ന്യൂട്രലിലേക്കു മാറ്റുക
കാര്‍ വാഷില്‍ എന്റെ മുമ്പിലുള്ളയാള്‍ ഒരു ദൗത്യത്തിലായിരുന്നു. അയാള്‍ തന്റെ പിക്കപ്പിന്റെ പുറകിലേക്കു കയറി കൊളുത്തു നീക്കം ചെയ്തു, ശക്തിയേറിയ റോളിങ് ബ്രഷുകളെ അവ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു അത്. ജോലിക്കാരനു പണം നല്‍കിയ ശേഷം, ഓട്ടോമേറ്റഡ് ട്രാക്കിലേക്കു ട്രക്ക് ഡ്രൈവ് മോഡില്‍ ഓടിച്ചുകയറ്റി. ജോലിക്കാരന്‍ വിളിച്ചു കൂവി, “ന്യൂട്രല്‍! ന്യൂട്രല്‍!'' എന്നാല്‍ ആ മനുഷ്യന്റെ ജനാലകള്‍ മുകളിലായിരുന്നു, അയാള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാലു സെക്കന്‍ഡിനുള്ളില്‍ അയാള്‍ കാര്‍ വാഷിലൂടെ കടന്നുപോയി, അയാളുടെ ട്രക്ക് നനഞ്ഞുപോലുമില്ല!
ഏലീയാവും ഒരു ദൗത്യത്തിലായിരുന്നു. വലിയ രീതിയില്‍ ദൈവത്തെ സേവിക്കുന്ന തിരക്കിലായിരുന്നു ഏലീയാവ്. അമാനുഷിക പ്രകടനത്തിലൂടെ ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് പരാജയപ്പെടുത്തി, അത് ഏലീയാവിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു (1 രാജാക്കന്മാര്‍ 18:16-39 കാണുക). അവന്‍ ന്യൂട്രലില്‍ സമയം ചിലവഴിക്കേണ്ടതാവശ്യമായിരുന്നു. ദൈവം ഏലീയാവിനെ ഹോരേബുപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു. അവിടെ വളരെ മുമ്പുതന്നെ ദൈവം മോശെയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ദൈവം പര്‍വ്വതത്തെ വിറപ്പിച്ചു. പക്ഷേ, പാറകളെ തകര്‍ക്കുന്ന കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ ദൈവം ഉണ്ടായിരുന്നില്ല. പകരം, ദൈവം ശാന്തമായ ഒരു ശബ്ദത്തില്‍ ഏലീയാവിന്റെ അടുക്കല്‍ വന്നു. “ഏലീയാവ് അതു കേട്ടിട്ട് തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്ന് ഗുഹാമുഖത്തുനിന്നു'' (1 രാജാക്കന്മാര്‍ 19:13).
നിങ്ങളും ഞാനും ഒരു ദൗത്യത്തിലാണ്. നമ്മുടെ രക്ഷകനുവേണ്ടി വലിയ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നാം നമ്മുടെ ജീവിതം നയിക്കുന്നു. എന്നാല്‍ നാം ഒരിക്കലും ന്യൂട്രലിലേക്കു മാറുന്നില്ലെങ്കില്‍, നാം ജീവിതത്തിലൂടെ തെന്നിപ്പോകുകയും ദൈവത്തിന്റെ ആത്മാവിന്റെ വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ദൈവം മന്ത്രിക്കുന്നു, 'മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍ക' (സങ്കീര്‍ത്തനം 46:10). 'ന്യൂട്രല്‍! ന്യൂട്രല്‍!''

പദ്ധതികളുണ്ടോ?
ഏതാണ്ട് പതിനെട്ടു വയസ്സുള്ള കാഡെന്‍, ഒരു അക്കാദമിക് സ്‌കോളര്‍ഷിപ്പോടെ താന്‍ ഏറ്റവും ആഗ്രഹിച്ച കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ വെച്ച് അവന്‍ ഒരു ക്യാമ്പസ് ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. തന്റെ പാര്‍ട്ട് ടൈം ജോലിയില്‍നിന്നു ലഭിച്ച പണം കാഡെന്‍ സൂക്ഷിച്ചിരുന്നു, കൂടാതെ ഒരു പുതിയ ജോലിക്കുള്ള ക്രമീകരണം ചെയ്യുകയും ചെയ്തിരുന്നു. ചില മികച്ച ലക്ഷ്യങ്ങള്‍ അവനുണ്ടായിരുന്നു, എല്ലാം കൃത്യമായി അതിന്റെ ക്രമപ്രകാരം നടന്നുകൊണ്ടിരുന്നു.
