
ഒരാണ്ടത്തെ ബൈബിള്‍ വായന
കഠിനമായ വാക്കുകള്‍ വേദനിപ്പിക്കുന്നു. അതിനാല്‍ എന്റെ സുഹൃത്ത് - ഒരു അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ - അദ്ദേഹത്തിന് ലഭിച്ച വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ പുതിയ പുസ്തകം പഞ്ചനക്ഷത്ര അവലോകനങ്ങളും ഒരു മുഖ്യ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവരും ബഹുമാനിക്കുന്ന ഒരു മാസിക നിരൂപകന്‍, അദ്ദേഹത്തിന്റെ പുസ്തകം നന്നായി എഴുതിയതാണെന്ന് അഭിനന്ദിച്ചശേഷം അതിനെ നിശിതമായി വിമര്‍ശിച്ചു. സുഹൃത്തുക്കളിലേക്ക് തിരിഞ്ഞ് അദ്ദേഹം ചോദിച്ചു, ''ഞാന്‍ എങ്ങനെ മറുപടി നല്‍കണം?''
ഒരു സുഹൃത്ത് ഉപദേശിച്ചു, ''അത് വിട്ടുകളയുക.'' ജോലി ചെയ്യുന്നതിലും എഴുതുന്നതിലും തുടരുമ്പോഴും അത്തരം വിമര്‍ശനങ്ങള്‍ അവഗണിക്കാനോ അതില്‍ നിന്ന് പഠിക്കാനോ ഉള്ള നുറുങ്ങുകള്‍ ഉള്‍പ്പെടെ മാസികകള്‍ എഴുതുന്നതില്‍ നിന്നുള്ള ഉപദേശം ഞാനും പങ്കിട്ടു.
എന്നിരുന്നാലും, അവസാനമായി, ശക്തമായ വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് തിരുവെഴുത്തിന് -അതിലാണ് ഏറ്റവും മികച്ച ഉപദേശമുള്ളത് - എന്താണ് പറയാനുള്ളതെന്ന് കാണാന്‍ ഞാന്‍ തീരുമാനിച്ചു. യാക്കോബിന്റെ ലേഖനം ഉപദേശിക്കുന്നത്, ''ഏതു മനുഷ്യനും കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ'' (1:19). 'പരസ്പരം ഐക്യത്തോടെ ജീവിക്കാന്‍'' അപ്പോസ്തലനായ പൗലൊസ് നമ്മെ ഉപദേശിക്കുന്നു (റോമര്‍ 12:16).
സദൃശവാക്യങ്ങളുടെ ഒരു മുഴുവന്‍ അധ്യായവും തര്‍ക്കങ്ങളോട് പ്രതികരിക്കുന്നതിനുള്ള വിപുലമായ ജ്ഞാനം നല്‍കുന്നു. സദൃശവാക്യങ്ങള്‍ 15:1 പറയുന്നു: ''മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.' ''ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു'' (വാക്യം 18). കൂടാതെ, ''ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു'' (വാ. 32). അത്തരം ജ്ഞാനം കണക്കിലെടുക്കുമ്പോള്‍, എന്റെ സുഹൃത്ത് ചെയ്തതുപോലെ, നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. എന്നിരുന്നാലും, എല്ലാറ്റിനുമുപരിയായി, 'കര്‍ത്താവിനെ ഭയപ്പെടുവാന്‍'' ജ്ഞാനം നമ്മെ ഉപദേശിക്കുന്നു, കാരണം ''മാനത്തിന് വിനയം മുന്നോടിയാകുന്നു'' (വാ. 33).

ശാഠ്യ സ്വഭാവം
ഒരു പ്രശസ്തമായ ഇംഗ്ലീഷ് ആനിമേഷന്‍ സിനിമ, ശാഠ്യക്കാരായ രണ്ട് ആനിമേറ്റഡ് ജീവികളുടെ കഥയാണു പറയുന്നത്. മനുഷ്യരൂപത്തിലുള്ള ജീവികളില്‍ ഒന്ന് വടക്കോട്ടു പോകാന്‍ താല്പര്യപ്പെടുമ്പോള്‍ മറ്റേത് തെക്കോട്ടു പോകണമെന്നു വാശി പിടിക്കുന്നു. ഒരു പുല്‍മേടിന്റെ മധ്യത്തില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നു, എന്നാല്‍ ഈ ശാഠ്യക്കാരായ രണ്ട് കഥാപാത്രങ്ങളും വഴിമാറാന്‍ തയ്യാറാകുന്നില്ല. 'ലോകം മുഴുവനും നിശ്ചലമായാലും' താന്‍ അവിടെത്തന്നെ നില്‍ക്കും എന്ന് ഒന്നാമത്തെ ജീവി ശഠിക്കുന്നു (എന്നാല്‍ ലോകം നീങ്ങുകയും അവര്‍ക്ക് ചുറ്റും ഒരു ഹൈവേ നിര്‍മ്മിക്കുകയും ചെയ്യുന്നു.)
മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള അസുഖകരവും കൃത്യവുമായ ഒരു ചിത്രം ഈ കഥ നല്‍കുന്നു. നാമാണ് ശരി എന്ന് അംഗീകരിക്കപ്പെടാനുള്ള ഒരു ''ആവശ്യം'' നമുക്കുണ്ട്, മാത്രമല്ല വിനാശകരമായ വഴികളിലൂടെ ആ സഹജാവബോധത്തോട് പറ്റിനില്‍ക്കാനുള്ള പ്രവണതയും നമുക്കുണ്ട്!
സന്തോഷകരമെന്നു പറയട്ടെ, ധാര്‍ഷ്ട്യമുള്ള മനുഷ്യഹൃദയങ്ങളെ മയപ്പെടുത്താന്‍ ദൈവം സ്‌നേഹപൂര്‍വ്വം തിരഞ്ഞെടുക്കുന്നു. അപ്പൊസ്തലനായ പൗലൊസിന് ഇത് അറിയാമായിരുന്നു, അതിനാല്‍ ഫിലിപ്പിയന്‍ സഭയിലെ രണ്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുമ്പോള്‍ അവരെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണം അവന്‍ അവരെ സ്‌നേഹിച്ചു (ഫിലിപ്പിയര്‍ 4:2). ക്രിസ്തുവിനെപ്പോലെ സ്വയം അര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ അതേ 'ഭാവം തന്നെ' ഉണ്ടായിരിക്കണമെന്ന് നേരത്തെ വിശ്വാസികളോട് നിര്‍ദ്ദേശിച്ച പൗലൊസ്, സുവിശേഷഘോഷണത്തില്‍ തന്നോടൊപ്പം പോരാടിയതിനു താന്‍ വിലമതിക്കുന്ന ''ഈ സ്ത്രീകള്‍ക്കു തുണനില്‍ക്കാന്‍'' അവരോട് ആവശ്യപ്പെട്ടു (4: 3). ഇത് സമാധാനമുണ്ടാക്കുന്നതിനും കൂട്ടായ പരിശ്രമത്തിനുള്ള വിവേകപൂര്‍ണ്ണമായ ഒത്തുതീര്‍പ്പിനുമുള്ള ആഹ്വാനമാണ്.
തീര്‍ച്ചയായും, ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയങ്ങളുണ്ട്, എന്നാല്‍ ക്രിസ്തുതുല്യമായ സമീപനം ശാഠ്യത്തോടെയുള്ള നിലപാടിനെക്കാള്‍ തികച്ചും വ്യത്യസ്തമായിരിക്കും! ജീവിതത്തിലെ പല കാര്യങ്ങളും പരസ്പരം പൊരുതാന്‍ തക്ക മൂല്യമുള്ളവയല്ല. ഒന്നുകില്‍ നമുക്ക് നശിക്കുവോളം എല്ലാ നിസ്സാരകാര്യങ്ങള്‍ക്കും വേണ്ടി പരസ്പരം കലഹിക്കാം (ഗലാത്യര്‍ 5:15). അല്ലെങ്കില്‍ നമ്മുടെ അഹങ്കാരത്തെ മാറ്റിവെച്ച് ജ്ഞാനപൂര്‍വമായ ഉപദേശം സ്വീകരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യപ്പെടുകയും ചെയ്യാം.

നാം പ്രാധാന്യമുള്ളവരോ?
കുറച്ച് മാസങ്ങളായി, വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു യുവാവുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരത്തില്‍ അദ്ദേഹം എഴുതി, ''നമ്മള്‍ കേവലം ചരിത്രത്തിന്റെ സമയരേഖയിലെ കൊച്ചു കൊച്ചു പൊട്ടുകള്‍ അല്ലാതൊന്നുമല്ല. നമുക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ?'
