Category  |  odb

മരത്തോടു മന്ത്രിക്കുന്നവന്‍

ചിലര്‍ അദ്ദേഹത്തെ ''മരത്തോടു മന്ത്രിക്കുന്നവന്‍'' എന്ന് വിളിക്കുന്നു. ടോണി റിനോഡോ, വേള്‍ഡ് വിഷന്‍ ഓസ്ട്രേലിയയുടെ മരം നടുന്നവനാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള സഹേല്‍ പ്രദേശത്ത് വനനശീകരണം തടയുന്നതിലൂടെ യേശുവിനെ പങ്കുവെക്കാനുള്ള പരിശ്രമത്തില്‍ മുപ്പതുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരു മിഷനറിയും കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് ടോണി റിനോഡോ.

മുരടിച്ച ''കുറ്റിച്ചെടികള്‍'' യഥാര്‍ത്ഥത്തില്‍ സുഷുപ്താവസ്ഥയിലുള്ള മരങ്ങളാണെന്ന് തിരിച്ചറിഞ്ഞ റിനോഡോ അവയെ പ്രൂണ്‍ ചെയ്യുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലക്ഷക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചു. അവരും സമീപത്തുള്ള വനങ്ങള്‍ പുനഃസ്ഥാപിച്ച് മണ്ണൊലിപ്പ് തടയുകയും തങ്ങളുടെ പരാജയപ്പെട്ട കൃഷിസ്ഥലങ്ങള്‍ രക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന്, നൈജറിലെ കര്‍ഷകര്‍ അവരുടെ വിളകളും വരുമാനവും ഇരട്ടിയാക്കി, അങ്ങനെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ക്ക് അധികമായി ഭക്ഷണം നല്‍കുന്നു.

യോഹന്നാന്‍ 15-ല്‍, കൃഷിയുടെ സ്രഷ്ടാവായ യേശു സമാനമായ കാര്‍ഷിക തന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം
ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2).

ദൈവത്തിന്റെ ദൈനംദിന പരിപാലനമില്ലാതെ, നമ്മുടെ ആത്മാക്കള്‍ ഫലരഹിതവും വരണ്ടതുമായി മാറുന്നു. എന്നിരുന്നാലും, അവിടുത്തെ ന്യായപ്രമാണത്തില്‍ നാം ആനന്ദിക്കുമ്പോള്‍, രാവും പകലും അതിനെ ധ്യാനിക്കുമ്പോള്‍, നാം ''ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ'' ആകും (സങ്കീ. 1:3). നമ്മുടെ ഇലകള്‍ വാടിപ്പോകുകയില്ല. നാം ''ചെയ്യുന്നതൊക്കെയും സാധിക്കും'' (വാ. 3). അവന്‍ ചെത്തിവെടിപ്പാക്കിയതും നട്ടതുമായ നമ്മള്‍ നിത്യഹരിതമാണ് - നാം പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.

ദൈവം എല്ലാം കേള്‍ക്കുന്നു

ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദീര്‍ഘമായ തപാല്‍ കാലതാമസം 89 വര്‍ഷത്തിന്റേതാണ്. 2008-ല്‍ ഇംഗ്ലണ്ടിലെ ഒരു വീട്ടുടമസ്ഥയ്ക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 1919-ല്‍ അയച്ച ഒരു ക്ഷണക്കത്ത് ലഭിക്കുകയുണ്ടായി. അവിടെ മുമ്പു പാര്‍ത്തിരുന്ന വ്യക്തിക്കുള്ള ക്ഷണക്കത്തായിരുന്നു അവളുടെ മെയില്‍ബോക്‌സില്‍ വന്നത്. റോയല്‍ മെയില്‍ വഴിയാണ് കത്തു ലഭിച്ചത് എങ്കിലും അതിന്റെ കാലതാമസത്തിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.

