകളും ആയ 66 പുസ്തകങ്ങൾ - ആവർത്തന പുസ്തകം ഉൾപ്പെടെ - അടങ്ങിയ ബൈബിൾ നമുക്കുണ്ട്. അതു നാം ശ്രദ്ധയോടെ വായിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ വഴികളെയും മനസ്സുകളെയും നവീകരിക്കട്ടെ. തിരുവെഴുത്തിലെ രൂപാന്തരം വരുത്തുന്ന സത്യങ്ങളിൽ ആമഗ്നരായി, ഒരായുസ്സിന് മതിയായ ജ്ഞാനം നമുക്ക് പ്രാപിക്കാം.

ഒരു എളിയ വിരുന്ന്
പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ എഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.
"ഇതെന്ത് മര്യാദ കേടാണ്", മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.
പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, "ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്" (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, "മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ" (വാ.5) എന്നും, "ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു" എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന് താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ആവശ്യമില്ലാത്ത അതിഥികൾ
ശില്പയും അജയ്യും ആകർഷകമായ ആ സ്ഥലത്ത് ഉല്ലാസപൂർവം മധുവിധു ആഘോഷിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ അജയ്യുടെ കാലിൽ ചൊറിച്ചിലും തടിപ്പും കാണപ്പെട്ടു. ഒരു പകർച്ചവ്യാധി വിദഗ്ദനെ അവർ കണ്ടു. പുതിയ ചെരിപ്പ് ധരിച്ചപ്പോൾ ഉണ്ടായ കുമിളകളിൽ കൂടി അണുക്കൾ പ്രവേശിച്ച് ഉണ്ടായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഉല്ലാസത്തോടെ ആരംഭിച്ച ആഘോഷം അനാവശ്യമായി വന്നു ചേർന്ന "അതിഥികൾ" മൂലം പ്രയാസകരമായ അനുഭവമായി മാറി.
പാപത്തോട് പോരാടുവാൻ ദൈവത്തോട് സഹായം ചോദിച്ചില്ലെങ്കിൽ, ആവശ്യമില്ലാതെ വന്നു ചേരുന്ന അതിഥികളായ പാപവും മത്സരവും ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കാനുള്ള തന്റെ ഹൃദയാഭിലാഷത്തിന് വിലങ്ങുതടിയാകുമെന്ന് ദാവീദിന് അറിയാമായിരുന്നു. പ്രകൃതിയിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് എങ്ങനെയെന്നും (സങ്കീർത്തനങ്ങൾ 19:1-6), ദൈവിക കല്പനകളിൽ അടങ്ങിയ ജ്ഞാനം എത്രയധികമെന്നും (വാ. 7-10) വിവരിച്ച ശേഷം, ദാവീദ് മനഃപൂർവവും മനഃപൂർവ്വമല്ലാത്തതും ആയ എല്ലാ അനുസരണക്കേടിൽ നിന്നും തന്നെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു. "മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണമേ; സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കണമേ" (വാ.12, 13). പാപമെന്ന പകർച്ചവ്യാധി ബാധിക്കാതെ തടയാൻ യാതൊരു മാനുഷിക പ്രയത്നത്തിനും സാധിക്കുകയില്ലെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ട് ബുദ്ധിപൂർവ്വം അദ്ദേഹം ദൈവത്തിന്റെ സഹായം തേടി.
ദൈവത്തെ മാനിച്ച് ജീവിക്കാനുള്ള നമ്മുടെ സ്വപ്നത്തെ പാപം തട്ടിത്തെറിപ്പിക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കും? ദൈവത്തിലേക്ക് തന്നെ കണ്ണുകളുയർത്താം, പാപം ഏറ്റു പറഞ്ഞ് അനുതപിക്കാം, ജീവിതത്തിൽ തുരന്നുകയറുന്ന അനാവശ്യമായ ആത്മീയ പരാദങ്ങളെ അകറ്റി നിർത്താൻ ദൈവിക സഹായം തേടാം.

