Category  |  odb

വരള്‍ച്ചയെ അതിജീവിക്കുക

2019 മെയ് മാസത്തില്‍ ചെന്നൈ നഗരം കടുത്ത ജലക്ഷാമം നേരിട്ടു. ആ വര്‍ഷത്തെ മണ്‍സൂണ്‍ പരാജയപ്പെട്ടതായിരുന്നു കാരണം. വരള്‍ച്ച ബാധിച്ച പ്രദേശവാസികള്‍ക്ക് റേഷന്‍ രീതിയില്‍ വെള്ളം എത്തിക്കുന്ന ലോറികളെ കാത്ത് റോഡിനിരുവശവും പ്ലാസ്റ്റിക് കലങ്ങള്‍ നിരത്തിവെച്ചിരുന്നു. പച്ചവിരിച്ചു കിടക്കേണ്ട ഗ്രാമപ്രദേശങ്ങളില്‍ ഉണങ്ങിയ പുല്ലും സസ്യങ്ങളും ദാഹശമനത്തിനായി മഴ കാത്തുകിടന്നിരുന്നു.

'ഹൃദയംകൊണ്ട് യഹോവയെ വിട്ടുമാറുന്ന മനുഷ്യനെ' (യിരെമ്യാവ് 17:5) കുറിച്ച് യിരമ്യാവ് പറയുന്ന വിവരണം വായിക്കുമ്പോള്‍ എന്റെ ചിന്തയില്‍ വരുന്നത് ഉണങ്ങിയ സസ്യങ്ങളും കളകളുമാണ്. 'ജഡത്തെ'' ആശ്രയിക്കുന്നവര്‍ ''മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും'' എന്നും ''നന്മ വരുമ്പോള്‍ അതിനെ കാണാതെ'' പോകുമെന്നും അവന്‍ പറയുന്നു (വാ. 5-6). മനുഷ്യരില്‍ ആശ്രയിക്കുന്നതിനു പകരം ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഇതിനു നേരെ വിപരീതമാണ്. വൃക്ഷങ്ങളെപ്പോലെ, അവരുടെ ശക്തമായ ആഴത്തിലുള്ള വേരുകള്‍ അവനില്‍ നിന്ന് ശക്തി പ്രാപിക്കുകയും വരള്‍ച്ച പോലുള്ള സാഹചര്യങ്ങള്‍ക്കിടയിലും ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഉണങ്ങിയ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും വേരുകള്‍ ഉണ്ട്, എന്നിരുന്നാലും സസ്യങ്ങള്‍ അവയുടെ ജീവ-ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എങ്കില്‍, അവ ഉണങ്ങുകയും നശിക്കുകയും ചെയ്യുന്നു. നേരെ മറിച്ചു വൃക്ഷങ്ങള്‍ അവയുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുകയും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു, പ്രയാസകരമായ സമയങ്ങളില്‍ അവയെ നിലനിര്‍ത്തുന്ന വേരുകളില്‍ അവ നങ്കൂരമിട്ടിരിക്കുന്നു. നാം ദൈവത്തെ മുറുകെ പിടിക്കുകയും, ബൈബിളില്‍ കാണുന്ന ജ്ഞാനത്തില്‍ നിന്ന് ശക്തിയും പ്രോത്സാഹനവും നേടുകയും അവനോട് പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും ചെയ്യുമ്പോള്‍, നമുക്കും അവന്‍ നല്‍കുന്ന ജീവ-ദായകവും ജീവന്‍ നിലനിര്‍ത്തുന്നതുമായ പോഷണം അനുഭവിക്കാന്‍ കഴിയും.

ഒന്നാന്തരം ഷോട്ട്?