ആശയവിനിമയത്തിലെ ഏറ്റവും മികച്ച മാനുഷിക ശ്രമങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ നിരാശരാക്കുന്നു, എന്നാല്‍ ദൈവം തന്റെ വിശ്വസ്തരായ ആളുകളെ കേള്‍ക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. 1 രാജാക്കന്മാര്‍ 18-ല്‍, പുറജാതി ദൈവമായ ബാലും യഹോവയായ ദൈവവും തമ്മിലുള്ള വ്യത്യാസം ഏലിയാവ് വെളിപ്പെടുത്തി. യഥാര്‍ത്ഥ ദൈവം ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരപ്പരീക്ഷയില്‍, ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചശേഷം, ഏലിയാവ് അവരെ പരിഹസിച്ചു: ''ഉറക്കെ വിളിക്കുവിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കുകയാകുന്നു; അല്ലെങ്കില്‍
യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തണം' (വാ. 27). തുടര്‍ന്ന് തന്റെ ജനത വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതിനായി യഹോവ ഉത്തരം നല്‍കണമെന്ന് ഏലിയാവ് പ്രാര്‍ത്ഥിച്ചു, ദൈവത്തിന്റെ ശക്തി വ്യക്തമായും പ്രകടമായി.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏലിയാവിന്റേതുപോലെ ഉടനടി ഉത്തരം ലഭിച്ചില്ലെന്നു വന്നേക്കാം, എങ്കിലും ദൈവം അവ കേള്‍ക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം (സങ്കീര്‍ത്തനം 34:17). നമ്മുടെ പ്രാര്‍ത്ഥനകളെ അവന്‍ അമൂല്യമായി വിലമതിക്കുന്നുവെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവ വിലയേറിയ ധൂപവര്‍ഗ്ഗം പോലെ ''സ്വര്‍ണ്ണപാത്രങ്ങളില്‍'' സൂക്ഷിക്കുന്നു (വെളിപ്പാട് 5:8). നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തന്റെ തികഞ്ഞ ജ്ഞാനത്തിലും മാര്‍ഗ്ഗത്തിലും ഉത്തരം നല്‍കും. സ്വര്‍ഗ്ഗത്തില്‍ നഷ്ടപ്പെട്ട കത്തുകള്‍ ഒന്നുമില്ല.

ഒരു നേരത്തെ ഭക്ഷണം പോലും

യേശുവിനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെ ആഷ്ടനും ഓസ്റ്റിന്‍ സാമുവല്‍സണും ഒരു ക്രിസ്തീയ കോളേജില്‍ നിന്ന് ബിരുദം നേടി. എന്നിരുന്നാലും, സഭയിലെ ഒരു പരമ്പരാഗത ശുശ്രൂഷയിലേക്ക് തങ്ങള്‍ക്കു വിളിയുള്ളതായി ഇരുവര്‍ക്കും തോന്നിയില്ല. എന്നാല്‍ ലോകത്തിലെ ശുശ്രൂഷയുടെ കാര്യമോ? തീര്‍ച്ചയായും അവര്‍ക്കുറപ്പുണ്ടായിരുന്നു. ദൈവം നല്‍കിയ സംരംഭകത്വ കഴിവുകളുമായി കുട്ടികളുടെ വിശപ്പു മാറ്റാനുള്ള അവരുടെ ഭാരം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ലക്ഷ്യത്തോടെ 2014 ല്‍ അവര്‍ ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. എന്നാല്‍ ഇത് ഏതെങ്കിലും ഒരു റെസ്റ്റോറന്റ് ആയിരുന്നില്ല. ഒന്നു വാങ്ങുക-ഒന്നു-നല്‍കുക-എന്ന പ്രമാണത്തില്‍ നിന്നുകൊണ്ടാണ് സാമുവല്‍സണ്‍ പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്ന ഓരോ ഭക്ഷണത്തോടൊപ്പം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഭക്ഷണം നല്‍കാന്‍ അവര്‍ പണം സംഭാവന ചെയ്യുന്നു. ഇതുവരെ, അറുപതിലധികം രാജ്യങ്ങളില്‍ അവര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളിലെ വിശപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമാകുക എന്നതാണ് അവരുടെ ലക്ഷ്യം - ഒരു സമയം ഒരു ഭക്ഷണം വീതം.

