Category  |  odb

മാറിനില്‍ക്കുക

യേശുവിന്റെ ജീവിതത്തെക്കുറിച്ച് എന്റെ പാസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിനോട് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ കൈ ഉയര്‍ത്തി. ഞാന്‍ സംഭവം വായിച്ചിരുന്നു, അതിനാല്‍ എനിക്ക് അത് അറിയാമായിരുന്നു. എനിക്ക് അത് അറിയാമെന്ന്് മുറിയിലുള്ള മറ്റുള്ളവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാത്തിനുമുപരി, ഞാന്‍ ഒരു ബൈബിള്‍ അധ്യാപകനാണ്. അവരുടെ മുന്നില്‍ പരാജയപ്പെടുന്നത് എത്ര ലജ്ജാകരമാണ്! എന്റെ ലജ്ജയെക്കുറിച്ചുള്ള ഭയത്തില്‍ ഇപ്പോള്‍ ഞാന്‍ ലജ്ജിച്ചു. അതുകൊണ്ടു ഞാന്‍ കൈ താഴ്ത്തി. ഞാന്‍ ഇത്ര സുരക്ഷിതത്വമില്ലാത്തവനോ?

യോഹന്നാന്‍ സ്‌നാപകന്‍ ഒരു മികച്ച മാര്‍ഗം കാണിക്കുന്നു. ആളുകള്‍ അവനെ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ശിഷ്യന്മാര്‍ പരാതിപ്പെട്ടപ്പോള്‍, അത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് യോഹന്നാന്‍ പറഞ്ഞു. അവന്‍ കേവലം ദൂതന്‍ മാത്രമായിരുന്നു. ''ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു... അവന്‍ വളരണം; ഞാനോ കുറയണം' (3:28-30). തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം യേശുവാണെന്ന് യോഹന്നാന്‍ മനസ്സിലാക്കി . അവന്‍ ''മേലില്‍നിന്നു വരുന്നവന്‍'', ''എല്ലാവര്‍ക്കും മീതെയുള്ളവന്‍'' (വാ. 31) - നമുക്കുവേണ്ടി ജീവന്‍ നല്‍കിയ ദിവ്യപുത്രന്‍. സകല മഹത്വവും പ്രശസ്തിയും അവന് ലഭിക്കണം.

നമ്മിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതൊരു കാര്യവും നമ്മുടെ കര്‍ത്താവില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിക്കുന്നു. അവന്‍ നമ്മുടെ ഏക രക്ഷകനും ലോകത്തിന്റെ ഏക പ്രത്യാശയും ആയതിനാല്‍, അവനില്‍ നിന്ന് നാം മോഷ്ടിക്കുന്ന ഏതൊരു മഹത്വവും നമ്മെ വേദനിപ്പിക്കും.

രംഗത്തുനിന്ന്ു മാറിനില്‍ക്കുന്നതിനായി നമുക്കു തീരുമാനിക്കാം. അവനും ലോകത്തിനും നമുക്കും അതാണ്് ഉത്തമം.

തുറന്ന കരങ്ങള്‍

സാമുവലിനും കുടുംബത്തിനും ''തുറന്ന കരങ്ങളും തുറന്ന ഭവനവും'' എന്ന തത്വമാണുള്ളത്. അവര്‍ ആളുകളെ എപ്പോഴും തങ്ങളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുന്നു, ''പ്രത്യേകിച്ച് ദുരിതത്തില്‍ കഴിയുന്നവരെ,'' അദ്ദേഹം പറയുന്നു. ഒന്‍പത് സഹോദരങ്ങള്‍ക്കൊപ്പം ലൈബീരിയയില്‍ അദ്ദേഹം വളര്‍ന്നുവന്ന കുടുംബം അങ്ങനെയായിരുന്നു. അവരുടെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ അവരുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം പറയുന്നു, ''ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. എല്ലാവര്‍ക്കും എല്ലാവരും ഉത്തരവാദികളായിരുന്നു. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പരിപാലിക്കാനും പരസ്പരം സംരക്ഷിക്കാനും എന്റെ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു.'

