Category  |  odb

ശക്തനും സ്നേഹിക്കുന്നവനും

2020 ൽ, ഇക്വഡോറിലെ സങ്ങായ് അഗ്‌നി പർവ്വതം പൊട്ടി. "കറുത്ത ചാരത്തിന്റെ തൂണ് 12000 മീറ്ററിലധികം ഉയർന്നു " എന്നാണ് വാർത്താചാനലുകൾ വിവരിച്ചത്. ചാരവും പൊടിയും കലർന്ന ലാവ 4 പ്രവിശ്യകളെ (ഏതാണ്ട് 1,98,000 ഏക്കർ) മൂടിക്കളഞ്ഞു. ആകാശം കറുത്തിരുണ്ടു, വായു പൊടി നിറഞ്ഞ് ശ്വാസോച്ഛ്വാസം പ്രയാസകരമാക്കി. ഫെലിസിയാനോ ഇങ്ക എന്ന കർഷകൻ എൽ കൊമേർസിയോ എന്ന പത്രത്തോട് മനുഷ്യരെ തളർത്തിക്കളയുന്ന ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "ഇത്രയധികം പൊടി എവിടുന്നു വന്നു എന്ന് ഞങ്ങൾക്കറിയില്ല ... ആകാശം കറുത്തിരുണ്ടത് കണ്ട് ഞങ്ങൾ ഭയപ്പെട്ടു പോയി. "

സീനായിപർവ്വതത്തിന്റെ താഴ്വാരത്തിൽ നിന്ന യിസ്രായേല്യരും ഇതുപോലൊരു ഭയത്തിലൂടെ കടന്നു പോയി: " അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവതം ആകാശമധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു. " (ആവ. 4:11) ദൈവത്തിന്റെ ശബ്ദം മുഴങ്ങി, ജനം പേടിച്ച് വിറച്ചു. അത് ഭയാനകമായിരുന്നു.. ജീവനുള്ള ദൈവത്തെ അഭിമുഖീകരിക്കുന്നത് ജനത്തെ തളർത്തിക്കളയുന്ന വിധം ഭയങ്കരമായിരുന്നു.

"യഹോവ ... അരുളിച്ചെയ്തു " എന്നാൽ " .. ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല" ( വാ . 12 ) അവരുടെ അസ്ഥികളെ വിറപ്പിച്ച ശബ്ദം അവർക്ക് ജീവനും പ്രത്യാശയും നൽകുന്നതുമായിരുന്നു. ദൈവം യിസ്രായേലിന് പത്തു കല്പനകൾ നൽകുകയും അവരുമായുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. അന്ധതമസ്സിൽ നിന്നുള്ള ശബ്ദം അവരെ വിറപ്പിക്കുക മാത്രമല്ല, മത്സര ബുദ്ധികളായ അവരോട് സ്നേഹ ഭാഷണം നടത്തുകയുമായിരുന്നു. (പുറ.34:6-7)

ദൈവം നമുക്ക് ഗ്രഹിച്ചു കൂടാത്തവിധം ശക്തനും ഭയങ്കരനുമാണ്. അതേസമയം സ്നേഹം നിറഞ്ഞവനും എല്ലായ്പ്പോഴും നമുക്ക് സമീപസ്ഥനുമാണ്. സർവ്വശക്തനും സ്നേഹ സമ്പൂർണ്ണനുമായ ഒരു ദൈവം എന്നതാണ് നമ്മുടെയെല്ലാം ഏറ്റവും അനിവാര്യമായ ആവശ്യം.

ഒന്നിനും വേർപിരിക്കാനാവില്ല

ഒരു പാസ്റ്ററായിരുന്ന പ്രിസിന്റെ പിതാവ്, ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപിൽ മിഷണറിയായി പോകുവാനുള്ള ദൈവവിളി അനുസരിച്ചപ്പോൾ, അവരുടെ കുടുംബം താമസിച്ചത് വളർത്തുമൃഗങ്ങളെ കെട്ടാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ ഷെഡിലായിരുന്നു. ഒരിക്കൽ അവരുടെ കുടുംബം ക്രിസ്തുമസ്  ആഘോഷിക്കുവാനായി നിലത്തിരുന്ന് പാട്ടുപാടി സ്തുതിച്ചുകൊണ്ടിരുന്നപ്പോൾ പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങിയത് പ്രിസ് ഓർക്കുന്നു. അപ്പോൾ അവളുടെ പിതാവ് അവളെ ഓർമ്മപ്പെടുത്തി: "പ്രിസ്, നമ്മൾ ദരിദ്രരാണ് എന്നതുകൊണ്ട് ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്ന് അർത്ഥമില്ല".