വാള്‍ട്ട് ഡിസ്‌നിയുടെ ബാംബി (ഒരു മാന്‍കുട്ടിയെക്കുറിച്ചുള്ള ആനിമേറ്റഡ് ഇംഗ്ലീഷ് സിനിമ) വീണ്ടും പുറത്തിറങ്ങിയപ്പോള്‍, അച്ഛനമ്മമാര്‍ തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മക്കളോടു പങ്കുവെച്ചു. മുറി നിറയെ ട്രോഫികള്‍ കൊണ്ടു നിറച്ച ഒരു വേട്ടക്കാരന്‍ ഭര്‍ത്താവായുള്ള ഒരു യുവ മാതാവ് ആ മാതാപിതാക്കളില്‍ ഒരാളായിരുന്നു. തന്റെ കുഞ്ഞുങ്ങളെ അരികിലിരുത്തി ബാംബിയുടെ അമ്മയെ ഒരു വേട്ടക്കാരന്‍ കൊന്ന നിമിഷത്തിന്റെ വിങ്ങലും ഞരക്കവും വേദനയും അവര്‍ക്കൊപ്പം അനുഭവിച്ചു. വേട്ടക്കാരന്റെ ഉന്നം കണ്ട് തിയറ്ററില്‍ ഇരുന്നുകൊണ്ട് അവളുടെ കൊച്ചുകുട്ടി ''നല്ല ഷോട്ട്!'' എന്ന് ആക്രോശിച്ചപ്പോള്‍ അവള്‍ക്കുണ്ടായ നാണക്കേട് കുടുംബസംഗമങ്ങളില്‍ അവള്‍ ഇന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ചില സമയത്ത്, നമ്മുടെ കുട്ടികള്‍ പറയുന്ന ലജ്ജാകരമായ കാര്യങ്ങളില്‍ നാം ചിരിക്കും. 136-ാം സങ്കീര്‍ത്തനത്തിലെ ആളുകള്‍ സമാനമായ എന്തെങ്കിലും ചെയ്യുമ്പോള്‍ നാം എന്തു പറയണം? ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതും രക്ഷിക്കപ്പെട്ടതുമായ യിസ്രായേല്‍, എല്ലാ സൃഷ്ടികള്‍ക്കും തങ്ങള്‍ക്കും വേണ്ടി - പക്ഷേ അതവരുടെ ശത്രുക്കള്‍ക്കല്ല - എന്നേക്കും നില്‍ക്കുന്ന ഒരു സ്‌നേഹം ആഘോഷിക്കുന്നു. സങ്കീര്‍ത്തനം ''മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവനെ '' സ്തുതിക്കുന്നു (വാ. 10; പുറപ്പാട് 12:29-30 കൂടി കാണുക).

മറ്റൊരാളുടെ മാതാവ്, സഹോദരി, പിതാവ്, സഹോദരന്‍ എന്നിവരുടെ ചെലവില്‍ ''നല്ല ഷോട്ട്'' എന്ന ഒരു അലര്‍ച്ച പോലെ അത് തോന്നുന്നില്ലേ?

അതുകൊണ്ടാണ് ബാക്കി കഥ ഞങ്ങള്‍ക്ക് വേണ്ടത്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചം വരുമ്പോള്‍ മാത്രമേ ഒരു കുടുംബത്തിന്റെ കഥകളുടെയും കണ്ണീരിന്റെയും ചിരിയുടെയും സന്തോഷത്തിലേക്ക് ലോകത്തെ മുഴുവന്‍ ക്ഷണിക്കാന്‍ കഴിയൂ. യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിച്ച് അവനില്‍ ജീവന്‍ പ്രാപിക്കുമ്പോള്‍ മാത്രമേ എല്ലാവരേയും സ്‌നേഹിക്കുന്ന ഒരു ദൈവത്തിന്റെ അത്ഭുതം -അവന്റെ സ്വന്തം ചെലവില്‍ - പങ്കിടാന്‍ കഴിയൂ.

നിങ്ങളുടെ അയല്‍പക്കത്തെ ക്രിസ്തു

സഭയുടെ അടുത്തുള്ള താഴ്ന്ന വരുമാനക്കാര്‍ പാര്‍ക്കുന്ന ഒരു പ്രദേശത്തുകൂടെ കാറോടിച്ചുകൊണ്ടിരുന്ന ഒരു പാസ്റ്റര്‍ തന്റെ ''അയല്‍ക്കാര്‍''ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം തെരുവില്‍ ഒരാള്‍ കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാര്യം അന്വേഷിക്കുന്നതിനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി പാസ്റ്റര്‍ കാര്‍ നിര്‍ത്തി. അപ്പോഴാണ് അയാള്‍ ചില ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഈ മനുഷ്യന്‍ പാസ്റ്ററോട് ഭക്ഷണത്തിനായി കുറച്ച് രൂപ ആവശ്യപ്പെട്ടു, ഇത് ഭവനരഹിതരുടെ ഇടയില്‍ ഒരു ഔട്ട്റീച്ച് പ്രോഗ്രാമിന് തുടക്കമിട്ടു. സഭ സ്‌പോണ്‍സര്‍ ചെയ്യുകയും, അംഗങ്ങള്‍ ഭക്ഷണം പാകം ചെയ്ത് ദിവസം രണ്ടു നേരം തങ്ങള്‍ക്കു ചുറ്റുമുള്ള വീടുകളിലെ ഭക്ഷണമില്ലാത്തവര്‍ക്കു നല്‍കുകയും ചെയ്തു തുടങ്ങി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ജോലി നല്‍കി സഹായിക്കാനുമായി അവര്‍ കാലാകാലങ്ങളിലായി അവരെ സഭയിലേക്ക് കൊണ്ടുവന്നു.