മത്തായി 10-ലെ യേശുവിന്റെ വാക്കുകള്‍ നിഗൂഢമല്ല, അവ അതിശയകരമാംവിധം വ്യക്തമാണ്: ഭക്തി പ്രകടമാകുന്നത് പ്രവൃത്തികളിലാണ്, വാക്കുകൡല്ല (വാ. 37-42). അത്തരം ഒരു പ്രവൃത്തികളിലൊന്ന് ''ഈ ചെറിയവരില്‍ ഒരുത്തന്്'' നല്‍കുക എന്നതാണ്. സാമുവല്‍സണെ സംബന്ധിച്ചിടത്തോളം, അവര്‍ ശ്രദ്ധയൂന്നിയത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലാണ്. എന്നാല്‍ ശ്രദ്ധിക്കുക, ''ഈ ചെറിയവരില്‍ ഒരുത്തന്'' എന്നത് കാലഗണന പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വാക്കല്ല. ദരിദ്രര്‍, രോഗികള്‍, തടവുകാര്‍, അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ ഈ ലോകത്തിന്റെ ദൃഷ്ടിയില്‍ പരിഗണന ലഭിക്കാത്ത ''ഈ ചെറിയവരില്‍ ഒരുത്തന്'' കൊടുക്കുവാനാണ് കര്‍ത്താവ് നമ്മോടാവശ്യപ്പെടുന്നത്. എന്താണ് കൊടുക്കേണ്ടത്? യേശു പറയുന്നു ''ഒരു പാനപാത്രം തണ്ണീര്‍'' എങ്കിലും (വാ. 42). ഒരു കപ്പ് തണുത്ത വെള്ളം പോലെ ചെറുതും ലളിതവുമായ ഒന്ന്. എങ്കില്‍ ഒരു നേരത്തെ ഭക്ഷണം തീര്‍ച്ചയായും ആ ഗണത്തില്‍ ഉള്‍പ്പെടും.

കമ്പുകളും ഇഷ്ടികകളും ദൈവവും

തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ അവര്‍ ചെയ്യാന്‍ ദൈവം അവരെ വിളിക്കുന്നതിനെക്കുറിച്ച് പ്രാര്‍ത്ഥിച്ച ശേഷം, നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് നീങ്ങുകയാണ് അവര്‍ ചെയ്യേണ്ടത് എന്നു മാര്‍ക്കും നീനയും ഉറപ്പിച്ചു. അവര്‍ ഒഴിഞ്ഞ ഒരു വീട് വാങ്ങി, നവീകരണജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു- അപ്പോഴാണ്് കൊടുങ്കാറ്റ് വന്നത്. മാര്‍ക്ക് എനിക്ക് അയച്ച ഒരു സന്ദേശത്തില്‍ എഴുതി: ''ഇന്ന് രാവിലെ ഞങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. നഗരത്തില്‍ അടിച്ച കൊടുങ്കാറ്റ് ഞങ്ങളുടെ പുതുക്കിപ്പണി തകര്‍ത്തുകളഞ്ഞു- വെറും കമ്പുകളും ഇഷ്ടികകളും ആക്കി മാറ്റി. ദൈവം എന്തിനോ തയ്യാറെടുക്കുന്നു.'

അനിയന്ത്രിതമായ കൊടുങ്കാറ്റുകള്‍ മാത്രമല്ല നമ്മെ ആശ്ചര്യപ്പെടുത്തുകയും നമ്മുടെ ജീവിതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നിര്‍ഭാഗ്യത്തിനിടയില്‍ ദൈവത്തിന്റെമേലുറപ്പിച്ച ദൃഷ്ടി മാറിപ്പോകാതിരിക്കുന്നതാണ് അതിജീവനത്തിന്റെ ഒരു താക്കോല്‍.

തന്റെ വസ്തുവകകള്‍ നഷ്ടപ്പെടുത്തുകയും മക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്ത ഇയ്യോബിന്റെ ജീവിതത്തിലെ കാലാവസ്ഥാ ദുരന്തം (ഇയ്യോബ് 1:19) അവന്‍ നേരിട്ട ഞെട്ടിക്കുന്ന ആശ്ചര്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. അതിനുമുമ്പ്, മൂന്ന് ദൂതന്മാര്‍ മോശം വാര്‍ത്തകള്‍ അവനെ അറിയിച്ചിരുന്നു (വാ. 13-17).

