ദൈവത്തിനായി വാഞ്ഛിക്കുക
രോഹനും റീമയും റോഡിലൂടെ അഞ്ചു മൈല്‍ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പൂച്ച ബഗീര തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ഓടിപ്പോയി. ഒരു ദിവസം റീമ അവരുടെ പഴയ വീടിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ചിത്രത്തില്‍ ബഗീര ഉണ്ടായിരുന്നു!
സന്തോഷത്തോടെ, ദമ്പതികള്‍ അവനെ തിരികെ കൊണ്ടുവരാന്‍ പോയി. ബഗീര വീണ്ടും ഓടി. അവന്‍ എവിടെപ്പോയെന്ന് ഊഹിക്കാമോ? ഇത്തവണ, വീടു വാങ്ങിയ കുടുംബം ബഗീരയെ സംരക്ഷിക്കാമെന്നു സമ്മതിച്ചു. അനിവാര്യമായി സംഭവിക്കുന്ന കാര്യം തടയാന്‍ ഈ ദമ്പതികള്‍ക്കു കഴിഞ്ഞില്ല; ബഗീര എപ്പോഴും ''വീട്ടിലേക്കു'' മടങ്ങുക തന്നെ ചെയ്തു.
നെഹെമ്യാവ് ശൂശനിലെ രാജധാനിയില്‍ ഉന്നത പദവിയില്‍ സേവനമനുഷ്ഠിച്ചുവെങ്കിലും അവന്റെ ഹൃദയം മറ്റൊരിടത്തായിരുന്നു. അവന്റെ ''പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണത്തിന്റെ'' (നെഹെമ്യാവ് 2:3) ശൂന്യമായ അവസ്ഥയെക്കുറിച്ച് അവന്‍ കേട്ടു. അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു, ''നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കണമേ'' (1:8-9).
ഹൃദയം ഉള്ളിടത്താണ് വീട്, എന്നവര്‍ പറയുന്നു. നെഹെമ്യാവിന്റെ കാര്യത്തില്‍, വീടിനോടുള്ള ആഗ്രഹം ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനേക്കാള്‍ അപ്പുറമായിരുന്നു. ദൈവവുമായുള്ള കൂട്ടായ്മയാണ് അവന്‍ ഏറ്റവുമധികം ആഗ്രഹിച്ചത്. യെരുശലേം ''എന്റെ നാമം സ്ഥാപിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു.''
ആഴമായി നാം അനുഭവിക്കുന്ന അസംതൃപ്തി, യഥാര്‍ത്ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള വാഞ്ഛയാണ്. അവിടുത്തോടൊപ്പം വീട്ടിലായിരിക്കാന്‍ നാം കൊതിക്കുന്നു.

യേശു നമ്മെ യഥാസ്ഥാനപ്പെടുത്തുന്നു
അശോക് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തിന് അസംബ്ലി ലൈനിലെ ജോലി നഷ്ടപ്പെട്ടു. മറ്റൊരു ഡിവിഷനിലെ അശ്രദ്ധയാണ് അവര്‍ നിര്‍മ്മിച്ച കാറുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. നിരവധി തകര്‍ച്ചകളുടെ വാര്‍ത്തകള്‍ വന്നതോടുകൂടി, ജാഗ്രതയുള്ള ഉപഭോക്താക്കള്‍ അവരുടെ ബ്രാന്‍ഡ് വാങ്ങുന്നതു നിര്‍ത്തി. കമ്പനിക്കു ജോലിക്കാരെ കുറയ്‌ക്കേണ്ടി വന്നപ്പോള്‍ അശോകിനും ജോലി നഷ്ടമായി. മറ്റൊരാളുടെ തെറ്റിന്റെ പാര്‍ശ്വഫലമായാണ് അശോകിനു നഷ്ടമുണ്ടായത്, അത് നീതിയല്ല, അതൊരിക്കലുമല്ല.
