സംരക്ഷിക്കപ്പെടുക
വീടുവൃത്തിയാക്കല്‍ സേവനം നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായ ഡെബി എല്ലായ്‌പ്പോഴും അവളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കളെ തിരയുന്നു. ഒരു സംഭാഷണത്തില്‍, ''എനിക്ക് ഇപ്പോള്‍ അത് താങ്ങാനാവില്ല; ഞാന്‍ കാന്‍സര്‍ ചികിത്സയിലാണ് '' എന്നു പ്രതികരിച്ച ഒരു സ്ത്രീയോട് അവള്‍ സംസാരിച്ചു. അപ്പോള്‍ തന്നെ ഡെബി തീരുമാനിച്ചു, ''കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന ഒരു സ്ത്രീയും ഒരിക്കലും നിരസിക്കപ്പെടുകയില്ല. അവര്‍ക്ക് സൗജന്യ ഹൗസ് ക്ലീനിംഗ് സേവനം നല്‍കുന്നതാണ്'' അതിനാല്‍ 2005 ല്‍ അവള്‍ ഒരു ലാഭരഹിത സംഘടന ആരംഭിച്ചു, അവിടെ കമ്പനികള്‍ അവരുടെ ക്ലീനിംഗ് സേവനങ്ങള്‍ ക്യാന്‍സറിനെ നേരിടുന്ന സ്ത്രീകള്‍ക്ക് നല്‍കി. അത്തരമൊരു സ്ത്രീ ഒരു വൃത്തിയുള്ള വീട്ടിലെത്തിയപ്പോള്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അവള്‍ പറഞ്ഞു, ''ഞാന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന് ആദ്യമായി യഥാര്‍ത്ഥമായി വിശ്വസിച്ചു.''
നാം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പരിപാലിക്കാനും പിന്തുണയ്ക്കാനും ആളുണ്ടെന്ന തോന്നല്‍ നമ്മെ നിലനിര്‍ത്താന്‍ സഹായിക്കും. ദൈവത്തിന്റെ സാന്നിധ്യത്തെയും പിന്തുണയെയും കുറിച്ചുള്ള അവബോധം പ്രത്യേകിച്ചും നമ്മുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശ നല്‍കുന്നു. പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രിയങ്കരമായ 46-ാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ''ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.'', ''മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും; സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 1, 10-11).
ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും നമ്മോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ഹൃദയത്തെ പുതുക്കാനും കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കാനുമുള്ള ഒരു മാര്‍ഗമാണ്.

സഹായിക്കാന്‍ കഴിവുള്ളവന്‍
ജോ ജോലിയില്‍ നിന്ന് എട്ട് ആഴ്ചത്തെ ''അവധി'' എടുത്തത് ആഘോഷിക്കാനായിരുന്നില്ല, പ്രകൃതിദുരന്തത്തിന് ഇരയായവരെ സഹായിക്കാനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ''ഭവനരഹിതരുടെ ഇടയില്‍ വീണ്ടും ജീവിക്കുക, അവരില്‍ ഒരാളാകുക, വിശപ്പും ക്ഷീണവും മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെടുന്നതും എന്താണെന്ന് ഓര്‍മിക്കുക'' എന്നതായിരുന്നു ആ ഇടവേള. ജോയുടെ തെരുവുകളുമായുള്ള പരിചയം ഒന്‍പത് വര്‍ഷം മുമ്പ് ആദ്യമായി നഗരത്തിലെത്തിയപ്പോള്‍ ജോലിയോ താമസിക്കാനുള്ള സ്ഥലമോ ഇല്ലാതെ ജീവിച്ചതാണ്. പതിമൂന്ന് ദിവസം അദ്ദേഹം തെരുവുകളില്‍ കാര്യമായ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ താമസിച്ചു. അങ്ങനെയാണ് ദരിദ്രരായ ആളുകളുടെ ഇടയില്‍ പതിറ്റാണ്ടുകളുടെ ശുശ്രൂഷയ്ക്കായി ദൈവം അവനെ ഒരുക്കിയത്.
യേശു ഭൂമിയില്‍ വന്നപ്പോള്‍, താന്‍ രക്ഷിക്കാനെത്തിയവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും തിരഞ്ഞെടുത്തു. ''മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു
കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു'' (എബ്രായര്‍ 2:14,15). ജനനം മുതല്‍ മരണം വരെ, ക്രിസ്തുവിന്റെ മാനുഷിക അനുഭവത്തില്‍ നിന്ന് പാപം മാത്രമേ മാറിനിന്നുള്ളു (4:15). അവന്‍ പാപത്തെ ജയിച്ചതിനാല്‍, നാം പാപം ചെയ്യാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ അവന് നമ്മെ സഹായിക്കാന്‍ കഴിയും.
നമ്മുടെ ഭൗമിക ഉത്ക്കണ്ഠകളെ യേശുവിന് വീണ്ടും പരിചയപ്പെടേണ്ടതില്ല. നമ്മെ രക്ഷിക്കുന്നവന്‍ നാമുമായി ആഴമായി ബന്ധപ്പെട്ടിരിക്കുന്നു; അവനു നമ്മില്‍ ആഴത്തിലുള്ള താത്പര്യവുമുണ്ട്. നാം ജീവിതത്തില്‍ എന്തുതന്നെ നേരിട്ടാലും, നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്ന് നമ്മെ രക്ഷിച്ചവന്‍ (2:14), നമ്മുടെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.

ദൈവത്തിനായുള്ള വിശപ്പ്
യേശുവിലുള്ള ഒരു പുതിയ വിശ്വാസി ബൈബിള്‍ വായിക്കാന്‍ അതിയായി ആഗ്രഹിച്ചു. എന്നിരുന്നാലും, ഒരു സ്‌ഫോടനത്തില്‍ അയാള്‍ക്ക് കാഴ്ചശക്തിയും രണ്ട് കൈകളും നഷ്ടപ്പെട്ടു. ചുണ്ടുകള്‍ ഉപയോഗിച്ച് ബ്രെയ്ലി വായിച്ച ഒരു സ്ത്രീയെക്കുറിച്ച് കേട്ടപ്പോള്‍, അയാള്‍ അതു ചെയ്യാന്‍ ശ്രമിച്ചു - എന്നാല്‍ അയാളുടെ ചുണ്ടുകളുടെ അറ്റത്തുള്ള നാഡികളും നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. പിന്നീട്, ബ്രെയ്ലി അക്ഷരങ്ങളെ നാവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നി! തിരുവെഴുത്തുകള്‍ വായിക്കാനും ആസ്വദിക്കാനും അദ്ദേഹം ഒരു വഴി കണ്ടെത്തി.
ദൈവവചനം ലഭിച്ചപ്പോള്‍ യിരെമ്യാ പ്രവാചകന്‍ അനുഭവിച്ച വികാരങ്ങളാണ് സന്തോഷവും ആനന്ദവും. ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവും ആയി'' (യിരെമ്യാവ് 15:16). തന്റെ വചനങ്ങളെ പുച്ഛിച്ച യഹൂദജനതയില്‍ നിന്ന് വ്യത്യസ്തമായി (8: 9), യിരെമ്യാവ് അവയെ അനുസരിക്കുന്നവനും അവയില്‍ സന്തോഷിക്കുന്നവനുമായിരുന്നു. എന്നിരുന്നാലും, അവന്റെ അനുസരണം പ്രവാചകനെ സ്വന്തം ജനത നിരസിക്കുന്നതിലേക്കും അന്യായമായി പീഡിപ്പിക്കുന്നതിലേക്കും നയിച്ചു (15:17).
നമ്മില്‍ ചിലര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടാകാം. ഒരിക്കല്‍ നാം സന്തോഷത്തോടെ ബൈബിള്‍ വായിച്ചു, എന്നാല്‍ ദൈവത്തോടുള്ള അനുസരണം മറ്റുള്ളവരില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ക്കും തിരസ്‌കരണത്തിനും കാരണമായി. യിരെമ്യാവിനെപ്പോലെ, നമ്മുടെ ആശയക്കുഴപ്പത്തെ ദൈവത്തോടു പറയാം. യിരെമ്യാവിനെ ഒരു പ്രവാചകനാകാന്‍ ആദ്യം വിളിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ട് അവന്‍ ഉത്തരം നല്‍കി (വാ. 19-21; 1:18-19 കാണുക). താന്‍ ഒരിക്കലും തന്റെ ജനത്തെ കൈവിടില്ലെന്ന് ദൈവം അവനെ ഓര്‍മ്മിപ്പിച്ചു. നമുക്കും ഇതേ ആത്മവിശ്വാസം അവന്‍ നല്‍കുന്നു. അവന്‍ വിശ്വസ്തനാണ്, നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.

സഹതാപത്തില്‍ നിന്നു സ്തുതിയിലേക്ക്
കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയില്‍ ആവേശഭരിതരായ കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട നിറങ്ങള്‍ക്കും ശരിയായ വലുപ്പങ്ങള്‍ക്കുമായി നന്ദിയോടെ തിരഞ്ഞു. അവര്‍ക്ക് ആത്മാഭിമാനവും ലഭിച്ചതായി ഒരു സംഘാടകന്‍ പറഞ്ഞു, പുതിയ വസ്ത്രങ്ങള്‍ അവര്‍ക്ക് അവരുടെ സമപ്രായക്കാരുടെ മധ്യത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു; തണുത്ത കാലാവസ്ഥയില്‍ അത് ഊഷ്മളത നല്‍കുന്നു.
'ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വച്ചിട്ടു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍
ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരുക' എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതിയപ്പോള്‍, (2 തിമൊഥെയൊസ് 4:13) തണുത്തുറഞ്ഞ റോമന്‍ ജയിലില്‍ കിടന്ന പൗലൊസിന് ഊഷ്മളതയും സൗഹൃദവും ആവശ്യമായിരുന്നു. ഒരു റോമന്‍ ന്യായാധിപനെ അഭിമുഖീകരിച്ചപ്പോള്‍ ''ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു''(വാ. 16) എന്ന് അവന്‍ വിലപിച്ചു. ഈ മഹാനായ മിഷനറിയുടെ വേദനയെക്കുറിച്ചുള്ള സത്യസന്ധമായ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ തുളച്ചുകയറുന്നു.
പൗലൊസിന്റെ അവസാനമായി രേഖപ്പെടുത്തിയ കത്തിന്റെ ഈ അവസാന വാക്കുകളില്‍ - വിസ്മയിപ്പിക്കുന്ന ഒരു ശുശ്രൂഷയ്ക്കു ശേഷമുള്ള അവസാന ചിന്തകളില്‍ - അവന്‍ സഹതാപത്തില്‍ നിന്ന് സ്തുതിയിലേക്ക് നീങ്ങുന്നു. ''കര്‍ത്താവോ എനിക്കു തുണനിന്നു'' (വാ. 17), അവന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തെ ഉണര്‍ത്തുന്നു. പൗലൊസ് പ്രഖ്യാപിച്ചതുപോലെ, ''കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു' (വാ. 17).
നിങ്ങള്‍ ഒരു പ്രതിസന്ധി നേരിടുകയാണെങ്കില്‍, ചൂടിനുള്ള വസ്ത്രങ്ങളോ സൗഹൃദത്തിനായി ഉറ്റസുഹൃത്തുക്കളോ ഇല്ലെങ്കില്‍, ദൈവത്തെ ഓര്‍ക്കുക. പുനരുജ്ജീവിപ്പിക്കാനും നല്‍കാനും വിടുവിക്കാനും അവന്‍ വിശ്വസ്തനാണ്. എന്തുകൊണ്ട്? അവന്റെ മഹത്വത്തിനും അവന്റെ രാജ്യത്തിലെ നമ്മുടെ ഉദ്ദേശ്യത്തിനും.

സൗഖ്യദായക വാക്കുകള്‍
ആരോഗ്യ-പരിചരണ ദാതാവില്‍ നിന്നുള്ള പ്രോത്സാഹന വാക്കുകള്‍ രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ത്വക്ക് അലര്‍ജിയിലൂടെ ചൊറിച്ചിലുണ്ടാക്കുന്ന മരുന്ന് പ്രയോഗിച്ച് നടത്തിയ ഒരു ലളിതമായ പരീക്ഷണത്തില്‍, ഡോക്ടറില്‍നിന്ന് പ്രോത്സാഹനം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള പ്രതികരണങ്ങളെ താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഡോക്ടര്‍മാരില്‍ നിന്ന് പ്രോത്സാഹനം ലഭിച്ച രോഗികള്‍ക്ക് അവരുടെ എതിരാളികളേക്കാള്‍ അസ്വസ്ഥതയും ചൊറിച്ചിലും കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.
പ്രോത്സാഹജനകമായ വാക്കുകള്‍ എത്ര പ്രധാനമാണെന്ന് സദൃശവാക്യത്തിന്റെ എഴുത്തുകാരന് അറിയാമായിരുന്നു. ''ഇമ്പമുള്ള വാക്കുകള്‍'' അസ്ഥികള്‍ക്ക് സൗഖ്യം നല്‍കുന്നു (സദൃശവാക്യങ്ങള്‍ 16:24). വാക്കുകളുടെ സാധകാത്മക സ്വാധീനം നമ്മുടെ ആരോഗ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല: പ്രബോധനത്തിന്റെ ജ്ഞാനം നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങളില്‍ നാം അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ് (വാ. 20). അതുപോലെ തന്നെ പ്രോത്സാഹനം ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളെയും ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളെയും നേരിടുന്നതിനായി നമ്മെ ശക്തിപ്പെടുത്തുന്നു.
ജ്ഞാനവും പ്രോത്സാഹനവും നമ്മുടെ ദൈനംദിന ജീവിതത്തിന് ശക്തിയും രോഗശാന്തിയും നല്‍കുന്നത് എന്തുകൊണ്ടാണെന്നോ എത്രത്തോളം ആണെന്നോ നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്നിട്ടും നമ്മുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും സഹപ്രവര്‍ത്തകരുടെയും ആഹ്ലാദവും മാര്‍ഗനിര്‍ദേശവും ബുദ്ധിമുട്ട് സഹിക്കാനും വിജയത്തിലേക്ക് നയിക്കാനും നമ്മെ സഹായിക്കുന്നു. അതുപോലെ, നാം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരുവചനം നമുക്ക് പ്രോത്സാഹനം നല്‍കുന്നു, ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ പോലും സഹിക്കാന്‍ നമ്മെ സജ്ജരാക്കുന്നു. ദൈവമേ, അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടാന്‍ ഞങ്ങളെ സഹായിക്കുക, മറിച്ച്, അവിടുന്ന ഞങ്ങളുടെ ജീവിതത്തില്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ''കൃപയുള്ള വാക്കുകളുടെ'' രോഗശാന്തിയും പ്രത്യാശയും വാഗ്ദാനം ചെയ്യുവാന്‍ ഞങ്ങളെയും സഹായിക്കുക.