ഭവനരഹിതരെ സഹായിക്കാനായി അയല്‍പക്കം കേന്ദ്രീകരിച്ചുള്ള ആ സഭയുടെ പ്രവര്‍ത്തനം കര്‍ത്താവിന്റെ മഹാനിയോഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടുന്ന് പറഞ്ഞതുപോലെ, ''സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാന്‍ തക്കവണ്ണം ഉപദേശിച്ചു കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍' (മത്തായി 28:18-19).

അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം ഭവനരഹിതര്‍ ഉള്‍പ്പെടെ 'എല്ലായിടത്തും' എത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. തീര്‍ച്ചയായും, നാം ഒറ്റക്ക് പോകുന്നില്ല. യേശു വാഗ്ദാനം ചെയ്തതുപോലെ, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്്്'' (വാ. 20).

വീടില്ലാത്ത ഒരാളോടൊപ്പം തെരുവില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഈ പാസ്റ്റര്‍ ആ സത്യം അനുഭവിച്ചത്. പാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, 'ഞങ്ങള്‍ ഞങ്ങളുടെ ഹൃദയം തുറന്നു, സഭയിലെ എല്ലാ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്നു.' ഈ ജനത്തിന്റെ മേല്‍ തങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും പവിത്രമായ നിമിഷങ്ങളിലൊന്ന് എന്ന് പാസ്റ്റര്‍ പറഞ്ഞു.

പാഠം? ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ നമുക്ക് എല്ലായിടത്തും പോകാം.

ലോകത്തിന് എന്താണ് കുഴപ്പം?

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടന്‍ ടൈംസ് വായനക്കാരോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതായി പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു കഥയുണ്ട്. ലോകത്തിന് എന്താണ് കുഴപ്പം?

അത് ഒരു ഒന്നാന്തരം ചോദ്യമാണ്, അല്ലേ? ഒരാള്‍ പെട്ടെന്ന് പ്രതികരിച്ചേക്കാം, ''ശരി, എനിക്ക് നിങ്ങളോട് ഉത്തരം പറയാന്‍ എത്ര സമയമുണ്ട്?'' അത് ശരിയാണ്, കാരണം നമ്മുടെ ലോകത്ത് വളരെയധികം കുഴപ്പങ്ങളുണ്ടെന്ന് തോന്നുന്നു. കഥ പറയുന്നതനുസരിച്ച്, ടൈംസിന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, പക്ഷേ ഹ്രസ്വമെങ്കിലും മിഴിവുറ്റ ഒരു ഉത്തരം വേറിട്ടു നിന്നു. ഇംഗ്ലീഷ് എഴുത്തുകാരനും കവിയും തത്ത്വചിന്തകനുമായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ നാല് വാക്കുകളിലൂടെ തന്റെ പ്രതികരണം എഴുതി, ''പ്രിയപ്പെട്ട സാറന്മാരേ, ഞാന്‍ ആകുന്നു.''

കഥ വസ്തുതാപരമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍ ആ പ്രതികരണം? ഇത് സത്യമല്ലാതെ മറ്റൊന്നുമല്ല. ചെസ്റ്റര്‍ട്ടണ്‍ വരുന്നതിനു വളരെ മുമ്പുതന്നെ പൗലൊസ് എന്ന ഒരു അപ്പൊസ്തലന്‍ ഉണ്ടായിരുന്നു. ആജീവനാന്ത മാതൃകാ പൗരനില്‍ നിന്ന് വ്യത്യസ്തമായി, പൗലൊസ് തന്റെ മുന്‍കാല പോരായ്മകള്‍ ഏറ്റുപറഞ്ഞു: ''മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു'' (വാ. 13). യേശു ആരെയാണ് രക്ഷിക്കാന്‍ വന്നതെന്ന് (''പാപികള്‍'') പറഞ്ഞശേഷം അവന്‍ പ്രഖ്യാപിക്കുന്നു: ''ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'' (വാ. 15). ലോകത്തിന് എന്താണു കുഴപ്പം എന്നു പൗലൊസിന് കൃത്യമായി അറിയാമായിരുന്നു. കാര്യങ്ങള്‍ നേരെയാക്കുന്നതിനുള്ള ഏക പ്രത്യാശയെക്കുറിച്ചും അവനറിയാമായിരുന്നു - 'നമ്മുടെ കര്‍ത്താവിന്റെ കൃപ' (വാ. 14).എന്തൊരു അത്ഭുതകരമായ യാഥാര്‍ത്ഥ്യം! നിലനില്‍ക്കുന്ന ഈ സത്യം ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നു.