 ധാരാളം സമ്പത്തും ആരോഗ്യവും ദീർഘായുസ്സും ഒക്കെയുള്ളതിനെയാണ് ചിലർ ദൈവാനുഗ്രഹമുള്ള ജീവിതമായി കാണുന്നത്. അതുകൊണ്ട് തന്നെ, പ്രയാസഘട്ടങ്ങളിൽ ദൈവം തങ്ങളെ സ്നേഹിക്കുന്നില്ലേയെന്ന് അവർ സന്ദേഹിക്കും. എന്നാൽ റോമർ 8:31-39 ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് കഷ്ടതയോ പട്ടിണിയോ നഗ്നതയോ ആപത്തോ ഉപദ്രവമോ യാതൊന്നിനും യേശുവിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റുവാൻ കഴിയുകയില്ല എന്നാണ് (വാ.35). ഇതാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന്റെ അടിസ്ഥാനം: ദൈവം തന്റെ പുത്രനായ യേശുവിനെ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിക്കാൻ അയച്ചതിലൂടെ നമ്മോടുള്ള സ്നേഹം പ്രകടമാക്കി. (വാ.32) ക്രിസ്തു മരിച്ചവരിൽ നിന്നുയിർത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യാനായി "പിതാവിന്റെ വലത്തുഭാഗത്ത് " ഇരിക്കുകയാണ്. (വാ.34)

നമ്മുടെ പ്രയാസ വേളകളിൽ, ക്രിസ്തു നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലാണ് നമ്മുടെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന സത്യത്തെ മുറുകെപ്പിടിച്ച് ആശ്വാസം പ്രാപിക്കാം. യാതൊന്നിനും - "മരണത്തിനോ ജീവനോ ... മറ്റ് യാതൊരു സൃഷ്ടിക്കോ" ( വാ. 8,39) - ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കാൻ കഴിയില്ല. നമ്മുടെ സാഹചര്യം ഏതുമാകട്ടെ, പ്രതിസന്ധി ഏതുമാകട്ടെ, ദൈവം നമ്മോടു കൂടെയുണ്ട് എന്നും യാതൊന്നിനും നമ്മെ ദൈവവുമായി വേർപിരിക്കാനാകില്ല എന്നും നമുക്ക് മറക്കാതിരിക്കാം.

ദൈവത്തിന്റെ അതിശയകരമായ സൃഷ്ടി

ഒരു വേനൽക്കാലത്തു സമീപത്തുള്ള പുഴയുടെ തീരത്തുകൂടി ഭാര്യയും ഞാനും കൂടി നടത്തിയ ഒരു സാധാരണ നടത്തം പ്രത്യേക അനുഭൂതി നല്കുന്നതായിരുന്നു. പരിചിതരായ ചില "സുഹൃത്തുക്കൾ" തിരതല്ലുന്ന വെള്ളത്തിൽ ഒരു തടിക്കഷണത്തിന്റെ മുകളിൽ ഇരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു -അഞ്ചാറ് വലിയ ആമകൾ വെയിൽ കൊള്ളുതായിരുന്നു അത്. കുറെ മാസങ്ങളായി കാണാതിരുന്ന അവയെ വീണ്ടും കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. ആ നല്ല കാഴ്ചയിൽ ആനന്ദിച്ചു കൊണ്ട് ഞങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയെയോർത്തു.

ദൈവം ഇയ്യോബിനെ ഇതുപോലെ പ്രകൃതിയിലൂടെ ഒന്ന് നടത്തി. (ഇയ്യോ.38 കാണുക ) അസ്വസ്ഥനായ ആ മനുഷ്യന് തന്റെ ഈ അവസ്ഥയെക്കുറിച്ചു സ്രഷ്ടാവായ ദൈവത്തിൽ നിന്ന് ഒരു ഉത്തരം ആവശ്യമായിരുന്നു (വാ.1 ) തന്നോടുകൂടെ, ദൈവത്തോടുകൂടെ അവിടുത്തെ സൃഷ്ടിയിലൂടെയുള്ള യാത്രയിൽ  ഇയ്യോബിന് ആവശ്യമായ പ്രചോദനം ലഭിച്ചു.