ദാവീദ് രാജാവ് ആവശ്യത്തിലിരുന്നപ്പോള്‍, ദൈവത്തില്‍ ഇത്തരത്തിലുള്ള സ്നേഹനിര്‍ഭരമായ പരിചരണം കണ്ടെത്തി. തന്റെ ജീവിതത്തിലുടനീളം അവനു അഭയസ്ഥാനമായിരുന്ന വഴികള്‍ക്കായി ദൈവത്തെ സ്തുതിക്കുന്ന ഗാനം 2 ശമൂവേല്‍ 22 (സങ്കീര്‍ത്തനം 18) രേഖപ്പെടുത്തുന്നു. അവന്‍ സ്മരിക്കുന്നു: ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു; എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു. അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി' (2 ശമൂവേല്‍ 22:7). ശൗല്‍ രാജാവുള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്ന് ദൈവം അവനെ പലതവണ വിടുവിച്ചു. തന്റെ കോട്ടയും രക്ഷകനുമായിരുന്നതിനാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 2-3).

ദാവീദിനെ അപേക്ഷിച്ച് നമ്മുടെ കഷ്ടതകള്‍ ചെറുതായിരിക്കാമെങ്കിലും, നാം കൊതിക്കുന്ന അഭയം കണ്ടെത്താനായി അവങ്കലേക്ക് ഓടാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. അവന്റെ കൈകള്‍ എപ്പോഴും തുറന്നിരിക്കും. അതിനാല്‍ നാം ''അവന്റെ നാമത്തെ സ്തുതിക്കുന്നു'' (വാ. 50).

എന്നേക്കുമുള്ള സ്‌നേഹം

വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ നാലു വയസ്സുകാരനായ മകന്‍, എനിക്ക് തടിയില്‍ കൊത്തിയുണ്ടാക്കി ലോഹ ചട്ടക്കൂടില്‍ ഉറപ്പിച്ച ഒരു ഹൃദയം സമ്മാനമായി നല്‍കി. അതില്‍ 'എന്നേക്കും' എന്ന് ആലേഖനം ചെയ്തിരുന്നു. ''ഞാന്‍ മമ്മിയെ എന്നേക്കും സ്‌നേഹിക്കുന്നു, മമ്മി,'' അതു നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

അവനെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ അവന് നന്ദി പറഞ്ഞു. 'ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു.''

അമൂല്യമായ ആ സമ്മാനം ഇപ്പോഴും എന്റെ മകന്റെ ഒരിക്കലും തീരാത്ത സ്‌നേഹത്തെക്കുറിച്ച് എനിക്ക് ഉറപ്പുനല്‍കുന്നു. കഠിനമായ ദിവസങ്ങളില്‍, എന്നെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മധുരമുള്ള ആ സമ്മാനത്തെ ദൈവം ഉപയോഗിക്കുന്നു.

ദൈവവചനത്തിലുടനീളം പ്രകടിപ്പിക്കുകയും അവന്റെ ആത്മാവിനാല്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവത്തിന്റെ നിത്യസ്‌നേഹത്തിന്റെ ദാനത്തെക്കുറിച്ചും ഈ ഫ്രെയിം എന്നെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ത്തനക്കാരനെപ്പോലെ ദൈവത്തിന്റെ മാറ്റമില്ലാത്ത നന്മയെ വിശ്വസിക്കാനും അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ സ്ഥിരീകരിക്കുന്ന നന്ദിയുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കാനും നമുക്ക് കഴിയും (സങ്കീര്‍ത്തനം 136:1). എല്ലാറ്റിനേക്കാളും വലുതായി നമുക്ക് കര്‍ത്താവിനെ ഉയര്‍ത്താന്‍ കഴിയും (വാ. 2-3), കാരണം, അവന്റെ അനന്തമായ അത്ഭുതങ്ങളെയും പരിമിതികളില്ലാത്ത അറിവിനെയും നാം പ്രതിഫലിപ്പിക്കുന്നു (വാ. 4-5). നമ്മെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്ന ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും ജ്ഞാനവും കരുതലുമുള്ള സ്രഷ്ടാവാണ്. അവന്‍ സമയത്തെയും നിയന്ത്രിക്കുന്നവനാണ് (വാ. 6-9).

