Category  |  odb

ദൈവത്തിന്റെ പുനഃസ്ഥാപന വഴികള്‍

ഇംഗ്ലീഷ് സംഗീത ആല്‍ബമായ ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളിലൊന്ന് ആലപിക്കപ്പെട്ടത്, താന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും മുറിപ്പെടുത്തി എന്നു പ്രധാന കഥാപാത്രം വേദനാപൂര്‍വ്വം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ്. തിരികെ വീട്ടിലേക്കു വന്ന്, നമുക്കു ലഭ്യമായതെല്ലാം ആവശ്യത്തിലധികമാണെന്നു കണ്ടെത്തുന്നതിന്റെ സന്തോഷമാണ് ഗാനം ആഘോഷിക്കുന്നത്.

ഹോശേയയുടെ പുസ്തകം സമാനമായ സ്വരത്തിലാണ് അവസാനിക്കുന്നത് - ദൈവം തന്നിലേക്കു മടങ്ങിവരുന്നവര്‍ക്കു നല്‍കുന്ന പുനഃസ്ഥാപനത്തിലുള്ള നിര്‍ന്നിമേഷമായ സന്തോഷവും നന്ദിയും. ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെ അവിശ്വസ്ത പങ്കാളിയുമായുള്ള പ്രവാചകന്റെ ബന്ധത്തോടു താരതമ്യപ്പെടുത്തുന്ന പുസ്തകത്തിന്റെ ഭൂരിഭാഗവും, തന്നെ സ്‌നേഹിക്കുന്നതിലും തനിക്കുവേണ്ടി ജീവിക്കുന്നതിലുമുള്ള യിസ്രായേലിന്റെ പരാജയത്തെ ഓര്‍ത്തു ദുഃഖിക്കുന്ന ദൈവത്തെ അവതരിപ്പിക്കുന്നു.

എന്നാല്‍ 14-ാം അധ്യായത്തില്‍, തങ്ങള്‍ ദൈവത്തെ ഉപേക്ഷിച്ചുകളഞ്ഞ വഴികളെക്കുറിച്ചു ഹൃദയം തകര്‍ന്നു മടങ്ങിവരുന്നവര്‍ക്കായി സൗജന്യമായി ലഭ്യമാകുന്ന ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹം, കൃപ, പുനഃസ്ഥാപനം എന്നിവയുടെ വാഗ്ദത്തം ഹോശേയ ഉയര്‍ത്തിക്കാണിക്കുന്നു (വാ. 1-3). ''ഞാന്‍ അവരുടെ പിന്‍മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; ... ഞാന്‍ അവരെ ഔദാര്യമായി സ്‌നേഹിക്കും'' (വാ. 4). നന്നാക്കാന്‍ കഴിയാതെവണ്ണം തകര്‍ന്നതായി തോന്നിയത്, ഒരിക്കല്‍ കൂടി സമ്പൂര്‍ണ്ണതയും സമൃദ്ധിയും കണ്ടെത്തും, കാരണം ദൈവകൃപ, മഞ്ഞുപോലെ, തന്റെ ജനത്തെ ''തളിര്‍ക്കുവാന്‍'' സഹായിക്കുകയും അവര്‍ ''ധാന്യം വിളയിക്കുകയും'' ചെയ്യും (വാ. 5-7). 

നാം മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴോ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നന്മയെ നിസ്സാരമായി കാണുമ്പോഴോ, നമുക്കു ലഭിച്ച നല്ല ദാനങ്ങളെ നാം എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നു കരുതുക എളുപ്പമാണ്. എന്നാല്‍ നാം താഴ്മയോടെ ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, അവിടുത്തെ സ്‌നേഹം എല്ലായ്‌പ്പോഴും നമ്മെ ആലിംഗനം ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നമ്മിലേക്കെത്തുന്നു.

