
മുന്നേറുവാൻ നിങ്ങൾക്ക് കഴിയാതെ വരുമ്പോൾ
2006 ൽ , എന്റെ പിതാവിന് നാഡീസംബന്ധിയായ ഒരു രോഗം പിടിപെട്ടു. അത് തന്റെ ഓർമ്മയും സംസാരശേഷിയും ചലനനിയന്ത്രണവും കവർന്നു. 2011-ൽ അദ്ദേഹം കിടപ്പിലാകുകയും, തുടർന്ന് അമ്മയുടെ പരിചരണത്തിൽ വീട്ടിൽ കഴിയുന്നു. അദ്ദേഹത്തിന്റെ രോഗത്തിന്റെ ആരംഭത്തിൽ അത് തികച്ചും ഇരുളടഞ്ഞ ദിനങ്ങളായിരുന്നു. എനിക്ക് വലിയ ഭയം തോന്നി : ഒരു രോഗിയെ എങ്ങനെ ശുശ്രൂഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു ; സാമ്പത്തിക ബാധ്യതയെക്കുറിച്ചും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും എനിക്ക് ആധിയായിരുന്നു.
എന്റെ മനസ്സ് പോലെ ഇരുളടഞ്ഞ ആ നാളുകളിൽ പല പ്രഭാതങ്ങളിലും കിടക്കവിട്ട് എഴുന്നേൽക്കുവാൻ എന്നെ ശക്തിപ്പെടുത്തിയത് വിലാപങ്ങൾ 3:22 ആണ്. "നാം മുടിഞ്ഞു പോകാതിരിക്കുന്നത് അവന്റെ ദയ ആകുന്നു. " " മുടിഞ്ഞു പോകുക " എന്നതിന് എബ്രായ ഭാഷയിൽ "ഉപയോഗിച്ച് തീരുക", "തീർന്നു പോകുക " എന്നൊക്കെയാണ് അർത്ഥം.
ദൈവത്തിന്റെ സ്നേഹം നമ്മെ മുമ്പോട്ടു പോകാനും മുമ്പിലുള്ളതിനെ അഭിമുഖീകരിക്കാനും ശക്തിപ്പെടുത്തുന്നു. നമുക്കുള്ള പരീക്ഷണങ്ങൾ തടുക്കാൻ കഴിയാത്തത്രയാകാം; എന്നാൽ അവയാലൊന്നും നാം തകർക്കപ്പെടുകയില്ല കാരണം, ദൈവസ്നേഹം അത്യധികമാണ്.
ദൈവം തന്റെ വിശ്വസ്തതയിലും സ്നേഹത്തിലും ഞങ്ങളുടെ കുടുംബത്തോട് ഇടപെട്ട പല സന്ദർഭങ്ങളും എനിക്ക് ഓർക്കാൻ കഴിയും. ബന്ധുക്കളുടെയും സ്നേഹിതരുടെയും ദയയിലും നല്ല ഡോക്ടർമാരുടെ ഉപദേശത്തിലും സാമ്പത്തിക സഹായത്തിലും പല അവസരങ്ങളിൽ ദൈവത്തിന്റെ കരുതൽ കാണുവാൻ എനിക്ക് കഴിഞ്ഞു, ഒരു നാൾ എന്റെ പിതാവ് സ്വർഗത്തിൽ യാതൊരു ദൈന്യതയുമില്ലാത്തവനായി വസിക്കും എന്ന ബോധ്യവും ഉണ്ടായി.
നിങ്ങളും ഇരുണ്ട നാളുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്നതൊന്നും നിങ്ങളെ മുടിച്ചു കളയില്ല. ദൈവത്തിന്റെ സുസ്ഥിര സ്നേഹത്തിലും കരുതലിലും ശരണപ്പെടുക.