ചരിത്രത്തിലെ ആദ്യത്തെ, പാര്‍ശ്വഫലമായ നഷ്ടം സംഭവിച്ചത് ആദ്യപാപത്തിനു തൊട്ടുപിന്നാലെയാണ്. ആദാമും ഹവ്വായും അവരുടെ നഗ്‌നതയെക്കുറിച്ച് ലജ്ജിതരായതിനാല്‍, ദൈവം ''തോല്‍കൊണ്ട്'' ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു (ഉല്പത്തി 3:21). സങ്കല്‍പ്പിക്കുന്നതുപോലും വേദനാജനകമാണ്, പക്ഷേ തോട്ടത്തില്‍ എപ്പോഴും സുരക്ഷിതമായിരുന്ന ഒന്നോ അതിലധികമോ മൃഗങ്ങളെ ഇപ്പോള്‍ അറുത്ത് തൊലിയുരിക്കേണ്ടിവന്നു.
അതുകൊണ്ടും അവസാനിച്ചില്ല. ദൈവം യിസ്രായേലിനോടു പറഞ്ഞു, ''ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനം പ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കണം; രാവിലെതോറും അതിനെ അര്‍പ്പിക്കണം'' (യെഹെസ്‌കേല്‍ 46:13). ഒരു. കുഞ്ഞാടിനെ. ദിനംപ്രതി. മനുഷ്യന്റെ പാപം കാരണം എത്ര ആയിരം മൃഗങ്ങളെയാണ് ബലികഴിച്ചിട്ടുണ്ടാവുക?
ദൈവത്തിന്റെ കുഞ്ഞാടായ യേശു, നമ്മുടെ പാപത്തെ നീക്കാന്‍ വരുന്നതുവരെ അവയുടെ മരണം അനിവാര്യമായിരുന്നു (യോഹന്നാന്‍ 1:29). ഇതിനെ ''പാര്‍ശ്വഫലമായ പരിഹരിക്കല്‍''എന്നു വിളിക്കാം. ആദാമിന്റെ പാപം നമ്മെ കൊല്ലുന്നതുപോലെ, അവസാനത്തെ ആദാമിന്റെ (ക്രിസ്തുവിന്റെ) അനുസരണം അവനില്‍ വിശ്വസിക്കുന്ന എല്ലാവരെയും യഥാസ്ഥാനപ്പെടുത്തുന്നു (റോമര്‍ 5:17-19). പാര്‍ശ്വഫലമായ പരിഹരിക്കല്‍ ന്യായമല്ല - ഇതിന് യേശുവിന്റെ ജീവന്‍ നഷ്ടമായി - എങ്കിലും ഇതു സൗജന്യമാണ്. വിശ്വാസത്താല്‍ യേശുവിനെ സമീപിക്കുക, അവിടുന്നു നല്‍കുന്ന രക്ഷ സ്വീകരിക്കുക, അവിടുത്തെ നീതിപൂര്‍വമായ ജീവിതം നിങ്ങളുടേതായി കണക്കാക്കപ്പെടും.

സങ്കടത്തില്‍ പ്രത്യാശ
ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടയില്‍, ഞങ്ങളോടു തന്റെ കഥ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി പതിനേഴാമത്തെ വയസ്സില്‍ ഏകനായി നഗരത്തിലെത്തിയതാണയാള്‍. ഇപ്പോള്‍, പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ക്കു സ്വന്ത കുടുംബമുണ്ട്, അവരുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്താന്‍ തനിക്കു കഴിയുന്നുമുണ്ട്. ഗ്രാമത്തില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ താന്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന ദുഃഖമയാള്‍ക്കുണ്ട്. തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരുന്നതുവരെ പൂര്‍ത്തിയാകാത്ത കഠിനമായ ഒരു യാത്ര തനിക്കുണ്ടെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞു.