മുന്‍വിധിയും ക്ഷമയും

അനീതി തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കേട്ട ശേഷം, ഒരു സഭാംഗം കരഞ്ഞുകൊണ്ടു പാസ്റ്ററെ സമീപിച്ചു, ക്ഷമ ചോദിക്കുകയും, തന്റെ മുന്‍വിധിയെത്തുടര്‍ന്ന് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ശുശ്രൂഷകനെ തങ്ങളുടെ സഭയുടെ പാസ്റ്ററായി വിളിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു സമ്മതിക്കുകയും ചെയ്തു. ''താങ്കള്‍ എന്നോടു ദയവായി ക്ഷമിക്കണം. മുന്‍വിധിയുടെയും ജാതീയതയുടെയും ചപ്പുചവറുകള്‍ എന്റെ കുട്ടികളുടെ ജീവിതത്തിലേക്കു വ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താങ്കള്‍ക്കു വോട്ടു ചെയ്തിട്ടില്ല, ഞാന്‍ ചെയ്തതു തെറ്റാണ്.'' അദ്ദേഹത്തിന്റെ കണ്ണുനീരും കുറ്റസമ്മതവും ശുശ്രൂഷകനെയും കണ്ണീരണിയിക്കുകയും അദ്ദേഹം ക്ഷമിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം, ദൈവം തന്റെ ഹൃദയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള ആ മനുഷ്യന്റെ സാക്ഷ്യം കേട്ടപ്പോള്‍ സഭ മുഴുവന്‍ സന്തോഷിച്ചു.

യേശുവിന്റെ ശിഷ്യനും ആദ്യകാല സഭയിലെ ഒരു പ്രധാന നേതാവുമായിരുന്ന പത്രൊസിനെപ്പോലും തിരുത്തേണ്ടിവന്നത് യെഹൂദേതര ജനതയെക്കുറിച്ചുള്ള തെറ്റായ ധാരണകളായിരുന്നു. വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നതും (അശുദ്ധരെന്നു കരുതപ്പെട്ടിരുന്നവര്‍) സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു. പത്രൊസ് പറഞ്ഞു, ''അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ'' (പ്രവൃ. 10:28). ''ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുത്'' എന്നവനെ ബോധ്യപ്പെടുത്താന്‍ (വാ. 28) ദൈവത്തിന്റെ അമാനുഷിക പ്രവര്‍ത്തനം വേണ്ടിവന്നു (വാ. 9-23).

തിരുവെഴുത്തുകളുടെ പ്രസംഗം, ആത്മാവിന്റെ ബോധ്യപ്പെടുത്തല്‍, ജീവിതാനുഭവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ''ദൈവത്തിനു മുഖപക്ഷമില്ല'' (വാ. 34) എന്നു മനസ്സിലാക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.

ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കുക

1999 ജൂലൈ 16-ന് ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ( മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍) പറത്തിയ ചെറിയ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നറിയപ്പെടുന്ന ഒരു സാധാരണ പിശകാണ് അപകടകാരണമെന്ന് അന്വേഷകര്‍ വിലയിരുത്തി. കാഴ്ചക്കുറവ് കാരണം, പൈലറ്റുമാര്‍ വഴിതെറ്റിപ്പോകുകയും ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരാന്‍ സഹായിക്കുന്നതിന് അവരുടെ ഉപകരണങ്ങളെ ആശ്രയിക്കാന്‍ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

നമ്മള്‍ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ജീവിതം അത്യധികം പ്രയാസകരമായി അനുഭവപ്പെടുന്ന അനുഭവങ്ങളുണ്ടാകയും നാം ദിശമാറിപ്പോകയും ചെയ്യാറുണ്ട്. ഒരു കാന്‍സര്‍ രോഗനിര്‍ണ്ണയം, പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്ടപ്പെടല്‍, ഒരു സുഹൃത്തിന്റെ വിശ്വാസവഞ്ചന എന്നിങ്ങനെ ജീവിതത്തിലെ അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തേക്കാം.

ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നാം അകപ്പെടുമ്പോള്‍, 43-ാം സങ്കീര്‍ത്തനത്തിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാന്‍ നാം ശ്രമിച്ചേക്കാം. ഈ സങ്കീര്‍ത്തനത്തില്‍, താന്‍ ദുഷ്ടതയാലും അനീതിയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നതായി സങ്കീര്‍ത്തനക്കാരന് അനുഭവപ്പെടുന്നു. നിരാശയില്‍, സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനമായ ദൈവസാന്നിധ്യത്തിലേക്ക് സഞ്ചരിക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി അവന്‍ ദൈവത്തോടു നിലവിളിക്കുന്നു (വാ. 3-4). ദൈവസന്നിധിയില്‍ പുതിയ പ്രത്യാശയും സന്തോഷവും കണ്ടെത്താന്‍ കഴിയുമെന്നു സങ്കീര്‍ത്തനക്കാരനറിയാം. 

മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സങ്കീര്‍ത്തനക്കാരന്‍ അഭ്യര്‍ത്ഥിക്കുന്ന ഉപകരണങ്ങള്‍ ഏതാണ്? സത്യത്തിന്റെ പ്രകാശവും പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഉറപ്പും.

നിങ്ങള്‍ക്കു വഴിതെറ്റിപ്പോയതായി തോന്നുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ ആത്മാവിലൂടെയും സ്‌നേഹപൂര്‍വമായ സാന്നിധ്യത്തിലൂടെയും ദൈവത്തിന്റെ വിശ്വസ്ത മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യും.

ആത്മവിശ്വാസമുള്ള പ്രാര്‍ത്ഥന

അനേക വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി കൊതിച്ച വിശ്വാസ് - റീത്ത ദമ്പതികള്‍, റീത്ത ഗര്‍ഭം ധരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നിരുന്നാലും, അവളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിന് അപകടകരമാണെന്നു മനസ്സിലായപ്പോള്‍, വിശ്വാസ് ഓരോ രാത്രിയും ഉണര്‍ന്നിരുന്നു ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍, താന്‍ കഠിനമായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വാസ് മനസ്സിലാക്കി, കാരണം താന്‍ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം റീത്തയുടെ ഗര്‍ഭം അലസി. വിശ്വാസ് തകര്‍ന്നുപോയി. താന്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാതിരുന്നതുകൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടത്? വിശ്വാസ് ആശ്ചര്യപ്പെട്ടു.

ആദ്യ വായനയില്‍, ഇന്നത്തെ ഉപമ അങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്നു നാം ചിന്തിച്ചേക്കാം. കഥയില്‍, ഒരു അയല്‍ക്കാരന്‍ (ദൈവത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിപ്പോകും) സുഹൃത്തിന്റെ നിരന്തര ശല്യപ്പെടുത്തല്‍ നിമിത്തം കിടക്കയില്‍ നിന്നെഴുന്നേറ്റ് അവനെ സഹായിക്കുന്നു (ലൂക്കൊസ് 11:5-8). ഈ രീതിയില്‍ വായിച്ചാല്‍, ഉപമ സൂചിപ്പിക്കുന്നത് നാം ദൈവത്തെ ശല്യപ്പെടുത്തിയാല്‍ മാത്രമേ നമുക്കാവശ്യമുള്ളത് ദൈവം നല്‍കൂ എന്നാണ്. നാം വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍, ഒരുപക്ഷെ ദൈവം നമ്മെ സഹായിക്കയില്ല.

എന്നാല്‍ പ്രശസ്ത വേദപുസ്തക വ്യാഖ്യാതാക്കള്‍ വിശ്വസിക്കുന്നത്, ഇത് ഉപമയെ തെറ്റിദ്ധരിക്കുന്ന വ്യാഖ്യാനമാണെന്നാണ് - അതിന്റെ യഥാര്‍ത്ഥ പോയിന്റ്, അയല്‍ക്കാര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടു നമ്മെ സഹായിക്കുമെങ്കില്‍, നമ്മുടെ നിസ്വാര്‍ത്ഥനായ പിതാവ് എത്രയധികം എന്നതാണ്. അതിനാല്‍, തെറ്റുകളുള്ള മനുഷ്യരെക്കാള്‍ ദൈവം വലിയവനാണെന്ന് അറിഞ്ഞുകൊണ്ട് (വാ. 11-13) നമുക്ക് ആത്മവിശ്വാസത്തോടെ ചോദിക്കാം (വാ. 9-10).  അവിടുന്ന് ഉപമയിലെ അയല്‍ക്കാരനല്ല, മറിച്ച് അവന്റെ നേരെ വിപരീതമാണ്.