ദൈവം നമ്മുടെ തകർച്ചയെ സൗഖ്യമാക്കുന്നു
അദിത്തും ഭാര്യ രേഷ്മയും ചേർന്ന് അവരുടെ വീട്ടിൽ തൂക്കുവാൻ ഒരു ചിത്രത്തിനുവേണ്ടി കടയിൽ പരതുകയായിരുന്നു. അദിത്ത് തെരഞ്ഞെടുത്ത ചിത്രം ഏറ്റവും യോജിച്ചതെന്ന് കരുതി രേഷ്മയെ കാണിച്ചു. സിറാമിക്കിൽ നിർമ്മിച്ച ആ ചിത്രത്തിന്റെ വലത് വശത്ത് കൃപ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ ഇടത് വശത്ത് നീളത്തിലുള്ള രണ്ട് വിള്ളലുകൾ വീണിട്ടുണ്ടായിരുന്നു. " ഇത് പൊട്ടിയതാണ് " എന്ന് പറഞ്ഞ് രേഷ്മ പൊട്ടലില്ലാത്ത ഒന്നിനായി പരതി. അപ്പോൾ അദിത്ത് പറഞ്ഞു: "അല്ല, അതാണ് കാര്യം, നമ്മൾ തകർച്ച സംഭവിച്ചവരാണ്; അവിടെ യഥാസമയം കൃപ വന്നു ചേർന്നു . " അവർ വിള്ളൽ വീണ ആ ചിത്രം തന്നെ വാങ്ങി. " ഇത് തകർന്ന ചിത്രമല്ലേ " എന്ന് കടയുടമ ആശ്ചര്യം കൂറി. അതേ "നാമും അങ്ങനെ തന്നെ" എന്ന് രേഷ്മ മന്ത്രിച്ചു.
ഒരു "തകർന്ന" വ്യക്തി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഒരാൾ ഇങ്ങനെയതിനെ നിർവചിച്ചിട്ടുണ്ട്: നാം സ്വയം നമ്മുടെ ജീവിതത്തെ ശരിയാക്കാനായി എത്രയധികം കഠിനമായി പരിശ്രമിച്ചിട്ടും അത് നന്നാകുന്നതിനു പകരം വഷളാകുന്നു എന്ന തിരിച്ചറിവാണത്. ദൈവത്തിനായുള്ള നമ്മുടെ വാഞ്ജയുടെ തിരിച്ചറിവും, അവിടുത്തെ ഇടപെടൽ ആവശ്യമാണ് എന്ന് സമ്മതിക്കുന്നതുമാണത്.
പൗലോസ് അപ്പസ്തോലൻ ഈ തകർന്ന അവസ്ഥയെ " അതിക്രമത്തിലും പാപത്തിലും മരിച്ചത് " (എഫേസ്യർ 2:1) എന്ന നിലയിലാണ് പറയുന്നത്. പാപക്ഷമക്കും ജീവിത വ്യതിയാനത്തിനും ആധാരം 4,5 വാക്യങ്ങളിൽ പറയുന്നതുമാണ് ; "കരുണാസന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം ... നമ്മെ ജീവിപ്പിച്ചു ... കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. "
"ഞാൻ തകർന്നവനാണ്" എന്ന് സമ്മതിക്കുകയാണെങ്കിൽ ദൈവം തന്റെ കൃപയാൽ നമ്മെ സൗഖ്യമാക്കുവാൻ മനസ്സുള്ളവനാണ്.

സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും
കുട്ടിയെന്ന നിലയിൽ ടെന്നിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നി. പിതാവിൽ നിന്നും അവൻ അംഗീകാരം പ്രതീക്ഷിച്ചു എങ്കിലും അത് അവന് ഒരിക്കലും ലഭിച്ചില്ല. വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല എന്നാണ് അവന് തോന്നിയത്. പ്രായപൂർത്തിയായിട്ടും ഈ അരക്ഷിതത്വം അവനെ വിട്ടു മാറിയില്ല. ഞാൻ ഒന്നിനും കൊള്ളാത്തവനാണോ എന്ന ചിന്ത അവനെ നിരന്തരം അലട്ടിയിരുന്നു.
യേശുവിനെ രക്ഷകനായി സ്വീകരിച്ചപ്പോഴാണ് ടെന്നി നാളിതുവരെ ആഗ്രഹിച്ചിരുന്ന അംഗീകാരവും സുരക്ഷിതത്വവും അയാൾ കണ്ടെത്തിയത്. തന്നെ സൃഷ്ടിച്ച ദൈവം, തന്നെ സ്നേഹിക്കുകയും സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്യുന്നു എന്നത് അവന് ബോധ്യമായി. താൻ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്ത ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇപ്പോൾ അയാൾക്ക് കഴിയുന്നു.