ഏതൊരു ദിവസത്തിലും, നാം വിരുന്നില്‍ നിന്ന് വിലാപത്തിലേക്കും, ജീവിതം ആഘോഷിക്കുന്നതില്‍ നിന്നും മരണത്തെ വിശകലനം ചെയ്യുന്നതിലേക്കും അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിത വെല്ലുവിളികളിലേക്കും നീങ്ങാം. നമ്മുടെ ജീവിതം - സാമ്പത്തികമായും ബന്ധങ്ങളെ സംബന്ധിച്ചും ശാരീരികമായും വൈകാരികമായും ആത്മീയമായും - അതിവേഗം ''കമ്പുകളിലേക്കും ഇഷ്ടികകളിലേക്കും'' ചുരുങ്ങാം. എന്നാല്‍ ദൈവം ഏതൊരു കൊടുങ്കാറ്റിനേക്കാളും ശക്തനാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ അവനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിശ്വാസം - 'യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' (വാ. 21) എന്ന് ഇയ്യോബിനോടും മറ്റുള്ളവരോടും ഒപ്പം പറയാന്‍ കഴിയുന്ന വിശ്വാസം - ആവശ്യമാണ്.

എല്ലാവര്‍ക്കും ഒരു ഉപദേഷ്ടാവിനെ ആവശ്യമാണ്

എന്റെ പുതിയ സൂപ്പര്‍വൈസറുടെ ഓഫീസിലേക്ക് നടക്കുമ്പോള്‍ എനിക്ക് ജാഗ്രതയും വൈകാരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. എന്റെ പഴയ സൂപ്പര്‍വൈസര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിനെ കാര്‍ക്കശ്യമായും ഗൗരവത്തോടെയും നടത്തിയിരുന്നു. അദ്ദേഹം പലപ്പോഴും എന്നെയും (മറ്റുള്ളവരെയും) കരയിപ്പിച്ചിരുന്നു. എന്റെ പുതിയ ബോസ് എങ്ങനെയായിരിക്കും? ഞാന്‍ ചിന്തിച്ചു. ഞാന്‍ എന്റെ പുതിയ ബോസിന്റെ ഓഫീസിലേക്ക് കാലെടുത്തുവച്ചയുടനെ, അദ്ദേഹം എന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും എന്നെക്കുറിച്ചും എന്റെ നിരാശകളെക്കുറിച്ചും പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ ഭയം അലിഞ്ഞുപോയി. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അദ്ദേഹത്തിന്റെ കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റത്തില്‍ നിന്നും ദയയുള്ള വാക്കുകളില്‍നിന്നും അദ്ദേഹം ശരിക്കും കരുതുന്നയാളാണെന്നു ഞാന്‍ അറിഞ്ഞു. യേശു വിശ്വാസിയായ അദ്ദേഹം എന്റെ ഔദ്യോഗിക ഉപദേഷ്ടാവും പ്രോത്സാഹകനും സുഹൃത്തും ആയി മാറി.

അപ്പൊസ്തലനായ പൗലൊസ് ''പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന്റെ'' (തീത്തൊസ് 1:4) ആത്മീയ ഉപദേഷ്ടാവായിരുന്നു. തീത്തൊസിന് അവന്‍ എഴുതിയ കത്തില്‍, സഭയിലെ അവന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സഹായകരമായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കി. അവന്‍ ''പത്ഥ്യോപദേശത്തിനു ചേരുന്നത് പ്രസ്താവിക്കുക'' (2: 1) മാത്രമല്ല 'ഉപദേശത്തില്‍ നിര്‍മ്മലതയും ഗൗരവവും, ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും' ഉള്ളനായി 'സകലത്തിലും തന്നെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി' കാണിക്കുകയും വേണം (വാ. 7-8). തല്‍ഫലമായി, തീത്തൊസ് അവന്റെ പങ്കാളിയും സഹോദരനും സഹപ്രവര്‍ത്തകനുമായി (2 കൊരിന്ത്യര്‍ 2:13; 8:23) - അതിലുപരി മറ്റുള്ളവരുടെ ഉപദേഷ്ടാവുമായി.

നമ്മില്‍ അനേകരും ഒരു അധ്യാപകന്‍, പരിശീലകന്‍, പിതാമഹന്‍, യുവനേതാവ് അല്ലെങ്കില്‍ പാസ്റ്റര്‍ എന്നിങ്ങനെയുള്ള ഉപദേഷ്ടാക്കളുടെ അറിവ്, ജ്ഞാനം, പ്രോത്സാഹനം, ദൈവത്തിലുള്ള വിശ്വാസം എന്നിവയിലൂടെ പ്രയോജനം നേടിയിട്ടുണ്ട്. യേശുവിനോടൊത്തുള്ള യാത്രയില്‍ നിങ്ങള്‍ പഠിച്ച ആത്മീയ പാഠങ്ങളില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുക?