Category  |  odb

ഏറ്റവും മികച്ച സിംഫണി

എക്കാലത്തെയും ഏറ്റവും മികച്ചതെന്ന് അവര്‍ കരുതുന്ന ഇരുപതു സിംഫണികള്‍ തിരഞ്ഞെടുക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നൂറ്റിയമ്പത്തിയൊന്നു സംഗീതജ്ഞരോട് ഒരു പ്രമുഖ ഇംഗ്ലീഷ് മാഗസിന്‍ ആവശ്യപ്പെട്ടപ്പോള്‍, ബീഥോവന്റെ രചനകളാണ് ഒന്നാം സ്ഥാനത്തു വന്നത്. ''വീരോചിതം''  എന്നര്‍ത്ഥം വരുന്ന രചന, ലോകമെമ്പാടും രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്ക്കുന്നതിനിടയിലാണ് എഴുതപ്പെട്ടത്. അതിലെല്ലാമുപരി, ബീഥോവന്റെ കേഴ്‌വിശക്തി ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനെത്തുടര്‍ന്നുണ്ടായ സ്വന്തം പോരാട്ടത്തില്‍ നിന്നുമാണ് ഇതു പുറത്തുവന്നത്. വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യനായിരിക്കുന്നതും ജീവനോടിരിക്കുന്നതും കൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പ്രകടിപ്പിക്കുന്ന വികാരത്തിന്റെ തീവ്രമായ ചാഞ്ചാട്ടത്തെയാണ് സംഗീതം വെളിവാക്കുന്നത്. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വന്യമായ ചാഞ്ചാട്ടത്തിലൂടെയും തുടര്‍ന്നുള്ള വിജയത്തിലൂടെയും ബീഥോവന്റെ മൂന്നാം സിംഫണി, മനുഷ്യാത്മാവിനുള്ള കാലാതീതമായ ശ്രദ്ധാഞ്ജലിയായി കണക്കാക്കപ്പെടുന്നു.

കൊരിന്ത്യര്‍ക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം, സമാനമായ കാരണങ്ങളാല്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. സംഗീത സ്‌കോറുകളെക്കാള്‍ വ്യത്യസ്തമായി പ്രചോദനാത്മകമായ വാക്കുകളിലൂടെ, അത് അനുഗ്രഹത്തില്‍ ഉച്ചസ്ഥായിയിലാകുകയും (1:4-9), ആത്മാവിനെ തകര്‍ക്കുന്ന സംഘര്‍ഷത്തിന്റെ സങ്കടത്തില്‍ താഴുകയും ചെയ്യുന്നു (11:17-22), ഒപ്പം പരസ്പര നന്മയ്ക്കും ദൈവത്തിന്റെ മഹത്വത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വരലബ്ധരായ ആളുകളുടെ ഐക്യത്തില്‍ വീണ്ടും ഉയരുകയും ചെയ്യുന്നു (12:6-7).

ദൈവാത്മാവിനുള്ള ആദരവായി നമ്മുടെ ആത്മാവിന്റെ വിജയത്തെ ഇവിടെ നാം കാണുന്നു എന്നതാണ് വ്യത്യാസം. ക്രിസ്തുവിന്റെ വിവരണാതീതമായ സ്‌നേഹം ഒരുമിച്ചനുഭവിക്കാന്‍ പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നതോടൊപ്പം, നമ്മുടെ പിതാവിനാല്‍ വിളിക്കപ്പെട്ടവരും തന്റെ പുത്രനാല്‍ നയിക്കപ്പെട്ടവരും തന്റെ ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവരുമായി നമ്മെത്തന്നെ കാണാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഇതു ശബ്ദമുണ്ടാക്കുന്നതിനുവേണ്ടിയല്ല, ഏറ്റവും വലിയ സിംഫണിയിലേക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന നല്‍കുന്നതിനുവേണ്ടിയാണ്.

ദൈവത്തിന്റെ സഹായം തേടുക

1800-കളുടെ അവസാനത്തെ അഞ്ചുവര്‍ഷക്കാലം, വെട്ടുക്കിളികള്‍ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചു. കര്‍ഷകര്‍ വെട്ടുക്കിളികളെ ടാറില്‍ കുടുക്കി നശിപ്പിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുന്നതിനായി വയലുകള്‍ക്കു തീയിടുകയും ചെയ്തു. നിരാശിതരും, പട്ടിണിയുടെ വക്കിലെത്തിയവരുമായി, അനേകയാളുകള്‍ ഒന്നിച്ച് ദൈവത്തിന്റെ സഹായം തേടാന്‍ ആഗ്രഹിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. ഗവര്‍ണര്‍ സമ്മതിക്കുകയും ഏപ്രില്‍ 26 പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിക്കുകയും ചെയ്തു.