അപ്പോഴാണ് 2020 ലെ വസന്തകാലത്ത് സംഭവിച്ച ഒരു ആഗോള ആരോഗ്യപ്രതിസന്ധി എല്ലാറ്റിനെയും തകിടം മറിച്ചത്.
തന്റെ ആദ്യ സെമസ്റ്റര്‍ ഓണ്‍ലൈനിലായിരിക്കുമെന്ന് സ്‌കൂള്‍ കാഡനെ അറിയിച്ചു. കാമ്പസ് മിനിസ്ട്രി മാറ്റിവയ്‌ക്കേണ്ടിവന്നു. ബിസിനസ്സുകള്‍ പൂട്ടിപ്പോയതിനാല്‍, ജോലി സാധ്യത മങ്ങി. അങ്ങനെ നിരാശനായിരിക്കുമ്പോള്‍, അവന്റെ സുഹൃത്ത് ഒരു പ്രശസ്ത പ്രൊഫഷണല്‍ ബോക്‌സറുടെ വാക്കുകള്‍ ഉദ്ധരിച്ചു: ''അതെ, വായില്‍ ഇടി കിട്ടുന്നതുവരെ എല്ലാവര്‍ക്കും ഒരു പദ്ധതിയുണ്ട്.''
നമ്മുടെ പദ്ധതികളെയെല്ലാം നാം ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, അവിടുന്നു നമ്മുടെ പദ്ധതികളെ ഉറപ്പിക്കുകയും തന്റെ ഹിതപ്രകാരം അവയെ നടപ്പാക്കുകയും ചെയ്യും എന്നു സദൃശവാക്യങ്ങള്‍ 16 നമ്മോടു പറയുന്നു (വാ. 3-4). എന്നിരുന്നാലും, യഥാര്‍ത്ഥ സമര്‍പ്പണം പ്രയാസകരമാണ്. അതിന്, ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള തുറന്ന ഹൃദയവും നമ്മുടെ ഗതിയെ സ്വതന്ത്രമായി പ്ലാന്‍ ചെയ്യുന്നതിനെ ചെറുക്കാനുള്ള സന്നദ്ധതയും വേണം (വാ. 9; 19:21).
ഫലവത്താകാത്ത സ്വപ്‌നങ്ങള്‍ നിരാശപ്പെടുത്തിയേക്കാം, പക്ഷേ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ കാഴ്ചപ്പാടിന് ഒരിക്കലും ദൈവത്തിന്റെ എല്ലാം അറിയുന്ന വഴികളുമായി മത്സരിക്കാനാവില്ല. നാം അവിടുത്തെ പദ്ധതികള്‍ക്കു വഴങ്ങുമ്പോള്‍, മുന്നോട്ടുള്ള വഴി കാണാത്തപ്പോഴും, അവിടുന്നു നമ്മുടെ ചുവടുകളെ സ്‌നേഹപൂര്‍വ്വം നയിക്കുന്നുവെന്നു നമുക്ക് ഉറപ്പിക്കാം (16:9).

കാണാത്ത കാഴ്ച
യൂറി ഗഗാരിന്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായതിനുശേഷം, അദ്ദേഹം ഒരു റഷ്യന്‍ ഗ്രാമപ്രദേശത്ത് പാരച്യൂട്ടില്‍ വന്നിറങ്ങി. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ബഹിരാകാശ യാത്രികനെ കര്‍ഷക സ്ത്രീ കണ്ടു. ഹെല്‍മെറ്റ് ധരിച്ച് രണ്ട് പാരച്യൂട്ടുകള്‍ വലിച്ചിഴച്ചു വന്ന അദ്ദേഹത്തോട് അവര്‍ അത്ഭുതത്തോടെ ചോദിച്ചു, 'നിങ്ങള്‍ ബഹിരാകാശത്തു നിന്നു വന്നതാണോ?' “വാസ്തവം പറഞ്ഞാല്‍, ഞാന്‍ അവിടെനിന്നാണ്'' അദ്ദേഹം പറഞ്ഞു.