ദൈവം പ്രപഞ്ചത്തിന്റെ ഈ ബ്രഹത്തായ രൂപകല്പന കാണിച്ചു കൊടുത്തപ്പോൾ ഇയ്യോബിനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. ഇയ്യോബിന് ഈ പ്രപഞ്ചത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരണം ലഭിച്ചു: " പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു ?" (വാ.6, 7) സമുദ്രങ്ങൾക്ക് ദൈവം കല്പിച്ചാക്കിയിരിക്കുന്ന അതിരുകളെക്കുറിച്ചു ഒരു ഭൂമിശാസ്ത്ര പാഠവും.(വാ.11) ഇയ്യോബിന് ലഭിച്ചു.

സ്രഷ്ടാവ്, താൻ സൃഷ്ടിച്ച വെളിച്ചത്തെക്കുറിച്ചും പെയ്യിക്കുന്ന മഞ്ഞിനെക്കുറിച്ചും ചെടികളെ പുഷ്ടിപ്പെടുത്തുന്ന മഴയെക്കുറിച്ചും (വാ.19 - 28 ) ഇയ്യോബിന് അറിവ് പകർന്നു. നക്ഷത്രസമൂഹങ്ങളെ ശൂന്യവിഹായസ്സിൽ നിരത്തിയതിനെക്കുറിച്ച് സ്രഷ്ടാവിൽ നിന്ന് തന്നെ ഇയ്യോബിന് അറിവ് ലഭിക്കുകയായിരുന്നു. (വാ. 31,32)

അവസാനം ഇയ്യോബ് പ്രതികരിച്ചു: "നിനക്ക് സകലവും കഴിയുമെന്നും..ഞാൻ അറിയുന്നു" (42:2) ഈ പ്രപഞ്ചത്തെ കാണുമ്പോൾ, സർവ്വജ്ഞാനിയും അത്ഭുതവാനുമായ അതിന്റെ സ്രഷ്ടാവിനോടുള്ള ബഹുമാനത്തിൽ നമുക്കായിരിക്കാം!

സുവാർത്ത

1941 ൽ, ഹിറ്റ്ലറുടെ വാഴ്ച യുറോപ്പിലെമ്പാടും വ്യാപിച്ചുകൊണ്ടിരുന്നപ്പോൾ, നോവലിസ്റ്റ് ജോൺ സ്റ്റീൻബെക്കിനോട് (ഒരു അമേരിക്കൻ നോവലിസ്റ്റ്) യുദ്ധകാര്യങ്ങളിൽ സഹകരിക്കാൻ അഭ്യർത്ഥിച്ചു. ഇത് യുദ്ധമുന്നണിയിൽ പോയി പോരാടാനായിരുന്നില്ല, മറിച്ച്, ഒരു കഥ എഴുതാനായിരുന്നു. അങ്ങനെയാണ് “ദ മൂൺ ഈസ് ഡൗൺ” എന്ന നോവൽ പിറന്നത്: സമാധാനത്തോടെ കഴിഞ്ഞ ഒരു നാട്ടിനെ ഒരു ദുഷ്ടഭരണം കീഴടക്കുന്നതായിരുന്നു പ്രമേയം. ഭൂഗർഭ പ്രസ്സുകളിൽ അച്ചടിക്കപ്പെട്ട പുസ്തകം നാസികളുടെ നിയന്ത്രണത്തിലായ രാജ്യങ്ങളിലൊക്കെ രഹസ്യമായി വിതരണം ചെയ്യപ്പെട്ടു. സഖ്യകക്ഷികൾ എത്തിക്കൊണ്ടിരുന്ന സമയം നോവലിലെ കഥാപാത്രങ്ങളെ അനുകരിച്ച് വായനക്കാർക്ക് സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കാൻ നോവൽ പ്രചോദനമായി. ജർമ്മനിയുടെ ഭരണത്തിലായിരുന്ന ജനതക്ക് “ദ മൂൺ ഈസ് ഡൗൺ” ലൂടെ എഴുത്തുകാരൻ ഒരു സുവാർത്ത നൽകുകയായിരുന്നു - മോചനം അടുത്തെത്തി എന്ന്.

ഈ കഥയിലെ കഥാപാത്രങ്ങളെപ്പോലെ, ഒന്നാം നൂറ്റാണ്ടിലെ യഹൂദരും റോമിന്റെ മൃഗീയ ഭരണത്തിൻ കീഴിൽ അമർന്ന് കഴിയുകയായിരുന്നു. എന്നാൽ ഒരു "മിത്രത്തെ" അയച്ച് അവരെ വിടുവിക്കുമെന്നും ലോകത്തിന് സമാധാനം കൊണ്ടുവരും എന്നും ദൈവം അവരോട് നൂറ്റാണ്ടുകൾക്കു മുമ്പ് വാഗ്ദത്തം ചെയ്തിരുന്നു. (യെശ.11) ഈ മിത്രം വന്നപ്പോൾ ആനന്ദം പൊട്ടിപ്പുറപ്പെട്ടു. "ഞങ്ങൾ നിങ്ങളോട് സുവിശേഷിച്ചിരിക്കുന്നു " പൗലോസ് പറഞ്ഞു. "ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു " (അപ്പോ.പ്രവൃത്തി 13:32-33). യേശുവിന്റെ ഉയിർപ്പിലൂടെയും പാപമോചന വാഗ്ദാനത്തിലൂടെയും ലോകത്തിന്റെ യഥാസ്ഥാപനം ആരംഭിച്ചു (വാ. 38-39; റോമ. 8:21 ).

അന്നു മുതൽ, സ്വീകരിക്കപ്പെട്ടിടത്തെല്ലാം സമാധാനവും സ്വാതന്ത്ര്യവും പ്രദാനം ചെയ്തുകൊണ്ട് ഈ കഥ ഭൂഗോളം മുഴുവൻ പരന്നിരിക്കുന്നു. യേശു മരിച്ചവരുടെയിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. തിന്മയിൽ നിന്നും പാപത്തിൽ നിന്നുമുള്ള നമ്മുടെ മോചനം ആരംഭിച്ചു. അവനിൽ നാം സ്വതന്ത്രരായിത്തീർന്നു!

നിങ്ങൾ തനിച്ചല്ല.

“താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം!” “താങ്കളെയും!” “എത്ര സന്തോഷമാണ് നിങ്ങളെ കാണുന്നതിൽ!” വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. മറ്റൊരു പട്ടണത്തിൽ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്നവർ അവരുടെ വൈകുന്നേരത്തെ പ്രോഗ്രാമിനു മുമ്പ് ഓൺലൈനായി ഒരുമിച്ച് കൂടിയതാണ്. പ്രസംഗകൻ വന്നു ചേരുന്നതിനു മുമ്പ് മറ്റുള്ളവർ വീഡിയോ കോൾ വഴി അഭിവാദ്യം ചെയ്യുന്നത് ഞാൻ നിശബ്ദനായി ശ്രദ്ധിക്കുകയായിരുന്നു. സ്വതവേ അന്തർമുഖനായതുകൊണ്ടും ഇതിലാരെയും എനിക്ക് പരിചയമില്ലാതിരുന്നതിനാലും ഒരു അന്യനായിട്ട് എനിക്ക് തോന്നി. പെട്ടെന്നാണ് പുതിയൊരു സ്ക്രീനിൽ എന്റെ പാസ്റ്ററെ കണ്ടത്. ഉടനെ തന്നെ സഭയിലെ എന്റെ ഒരു സുഹൃത്തും പ്രവേശിച്ചു. അവരെ കണ്ടതോടെ ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ മാറി. ദൈവം എനിക്ക് തുണ അയച്ചതു പോലെ തോന്നി.

ആഹാബിന്റെയും ഇസബെലിന്റേയും കോപത്തിൽ നിന്ന് ഏലിയാവിനും “പ്രവാചകരിൽ താൻ മാത്രം അവശേഷിച്ചിരിക്കുന്നു” എന്ന് തോന്നിയെങ്കിലും, ഏലിയാവ് ഒറ്റക്കായിരുന്നില്ല(1 രാജ.19:10). നാല്പത് രാവും നാല്പത് പകലും മരുഭൂമിയിലൂടെ സഞ്ചരിച്ച് ഏലിയാവ് ഹോരേബ് മലയിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നു. എന്നാൽ ദൈവം അവനെ ശുശ്രൂഷയിലേക്ക് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു, “നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്യുക. നിംശിയുടെ മകനായ യേഹുവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം; ആബേൽ - മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്യുകയും വേണം”(വാ.15, 16 ).

ദൈവം അവനെ ബോധ്യപ്പെടുത്തിയത്: “എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”(വാ.18). ദൈവത്തെ സേവിക്കുന്നതിൽ നാം ഒററക്കല്ല എന്നാണ് ഏലിയാവിനെപ്പോലെ നാമും പഠിക്കുന്നത്. ദൈവം സഹായം ഒരുക്കുന്നതിനാൽ നമ്മൾ ഒരുമിച്ച് അവനെ സേവിക്കുന്നു.