Category  |  odb

യുദ്ധത്തെ അഭിമുഖീകരിക്കുക

സമീപകാലത്ത് ഞാന്‍ ഒരു കൂട്ടം സ്‌നേഹിതരുമായി കണ്ടുമുട്ടി. അവരുടെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, മുറിയിലെ എല്ലാവരും തന്നെ കാര്യമായ എന്തെങ്കിലും പോരാട്ടം നേരിടുന്നതായി തോന്നി. ഞങ്ങളില്‍ രണ്ടുപേര്‍ക്ക് ക്യാന്‍സറിനെതിരെ പോരാടുന്ന മാതാപിതാക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, മറ്റൊരു സുഹൃത്ത് വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു, മറ്റൊരാള്‍ ഒരു വലിയ ശസ്ത്രക്രിയ നേരിടുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഉള്ള ഈ അളുകളെ സംബന്ധിച്ച് ഇത് അതിക
തികഠിനമായി തോന്നി.

നിയമപ്പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് (യെരൂശലേം) കൊണ്ടുവരുന്ന, യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെയാണ് 1 ദിനവൃത്താന്തം 16-ാം അധ്യായം വിവരിക്കുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള സമാധാനത്തിന്റെ ഒരു നിമിഷത്തിലാണ് ഇത് സംഭവിച്ചതെന്ന് ശമൂവേല്‍ പറയുന്നു (2 ശമൂവേല്‍ 7:1). ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി പെട്ടകത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ ദാവീദ് ജനത്തെ ഒരു ഗാനാലാപനത്തിലേക്കു നയിച്ചു (1 ദിനവൃത്താന്തം 16:8-36). രാഷ്ട്രം ഒന്നിച്ച് ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തി, വാഗ്ദത്തം പാലിക്കുന്ന വഴികള്‍, അവന്റെ മുന്‍കാല സംരക്ഷണം എന്നിവയെ കീര്‍ത്തിച്ചു (വാ. 12-22). ' യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍'' (വാ. 11) അവര്‍ ആലപിച്ചു. കൂടുതല്‍ യുദ്ധങ്ങള്‍ വരുന്നതിനാല്‍ അവര്‍ക്ക് ഇത് ആവശ്യമായിരുന്നു.

കര്‍ത്താവിനെയും അവന്റെ ശക്തിയെയും തിരയുക. അവന്റെ മുഖം അന്വേഷിക്കുക. രോഗം, കുടുംബസംബന്ധമായ ആശങ്കകള്‍, മറ്റു പോരാട്ടങ്ങള്‍ എന്നിവ നമ്മെ നേരിടുമ്പോള്‍ നമുക്കു പിന്തുടരാന്‍ കഴിയുന്ന മികച്ച ഉപദേശമാണിത്, കാരണം നമ്മുടെ ക്ഷയിച്ചുപോകുന്ന ബലത്തില്‍ പോരാടാന്‍ നമുക്കു കഴിയില്ല. ദൈവം സന്നിഹിതനാണ്; ദൈവം ശക്തനാണ്; അവന്‍ മുമ്പ് നമ്മെ പരിപാലിച്ചു, വീണ്ടും അങ്ങനെ തന്നെ ചെയ്യും.

നമ്മുടെ ദൈവം നമ്മെ അപ്പുറത്തെത്തിക്കും.

എപ്പോഴും നന്ദി പറയുക

പതിനേഴാം നൂറ്റാണ്ടില്‍, യുദ്ധത്തിന്റെയും പ്ലേഗിന്റെയും കാലഘട്ടത്തില്‍ മുപ്പത് വര്‍ഷത്തിലേറെക്കാലം മാര്‍ട്ടിന്‍ റിങ്കാര്‍ട്ട് ജര്‍മ്മനിയിലെ സാക്‌സണിയില്‍ ഒരു പുരോഹിതനായി സേവനമനുഷ്ഠിച്ചു. ഒരു വര്‍ഷം അദ്ദേഹം തന്റെ ഭാര്യയുടെയടക്കം 4,000 ത്തിലധികം ശവസംസ്‌കാരങ്ങള്‍ നടത്തി, ചില സമയങ്ങളില്‍ ഭക്ഷണദൗര്‍ലഭ്യം മൂലം അദ്ദേഹത്തിന്റെ കുടുംബം പട്ടിണി കിടന്നു. അദ്ദേഹത്തിന് നിരാശപ്പെടാമായിരുന്നുവെങ്കിലും, ദൈവത്തിലുള്ള തന്റെ വിശ്വാസം ശക്തമായി നിലനില്‍ക്കുകയും അദ്ദേഹം നിരന്തരം ദൈവത്തിനു നന്ദി പറയുകയും ചെയ്തു. വാസ്തവത്തില്‍, 'ഇപ്പോള്‍ നാം എല്ലാവരും നമ്മുടെ ദൈവത്തിനു നന്ദിപറയുന്നു' എന്ന ഇഷ്ടഗാനം പാടിക്കൊണ്ട് അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.

അവര്‍ ദൈവത്തെ നിരാശപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ ശത്രുക്കള്‍ അവരെ പീഡിപ്പിക്കുമ്പോഴോ ഉള്‍പ്പെടെ എല്ലായ്‌പ്പോഴും നന്ദി പറയാന്‍ ദൈവജനത്തിന് നിര്‍ദ്ദേശം നല്‍കിയ യെശയ്യാ പ്രവാചകന്റെ മാതൃകയാണ് റിങ്കാര്‍ട്ട് പിന്തുടര്‍ന്നത് (യെശയ്യാവ് 12:1). അപ്പോഴും അവര്‍ ദൈവത്തിന്റെ നാമം ഉയര്‍ത്തുകയും ''ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിക്കുകയും'' ചെയ്യണമായിരുന്നു (വാ. 4).

സുഹൃത്തുക്കളോടും കുടുംബത്തോടും ഒത്ത് സമൃദ്ധിയായ വിരുന്നു ആസ്വദിക്കുന്ന, താങ്ക്‌സ്ഗിവിംഗ് പോലുള്ള വിളവെടുപ്പ് ആഘോഷങ്ങളില്‍ നാം ആയാസരഹിതമായി ദൈവത്തിനു നന്ദി പറഞ്ഞേക്കാം. എന്നാല്‍ നമ്മുടെ മേശയില്‍ നിന്ന് ആരെങ്കിലും ഇല്ലാതാകുമ്പോഴോ അല്ലെങ്കില്‍ നാം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ ഏറ്റവും അടുത്ത ഒരാളുമായി പൊരുത്തക്കേടുണ്ടാകുമ്പോഴോ പോലുള്ള ദുഷ്‌കരമായ സമയങ്ങളില്‍ നമുക്ക് ദൈവത്തോട് നന്ദി പറയാന്‍ കഴിയുമോ?

''ഭൂമിയും സ്വര്‍ഗ്ഗവും ആരാധിക്കുന്ന നിത്യദൈവത്തിന്'' സ്തുതിയും നന്ദിയും കരേറ്റിക്കൊണ്ട് പാസ്റ്റര്‍ റിങ്കാര്‍ട്ടിനോടു ചേര്‍ന്നു നമുക്കും അവനെ സ്തുതിക്കാം. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു' (വാ. 5) എന്നു നമുക്കു പാടാന്‍ കഴിയും.

ഏതൊരാളും എല്ലാവരും

എല്‍ സാല്‍വഡോര്‍ എന്ന രാജ്യം അതിന്റെ തലസ്ഥാനനഗരത്തിന്റെ മധ്യത്തില്‍ യേശുവിന്റെ ശില്പം സ്ഥാപിച്ച് അവനെ ബഹുമാനിച്ചു. തിരക്കേറിയ ഒരു ട്രാഫിക് സര്‍ക്കിളിന് നടുവിലാണ് ഈ സ്മാരകം നില്‍ക്കുന്നതെങ്കിലും, അതിന്റെ ഉയരം നിമിത്തം എളുപ്പം കാണാന്‍ സാധിക്കുന്നു. കൂടാതെ അതിന്റെ പേര് - ലോകത്തിന്റെ ദിവ്യ രക്ഷകന്‍ - അവന്റെ അമാനുഷിക പദവിയോടുള്ള ബഹുമാനം വിളിച്ചറിയിക്കുന്നു.

യേശുവിനെക്കുറിച്ച് ബൈബിള്‍ പറയുന്ന കാര്യങ്ങളെ സ്മാരകത്തിന്റെ പേര് സ്ഥിരീകരിക്കുന്നു (1 യോഹന്നാന്‍ 4:14). എല്ലാവര്‍ക്കും രക്ഷ നല്‍കുന്നവനാണ് യേശു. യേശു സാംസ്‌കാരിക അതിര്‍വരമ്പുകള്‍ കടന്ന്, പ്രായം, വിദ്യാഭ്യാസം, വംശീയത, മുന്‍കാല പാപം, അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും സ്വീകരിക്കുന്നു.

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് ജനങ്ങളോടു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പുരാതന ലോകത്തില്‍ സഞ്ചരിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍, സൈനികര്‍, യെഹൂദന്മാര്‍, വിജാതീയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി അവന്‍ ഈ സന്തോഷവാര്‍ത്ത പങ്കിട്ടു. ''യേശു കര്‍ത്താവാണ്'' എന്ന് ഏറ്റുപറഞ്ഞും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് വിശ്വസിച്ചും ഒരു വ്യക്തിക്ക് ക്രിസ്തുവുമായി ഒരു ബന്ധം ആരംഭിക്കാന്‍ കഴിയുമെന്ന് പൗലൊസ് വിശദീകരിച്ചു (റോമര്‍ 10:9). അദ്ദേഹം പറഞ്ഞു, ''അവനില്‍ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല. . . . കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും' (വാ. 11, 13).

യേശു ബഹുമാനിക്കപ്പെടേണ്ട അകന്നുനില്‍ക്കുന്ന ഒരു പ്രതിമയല്ല; വിശ്വാസത്തിലൂടെ നമുക്ക് അവനുമായി ഒരു വ്യക്തിബന്ധം ഉണ്ടായിരിക്കണം. അവിടുന്ന് നല്‍കുന്ന രക്ഷയുടെ മൂല്യം നാം കാണുകയും അവനുമായി ഒരു ആത്മീയ ബന്ധത്തിലേക്ക് മുന്നേറുകയും ചെയ്യാം.

ടര്‍ക്കികള്‍ പഠിപ്പിച്ചത്

ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.

ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്‌ക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.

നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ''ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,' അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.

എനിക്കുള്ള ഇടം

അദ്ദേഹം പ്രായാധിക്യമുള്ള, പരുക്കന്‍ സ്വഭാവവും ഭാഷയും ഉള്ള ഒരു വിരമിച്ച സൈനികനായിരുന്നു. ഒരു ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ആത്മീയ വിശ്വാസങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ മനുഷ്യന്റെ നിഷേധാത്മക പ്രതികരണം പെട്ടെന്ന് വന്നു: ''എന്നെപ്പോലൊരാളില്‍ ദൈവത്തിന് ഇടമില്ല.''

ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ ''കഠിന മനുഷ്യന്‍'' എന്ന നാട്യത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യത്തില്‍ നിന്നും അകലെയുമല്ല! ദൈവം ഇടം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും കഠിനഹൃദയര്‍, കുറ്റബോധത്താല്‍ പിടിക്കപ്പെട്ടവര്‍, പുറംതള്ളപ്പെട്ടവര്‍ എന്നിവരെ തന്റെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അവര്‍ തഴച്ചുവളരുന്നതിനും വേണ്ടി. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍, തനിക്കു ശിഷ്യന്മാരെ കണ്ടെത്തുന്നതിന് ചില അത്ഭുതകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലൂടെ ഇത് വ്യക്തമായിരുന്നു. ഒന്നാമതായി, ഗലീലിയില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാരെ - യെരൂശലേമിലുള്ളവരുടെ വീക്ഷണത്തില്‍ ''പാതയുടെ തെറ്റായ വശം'' ചേര്‍ന്നു നടക്കുന്നവരെ അവന്‍ തിരഞ്ഞെടുത്തു. ചുങ്കക്കാരനായ മത്തായിയെയും അവന്‍ തിരഞ്ഞെടുത്തു. വിദേശാധിപത്യത്തില്‍ കിടക്കുന്ന തന്റെ ജനത്തിന്റെ ശത്രുത ഏറ്റുവാങ്ങിയവനായിരുന്നു അവന്‍. പിന്നെ, യേശു ''എരിവുകാരനായ'' മറ്റെ ശിമോനെ വിളിച്ചു (മര്‍ക്കൊസ് 3:18).

ഈ ശിമോനെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല (അവന്‍ ശിമോന്‍ പത്രൊസ് അല്ല). പക്ഷേ എരിവുകാരെക്കുറിച്ച് നമുക്കറിയാം. നിന്ദിക്കപ്പെട്ട റോമാക്കാരുമായി സഹകരിച്ച് സമ്പന്നരായ മത്തായിയെപ്പോലുള്ള രാജ്യദ്രോഹികളെ അവര്‍ വെറുത്തു. എന്നിട്ടും, ദൈവിക വിരോധാഭാസത്താല്‍, യേശു മത്തായിയോടൊപ്പം ശിമോനെ തിരഞ്ഞെടുത്തു, അവരെ ഒരുമിച്ചു കൊണ്ടുവന്നു, തന്റെ സംഘത്തില്‍ കൂട്ടിച്ചേര്‍ത്തു.

യേശുവിന് 'കൊള്ളാത്തവര്‍' എന്നു പറഞ്ഞ് ആരെയും എഴുതിത്തള്ളരുത്. എല്ലാറ്റിനുമുപരി, ''ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിക്കുവാന്‍ വന്നിരിക്കുന്നത്'' (ലൂക്കൊസ് 5:32) എന്ന് അവന്‍ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെയും എന്നെയും പോലുള്ള കഠിനരായ ആളുകള്‍ക്ക് അവന്റെയടുക്കല്‍ ധാരാളം സ്ഥലമുണ്ട്.