കൂട്ടായ പ്രാര്‍ത്ഥന കഴിഞ്ഞുള്ള ദിവസങ്ങളില്‍, കാലാവസ്ഥ ചൂടുള്ളതാകുകയും മുട്ടകള്‍ വിരിയുകയും ചെയ്തു. എന്നാല്‍ നാലു ദിവസത്തിനുശേഷം താപനിലയിലുണ്ടായ ഇടിവ് പലരെയും ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു, കാരണം തണുത്തുറഞ്ഞ താപനില ലാര്‍വകളെ നശിപ്പിച്ചു. ജനങ്ങള്‍ക്കു വീണ്ടും ചോളം, ഗോതമ്പ്, ഓട്‌സ് എന്നിവ വിളവെടുക്കാന്‍ കഴിഞ്ഞു.

യെഹോശാഫാത്ത് രാജാവിന്റെ ഭരണകാലത്ത് ദൈവജനത്തെ രക്ഷിച്ചതിനു പിന്നിലും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. തനിക്കെതിരെ ഒരു വലിയ സൈന്യം വരുന്നുണ്ടെന്നു രാജാവ് അറിഞ്ഞപ്പോള്‍, പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും അദ്ദേഹം ദൈവജനത്തെ വിളിച്ചുകൂട്ടി. കഴിഞ്ഞ കാലങ്ങളില്‍ ദൈവം അവരെ രക്ഷിച്ചതെങ്ങനെയെന്ന് ആളുകള്‍ ദൈവത്തെ ഓര്‍മ്മപ്പെടുത്തി. ''ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു ... നിലവിളിക്കുകയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും'' (2 ദിനവൃത്താന്തം 20:9).

ആക്രമിക്കാന്‍ വന്ന സൈന്യത്തില്‍ നിന്നു ദൈവം തന്റെ ജനത്തെ രക്ഷിച്ചു. ദുരിതത്തില്‍ നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ എന്തുതന്നെയായാലും - ഒരു ബന്ധ പ്രശ്നമോ പ്രകൃതിയില്‍ നിന്നുയരുന്ന ഭീഷണിയോ - അതു പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക. അവിടുത്തേക്ക് ഒന്നും കഠിനമല്ല.

ആധികാരിക ക്രിസ്ത്യാനിത്വം

വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ ഒരു ക്രിസ്തീയ സംഘടനയില്‍ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുകയും മദ്യം, പുകവലി, ചിലതരം വിനോദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഒരു പട്ടിക അവര്‍ എനിക്കു നല്‍കുകയും ചെയ്തു. ''ഞങ്ങളുടെ ജീവനക്കാരില്‍ നിന്ന് ക്രിസ്തീയ പെരുമാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' എന്നായിരുന്നു വിശദീകരണം. എനിക്ക് ഈ ലിസ്റ്റുമായി യോജിക്കാന്‍ കഴിയുമായിരുന്നു, കാരണം എന്റെ വിശ്വാസവുമായി പൊരുത്തപ്പെടാത്തവയായിരുന്നു അവയെല്ലാം. പക്ഷേ, എന്നിലെ താര്‍ക്കികന്‍ ചിന്തിച്ചു, എന്തുകൊണ്ട് അവര്‍ക്ക് ധാര്‍ഷ്ട്യം, വിവേകശൂന്യത, പാരുഷ്യം, ആത്മീയ നിസ്സംഗത, വിധിക്കല്‍ എന്നിവയെക്കുറിച്ച് ഒരു പട്ടികയില്ല? ഇവയൊന്നും ഇവിടെ സൂചിപ്പിച്ചിട്ടില്ല. 

യേശുവിനെ അനുഗമിക്കുന്നത് നിയമങ്ങളുടെ ഒരു പട്ടികയാല്‍ നിര്‍വചിക്കാനാവില്ല. ഇത് അളവുകൊണ്ടു കണക്കാക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ ''മനോഹരം'' എന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു സൂക്ഷ്മ ജീവിത നിലവാരമാണ്.

മത്തായി 5:3-10 ലെ ഭാഗ്യാവസ്ഥകള്‍ ആ സൗന്ദര്യത്തെ സംഗ്രഹിക്കുന്നു: യേശുവിന്റെ ആത്മാവ് ഉള്ളില്‍ വസിക്കുകയും ആത്മാവിലാശ്രയിക്കുകയും ചെയ്യുന്നവര്‍ താഴ്മയുള്ളവരും സ്വയം പുകഴ്ത്താത്തവരുമാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ അവരെ വല്ലാതെ സ്പര്‍ശിക്കുന്നു. അവര്‍ സൗമ്യരും ദയയുള്ളവരുമാണ്. തങ്ങളിലും മറ്റുള്ളവരിലും നന്മ കാണാന്‍ അവര്‍ കൊതിക്കുന്നു. പോരാടി പരാജയപ്പെടുന്നവരോട് അവര്‍ കരുണയുള്ളവരാണ്. യേശുവിനോടുള്ള സ്‌നേഹത്തില്‍ അവര്‍ ദൃഢമനസ്സുള്ളവരാണ്. അവര്‍ സമാധാനകാംക്ഷികളും സമാധാനത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകുന്നവരുമാണ്. അവരെ ദുരുപയോഗം ചെയ്യുന്നവരോട് അവര്‍ ദയ കാണിക്കുകയും തിന്മയ്ക്കു നന്മ പകരം ചെയ്യുകയും ചെയ്യുന്നു. അവര്‍ ഭാഗ്യവാന്മാരാണ്, ആഴമേറിയ അര്‍ത്ഥത്തില്‍ ''സന്തോഷം'' എന്നയര്‍ത്ഥമാണ് ആ വാക്കിന്.

ഇത്തരത്തിലുള്ള ജീവിതം മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും യേശുവിന്റെ അടുത്തു വന്ന് അവിടുത്തോട് ആവശ്യപ്പെടുന്നവര്‍ക്കു ലഭിക്കുന്നതുമാണ്.

ദൈവിക ശക്തിയുടെ പ്രദര്‍ശനം

അതൊരു മിന്നല്‍ കൊടുങ്കാറ്റായിരുന്നു, ഞാനും ആറുവയസ്സുള്ള മകളും ചില്ലുവാതിലിലൂടെ മിന്നലിന്റെ പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ''കൊള്ളാം! ദൈവം എത്ര വലിയവനാണ്'' എന്നവള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എനിക്കും അങ്ങനെ തോന്നി. ഞങ്ങള്‍ എത്ര ചെറുതാണെന്നും ദൈവം എത്ര ശക്തനാണെന്നും ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും വ്യക്തമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ വരികള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ''വെളിച്ചം പിരിഞ്ഞു പോകുന്നതും കിഴക്കന്‍കാറ്റു ഭൂമിമേല്‍ വ്യാപിക്കുന്നതും ആയ വഴി ഏത്?'' (ഇയ്യോബ് 38:24)  

ഇയ്യോബിനെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ടായിരുന്നു (വാ. 34-41). അവന്റെ ജീവിതം തകര്‍ന്നുപോയി. അവന്റെ മക്കള്‍ മരിച്ചു. അവന്‍ തകര്‍ന്നു. അവന്‍ രോഗിയായി. അവന്റെ സുഹൃത്തുക്കള്‍ ഒരു സഹാനുഭൂതിയും കാട്ടിയില്ല. വിശ്വാസം ഉപേക്ഷിക്കാന്‍ ഭാര്യ അവനെ ഉത്സാഹിപ്പിച്ചു (2:9). ഒടുവില്‍, ഇയ്യോബ് ദൈവത്തോട് ചോദിച്ചു, ''എന്തുകൊണ്ട്?'' (അ. 24). ദൈവം ഒരു കൊടുങ്കാറ്റില്‍ നിന്നുകൊണ്ടു പ്രതികരിച്ചു (അ. 38).

ലോകത്തിന്റെ ഭൗതിക ഘടകങ്ങളുടെമേലുള്ള തന്റെ നിയന്ത്രണത്തെക്കുറിച്ചു ദൈവം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചു (അ. 38). അതവനെ ആശ്വസിപ്പിച്ചു, ''ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല്‍ നിന്നെ കാണുന്നു'' (42:5) എന്നവന്‍ പ്രതികരിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ''ദൈവമേ! അങ്ങ് എന്റെ പെട്ടിയില്‍ ഒതുങ്ങുകയില്ലെന്ന് ഞാന്‍ കാണുന്നു'' എന്നാണ് ഇയ്യോബ് പറഞ്ഞത്.