''എന്തുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല,'' ഞാന്‍ വിശ്വാസിനോടു പറഞ്ഞു, ''പക്ഷേ, നിങ്ങള്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാത്തതുകൊണ്ടല്ല അതെന്നെനിക്കറിയാം. ദൈവം അത്തരക്കാരനല്ല.''

കേള്‍ക്കുകയും പഠിക്കുകയും

തെരുവിന്റെ ഒരു വശത്ത് ഒരു വീട്ടുടമസ്ഥന്‍ തന്റെ മുറ്റത്ത് ഒരു വലിയ രാഷ്ട്രീയ പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. ഒരു വലിയ ട്രക്ക് ഡ്രൈവ്‌വേയില്‍ കിടക്കുന്നു. ഇതിന്റെ വശത്തെ വിന്‍ഡോയില്‍ പതാക വരച്ചിരിക്കുന്നു, പിന്നിലെ ബമ്പര്‍ നിറയെ ദേശസ്‌നേഹ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു. തെരുവിന്റെ മറുവശത്തുള്ള ഒരു അയല്‍ക്കാരന്റെ മുറ്റത്ത്, വാര്‍ത്തകളില്‍ വരുന്ന നിലവിലെ സാമൂഹികനീതി പ്രശ്നങ്ങളെ സംബന്ധിച്ച മുദ്രാവാക്യങ്ങള്‍, വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഈ വീടുകളിലെ ആളുകള്‍ പരസ്പരം വൈരാഗ്യത്തിലാണോ അതോ സുഹൃത്തുക്കളാണോ? നാം അത്ഭുതപ്പെട്ടേക്കാം. രണ്ടു കുടുംബങ്ങളും യേശുവില്‍ വിശ്വസിക്കുന്നവരാകാന്‍ സാധ്യതയുണ്ടോ? യാക്കോബ് 1:19-ലെ വാക്കുകള്‍ അനുസരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു: ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.'' മിക്കപ്പോഴും നാം നമ്മുടെ അഭിപ്രായങ്ങളെ ധാര്‍ഷ്ട്യത്തോടെ മുറുകെ പിടിക്കുകയും മറ്റുള്ളവര്‍ എന്താണു ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. മാത്യു ഹെന്റി കമന്ററി ഇപ്രകാരം പറയുന്നു: ''എല്ലാ വശത്തുനിന്നുമുള്ള യുക്തിയും സത്യവും കേള്‍ക്കാന്‍ നാം വേഗതയുള്ളവരായിരിക്കണം, സംസാരിക്കാന്‍ മന്ദഗതിയുള്ളവരുമായിരിക്കണം. . . നാം സംസാരിക്കുമ്പോള്‍ കോപമുളവാക്കുന്നതൊന്നുമുണ്ടാകരുത്.''  

ആരോ പറഞ്ഞു, ''പഠനത്തിന് കേള്‍ക്കേണ്ടതാവശ്യമാണ്.'' നാം ദൈവത്തിന്റെ സ്‌നേഹാത്മാവില്‍ നിറയുകയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ യാക്കോബിന്റെ പുസ്തകത്തില്‍നിന്നുള്ള ദൈവത്തിന്റെ പ്രായോഗിക വാക്കുകള്‍ നിറവേറ്റാന്‍ നമുക്കു കഴിയൂ. നമ്മുടെ ഹൃദയത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിനു സഹായിക്കാന്‍ അവിടുന്നു സന്നദ്ധനാണ്. കേള്‍ക്കാനും പഠിക്കാനും ഞങ്ങള്‍ തയ്യാറാണോ?