Category  |  odb

സമാധാനമെന്ന ദാനം

''ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു, അവന്‍ എന്റെ രക്ഷകനാണ്, മരണത്തെക്കുറിച്ച് എനിക്ക് ഭയമില്ല,'' മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് മരിക്കുന്നതിന് മുമ്പ് മകനോട് പറഞ്ഞു. അവിശ്വസനീയവും ആത്മവിശ്വാസമുള്ളതുമായ ഈ പ്രസ്താവന ശക്തവും ആഴത്തിലുള്ളതുമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു. മരണത്തെ അഭിമുഖീകരിക്കുമ്പോഴും യേശുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന ദൈവത്തിന്റെ സമാധാന ദാനം അവള്‍ അനുഭവിച്ചു.

ഒന്നാം നൂറ്റാണ്ടില്‍ യെരുശലേമില്‍ താമസിച്ചിരുന്ന ശിമയോനും യേശു നിമിത്തം അഗാധമായ സമാധാനം അനുഭവിച്ചു. നവജാത ശിശുവിന് നിയമം അനുശാസിക്കുന്ന വിധത്തില്‍ പരിച്ഛേദന ചെയ്യാനായി മറിയയും യോസേഫും യേശു കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായ ശിമയോന്‍ ദൈവാലയത്തിലേക്കു ചെന്നു. ശിമയോനെക്കുറിച്ച് ലൂക്കൊസിന്റെ വിവരണത്തില്‍ നിന്ന് കൂടുതലൊന്നും അറിയാനാവില്ലെങ്കിലും, അവന്‍ ഒരു പ്രത്യേക ദൈവപുരുഷനാണെന്നും നീതിമാനും ഭക്തനുമാണെന്നും വരാനിരിക്കുന്ന മശിഹായ്ക്കുവേണ്ടി വിശ്വസ്തതയോടെ കാത്തിരുന്നുവെന്നും ''പരിശുദ്ധാത്മാവ് അവനില്‍ ഉണ്ടായിരുന്നു'' എന്നും പറയാന്‍ കഴിയും (ലൂക്കൊസ് 2:25). എന്നിട്ടും യേശുവിനെ കാണുന്നതുവരെ ശിമയോന്‍ ശാലോം (സമാധാനം) അഥവാ പൂര്‍ണ്ണമായ സ്വസ്ഥത അനുഭവിച്ചിരുന്നില്ല.

യേശുവിനെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ശിമയോന്‍ സ്തുതിഗീതത്തില്‍ മുഴുകി, ദൈവത്തില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു: ''ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു...നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ' (വാക്യം 29-31). ലോകത്തിന്റെ മുഴുവന്‍ ഭാവി പ്രത്യാശയും മുന്‍കൂട്ടി കണ്ടതിനാല്‍ അവനു സമാധാനമുണ്ടായിരുന്നു.

വാഗ്ദത്ത രക്ഷകനായ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ നാം ആഘോഷിക്കുമ്പോള്‍, സമാധാനത്തിന്റെ ദൈവിക ദാനത്തില്‍ നമുക്കു സന്തോഷിക്കാം.

ഒരു പേരിലെന്തിരിക്കുന്നു?

ദൈവത്തിന്റെ സമയമായപ്പോള്‍, ഞങ്ങളുടെ മകന്‍ കോഫി ഒരു വെള്ളിയാഴ്ച ജനിച്ചു - അതാണ് അവന്റെ പേരിന്റെ അര്‍ത്ഥം 'വെള്ളിയാഴ്ച ജനിച്ച കുട്ടി.' ഞങ്ങളുടെ ഒരു ഘാന സുഹൃത്തിന്റെ മകന്റെ പേരിലാണ് ഞങ്ങള്‍ അവന് ആ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഏക മകന്‍ മരിച്ചുപോയിരുന്നു. അദ്ദേഹം ഞങ്ങളുടെ കോഫിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതില്‍ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു.

ഒരു പേരിന്റെ പിന്നിലെ കഥ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്. ലൂക്കൊസ് 3 ല്‍, യോസേഫിന്റെ വംശപരമ്പരയില്‍ ഒരു പേരിനെക്കുറിച്ചുള്ള ആകര്‍ഷകമായ വിശദാംശങ്ങള്‍ കാണാം. വംശാവലി യോസേഫിന്റെ പരമ്പരയെ ആദാമിലേക്കും ദൈവത്തിലേക്കും പിന്നോട്ട് കൊണ്ടുപോകുന്നു (വാ. 38). 31-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''നാഥാന്റെ മകന്‍, നാഥാന്‍ ദാവീദിന്റെ മകന്‍.'' നാഥാന്‍? അത് രസകരമായിരിക്കുന്നു. 1 ദിനവൃത്താന്തം 3:5-ല്‍ നാഥാന്‍ ബത്ത്ശേബയില്‍ ജനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു.

ദാവീദ് ബത്ത്ശേബയുടെ കുട്ടിക്ക് നാഥാന്‍ എന്ന് പേരിട്ടത് യാദൃശ്ചികമാണോ? പിന്നിലുള്ള കഥ ഓര്‍മ്മിക്കുക. ബത്ത്‌ശേബ ഒരിക്കലും ദാവീദിന്റെ ഭാര്യയായിരിക്കേണ്ടവളല്ല. മറ്റൊരു നാഥാന്‍ - പ്രവാചകന്‍ - ബത്ത്‌ശേബയെ ചൂഷണം ചെയ്യാനും അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് രാജാവിനെ ധൈര്യത്തോടെ നേരിട്ടു (2 ശമൂവേല്‍ 12 കാണുക).

പ്രവാചകന്റെ ശാസന സ്വീകരിച്ച ദാവീദ് തന്റെ ഭയാനകമായ കുറ്റങ്ങളില്‍ അനുതപിച്ചു. സമയം അവനിലെ മുറിവുകള്‍ ഉണക്കിയപ്പോള്‍ അവന്‍ തന്റെ മകന് നാഥാന്‍ എന്ന് പേരിട്ടു. ഇത് ബത്ത്‌ശേബയുടെ പുത്രനാണെന്നതും യേശുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നുവെന്നതും എത്ര ഉചിതമായിരിക്കുന്നു (ലൂക്കൊസ് 3:23).

ബൈബിളില്‍, ദൈവകൃപ എല്ലാത്തിലും നെയ്തു ചേര്‍ത്തിരിക്കുന്നതായി നാം കാണുന്നു - അപൂര്‍വമായി മാത്രം വായിക്കുന്ന വംശാവലിയിലെ ഒരു അവ്യക്തമായ നാമത്തില്‍ പോലും. ദൈവകൃപ എല്ലായിടത്തും ഉണ്ട്.

എന്നോട് ഒരു കഥ പറയൂ

പണ്ടു പണ്ട്. ഈ രണ്ടു വാക്കുകള്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായിരിക്കാം. ഒരു ബാലനെന്ന നിലയില്‍ എന്റെ ആദ്യകാല ഓര്‍മ്മകളില്‍ ചിലതില്‍ ആ ശക്തമായ വാക്കുകളുടെ ഒരു വ്യതിയാനം ഉള്‍പ്പെട്ടിരിന്നു. എന്റെ അമ്മ ഒരു ദിവസം വീട്ടില്‍ വന്നത് കട്ടിബയന്റിട്ട ഒരു വലിയ ബൈബിള്‍ കഥാപ്പുസ്തകവുമായിട്ടാണ് - മൈ ഗുഡ്‌ഷെപ്പേര്‍ഡ് ബൈബിള്‍ സ്റ്റോറിബുക്ക്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി ഞാനും എന്റെ സഹോദരനും അമ്മ വായിച്ചുതരുന്ന ആ രസകരമായ കഥകള്‍ കേട്ടിരിക്കുമായിരുന്നു - രസകരമായ ആളുകളും അവരെ സ്‌നേഹിച്ച ദൈവവും നിറഞ്ഞ പണ്ടു പണ്ടുള്ള ഒരു കാലത്തെക്കുറിച്ചുള്ള കഥകള്‍. വളരെ വലിയ ലോകത്തെ ഞങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ കണ്ണാടിയായി ആ കഥകള്‍ മാറി.

