നാം ആരാധിക്കുന്നിടത്തെല്ലാം
കടുത്ത തലവേദനയും ക്ഷീണവും കാരണം എന്റെ സഭാ ആരാധനയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല. കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതിന്റെ ദുഃഖത്തിൽ ഞാൻ ഒരു ഓൺലൈൻ പ്രസംഗം കേട്ടു. ആദ്യം തന്നെ, അതിലെ കുറവുകൾ എന്നെ മുഷിപ്പിച്ചു. അതിലെ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതക്കുറവ് എന്നെ അലോസരപ്പെടുത്തി. എന്നാൽ, ആ വീഡിയോയിലെ ശബ്ദം വളരെ പരിചിതമായ ഒരു പഴയ ഗീതം ആലപിച്ചു. ആ വരികൾ പാടിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി: "എന്റെ ഹൃദയത്തിന്റെ കർത്താവേ, നീ എന്റെ ദർശനമാകുക. നീയല്ലാതെ മറ്റൊന്നും എനിക്ക് മതിയാകില്ല. പകലിലും രാത്രിയിലും,ഉണരുമ്പോഴും ഉറങ്ങുമ്പോഴും നീയാണെന്റെ ചിന്ത, നിന്റെ സാന്നിദ്ധ്യം എന്റെ വെളിച്ചം" ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എന്റെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഞാൻ അവനെ ആരാധിച്ചു.
ഒന്നിച്ചു കൂടിയുള്ള ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ദൈവവചത്തിൽ പറയുമ്പോഴും ( എബ്രായർ 10:25), ദൈവം ഒരു സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ല. ശമര്യ സ്ത്രീയുമായി കിണറ്റിന്റെ അരികിൽ വച്ചു യേശു നടത്തിയ സംഭാഷണത്തിൽ, മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും അവിടുന്ന് വെല്ലുവിളിച്ചു (യോഹ.4:9). അവളെ കുറ്റം വിധിക്കുന്നതിനു പകരം, കിണറിന്റെ അരികെ നിന്ന അവളോട് യേശു സത്യം സംസാരിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്തു (വാ.10). അവിടുത്തെ മക്കളെക്കുറിച്ചുള്ള പരിജ്ഞാനവും അടുപ്പവും അവിടുന്ന് വെളിപ്പെടുത്തി (വാ.17-18). പരിശുദ്ധാത്മാവിലുള്ള സത്യാരാധന ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നാവണം, മറിച്ച് ഭൗതികമായ ഒരു പ്രത്യേക സ്ഥലത്തുനിന്നല്ല എന്ന് അവിടുത്തെ ദൈവീകത പ്രഖ്യാപിക്കുന്നതിലൂടെ യേശു പ്രസ്താവിച്ചു. (വാ. 23-24)
ദൈവം ആരാണെന്നും, അവിടുന്ന് എന്താണ് ചെയ്തതെന്നും, അവിടുന്ന് എന്താണ് വാഗ്ദാനം ചെയ്തതെന്നും നാം ശ്രദ്ധിച്ചാൽ, നമുക്ക് മറ്റു വിശ്വാസികളോടൊപ്പമോ, സ്വീകരണമുറിലോ എവിടെവേണമെങ്കിലും, ഇരുന്നു അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ആരാധിക്കുവാൻ കഴിയും.

ക്ഷയിച്ചുപോകൽ
എന്റെ തൊണ്ടയിൽ ഒരു ഇക്കിളായാണ് അത് ആരംഭിച്ചത്. ആ ഇക്കിളി ഒരു ജലദോഷമായി മാറി. ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ആരംഭമായിരുന്നു അത്. ജലദോഷം രൂപമാറ്റം വന്ന് ഒരു വില്ലൻ ചുമയായും- അത് പിന്നീട് ന്യൂമോണിയയായും മാറി.
എട്ട് ആഴ്ചത്തെ പുറം പൊളിയുന്ന ചുമ (വില്ലൻചുമ എന്ന് അതിനെ വെറുതെ വിളിക്കുന്നതല്ല) എന്നെ വിനയമുള്ളവനാക്കി. എന്നെ ഞാനൊരു വൃദ്ധനായി കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള ചിന്ത ആരംഭിക്കുവാനുള്ള പ്രായം എനിക്കായി. നമുക്ക് പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് എന്റെ സഭയിലെ ചെറിയ ഗ്രൂപ്പിലെ ഒരംഗം സരസമായി വിളിക്കുന്ന പേരാണ്: "ക്ഷയിച്ചുപോകൽ". എന്നാൽ "പ്രാവർത്തികമായി" നോക്കുമ്പോൾ ക്ഷയിച്ചുപോകൽ അത്ര തമാശയല്ലതാനും.
2 കൊരിന്ത്യർ 4- ൽ അപ്പോസ്തലനായ പൗലോസ് ഇത്തരം ചുരുങ്ങലുകളെപ്പറ്റി തന്റേതായ ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ അധ്യായം തനിക്കും കൂട്ടാളികൾക്കുമുണ്ടായ പീഡനങ്ങൾ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കനത്ത ദുരിതങ്ങൾ ഏൽക്കേണ്ടി വന്നു. "ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു" എന്ന് താൻ സമ്മതിക്കുന്നു. എന്നാൽ പ്രായത്താലും, പീഡനങ്ങളാലും കഠിനമായ അവസ്ഥകളാലും പ്രയാസപ്പെടുമ്പോഴും തന്റെ പ്രത്യാശ അദ്ദേഹം മുറുകെപ്പിടിച്ചു: "ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു."(വാ.16) "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടത്തെ" "അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനവുമായി" താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല( വാ.17).
ഇന്ന് രാത്രിയിൽ ഞാനിത് എഴുതുമ്പോൾ തന്നെ "ക്ഷയിച്ചുപോകൽ" എന്റെ നെഞ്ച് ഞെരുക്കുന്നു. എന്നാൽ ക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുന്ന എന്റെയോ മറ്റൊരാളുടെയോ ജീവിതത്തിൽ ഇവയ്ക്ക് യാതൊരു സ്വാധീനവുമില്ല എന്ന് മനസിലാക്കുന്നു.

കൗമാരത്തിലെ വിശ്വസം.
മാതാപിതാക്കളിലും മക്കളിലും ഒരുപോലെ ഉത്കണ്ഠ ഉളവാക്കുന്ന ഒരു കാലഘട്ടമാണ് കൗമാരപ്രായം. എന്റെ കൗമാര പ്രായത്തിൽ എന്റെ മാതാവിൽ നിന്നും "വിഭിന്നയായ ഒരു വ്യക്തിയാകുവാൻ" ഞാൻ അവർ പറഞ്ഞ മൂല്യങ്ങളെയും നിയമങ്ങളെയും പൂർണ്ണമായും തള്ളിക്കളഞ്ഞു. അവയെല്ലാം എന്റെ ജീവിതം ദുരിതപൂർണ്ണമാക്കും എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഈ കാര്യങ്ങളൊക്കെ അംഗീകരിക്കേണ്ടി വന്നെങ്കിലും ആ പ്രത്യേക സമയം ഞങ്ങളിൽ പിരിമുറുക്കം ഉളവാക്കി. എന്നിലെ നിഷേധ സ്വഭാവം എന്നിൽ മാനസികവും ശാരീരികവുമായ വേദന ഉളവാക്കും എന്നറിയാവുന്നതിനാൽ എന്റെ മാതാവ് എന്നെയോർത്തു വിലപിക്കുമായിരുന്നു.
ദൈവത്തിനും അവിടുത്തെ മക്കളായ ഇസ്രയേലിനോട് ഇതേ ഹൃദയമാണുള്ളത്. പത്തു കല്പനകളിലൂടെ ജീവിക്കുവാനാവശ്യമായ ജ്ഞാനം ദൈവം അവർക്ക് പകർന്ന് നൽകി ( ആവർത്തനം 5:7-21). ഇതിനെ ഒരു കൂട്ടം നിയമങ്ങളായി കാണാമെങ്കിലും "അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ" എന്ന് ദൈവം മോശെയോടു സംസാരിച്ചതിലൂടെ അവിടുത്തെ ഉദ്ദേശം വ്യക്തമാകുന്നു. ദൈവത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മോശെ, ദൈവകല്പന അനുസരിക്കുന്നതിലൂടെ അവരുടെ വാഗ്ദത്ത ദേശത്തു ദൈവസാന്നിധ്യം ആസ്വദിക്കുവാൻ കഴിയും എന്ന് പറയുന്നു ( വാ.33).