സുവര്‍ണ്ണ മുറിപ്പാടുകള്‍

നെതര്‍ലാന്‍ഡില്‍, ഒരു കൂട്ടം ഫാഷന്‍ ഡിസൈനര്‍മാര്‍ ''ഗോള്‍ഡന്‍ ജോയ്നറി'' വര്‍ക്ക്ഷോപ്പ് വാഗ്ദാനം ചെയ്യുന്നു. തകര്‍ന്ന പോര്‍സലൈന്‍ സ്വര്‍ണ്ണം ഉപയോഗിച്ച് നന്നാക്കുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയായ കിന്റ്‌സുഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പങ്കെടുക്കുന്നവര്‍ വസ്ത്രങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹകരിക്കുന്നു. അതില്‍ കീറല്‍ മറയ്ക്കുന്നതിനു പകരം അതു കാണത്തക്കവണ്ണമാണ് ശരിയാക്കുന്നത്. ക്ഷണിക്കപ്പെട്ടവരോട് ''പ്രിയപ്പെട്ടതും എന്നാല്‍ കീറിയതുമായ വസ്ത്രം കൊണ്ടുവന്ന് സ്വര്‍ണ്ണം ഉപയോഗിച്ചു ശരിയാക്കുവാന്‍'' ആവശ്യപ്പെടുന്നു. അവര്‍ വസ്ത്രങ്ങള്‍ റീമേക്ക് ചെയ്യുമ്പോള്‍, അറ്റകുറ്റപ്പണി അലങ്കാരമായി മാറുന്നു, ഒരു ''സ്വര്‍ണ്ണ മുറിപ്പാട്.''

വസ്ത്രങ്ങള്‍ കീറിപ്പോയതോ പൊടിഞ്ഞതോ ആയ സ്ഥലങ്ങള്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് രൂപാന്തരപ്പെടുത്തുന്നത്. ഒരുപക്ഷേ, തന്റെ ബലഹീനത വെളിപ്പെടുത്തുന്ന കാര്യങ്ങളില്‍ താന്‍ പ്രശംസിക്കുമെന്നു പൗലൊസ് പറഞ്ഞതുപോലെയായിരിക്കാം ഇത്. ''അതിമഹത്തായ വെളിപ്പാടുകള്‍'' അവന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവന്‍ അവയെക്കുറിച്ച് പ്രശംസിക്കുന്നില്ല (2 കൊരിന്ത്യര്‍ 12:6). തന്റെ 'ജഡത്തിലെ ശൂലം' അഹങ്കാരവും അമിത ആത്മവിശ്വാസവും ഉണ്ടാകുന്നതില്‍ നിന്ന് തന്നെ തടയുന്നതായി അവന്‍ പറയുന്നു (വാ. 7). അവന്‍ എന്താണ് സൂചിപ്പിച്ചതെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല - ഒരുപക്ഷേ വിഷാദരോഗം, ഒരുതരം മലേറിയ, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം. എന്തായാലും അത് എടുത്തുകളയാന്‍ അവന്‍ ദൈവത്തോട് അപേക്ഷിച്ചു. എന്നാല്‍ ദൈവം പറഞ്ഞു, ''എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (വാ. 9).

ഡിസൈനര്‍മാര്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പഴയ വസ്ത്രങ്ങളിലെ കീറലുകളും വടുക്കളും സൗന്ദര്യ കാഴ്ചകളായിത്തീരുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ തകര്‍ന്നതും ദുര്‍ബലവുമായ സ്ഥലങ്ങള്‍ ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രകാശിക്കുന്ന സ്ഥലങ്ങളായി മാറ്റും. അവന്‍ നമ്മെ ഒരുമിച്ചു നിര്‍ത്തുന്നു, രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ബലഹീനതകളെ മനോഹരമാക്കുന്നു.