യിസ്രായേലിന്റെ പ്രവാചകനായിരുന്ന മോശെ അതു സമ്മതിക്കും: ''ഞങ്ങളുടെ ആയുഷ്‌കാലം ... അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകുകയും ചെയ്യുന്നു' (സങ്കീര്‍ത്തനം 90:10). ജീവിതത്തിന്റെ ക്ഷണികത നമ്മെ വിഷമിപ്പിക്കുകയും നമുക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
നമുക്കു പ്രാധാന്യമുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്താല്‍ നാം ആഴമായി, നിത്യമായി സ്‌നേഹിക്കപ്പെടുന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. ഈ സങ്കീര്‍ത്തനത്തില്‍ മോശെ പ്രാര്‍ത്ഥിക്കുന്നു, ''ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കണമേ' (വാക്യം 14). നാം പ്രാധാന്യമുള്ളവരാണ് കാരണം നാം ദൈവത്തിനു പ്രാധാന്യമുള്ളവരാണ്.
നമുക്കു ദൈവസ്‌നേഹം മറ്റുള്ളവരോട് കാണിക്കാന്‍ കഴിയുമെന്നതിനാല്‍ നമുക്കു പ്രാധാന്യമുണ്ട്. നമ്മുടെ ജീവിതം ഹ്രസ്വമാണെങ്കിലും, ദൈവസ്‌നേഹത്തിന്റെ ഒരു പൈതൃകം വെച്ചിട്ടുപോകാന്‍ നമുക്കു കഴിയുമെങ്കില്‍ അവ അര്‍ത്ഥശൂന്യമല്ല. പണം സമ്പാദിക്കാനും മികച്ച നിലയില്‍ വിരമിക്കല്‍ ജീവിതം നയിക്കാനുമല്ല നാം ഇവിടെ ഭൂമിയില്‍ ആയിരിക്കുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് ദൈവസ്‌നേഹം കാണിച്ചുകൊടുത്തുകൊണ്ട് 'ദൈവത്തെ വെളിപ്പെടുത്തുവാന്‍' ആണ്.
ഒടുവിലായി, ഈ ഭൂമിയിലെ ജീവിതം ക്ഷണികമാണെങ്കിലും, ഞങ്ങള്‍ നിത്യതയ്ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാം എന്നേക്കും ജീവിക്കും. ദൈവം ''കാലത്തു തന്നേ (തന്റെ) ദയകൊണ്ടു നമ്മെ തൃപ്തരാക്കും'' എന്ന് ഉറപ്പുനല്‍കിയപ്പോള്‍ മോശെ ഉദ്ദേശിച്ചത് അതാണ്. ആ ''പ്രഭാതത്തില്‍'' നാം ജീവിക്കുവാനും സ്‌നേഹിക്കുവാനും എന്നെന്നേക്കുമായി സ്‌നേഹിക്കപ്പെടാനുമായി ഉയിര്‍ത്തെഴുന്നേല്ക്കും. അത് അര്‍ത്ഥവത്തായി തോന്നുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് അര്‍ത്ഥമുള്ളതെന്ന് എനിക്കറിയില്ല.

നിങ്ങള്‍ അവളെ വീണ്ടും കാണും
ഞാന്‍ ജാക്വിയുടെ കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരന്നു. മുറി മങ്ങിയതും നിശബ്ദവുമായിരുന്നു. ക്യാന്‍സറുമായി മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനുമുമ്പ്, എന്റെ സുഹൃത്ത് ഊര്‍ജ്ജസ്വലയായ ഒരു വ്യക്തിയായിരുന്നു. അവളുടെ ചിരി എനിക്ക് ഇപ്പോഴും സങ്കല്‍പ്പിക്കാന്‍ കഴിയും- ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള അവളുടെ മുഖം പുഞ്ചിരികൊണ്ടു പ്രകാശിക്കുമായിരുന്നു. ഇപ്പോള്‍ അവള്‍ ശാന്തയും നിശ്ചലയുമായിരുന്നു, ഞാന്‍ അവളെ ഒരു പ്രത്യേക പരിചരണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ ഞാന്‍ കുറച്ച് തിരുവെഴുത്തുകള്‍ വായിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പേഴ്സില്‍ നിന്ന് ബൈബിള്‍ പുറത്തെടുത്ത് 1 കൊരിന്ത്യരിലേക്ക് തിരിഞ്ഞു ഒരു ഭാഗം വായിക്കാന്‍ തുടങ്ങി.