ദുഃഖകരമെന്നു പറയട്ടെ, സോവിയറ്റ് നേതാക്കള്‍ ചരിത്രപരമായ ആ പറക്കലിനെ മതവിരുദ്ധ പ്രചാരണമാക്കി മാറ്റി. “ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയി, പക്ഷേ അദ്ദേഹം അവിടെ ഒരു ദൈവത്തെയും കണ്ടില്ല,’’ അവരുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. (ഗഗാറിന്‍ പക്ഷേ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.) സി.എസ്. ലൂയിസ് നിരീക്ഷിച്ചതുപോലെ, “[ദൈവത്തെ] ഭൂമിയില്‍ കാണാത്തവര്‍ അവനെ ബഹിരാകാശത്ത് കണ്ടെത്താന്‍ സാധ്യതയില്ല.’’
ഈ ജീവിതത്തില്‍ ദൈവത്തെ അവഗണിക്കുന്നതിനെക്കുറിച്ച് യേശു മുന്നറിയിപ്പു നല്‍കി. മരിച്ച രണ്ടുപേരുടെ കഥ അവിടുന്നു പറഞ്ഞു - ദൈവത്തിനുവേണ്ടി സമയമില്ലാത്ത ഒരു ധനികനും, വിശ്വാസത്തില്‍ സമ്പന്നനായ നിരാലംബനായ ലാസറും (ലൂക്കൊസ് 16:19-31). ദണ്ഡനത്തില്‍ കഴിയുമ്പോഴും, ധനികന്‍, ഭൂമിയിലുള്ള തന്റെ സഹോദരന്മാര്‍ക്കായി അബ്രഹാമിനോട് അപേക്ഷിച്ചു. “ലാസറിനെ അവരുടെ അടുത്തേക്ക് അയയ്ക്കുക’’ എന്ന്. അവന്‍ അബ്രഹാമിനോട് അപേക്ഷിച്ചു, 'മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും'' (വാ. 27, 30). അബ്രഹാം, ശരിയായ പ്രശ്‌നം അവനെ ബോധ്യപ്പെടുത്തി, “അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാതിരുന്നാല്‍, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല'' (വാ. 31).
ഓസ്വാള്‍ഡ് ചേംബേഴ്‌സ് എഴുതി: “കാണുന്നത് ഒരിക്കലും വിശ്വാസമല്ല. 'നാം കാണുന്ന കാര്യങ്ങളെ നാം വിശ്വസിക്കുന്നതിന്റെ വെളിച്ചത്തില്‍ നാം വ്യാഖ്യാനിക്കുന്നു.’’

നമുക്ക് ആവശ്യമുള്ളിടത്തു വെള്ളം
ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമായ ബെയ്ക്കല്‍ തടാകം വിശാലവും ഗംഭീരവുമാണ്. ഒരു മൈല്‍ ആഴവും 400 മൈല്‍ (636 കിലോമീറ്റര്‍) നീളവും 49 മൈല്‍ (79 കിലോമീറ്റര്‍) വീതിയുമുള്ള ഈ തടാകത്തില്‍ ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ജലം മിക്കവാറും അപ്രാപ്യമാണ്. റഷ്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സൈബീരിയയിലാണ് ബെയ്ക്കല്‍ തടാകം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത ഒരിടത്ത് ഇത്രയും വലിയൊരു ജലസ്രോതസ്സ് വെച്ചിരിക്കുന്നതു വൈരുദ്ധ്യമാണ്.