സങ്കീര്‍ത്തനക്കാരന്‍ ആലപിച്ച നിത്യസ്‌നേഹം നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവും പരിപാലകനും അവന്റെ മക്കളുടെ ജീവിതത്തിലേക്ക് പകര്‍ന്ന അതേ സ്‌നേഹമാണ് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം. നാം അഭിമുഖീകരിക്കുന്നതെന്തായാലും, നമ്മെ സൃഷ്ടിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നവന്‍ നമ്മെ നിരുപാധികമായും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവമേ, അങ്ങയുടെ അനന്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തിന്റെ എണ്ണമറ്റ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി!

സംശയവും വിശ്വാസവും

കടുത്ത തലവേദനയോടെയാണ് മാത്യു ഉണര്‍ന്നത്, ഇത് മറ്റൊരു മൈഗ്രെയ്ന്‍ ആണെന്ന് കരുതി. എന്നാല്‍ കിടക്കയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം തറയില്‍ വീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസത്തെ ചികിത്സയ്ക്കുശേഷം, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം വീണ്ടെടുത്തു, പക്ഷേ നടക്കുന്നത് അത്യന്തം വേദനാജനകമായിരുന്നു. അദ്ദേഹം പലപ്പോഴും നിരാശയോട് മല്ലിട്ടു, എങ്കിലും ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന് അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ഇയ്യോബിന് തന്റെ സമ്പത്തും മക്കളുമെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടു. ഭയാനകമായ വാര്‍ത്തകള്‍ കേട്ടിട്ടും, അവന്‍ ആദ്യം ദൈവത്തെ പ്രതീക്ഷയോടെ നോക്കി, എല്ലാറ്റിന്റെയും ഉറവിടമായി അവനെ സ്തുതിച്ചു. ദുരന്തസമയങ്ങളില്‍ പോലും അവന്‍ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചു (ഇയ്യോബ് 1:21). അവന്റെ ശക്തമായ വിശ്വാസത്തില്‍ നാം അത്ഭുതപ്പെടുന്നു, പക്ഷേ ഇയ്യോബും നിരാശയോടു പൊരുതി. ആരോഗ്യം നഷ്ടപ്പെട്ടതിനുശേഷം (2:7), താന്‍ ജനിച്ച ദിവസത്തെ ശപിച്ചു (3:1). തന്റെ വേദനയെക്കുറിച്ച് അവന്‍ തന്റെ സുഹൃത്തുക്കളോടും ദൈവത്തോടും സത്യസന്ധമായി സംസാരിച്ചു. എന്നിരുന്നാലും, നല്ലതും ചീത്തയും ദൈവത്തിന്റെ കൈയില്‍ നിന്നാണെന്ന് അവന്‍ അംഗീകരിച്ചു (13:15; 19:25-27).

നമ്മുടെ കഷ്ടതകളില്‍, നിരാശയുടെയും പ്രത്യാശയുടെയും സംശയത്തിന്റെയും വിശ്വാസത്തിന്റെയും മധ്യേ നാം ചാഞ്ചാടുന്നതായി നാം കാണുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നാം ശക്തരായി നില്‍ക്കണമെന്ന്് ദൈവം ആവശ്യപ്പെടുന്നില്ല, പകരം നമ്മുടെ ചോദ്യങ്ങളുമായി അവങ്കലേക്ക് വരാന്‍ നമ്മെ ക്ഷണിക്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ വിശ്വാസം പരാജയപ്പെട്ടേക്കാമെങ്കിലും, ദൈവം എല്ലായ്‌പ്പോഴും വിശ്വസ്തനായിരിക്കുമെന്ന് നമുക്കു ദൈവത്തെ വിശ്വസിക്കാം.