Category  |  odb

നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം

2019 ന്റെ ആരംഭത്തില്‍, എണ്‍പത്തിനാലാം വയസ്സില്‍ ചാര്‍ലി വാന്‍ഡര്‍മീര്‍ അന്തരിച്ചു. നാഷണല്‍ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന കുട്ടികളുടെ ബൈബിള്‍ മണിക്കൂറിന്റെ അവതാരകനായിരുന്ന അദ്ദേഹം, 'അങ്കിള്‍ ചാര്‍ലി' എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതനായിരുന്നു. നിത്യതയിലേക്കു പ്രവേശിക്കുന്നതിന്റെ തലേരാത്രി അങ്കിള്‍ ചാര്‍ലി ഒരു നല്ല സുഹൃത്തിനോടു പറഞ്ഞു, 'നിങ്ങള്‍ എന്തറിയുന്നു എന്നതല്ല, നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം. തീര്‍ച്ചയായും, ഞാന്‍ യേശുക്രിസ്തുവിനെക്കുറിച്ചാണു സംസാരിക്കുന്നത്.'

താന്‍ ജീവിതാവസാനത്തിലെത്തിയപ്പോഴും, അങ്കിള്‍ ചാര്‍ലിക്ക് യേശുവിനെക്കുറിച്ചും ആളുകള്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

യേശുവിനെ അറിയുകയെന്നത് തന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് ചിന്തിച്ചു: “എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതി തന്നേ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും ... അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു'' (ഫിലിപ്പിയര്‍ 3:8-9). നമുക്ക് യേശുവിനെ എങ്ങനെ അറിയാന്‍ കഴിയും? “യേശുവിനെ കര്‍ത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും'' (റോമര്‍ 10:9).

നമുക്കു യേശുവിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ കഴിഞ്ഞേക്കാം, സഭയെക്കുറിച്ചും എല്ലാക്കാര്യങ്ങളും നമുക്കറിയാമായിരിക്കാം, ബൈബിളും നമുക്കു പരിചിതമായിരിക്കാം. എന്നാല്‍ യേശുവിനെ രക്ഷകനായി അറിയാനുള്ള ഏക മാര്‍ഗ്ഗം അവിടുന്നു നല്‍കുന്ന രക്ഷയുടെ സൗജന്യദാനം സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് നാം അറിയേണ്ട ആള്‍.

അഗ്നിയാല്‍ ഇന്ധനം പകരപ്പെട്ടത്

ക്ഷീണിതരും കരിപുരണ്ടവരുമായ രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ പ്രഭാതഭക്ഷണത്തിനായി ഒരു റെസ്‌റ്റോറന്റില്‍ കയറിയപ്പോള്‍, അവര്‍ ഒരു വെയര്‍ഹൗസിലെ തീയണക്കാന്‍ രാത്രി മുഴുവനും അധ്വാനിച്ചവരാണെന്ന് റ്റിവി വാര്‍ത്ത കണ്ടിരുന്ന വെയ്റ്റര്‍ അവരെ തിരിച്ചറിഞ്ഞു. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വെയ്റ്റര്‍ അവരുടെ ബില്ലില്‍ ഇങ്ങനെ കുറിച്ചു, “നിങ്ങളുടെ പ്രഭാതഭക്ഷണം ഇന്ന് എന്റെ വക. മറ്റുള്ളവരെ സേവിക്കുന്നതിനും മറ്റെല്ലാവരും ഓടിപ്പോകുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനും. . . . അഗ്നിയാല്‍ ഇന്ധനം പകര്‍ന്ന് ധൈര്യസമേതം മുന്നോട്ടു പോകുന്നതിനും നന്ദി! എന്തു നല്ല മാതൃകയാണ് നിങ്ങള്‍!’’ 

പഴയനിയമത്തില്‍, മൂന്നു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ധൈര്യത്തിന്റെ ഒരു ഉദാഹരണം കാണാം: ശദ്രക്ക്, മേശക്, അബെദ്‌നെഗോ (ദാനീയേല്‍ 3). ബാബേല്‍ രാജാവു നിര്‍ത്തിയ ബിംബത്തെ വണങ്ങണമെന്നുള്ള ഉത്തരവ് അനുസരിക്കുന്നതിനുപകരം, ഈ ചെറുപ്പക്കാര്‍, തങ്ങളുടെ വിസമ്മതത്തിലൂടെ ദൈവത്തോടുള്ള സ്‌നേഹം ധൈര്യത്തോടെ കാണിച്ചു. എരിയുന്ന ചൂളയിലേക്ക് എറിയുന്ന ശിക്ഷയായിരുന്നു അവരുടേത്. എന്നിട്ടും ആ പുരുഷന്മാര്‍ പിന്നോട്ട് പോയില്ല: “ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവു നിറുത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു'' (വാ. 17-18).     

ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, അവരോടൊപ്പം തീയില്‍ നടക്കുകപോലും ചെയ്തു (വാ. 25-27). ഇന്നത്തെ നമ്മുടെ കഠിനമായ പരിശോധനകളിലും കഷ്ടങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പു നമുക്കും നേടാന്‍ കഴിയും. അവിടുന്നു മതിയായവനാണ്.