യെശയ്യാവ് 43: 1-4 ൽ ദൈവം തന്റെ തെരഞ്ഞടുക്കപ്പെട്ട ജനത്തോട് പറയുന്നത് , താൻ അവരെ സൃഷ്ടിച്ചു; അവരെ തന്റെ ശക്തിയാൽ വിടുവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നാണ്. " നീ എനിക്കു വിലയേറിയവനും മാന്യനും ആണ് " എന്ന് ദൈവം പ്രസ്താവിച്ചു; അവരെ സ്നേഹിക്കുന്നതു കൊണ്ട് അവർക്കു വേണ്ടി ഇടപെടുകയും ചെയ്യുന്നു. ( വാ. 4)
ദൈവം സ്നേഹിക്കുന്നവർക്ക് അവിടുന്ന് കല്പിക്കുന്ന വില അവർ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ദൈവം അവരെ തെരഞ്ഞെടുത്ത് അവരെ തന്റെ സ്വന്ത ജനമാക്കി എന്ന ലളിതവും ശക്തവുമായ സത്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.
യെശെയ്യാവ് 43 ലെ ഈ വാക്കുകൾ ടെന്നിക്ക് വലിയ സുരക്ഷിതത്വബോധം നൽകി എന്ന് മാത്രമല്ല, ദൈവം തന്നെ ഭരമേല്പിച്ച ഏതു കാര്യവും ഏറ്റവും നന്നായി ചെയ്യുവാനുള്ള വലിയ ആത്മ വിശ്വാസവും നല്കി. ഇന്ന് അദ്ദേഹം ഒരു പാസ്റ്ററായി, യേശുവിൽ നാം സ്വീകാരവും അംഗീകാരവും പ്രാപിച്ചിരിക്കുന്നു എന്ന ജീവദായക സത്യം മററുള്ളവരോട് പങ്കുവെക്കാനുള്ള എല്ലാ പരിശ്രമവും ചെയ്തുവരുന്നു. ഈ യാഥാർത്ഥ്യമുൾക്കൊണ്ട് ധൈര്യപൂർവ്വം നിലനില്ക്കാൻ നമുക്കുമാകട്ടെ.

നമ്മുടെ യഥാർത്ഥ അസ്തിത്വം
ആദ്യം, അയാൾ മീൻ പിടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി. മീൻ പിടിക്കുന്നതിനാവശ്യമായ സാധങ്ങൾ വിൽക്കുന്ന പട്ടണത്തിലെ ചെറിയ ഒരു കടയിൽ നിന്ന് ഒരു ഷോപ്പിങ് കാർട്ട് നിറയെ ആവശ്യമായ ഓരോ സാമഗ്രിയും അയാൾ തെരഞ്ഞെടുത്തു. ജീവനുള്ള ഇരയും ചൂണ്ടയും വാങ്ങി. " ഇതിനു മുമ്പ് മീൻപിടുത്തം നടത്തിയിട്ടില്ലേ?" കടയുടമ ചോദിച്ചു. ഇല്ലെന്നയാൾ മറുപടി നൽകി. "എങ്കിൽ ഇതു കൂടി വച്ചോളൂ" എന്ന് പറഞ്ഞ് ഒരു ഫസ്റ്റ് എയിഡ് കിറ്റുകൂടി അയാൾ നൽകി. അയാൾ സമ്മതിച്ച് അതിന്റെ പണവും നല്കി പോയി. ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ചൂണ്ടയുടെ അഗ്രം കൊണ്ട് കൈ മുഴുവൻ മുറിഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല.