നമ്മുടെ നന്മക്കായുള്ള അവിടെത്തെ നിർദ്ദേശങ്ങളെ ആശ്രയിക്കാതെ നാമെല്ലാവരും ദൈവത്തോടൊപ്പം ഒരു "കൗമാരകാലത്തിലൂടെ" പോയിട്ടുണ്ട്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ചത് എന്താണ് എന്ന് അവിടുന്ന് അറിയുന്നതിനാൽ അവിടുന്നു നൽകുന്ന ജ്ഞാനത്തിൽ ആശ്രയിക്കുവാൻ നമുക്ക് വളരാം. നാം യേശുവിനെപ്പോലെ ആയിത്തീരുന്ന ഒരു ആത്മീയ പക്വതയിലേക്കാണ് അവിടുത്തെ നിർദ്ദേശങ്ങൾ നമ്മെ നയിക്കുന്നത് ( സങ്കീർത്തനം 119:97-104;എഫെസ്യർ 4:15, 2 പത്രോസ് 3:18).

നിങ്ങളുടെ പേരെന്താണ്?
നമ്മുടെ ജീവിതത്തിൽ നമുക്ക് മൂന്ന് പേരുകൾ ഉണ്ടാകുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്: നമ്മുടെ മാതാപിതാക്കൾ നൽകിയ പേര്, മറ്റുള്ളവർ നമുക്ക് നൽകിയ പേര് ( നമ്മുടെ സൽപ്പേര്), നാം നമുക്ക് തന്നെ നൽകിയ പേര് (നമ്മുടെ വ്യക്തിത്വം). മറ്റുള്ളവർ നമുക്ക് നൽകുന്ന പേര് പ്രധാനപ്പെട്ടതാണ് കാരണം, "അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്" (സദൃശവാക്യങ്ങൾ 22:1). എന്നാൽ സൽപ്പേര് പ്രധാനമായിരിക്കുന്നതുപോലെ തന്നെ വ്യക്തിത്വവും സുപ്രധാനമാണ്.
ഇതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊരു പേരുണ്ട്. പെർഗമോസിലെ ക്രിസ്ത്യാനികളോട് യേശു പറഞ്ഞു നിങ്ങളുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എങ്കിലും, എതിർത്ത് നിൽക്കുകയും വിജയ്ക്കുകയും ചെയ്യുന്നവർക്കായി അവിടുന്ന് സ്വർഗത്തിൽ ഒരു പുതിയ പേര് സൂക്ഷിച്ചിരിക്കുന്നു. "ജയിക്കുന്നവനു .......... ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." (വെളിപ്പാട് 2:17)
യേശു എന്തിനാണ് നമുക്ക് ഒരു വെള്ളക്കല്ല് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നറിയില്ല. അത് ജയിക്കുന്നവർക്ക് നൽകുന്ന ഒരു സമ്മാനമാണോ? മിശിഹായുടെ കല്യാണ വിരുന്നിൽ പ്രവേശനത്തിനുള്ള ഒരു അടയാളമാണോ? ഒരു പക്ഷെ കുറ്റവിമോചനത്തിനായി വിധികർത്താക്കൾ ഉപയോഗിച്ചിരുന്ന മാർഗ്ഗത്തിന് സമാനമാകാം അത്. നമുക്കറിയില്ല. അതെന്തുതന്നെ ആയിരുന്നാലും, നമ്മുടെ പുതിയ പേര് നമ്മുടെ നിന്ദയെ കഴുകിക്കളയുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (യെശയ്യാവ് 62:1 -5 കാണുക).