സന്ദര്‍ശനത്തിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഏകാന്തതയില്‍ അല്പ സമയം കണ്ണുനീരോടെ കാത്തിരുന്ന ശേഷം, എന്റെ കണ്ണുനീര്‍ തുടയ്ക്കുന്ന ഒരു ചിന്ത മനസ്സില്‍ വന്നു: നീ അവളെ വീണ്ടും കാണും. ദുഃഖനിമഗ്നയായ ഞാന്‍, മരണം വിശ്വാസികള്‍ക്ക് താല്‍ക്കാലികം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മറന്നിരുന്നു (1 കൊരിന്ത്യര്‍ 15:21-22). ഞങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി ഞങ്ങള്‍ രണ്ടുപേരും യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ ജാക്വിയെ വീണ്ടും കാണുമെന്ന് എനിക്കറിയാം (വാ. 3-4). തന്റെ ക്രൂശീകരണത്തിനുശേഷം യേശു ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, വിശ്വാസികളെ തമ്മില്‍തമ്മിലും ദൈവത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള മരണത്തിന്റെ ആത്യന്തിക ശക്തി നഷ്ടപ്പെട്ടു. നാം മരിച്ചതിനുശേഷം, ദൈവത്തോടും നമ്മുടെ എല്ലാ ആത്മീയ സഹോദരങ്ങളോടും ഒപ്പം - എന്നേക്കും - സ്വര്‍ഗ്ഗത്തില്‍ വസിക്കും.
യേശു ഇന്ന് ജീവിച്ചിരിക്കുന്നതിനാല്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളില്‍ പ്രത്യാശയുണ്ട്. ക്രൂശിന്റെ വിജയം മരണത്തെ വിഴുങ്ങിയിരിക്കുന്നു (വാ. 54).

അവസാനം ദര്‍ശിച്ചുകൊണ്ട് ആരംഭിക്കുക
''നിനക്കു വലുതാകുമ്പോള്‍ ആരാകണം?'' കുട്ടിക്കാലത്ത് എന്നോട് പലപ്പോഴും ആ ചോദ്യം ചോദിച്ചിരുന്നു. ഉത്തരങ്ങള്‍ കാറ്റ് പോലെ മാറിക്കൊണ്ടിരുന്നു. ഒരു ഡോക്ടര്‍. ഒരു അഗ്‌നിശമന സേനാംഗം. ഒരു മിഷനറി. ഒരു ആരാധനാ നേതാവ്. ഒരു ഭൗതികശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട ടിവി കഥാപാത്രം . ഇപ്പോള്‍, നാല് കുട്ടികളുടെ പിതാവ് എന്ന നിലയില്‍, അവരോട് അതേ ചോദ്യം ചോദിക്കുന്നത് അവര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ''നാം ഏതിലായിരിക്കും മികച്ചവനാകാന്‍ പോകുന്നതെന്ന് എനിക്കറിയാം!'' എന്നു ചില സമയങ്ങളില്‍ അവരോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. കുട്ടികള്‍ സ്വയം കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ കാണാന്‍ കഴിയും.
പൗലൊസ് താന്‍ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഫിലിപ്പിയ വിശ്വാസികളില്‍ കണ്ട കാര്യങ്ങളെ ഇത് പ്രതിധ്വനിപ്പിക്കുന്നു (ഫിലിപ്പിയര്‍ 1:3). അവന് അവസാനം കാണാന്‍ കഴിഞ്ഞു; എല്ലാം പറഞ്ഞും ചെയ്തു കഴിയുമ്പോഴും അവര്‍ എന്തായിരിക്കുമെന്ന് അവനറിയാമായിരുന്നു. കഥയുടെ അവസാനത്തെ - പുനരുത്ഥാനത്തെയും എല്ലാറ്റിന്റെയും പുതുക്കലിനെയും - കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നല്‍കുന്നു (1 കൊരിന്ത്യര്‍ 15; വെളിപ്പാട് 21 എന്നിവ കാണുക). ആരാണ് കഥ എഴുതുന്നതെന്നും അത് നമ്മോട് പറയുന്നു.
ജയിലില്‍ നിന്ന് എഴുതിയ ഒരു കത്തിന്റെ പ്രാരംഭ വരികളില്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചു, ''നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും'' (ഫിലിപ്പിയര്‍ 1:6). യേശു പ്രവൃത്തി ആരംഭിച്ചു, അവന്‍ അത് പൂര്‍ത്തിയാക്കും. പൂര്‍ത്തീകരണം എന്ന വാക്ക് പ്രത്യേകിച്ചും പ്രധാനമാണ് - കഥ അവസാനിക്കുന്നില്ല, കാരണം ദൈവം ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.