ഈ ജീവിതത്തില്‍, നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വേര്‍പിരിഞ്ഞിരിക്കുക എന്നതു കഠിനമാണ്. പക്ഷേ മരണത്തിലൂടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അതിലും കഠിനമാണ്; അവരുമായി വീണ്ടും ഒത്തുചേരുന്നതുവരെ കഠിനമായ നഷ്ടബോധമായിരിക്കും അതു നമ്മില്‍ സൃഷ്ടിക്കുക. തെസ്സലൊനീക്യയിലെ പുതിയ വിശ്വാസികള്‍ അത്തരം നഷ്ടങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ടപ്പോള്‍ പൗലൊസ് എഴുതി, ''സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' (1 തെസ്സലൊനീക്യര്‍ 4:13). യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, അത്ഭുതകരമായ ഒരു പുനഃസമാഗമം - ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ എന്നേക്കും ഒരുമിച്ചുള്ള ജീവിതം - പ്രതീക്ഷിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും എന്നു പൗലൊസ് വിശദീകരിച്ചു (വാ. 17).
നാം സഹിക്കുന്ന വേര്‍പിരിയലുകളെപ്പോലെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന കുറച്ച് അനുഭവങ്ങളേ നമുക്കുണ്ടാകാറുള്ളു. എന്നാല്‍ യേശുവില്‍ നമുക്കു വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയുണ്ട്. ദുഃഖത്തിനും നഷ്ടത്തിനും ഇടയില്‍, നിലനില്‍ക്കുന്ന ആ വാഗ്ദാനത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയും (വാ. 18).

സത്യത്തോടൊപ്പമുള്ള നുണകള്‍
ഞാന്‍ പ്രസംഗപീഠത്തില്‍ വേദപുസ്തകം വെച്ചിട്ട്, സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ആകാംക്ഷയുള്ള മുഖങ്ങളിലേക്ക് ഉറ്റുനോക്കി. ഞാന്‍ പ്രാര്‍ത്ഥിക്കുകയും തയ്യാറെടുക്കുകയും ചെയ്തതാണ്. പിന്നെ എന്തുകൊണ്ടാണ് എനിക്കു സംസാരിക്കാന്‍ കഴിയാത്തത്?
നീ വിലകെട്ടവളാണ്. ആരും ഒരിക്കലും നിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയില്ല, പ്രത്യേകിച്ചും അവര്‍ക്ക് നിന്റെ ഭൂതകാലം അറിയാമെങ്കില്‍. ദൈവം നിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. എന്റെ ജീവിതത്തിലുടനീളം പലവിധത്തില്‍ സംസാരിച്ചതും ഞാന്‍ വളരെ എളുപ്പത്തില്‍ വിശ്വസിച്ചതും നുണകള്‍ക്കെതിരായ ഒരു ദശാബ്ദക്കാലത്തെ എന്റെ യുദ്ധത്തിനു കാരണമായതുമായ ഈ വാക്കുകള്‍ എന്റെ മനസ്സിലേക്കോടിയെത്തി. ഈ വാക്കുകള്‍ ശരിയല്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഭയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ ബൈബിള്‍ തുറന്നു.
സദൃശവാക്യങ്ങള്‍ 30:5 ലേക്കു തിരിഞ്ഞുകൊണ്ട്, അവ ഉച്ചത്തില്‍ വായിക്കുന്നതിനുമുമ്പു ഞാന്‍ ദീര്‍ഘമായി ശ്വാസമെടുത്തു. ''ദൈവത്തിന്റെ സകല വചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് അവന്‍ പരിച തന്നേ'' എന്നു ഞാന്‍ വായിച്ചു. സമാധാനം എന്നെ നിറച്ചതിനാല്‍ ഞാന്‍ കണ്ണുകള്‍ അടച്ചു, സദസ്യരുമായി എന്റെ സാക്ഷ്യം പങ്കിടാന്‍ തുടങ്ങി.
നമ്മില്‍ പലരും നിഷേധാത്മക വാക്കുകളുടെ, അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തളര്‍ത്തുന്ന ശക്തി അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ വചനങ്ങള്‍ ''ശുദ്ധിചെയ്തതും'' തികഞ്ഞതും തികച്ചും ഗൗരവമുള്ളതുമാണ്. നമ്മുടെ മൂല്യത്തെക്കുറിച്ചോ ദൈവമക്കളെന്ന നിലയില്‍ നമ്മുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ വിശ്വസിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ദൈവത്തിന്റെ നിലനില്‍ക്കുന്നതും തെറ്റിക്കൂടാത്തതുമായ സത്യം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സംരക്ഷിക്കുന്നു. ''യഹോവേ, പേണ്ടയുള്ള നിന്റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു'' (സങ്കീര്‍ത്തനം 119:52) എന്നെഴുതിയ സങ്കീര്‍ത്തനക്കാരനെ നമുക്ക് പ്രതിധ്വനിപ്പിക്കാന്‍ കഴിയും.