പത്രോസ് പ്രശ്നം അങ്ങനെയായിരുന്നില്ല. വളരെ പരിചയസമ്പന്നനായ ഒരു മീൻപിടുത്തക്കാരനായിരുന്ന തന്നോട് വഞ്ചി ആഴക്കടലിലേക്ക് നീക്കി "മീൻ പിടുത്തത്തിന് വല ഇറക്കുവിൻ" (ലൂക്കൊ. 5:4) എന്ന് പറഞ്ഞപ്പോൾ പത്രോസ് അതിശയിച്ചു പോയി. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ശിമോനും കൂട്ടരും പറഞ്ഞതു പോലെ വലയിറക്കി : " പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി " രണ്ട് പടകുകളും മുങ്ങുമാറാകുവോളം നിറച്ചു (വാ. 6)
ഇതു കണ്ട ശിമോൻ പത്രോസ് "യേശുവിന്റെ കാൽക്കൽ വീണു, "കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ട് പോകേണമേ " എന്നു പറഞ്ഞു. (വാ.8) ശിമോൻ യഥാർത്ഥത്തിൽ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു തന്റെ ശിഷ്യനോട് പറഞ്ഞു, "ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും" എന്ന്. ഇത് കേട്ട പാടെ ശിമോൻ " സകലവും വിട്ട് അവനെ അനുഗമിച്ചു" (വാ.10-11) നാം യേശുവിനെ അനുഗമിക്കുമ്പോൾ നാം ആരാണെന്നും അവന്റെ സ്വന്ത ജനം എന്ന നിലയിൽ നമ്മുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കും.

പാർക്കാൻ അനുവദിക്കൂ
അവർ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ദർശൻ അമ്മയുടെ കയ്യിൽ നിന്ന് കുതറി പള്ളിയുടെ വാതിൽക്കലേക്ക് തിരികെയോടി. അവന് അവിടെ നിന്ന് പോകേണ്ടെന്ന് ! അമ്മ പിന്നാലെ ചെന്ന് അവനെ സ്നേഹപൂർവം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. അവസാനം അവന്റെ അമ്മ അവനെ വാരിയെടുത്ത് തിരികെ കൊണ്ടുപോകുമ്പോൾ നാല് വയസ്സുകാരനായ ദർശൻ വിതുമ്പിക്കൊണ്ട് അമ്മയുടെ തോളിന് മുകളിലൂടെ പള്ളിയിലേക്ക് തന്നെ ആഞ്ഞുകൊണ്ടിരുന്നു.
ദർശൻ ചിലപ്പോൾ സഭയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്നത് ആസ്വദിച്ചിട്ടുണ്ടാവണം, എന്നാൽ അവന്റെ ആവേശം ദൈവത്തെ ആരാധിക്കാനുള്ള ദാവീദിന്റെ ആഗ്രഹത്തിന്റെ നേർചിത്രമാണ്.തന്റെ ശത്രുക്കളെ തോല്പിക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടത് തന്റെ സുഖവും സുരക്ഷയും വിചാരിച്ചാകാമെങ്കിലും ദൈവത്തിന്റെ ആലയത്തിൽ ചെന്ന് യഹോവയുടെ മനോഹരത്വം ധ്യാനിക്കുവാൻ ദാവീദ് അതിയായി ആഗ്രഹിച്ചതുകൊണ്ട് സമാധാനം നിലനിൽക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു( സങ്കീ. 27:4). എവിടെയായിരുന്നാലും ദൈവത്തോടു കൂടെയായിരിക്കാനും ദൈവസാന്നിധ്യം ആസ്വദിക്കാനും ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിന്റെ ഏറ്റവും ശക്തനായ രാജാവും സേനാ നായകനുമായ ദാവീദ് തന്റെ സമാധാന നിമിഷങ്ങൾ ഉപയോഗിച്ചത് "യഹോവക്ക് പാടി കീർത്തനം ചെയ്യുന്നതിനു വേണ്ടിയാണ് "(വാ.6)
ദൈവത്തെ നമുക്ക് സ്വതന്ത്രമായി എവിടെയും ആരാധിക്കാം, കാരണം പരിശുദ്ധാത്മാവിലുള്ള വിശ്വാസത്താൽ അവൻ ഇപ്പോൾ നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുന്നു. ( 1 കൊരി.3:16; എഫേ. 3:17) നമ്മുടെ നാളുകൾ അവന്റെ സന്നിധിയിൽ ചെലവഴിക്കുവാനും മറ്റുവിശ്വാസികളോടൊപ്പം ഒരുമിച്ചു കൂടി അവനെ ആരാധിക്കുവാനും വാഞ്ഛയുള്ളവരാകാം. ദൈവത്തിലാവണം - അല്ലാതെ കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലല്ല - നാം സുരക്ഷിതത്വവും പരമമായ ആനന്ദവും കണ്ടെത്തേണ്ടത്.