ജീവിതം തകര്‍ന്നടിയുമ്പോള്‍, ചിലപ്പോള്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആശ്വാസകരമായ കാര്യം, തറയില്‍ കിടന്ന് മിന്നലിനെ വീക്ഷിക്കുക എന്നതാണ്. ലോകത്തെ സൃഷ്ടിച്ച ദൈവം നമ്മെയും പരിപാലിക്കാന്‍ തക്കവണ്ണം വലിയവനും സ്‌നേഹസമ്പന്നനും ആണെന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കും. നമ്മുടെ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും കുറിച്ചു പറയുന്ന പ്രിയപ്പെട്ട ആരാധനാ ഗാനങ്ങള്‍ ആലപിക്കാന്‍ പോലും നാം ആരംഭിച്ചേക്കാം.

ഉറപ്പായ വിസമ്മതം

രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികള്‍ ഫ്രാന്‍സ് ജയ്‌ഗെര്‍സ്റ്റെയ്റ്ററെ തിരഞ്ഞെടുത്തപ്പോള്‍, അദ്ദേഹം അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും അഡോള്‍ഫ് ഹിറ്റ്‌ലറിനോടു വ്യക്തിപരമായ കൂറു പ്രഖ്യാപിക്കുന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചു. അധികാരികള്‍ ഫ്രാന്‍സിനെ തന്റെ ഫാമിലേക്കു മടങ്ങാന്‍ അനുവദിച്ചെങ്കിലും പിന്നീട് അവര്‍ അദ്ദേഹത്തെ ഡ്യൂട്ടിക്കു വിളിപ്പിച്ചു. നാസി പ്രത്യയശാസ്ത്രത്തെ അടുത്തറിയുകയും യെഹൂദ വംശഹത്യയെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷം, ജയ്‌ഗെര്‍സ്റ്റെയ്റ്റര്‍, ദൈവത്തോടുള്ള തന്റെ വിശ്വസ്തത, നാസികള്‍ക്കുവേണ്ടി ഒരിക്കലും പോരാടാന്‍ അനുവദിക്കുന്നില്ലെന്നു തീരുമാനിച്ചു. അവര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വധശിക്ഷയ്ക്കു വിധിച്ചു. ഭാര്യയും മൂന്നു പെണ്‍മക്കളും അനാഥരായി.

വര്‍ഷങ്ങളായി, യേശുവിലുള്ള അനേകം വിശ്വാസികള്‍ - മരണഭീഷണിയുടെ നടുവിലും - ദൈവത്തോട് അനുസരണക്കേടു കാണിക്കാന്‍ കല്പിക്കുമ്പോള്‍ ഉറച്ച വിസമ്മതം രേഖപ്പെടുത്താറുണ്ട്. അത്തരമൊരു കഥയാണ് ദാനീയേലിന്റേത്. ''മുപ്പതു ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും'' (ദാനീയേല്‍ 6:12) എന്ന രാജകീയ വിളംബരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ദാനീയേല്‍ സുരക്ഷ നിരസിക്കുകയും വിശ്വസ്തത പാലിക്കുകയും ചെയ്തു. ''താന്‍ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് സ്‌തോത്രം ചെയ്തു'' (വാ. 10). എന്തു വില കൊടുക്കേണ്ടി വന്നാലും പ്രവാചകന്‍ ദൈവമുമ്പാകെ മാത്രമേ മുട്ടുകുത്തുകയുള്ളൂ.

ചിലപ്പോള്‍, നമ്മുടെ തിരഞ്ഞെടുപ്പ് വ്യക്തമാണ്. പൊതുവിലുള്ള അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കാന്‍ നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മോട് അഭ്യര്‍ത്ഥിച്ചാലും, നമ്മുടെ സ്വന്തം പ്രശസ്തി അല്ലെങ്കില്‍ ക്ഷേമം അപകടത്തിലാകുന്ന സാഹചര്യത്തിലും നാം ദൈവത്തോടുള്ള അനുസരണത്തില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ചില സമയങ്ങളില്‍, വലിയ വില കൊടുത്തും നമുക്കു വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത് ഒരു ഉറച്ച വിസമ്മതമാണ്.