യേശുവിന്റെ ജനപ്രിയമല്ലാത്ത ആശയങ്ങള്‍

മൈക്ക് ബര്‍ഡന്‍, തന്റെ ചെറിയ പട്ടണത്തിലെ തന്റെ ചരിത്രസ്മാരകകടയില്‍ വെച്ച് പതിനഞ്ചു വര്‍ഷം, വിദ്വേഷ യോഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2012 ല്‍ ഭാര്യ, അയാളുടെ ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ഹൃദയം അയഞ്ഞു. തന്റെ വംശീയവീക്ഷണങ്ങള്‍ എത്രത്തോളം തെറ്റാണെന്ന് മനസ്സിലാക്കിയ അയാള്‍, ഇനിമേല്‍ അങ്ങനെ തുടരാന്‍ ആഗ്രഹിച്ചില്ല. അവരുടെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ട് തീവ്രവാദസംഘം തിരിച്ചടിച്ചു.

സഹായത്തിനായി അയാള്‍ എവിടേക്കാണു പോയതെന്നോ? അതിശയമെന്നു പറയട്ടെ, അയാള്‍ കറുത്തവര്‍ഗ്ഗക്കാരനായ ഒരു പ്രാദേശിക പാസ്റ്ററുടെ അടുത്തേക്കു പോയി. പാസ്റ്ററും സഭയും മൈക്കിന്റെ കുടുംബത്തിനു കുറച്ചുകാലം വീടും പലചരക്കു സാധനങ്ങളും നല്‍കി. എന്തുകൊണ്ടാണു തങ്ങളെ സഹായിക്കുന്നതെന്നു ചോദിച്ചപ്പോള്‍, പാസ്റ്റര്‍ കെന്നഡി ഇങ്ങനെ വിശദീകരിച്ചു, “യേശുക്രിസ്തു ജനപ്രിയമല്ലാത്ത കുറെയധികം കാര്യങ്ങള്‍ ചെയ്തു. സഹായിക്കേണ്ടുന്ന സമയമാകുമ്പോള്‍, നിങ്ങള്‍ ചെയ്യാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു.'' പിന്നീടു മൈക്ക് കെന്നഡിയുടെ പള്ളിയില്‍ സംസാരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായതില്‍ കറുത്തവരുടെ സമൂഹത്തോടു ക്ഷമ ചോദിക്കുകയും ചെയ്തു.

ജനപ്രിയമല്ലാത്ത ചില ആശയങ്ങള്‍ യേശു, ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചു: “നിന്നോടു യാചിക്കുന്നവനു കൊടുക്കുക . . . നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍'' (മത്തായി 5:42, 44). നാം പിന്തുടരാന്‍ ദൈവം നമ്മെ വിളിക്കുന്നു എന്നു നാം ചിന്തിക്കുന്നതിന്റെ തലകീഴായ മാര്‍ഗ്ഗമാണിത്. അതു ബലഹീനതയാണെന്നു തോന്നുമെങ്കിലും, അതു ദൈവത്തിന്റെ ശക്തിയില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

നമ്മോട് ആവശ്യപ്പെടുന്ന വിധത്തില്‍ ഈ തലകീഴായ ജീവിതം നയിക്കാന്‍ നമുക്കു ശക്തി നല്‍കുന്നവനാണ് നമ്മെ പഠിപ്പിക്കുന്നയാള്‍.

കാണാന്‍ കഴിയാത്തത്

1945 ജൂലൈ 16 നു ന്യൂ മെക്‌സിക്കോയിലെ വിദൂരമരുഭൂമിയില്‍ ആദ്യത്തെ അണ്വായുധം പൊട്ടിത്തെറിച്ചതോടുകൂടിയാണ് ആണവ യുഗം ആരംഭിച്ചതെന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ പോലും കാണാന്‍ കഴിയുന്ന എന്തും കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ, ഗ്രീക്കു തത്ത്വചിന്തകനായ ഡെമോക്രീറ്റസ് (ഏകദേശം ബി.സി. 460-370) ആറ്റത്തിന്റെ നിലനില്പിനെയും ശക്തിയെയും കുറിച്ചു ഗവേഷണം നടത്തിയിരുന്നു. ഡെമോക്രീറ്റസ് അദ്ദേഹത്തിനു കാണാനാവുന്നതിലും കൂടുതല്‍ മനസ്സിലാക്കി, ആറ്റമിക് സിദ്ധാന്തമായിരുന്നു അതിന്റെ ഫലം.

നമുക്കു കാണാന്‍ കഴിയാത്തവയെ സ്വീകരിക്കുന്നതാണു വിശ്വാസത്തിന്റെ സാരം എന്നു തിരുവെഴുത്തു പറയുന്നു. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' എന്ന് എബ്രായര്‍ 11:1 സ്ഥിരീകരിക്കുന്നു. ഈ ഉറപ്പ് അഭിലാഷപൂര്‍വ്വമായ, അല്ലെങ്കില്‍ പോസിറ്റീവായ ചിന്തയുടെ ഫലമല്ല. മറിച്ചു നമുക്കു കാണാന്‍ കഴിയാത്ത ദൈവത്തിലും പ്രപഞ്ചത്തില്‍ ഉറപ്പായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിലുമുള്ള ഉറപ്പാണത്. അവിടുത്തെ യാഥാര്‍ത്ഥ്യം അവിടുത്തെ സൃഷ്ടിപരമായ പ്രവൃത്തികളില്‍ പ്രദര്‍ശിപ്പിക്കുകയും (സങ്കീര്‍ത്തനം 19:1), പിതാവിന്റെ സ്‌നേഹത്തെ നമുക്കു വെളിപ്പെടുത്താനായി വന്ന തന്റെ പുത്രനായ യേശുവിലൂടെ അവിടുത്തെ അദൃശ്യസ്വഭാവവും വഴികളും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (യോഹന്നാന്‍ 1:18).

അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്ന'' ദൈവം അവിടുന്നാണ് (പ്രവൃ. 17:28). അതുപോലെ, 'കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം നടക്കുന്നത്'' (2 കൊരിന്ത്യര്‍ 5:7). എങ്കിലും നാം ഒറ്റയ്ക്കു നടക്കുന്നില്ല. അദൃശ്യനായ ദൈവം, യാത്രയുടെ ഓരോ ചുവടിലും നമ്മോടൊപ്പം നടക്കുന്നു.

ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു

ചിലപ്പോഴൊക്കെ കുട്ടികളുടെ വാക്കുകള്‍ ദൈവികസത്യങ്ങളെക്കുറിച്ച് ആഴമായ ഒരു ബോധ്യം നമുക്കു നല്‍കാറുണ്ട്. എന്റെ മകള്‍ ചെറുപ്പമായിരുന്നപ്പോള്‍, ഒരു വൈകുന്നേരം, ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു മഹത്തായ രഹസ്യത്തെക്കുറിച്ചു ഞാന്‍ അവളോടു പറഞ്ഞു - ദൈവം തന്റെ പുത്രനിലൂടെയും ആത്മാവിലൂടെയും ദൈവമക്കളില്‍ വസിക്കുന്നു എന്ന സത്യം. കിടക്കയില്‍ ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്, യേശു അവളോടുകൂടെയും അവളിലും ഉണ്ടെന്നു ഞാന്‍ പറഞ്ഞു. “യേശു എന്റെ വയറ്റിലാണോ?'' അവള്‍ ചോദിച്ചു. “ഇല്ല, നീ യേശുവിനെ വിഴുങ്ങിയിട്ടില്ലല്ലോ,” ഞാന്‍ മറുപടി പറഞ്ഞു. “പക്ഷേ, യേശു നിന്നോടുകൂടെയുണ്ട്.’’

യേശു  “അവളുടെ വയറ്റില്‍’' എന്ന എന്റെ മകളുടെ അക്ഷരീയവിവര്‍ത്തനം എന്നെ പിടിച്ചുനിര്‍ത്തി ചിന്തിപ്പിച്ചു. യേശുവിനെ എന്റെ രക്ഷകനാകാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, അവിടുന്ന് വന്ന് എന്റെ ഉള്ളില്‍ വസിച്ചതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചു.

ക്രിസ്തു “വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളില്‍ വസിക്കുവാന്‍'’ പരിശുദ്ധാത്മാവ് എഫെസൊസിലെ വിശ്വാസികളെ ശക്തിപ്പെടുത്തണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് ഈ മര്‍മ്മത്തെക്കുറിച്ചു പരാമര്‍ശിച്ചു (എഫെസ്യര്‍ 3:17). യേശു ഉള്ളില്‍ വസിക്കുന്നതിനാല്‍, അവിടുന്ന് അവരെ എത്രമാത്രം ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സ്‌നേഹത്താല്‍ പ്രചോദിതരായ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ പക്വത പ്രാപിക്കുകയും മറ്റുള്ളവരെ താഴ്മയോടും സൗമ്യതയോടും സ്‌നേഹിക്കുകയും സ്‌നേഹത്തില്‍ സത്യം സംസാരിക്കുകയും ചെയ്യും (4:2, 25).

യേശു തന്റെ ശിഷ്യന്മാരുടെയുള്ളില്‍ വസിക്കുന്നു എന്നതിനര്‍ത്ഥം, തങ്ങളുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിച്ചവരെ അവിടുത്തെ സ്‌നേഹം ഒരിക്കലും കൈവിടുകയില്ല എന്നാണ്. പരിജ്ഞാനത്തെ കവിയുന്ന അവിടുത്തെ സ്‌നേഹം (3:19) നമ്മെ യേശുവില്‍ വേരുറപ്പിക്കുകയും അവിടുന്നു നമ്മെ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കായി എഴുതിയ ഈ വാക്കുകള്‍, അത് ഏറ്റവും മികച്ച നിലയില്‍ പറയുന്നത്: “അതെ, യേശു എന്നെ സ്‌നേഹിക്കുന്നു!''