തര്‍ക്കമില്ലാത്ത ഏറ്റവും മികച്ച കഥാകാരന്‍? നസറെത്തിലെ യേശു. കഥകള്‍ കേള്‍ക്കാനുള്ള സഹജമായ ഒരു സ്‌നേഹം നമ്മുടെ ഉള്ളിലുണ്ടെന്ന് അവനറിയാമായിരുന്നു അതിനാലാണ് തന്റെ സുവാര്‍ത്ത ആശയവിനിമയം ചെയ്യാനായി അവന്‍ നിരന്തരമായി കഥകള്‍ ഉപയോഗിച്ചത് - പണ്ടു പണ്ട് 'മണ്ണില്‍ വിത്തു വിതച്ച' ഒരു മനുഷ്യനുണ്ടായിരുന്നു (മര്‍ക്കൊസ് 4:26). പണ്ടു പണ്ട് 'ഒരു കടുകുമണി' ഉണ്ടായിരുന്നു (വാ. 31). അങ്ങനെ... യേശു ദൈനംദിന ആളുകളുമായുള്ള ആശയവിനിമയത്തില്‍ കഥകള്‍ ഉപയോഗിച്ചുവെന്ന് മര്‍ക്കോസിന്റെ സുവിശേഷം വ്യക്തമായി സൂചിപ്പിക്കുന്നു (വാ. 34). ലോകത്തെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും അവരെ സ്‌നേഹിക്കുന്ന ദൈവത്തെ അതിലും കൂടുതലായി ഗ്രഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു അത്.

കരുണയുടെയും കൃപയുടെയുമായ ദൈവിക സുവാര്‍ത്ത മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അത് ഓര്‍മ്മിക്കേണ്ടതാണ്. കഥ ഉപയോഗിച്ചുള്ള ആശയമിനിമയത്തെ പ്രതിരോധിക്കുക മിക്കവാറും അസാധ്യമാണ്.

ആത്മാവിന്റെ അതേ താളത്തില്‍

പിയാനോ ട്യൂണര്‍ ഗംഭീരവും ലക്ഷണമൊത്തതുമായ പിയാനോ ട്യൂണ്‍ ചെയ്യുന്നതു കേട്ടിരുന്നപ്പോള്‍, അതേ പിയാനോയിലൂടെ 'ഹൗ ഗ്രേറ്റ് ദൗ ആര്‍ട്ട്' എന്ന് അവിശ്വസനീയമാംവിധം ആലപിച്ചു കേട്ടതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഉപകരണം ട്യൂണ്‍ ചെയ്യേണ്ടതുണ്ട്. ചില നോട്ടുകള്‍ പിച്ചില്‍ ശരിയാണെങ്കിലും മറ്റുള്ളവ മൂര്‍ച്ചയുള്ളതോ പരന്നതോ ആയതിനാല്‍ അസുഖകരമായ ശബ്ദം സൃഷ്ടിക്കുന്നു. പിയാനോ ട്യൂണറിന്റെ ഉത്തരവാദിത്തം ഓരോ കീകളും ഒരേ ശബ്ദം പ്ലേ ചെയ്യുകയല്ല, മറിച്ച് ഓരോ നോട്ടിന്റെയും തനതായ ശബ്ദം മറ്റുള്ളവരുമായി സംയോജിപ്പിച്ച് മനോഹരവും ആകര്‍ഷണീയവുമാം വിധം മൊത്തത്തില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കുക എന്നതായിരുന്നു.

സഭയ്ക്കുള്ളില്‍പ്പോലും, അഭിപ്രായവ്യത്യാസത്തിന്റെ നോട്ടുകള്‍ നമുക്ക് നിരീക്ഷിക്കാനാകും. അതുല്യമായ അഭിലാഷങ്ങളോ കഴിവുകളോ ഉള്ള ആളുകള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവ്യക്തമായ അപശബ്ദം സൃഷ്ടിക്കാന്‍ കഴിയും. ദൈവവുമായുള്ള കൂട്ടായ്മയും മറ്റുള്ളവരുമായുള്ള ബന്ധവും തകര്‍ക്കുന്ന ''ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ,'' എന്നിവയില്‍ നിന്നകന്നു നില്‍ക്കാന്‍ ഗലാത്യര്‍ 5 ല്‍ പൗലൊസ് വിശ്വാസികളോട് അപേക്ഷിച്ചു. പകരം ആത്മാവിന്റെ ഫലങ്ങളായ ''സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം'' (വാ. 20,22-23) എന്നിവ പുറപ്പെടുവിക്കാന്‍ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