സഞ്ചരിക്കുന്ന ദൈവകൃപ
ഇന്ത്യയിലെ റോഡ് യാത്ര നിങ്ങളെ ചില അപകടകരമായ റോഡുകളിൽ എത്തിക്കും. ജമ്മു കാശ്മീരിലെ "കില്ലർ - കിഷ്ത്വാർ റോഡ് " ആണ് അതിൽ ഒന്നാമത്തേത്. വടക്കുപടിഞ്ഞാറേക്ക് നീങ്ങിയാൽ ഗുജറാത്തിലെ ദൂമാസ് ബീച്ച് അടുക്കുമ്പോൾ നിങ്ങൾ ഭീതിദമായ മനോനിലയിലാകും. മദ്ധ്യ ഭാരതത്തിലേക്ക് നീങ്ങിയാൽ, ചത്തീസ്ഗഡിലെ ബസ്തർ എന്ന അപകടകരമായ സ്ഥലത്ത് എത്തിയാൽ ഒന്ന് നിർത്താൻ പോലും നിങ്ങൾ ധൈര്യപ്പെടില്ല. തെക്കോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ കൊല്ലി ഹിൽ റോഡ് നിങ്ങളെ ഒരു ഭൂതത്തെപ്പോലെ ഭയപ്പെടുത്തും. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയുടെ മണ്ണിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടെന്ന് ഓർക്കണം.
ചിലപ്പോൾ ജീവിതയാത്രയും യഥാർത്ഥമായി ഇതുപോലെയാണ്. ഇസ്രായേലിന്റെ മരുഭൂമിയാത്ര നാം നമ്മുടെ ജീവിത യാത്രയോട് ചേർത്ത് ചിന്തിക്കാറുണ്ട്. (ആവർത്തനം 2:7). നമ്മുടെ ജീവിതവും അതുപോലെ പ്രയാസകരമാകാം. എന്നാൽ മറ്റ് ചില സാധർമ്യങ്ങളും നമുക്ക് കണ്ടെത്താനാകില്ലേ? നാം നമ്മുടെ ജീവിതയാത്രക്ക്, ദൈവത്തെ കൂടാതെ, സ്വന്തം കാര്യപരിപാടി തയ്യാറാക്കാറില്ലേ? (1:42-43) ഇസ്രായേൽമക്കളെ പോലെ, നാം നമ്മുടെ ആഗ്രഹപൂർത്തികരണത്തിനായി പിറുപിറുക്കുന്നു (സംഖ്യ 14:2). അനുദിന പ്രയാസങ്ങളിൽ നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു (വാ.11). ഇസ്രായേലിന്റെ ചരിത്രം നമ്മുടെ ജീവിതത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നു.
നാം അവിടുത്തെ പാതകൾ പിന്തുടർന്നാൽ, ഈ ലോകത്തിലെ അപകട വഴികൾ നമ്മെ എത്തിക്കുന്നതിനേക്കാൾ നല്ലയിടങ്ങളിൽ എത്തിക്കാമെന്ന് ദൈവം ഉറപ്പ് തരുന്നു. ഒന്നിനും കുറവില്ലാത്ത വിധം അവൻ നമ്മെ കരുതും (ആവർത്തനം 2: 7; ഫിലിപ്പിയർ 4:19). ഇതൊക്കെയറിയാമെന്നിട്ടും അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. ദൈവത്തിന്റെ റോഡ്മാപ്പ് പ്രകാരം തന്നെ നാം സഞ്ചരിക്കണം.
വീണ്ടും നമ്മുടെ യാത്ര തുടർന്ന്, ഭയാനകമായ കൊല്ലിഹില്ലിൽ നിന്നും ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ വയനാട്ടിൽ എത്തിച്ചേരും. നമ്മുടെ പാതകളെ നിയന്ത്രിക്കുവാൻ നാം ദൈവത്തെ അനുവദിച്ചാൽ (സങ്കീർത്തനങ്ങൾ 119:35), നാം അവിടുത്തോടുകൂടെ ആനന്ദപൂർവ്വം യാത്ര ചെയ്യും; ഇതെത്ര അനുഗ്രഹകരമായ ഉറപ്പാണ്!