ബെയ്ക്കല്‍ തടാകം വിദൂരമാണെങ്കിലും, ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായ ജീവജലത്തിന്റെ അനന്തമായ ഒരു സ്രോതസ്സുണ്ട്. ശമര്യയിലെ ഒരു കിണറ്റരികില്‍ വെച്ച്, യേശു ഒരു സ്ത്രീയോടു സംസാരിക്കുകയും അവളുടെ ആത്മീയദാഹത്തെ ഉണര്‍ത്തുകയും ചെയ്തു. അവളുടെ ഹൃദയാവശ്യത്തിനുള്ള പരിഹാരം എന്തായിരുന്നു? യേശു തന്നെ.
കിണറ്റില്‍നിന്നു കോരാന്‍ കഴിയുന്ന വെള്ളത്തില്‍നിന്നു വ്യത്യസ്തമായി, അതിലും മികച്ചത് യേശു വാഗ്ദാനം ചെയ്തു: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും'' (യോഹന്നാന്‍ 4:13-14).
പലതും സംതൃപ്തി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഒരിക്കലും നമ്മുടെ ദാഹിക്കുന്ന ഹൃദയങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുകയില്ല. നമ്മുടെ ആത്മീയദാഹം യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ യേശുവിനു മാത്രമേ കഴിയൂ. അവിടുത്തെ ദാനം എല്ലാവര്‍ക്കും, എല്ലായിടത്തും ലഭ്യമാണ്.

സുരക്ഷിതമായി തീരമണയുക
പാപ്പുവ ന്യൂ ഗ്വിനിയയില്‍, തദ്ദേശീയ ഭാഷയില്‍ അച്ചടിച്ച പുതിയനിയമം വരുന്നത്, കണ്ടാസ് ഗോത്രക്കാര്‍ ആവേശത്തോടെ കാത്തിരുന്നു. എന്നിരുന്നാലും, പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്കു ഗ്രാമത്തിലെത്താന്‍ സമുദ്രത്തിലൂടെ ചെറിയ ബോട്ടുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നു.
വലിയ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്താണ്? തീര്‍ച്ചയായും അവരുടെ കടല്‍യാത്രാ നൈപുണ്യമാണ്. എന്നാല്‍ ആരാണു സമുദ്രങ്ങളെ സൃഷ്ടിച്ചതെന്നും അവര്‍ക്കറിയാമായിരുന്നു. നമ്മുടെ ജീവിതത്തിലെ അലയടിക്കുന്ന തിരമാലകളുടെമീതെയും ആഴമേറിയ വെള്ളത്തിലും നമ്മെ ഓരോരുത്തരെയും നയിക്കുന്നതും അവിടുന്നാണ്.
ദാവീദ് എഴുതിയതുപോലെ, “നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?’’ (സങ്കീര്‍ത്തനം 139:7). “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട് ... ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും'' (വാ. 8-10).
“അവസാനത്തെ അജ്ഞാതം'' എന്നു വിളിക്കപ്പെടുന്ന ഉഷ്ണമേഖലാതീരങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും പരുക്കന്‍ പര്‍വതങ്ങളും ഉള്ള ദ്വീപു രാഷ്ട്രത്തില്‍ വസിക്കുന്ന കണ്ടാസ് ഗോത്രക്കാരെ സംബന്ധിച്ച് ഈ വാക്കുകള്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നവയാണ്. എന്നിട്ടും അവിടെയും എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അറിയാവുന്നതുപോലെ, ഒരു സ്ഥലമോ പ്രശ്‌നമോ ദൈവത്തിനു വിദൂരമല്ല. സങ്കീര്‍ത്തനം 139:12 പറയുന്നു: “ഇരുട്ടുപോലും നിനക്കു മറവായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.’’
അതിനാല്‍, ഇളകിമറിയുന്ന വെള്ളത്തോടു നമ്മുടെ ദൈവം സംസാരിക്കുന്നു, “അനങ്ങാതിരിക്കുക, അടങ്ങുക!’’ തിരമാലകളും കാറ്റും അവിടുത്തെ അനുസരിക്കുന്നു (മര്‍ക്കൊസ് 4:39). അതിനാല്‍, ഇന്നു ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്ധമായ വെള്ളത്തെ ഭയപ്പെടരുത്. നമ്മുടെ ദൈവം നമ്മെ സുരക്ഷിതമായി കരയിലേക്കു നയിക്കുന്നു.