നാം ആത്മാവിനാല്‍ ജീവിക്കുമ്പോള്‍, അപ്രധാനമായ കാര്യങ്ങളെച്ചൊല്ലി അനാവശ്യമായ ഭന്നിതകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നത് നമുക്ക് എളുപ്പമായിരിക്കും. ഞങ്ങളുടെ പൊതുവായ ഉദ്ദേശ്യം നമ്മുടെ വ്യത്യാസങ്ങളെക്കാള്‍ വലുതായിരിക്കും. ദൈവത്തിന്റെ സഹായത്താല്‍, ഓരോരുത്തര്‍ക്കും കൃപയിലും ഐക്യത്തിലും വളരാന്‍ കഴിയും.

നിര്‍മ്മാണത്തില്‍

അവര്‍ ഈ റോഡ് നന്നാക്കി, ട്രാഫിക് മന്ദഗതിയിലായതിനാല്‍ ഞാന്‍ സ്വയം ചിന്തിച്ചു. ഇപ്പോള്‍ അത് വീണ്ടും ഇളകിത്തുടങ്ങിയിരിക്കുന്നു! എന്തുകൊണ്ടാണ് റോഡ് നിര്‍മ്മാണം ഒരിക്കലും പൂര്‍ത്തിയാകാത്തത്? ഞാന്‍ ചിന്തിച്ചു. ഞാന്‍ ഉദ്ദേശിക്കുന്നത്, ''റോഡുപണി പൂര്‍ത്തിയായി. ഈ മികച്ച റോഡ് ആസ്വദിക്കൂ' എന്നൊരു ബോര്‍ഡ് ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല.'

എന്റെ ആത്മീയ ജീവിതത്തിലും ഇതു സമാനമായ നിലയില്‍ സത്യമാണ്. എന്റെ വിശ്വാസത്തിന്റെ തുടക്കത്തില്‍, പക്വതയുടെ ഒരു നിമിഷം എത്തുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. അതായത് എല്ലാം ''സുഗമമായി നടപ്പാക്കപ്പെടുന്ന'' ഒരു സമയം വരുമെന്ന്. മുപ്പത് വര്‍ഷത്തിന് ശേഷം, ഞാന്‍ ഇപ്പോഴും ''നിര്‍മ്മാണത്തിലാണ്'' എന്ന് ഏറ്റുപറയുന്നു. നിരന്തരം കുഴികള്‍ രൂപപ്പെടുന്ന റോഡുകള്‍ പോലെ, ഞാനൊരിക്കലും ''പൂര്‍ത്തിയായതായി'' തോന്നുന്നില്ല. ചിലപ്പോള്‍ അത് സമാനമായ നിലയില്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്.

എന്നാല്‍ എബ്രായര്‍ 10-ല്‍ അതിശയകരമായ ഒരു വാഗ്ദാനം അടങ്ങിയിരിക്കുന്നു. 14-ാം വാക്യം പറയുന്നു, ''ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.'' ക്രൂശിലെ യേശുവിന്റെ പ്രവൃത്തി ഇതിനകം നമ്മെ രക്ഷിച്ചു. പൂര്‍ണ്ണമായും. തികച്ചും. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം പൂര്‍ണരും പൂര്‍ത്തീകരിക്കപ്പെട്ടവരുമാണ്. വിരോധാഭാസമെന്നു പറയട്ടെ, നമ്മള്‍ ഭൂമിയിലായിരിക്കുന്ന സമയത്ത് ആ പ്രക്രിയ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നാം ഇപ്പോഴും അവിടുത്തെ സാദൃശ്യത്തിലേക്ക് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു, ഇപ്പോഴും ''വിശുദ്ധരാക്കപ്പെടുന്നു.''

ഒരു ദിവസം നാം അവനെ മുഖാമുഖം കാണും, നാം അവനെപ്പോലെയാകും (1 യോഹന്നാന്‍ 3:2). എന്നാല്‍ അതുവരെ, നാം ഇപ്പോഴും ''നിര്‍മ്മാണത്തിലാണ്'', അഥവാ നമ്മിലെ ജോലി യഥാര്‍ത്ഥത്തില്‍ പൂര്‍ത്തിയാകുന്ന മഹത്തായ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആളുകളാണു നാം.