ദൈവത്തെയും നമ്മെയും മറ്റുള്ളവരെയും കുറിച്ചുള്ള തിരുവെഴുത്തിനെ സ്വീകരിച്ചുകൊണ്ട് അവയ്‌ക്കെതിരായ നുണകളെ നമുക്കു ചെറുത്തുനില്‍ക്കാം.

ദൈവകൃപയില്‍ വളരുക
ഇംഗ്ലീഷ് പ്രസംഗകന്‍ ചാള്‍സ് എച്ച്. സ്പര്‍ജന്‍ (1834-1892) ജീവിതം ''പൂര്‍ണ്ണ വേഗതയില്‍'' ജീവിച്ചു. പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പാസ്റ്ററായി. താമസിയാതെ വലിയ ജനക്കൂട്ടത്തോടു പ്രസംഗിക്കുവാനാരംഭിച്ചു. തന്റെ പ്രഭാഷണങ്ങളെല്ലാം അദ്ദേഹം വ്യക്തിപരമായി എഡിറ്റു ചെയ്തു, അവയാകെ അറുപത്തിമൂന്ന് വാല്യങ്ങളുണ്ടായിരുന്നു. കൂടാതെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം സാധാരണയായി ആഴ്ചയില്‍ ആറു പുസ്തകങ്ങള്‍ വായിച്ചിരുന്നു! തന്റെ ഒരു പ്രസംഗത്തില്‍ സ്പര്‍ജന്‍ പറഞ്ഞു, ''ഒന്നും ചെയ്യാതിരിക്കുക എന്ന പാപം എല്ലാ പാപങ്ങളിലുംവെച്ച് ഏറ്റവും വലുതാണ്, കാരണം അതില്‍ മറ്റുള്ള മിക്കവയും ഉള്‍പ്പെട്ടിരിക്കുന്നു. . . . ഭയാനകമായ അലസത! ദൈവം നമ്മെ അതില്‍നിന്നു രക്ഷിക്കട്ടെ!''
ചാള്‍സ് സ്പര്‍ജന്‍ ഉത്സാഹത്തോടെയാണ് ജീവിച്ചത്, അതിനര്‍ത്ഥം ദൈവകൃപയില്‍ വളരാനും ദൈവത്തിനുവേണ്ടി ജീവിക്കാനും അദ്ദേഹം ''സകല ഉത്സാഹവും കഴിച്ചു'' എന്നാണ് (2 പത്രൊസ് 1:5). നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കില്‍, ''സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും കൂട്ടിക്കൊണ്ട്'' (വാ. 5-7) യേശുവിനെപ്പോലെ കൂടുതല്‍ വളരാനുള്ള അതേ ആഗ്രഹവും കഴിവും നമ്മില്‍ പകര്‍ന്നുനല്‍കാന്‍ ദൈവത്തിനു കഴിയും.
നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത പ്രചോദനങ്ങള്‍, കഴിവുകള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയാണുള്ളത് - നമുക്കെല്ലാവര്‍ക്കും ചാള്‍സ് സ്പര്‍ജന്റെ വേഗതയില്‍ ജീവിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യരുത്! എന്നാല്‍ യേശു നമുക്കുവേണ്ടി ചെയ്തതെല്ലാം മനസ്സിലാക്കുമ്പോള്‍, ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം നമുക്കുണ്ട്. അവിടുത്തേക്കുവേണ്ടി ജീവിക്കാനും സേവിക്കാനും ദൈവം നമുക്കു നല്‍കിയിട്ടുള്ള വിഭവങ്ങളിലൂടെ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. വലുതും ചെറുതുമായ നമ്മുടെ ശ്രമങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവത്തിനു തന്റെ ആത്മാവിലൂടെ കഴിയും.