നമ്മുടെ സൽപ്പേര് ജീർണിക്കയും നമ്മുടെ വ്യക്തിത്വം പുനർനിർമ്മിക്കുവാൻ കഴിയാത്തതുപോലെയും ആകാം. എന്നാൽ ഈ പേരുകളൊന്നുമല്ല നമ്മെ നിർവചിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ വിളിക്കുന്നതോ നിങ്ങൾ സ്വയം വിളിക്കുന്നതോ പ്രധാനമല്ല. യേശു നിങ്ങളെക്കുറിച്ചു എന്ത് പറയുന്നോ അതാണ് നിങ്ങൾ. നിങ്ങളുടെ പേരിനെ അന്വർത്ഥമാക്കുക.

നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം
ഭക്ഷണമേശയ്ക്കരികിലിരുന്ന്, എനിക്കു ചുറ്റുമുള്ള സന്തോഷമുളവാക്കുന്ന അലങ്കോലങ്ങൾ ഞാൻ നോക്കി. അമ്മായിമാർ, അമ്മാവന്മാർ, കസിനുകൾ, അനന്തരവർ, മരുമക്കൾ എന്നിവർ ഭക്ഷണം ആസ്വദിക്കുകയും ഞങ്ങളുടെ കുടുംബ പുനഃസമാഗമത്തെ ഒരുമിച്ച് സന്തോഷിക്കുകയും ചെയ്തു. ഞാനും അതെല്ലാം ആസ്വദിക്കുകയായിരുന്നു. എന്നാൽ ഒരു ചിന്ത എന്റെ ഹൃദയത്തെ തുളച്ചു: കുട്ടികളില്ലാത്ത, സ്വന്തമെന്നു വിളിക്കാൻ കുടുംബമില്ലാത്ത ഒരേയൊരു സ്ത്രീ നീ മാത്രമാണ്.
എന്നെപ്പോലെ അവിവാഹിതരായ പല സ്ത്രീകൾക്കും സമാനമായ അനുഭവങ്ങളുണ്ട്. എന്റെ സംസ്കാരത്തിൽ, വിവാഹത്തെയും കുട്ടികളെയും വളരെയധികം വിലമതിക്കുന്ന ഒരു ഏഷ്യൻ സംസ്കാരത്തിൽ, സ്വന്തമായി ഒരു കുടുംബം ഇല്ലാത്തത് അപൂർണ്ണതയുടെ ഒരു പരിവേഷമാണു നൽകുന്നത്. നിങ്ങൾ ആരാണെന്ന് നിർവചിക്കുകയും നിങ്ങളെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്ന ഒന്ന് നിങ്ങൾക്കില്ലെന്നാണതിനർത്ഥം.
അതുകൊണ്ടാണ് ദൈവം എന്റെ ''ഓഹരി'' എന്ന സത്യം എന്നെ ആശ്വസിപ്പിക്കുന്നത് (സങ്കീർത്തനം 73:26). യിസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭൂമി അനുവദിച്ചു നൽകിയപ്പോൾ, പുരോഹിത ഗോത്രമായ ലേവിക്ക് ഒന്നും ലഭിച്ചില്ല. പകരം, ദൈവം അവരുടെ ഓഹരിയും അവകാശവും ആയിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (ആവർത്തനം 10:9). അവർക്ക് അവനിൽ പൂർണ്ണ സംതൃപ്തി കണ്ടെത്താനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അവനിൽ ആശ്രയിക്കാനും കഴിഞ്ഞു.
നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം, ഇല്ലായ്മ എന്ന ബോധത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. ഒരുപക്ഷേ ഒരു മികച്ച ജോലിക്കോ ഉയർന്ന വിദ്യാഭ്യാസ നേട്ടത്തിനോ വേണ്ടി നാം ആഗ്രഹിക്കുന്നു. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവത്തെ നമ്മുടെ ഓഹരിയായി സ്വീകരിക്കാൻ നമുക്കു കഴിയും. അവൻ നമ്മെ സമ്പൂർണ്ണരാക്കുന്നു. അവനിൽ നമുക്ക് ഒന്നിനും കുറവില്ല.
