എന്നേക്കും സന്നിഹിതമായ സാന്നിധ്യം
2018 ലോകകപ്പിനിടെ കൊളംബിയന്‍ ഫോര്‍വേഡ് റഡാമെല്‍ ഫാല്‍ക്കാവോ പോളണ്ടിനെതിരായ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി, വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഫാല്‍ക്കാവോയുടെ മുപ്പതാമത്തെ നാടകീയ ഗോളായിരുന്നു അത്്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരു കൊളംബിയന്‍ കളിക്കാരന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബഹുമതി അ്‌ദ്ദേഹത്തിനു നേടിക്കൊടുത്തു.
ഫാല്‍ക്കാവോ പലപ്പോഴും തന്റെ വിജയം സോക്കര്‍ പിച്ചില്‍ തന്റെ വിശ്വാസം പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്‌കോര്‍ കഴിഞ്ഞ്, ''യേശുവിനോടൊപ്പം നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല'' എന്നു രേഖപ്പെടുത്തിയിട്ടുള്ള തന്റെ ഷര്‍ട്ടു കാണിക്കാനായി തന്റെ ജേഴ്‌സി അദ്ദേഹം ഊരി മാറ്റാറുണ്ട്.
ഫാല്‍ക്കാവോയുടെ പ്രസ്താവന യേശുവിന്റെ ആശ്വാസകരമായ വാഗ്ദാനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്'' (മത്തായി 28:20). താന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് അറിഞ്ഞ യേശു, തന്റെ ആത്മാവിന്റെ സാന്നിധ്യത്താല്‍ താന്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ശിഷ്യന്മാരെ ആശ്വസിപ്പിച്ചു (വാ. 20; യോഹന്നാന്‍ 14:16-18). യേശുവിന്റെ സന്ദേശം സമീപവും വിദൂരവുമായ നഗരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവ് അവരെ ആശ്വസിപ്പിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അപരിചിതമായ സ്ഥലങ്ങളില്‍ അവര്‍ ഏകാന്തതയുടെ തീവ്രത അനുഭവിക്കുമ്പോള്‍, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പ്രതിധ്വനിക്കും.
നാം എവിടെ പോയാലും, വീടിനടുത്തായാലും വിദൂരമായാലും, അറായത്തയിടത്തേക്ക് യേശുവിനെ പിന്തുടരുമ്പോള്‍ നമുക്കും ഇതേ വാഗ്ദാനത്തില്‍ പറ്റിനില്‍ക്കാം. ഏകാന്തതയുടെ വികാരങ്ങള്‍ നാം അനുഭവിക്കുമ്പോഴും, യേശുവിനോടുള്ള പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുമ്പോള്‍, അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.

സ്‌നേഹത്തില്‍ വിഭജിപ്പെടുക
വിവാദമായ സിംഗപ്പൂര്‍ നിയമത്തെക്കുറിച്ച് പൊതുചര്‍ച്ച പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതു വിശ്വാസികളെ വ്യത്യസ്ത വീക്ഷണങ്ങളിലായി വിഭജിച്ചു. ചിലര്‍ മറ്റുള്ളവരെ ''സങ്കുചിത ചിന്താഗതിക്കാര്‍'' എന്ന് വിളിക്കുകയോ അവരുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിക്കുകയോ ചെയ്തു.
തര്‍ക്കങ്ങള്‍ ദൈവത്തിന്റെ കുടുംബത്തില്‍ കഠിനമായ ഭിന്നതയുണ്ടാക്കുകയും ആളുകളെ വളരെയധികം വേദനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ബൈബിളിലെ പഠിപ്പിക്കലുകള്‍ എന്റെ ജീവിതത്തില്‍ എങ്ങനെ ബാധകമാക്കുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ബോധ്യങ്ങളില്‍ ഞാന്‍ എന്നെ ചെറുതായി കാണുന്നു. ഞാന്‍ വിയോജിക്കുന്ന മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ ഞാനും ഒരുപോലെ കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രശ്‌നം, നമ്മുടെ കാഴ്ചപ്പാടുകള്‍ എന്തിനുവേണ്ടിയാണ് എന്നതോ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതോ അല്ല, മറിച്ച് അത് ചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെ മനോഭാവം എന്താണ് എന്നതാണെന്ന് ഞാന്‍ ചിന്തിക്കുന്നു. നാം കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണോ അതോ അവയ്ക്കു പിന്നിലുള്ള ആളുകളെ കീറിമുറിക്കാന്‍ ശ്രമിക്കുകയാണോ?
എങ്കിലും നാം തെറ്റായ പഠിപ്പിക്കലിനെ അഭിസംബോധന ചെയ്യാനോ നമ്മുടെ നിലപാട് വിശദീകരിക്കാനോ ചില അവസരങ്ങളുണ്ട്. താഴ്മ, സൗമ്യത, ക്ഷമ, സ്നേഹം എന്നിവ ഉപയോഗിച്ച് അവ പ്രകടിപ്പിക്കണമെന്ന് എഫെസ്യര്‍ 4:2-6 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, ''ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍'' എല്ലാ ശ്രമങ്ങളും നടത്തുക (വാ. 3).
ചില വിവാദങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരും. എന്നിരുന്നാലും, ദൈവത്തിന്റെ വചനം നമ്മെ എല്ലായ്പ്പോഴും ഓര്‍മ്മിപ്പിക്കുന്നത് ആളുകളുടെ വിശ്വാസം വളര്‍ത്തിയെടുക്കലാണ്, അവരെ കീറിമുറിക്കുകയല്ല നമ്മുടെ ലക്ഷ്യം എന്നാണ് (വാ. 29). ഒരു വാദം ജയിക്കാന്‍ നാം മറ്റുള്ളവരെ തകര്‍ക്കുകയാണോ? അല്ലെങ്കില്‍, ഒരു കര്‍ത്താവിലുള്ള വിശ്വാസം നാം പങ്കുവെക്കുന്നുവെന്നോര്‍ത്ത് അവന്റെ സമയത്തിലും അവന്റെ വഴികളിലും അവന്റെ സത്യങ്ങള്‍ നമ്മെ ഗ്രഹിപ്പിക്കാന്‍ ദൈവത്തെ അനുവദിക്കുകയാണോ? (വാ. 4-6).

അലറിയ എലി
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനും മക്കളും കുറച്ചുദിവസം പര്‍വതനിരകളിലെ ഒരു വനത്തില്‍ ക്യാമ്പു ചെയ്തു. ഈ സ്ഥലം ഒരു കടുവ സംരക്ഷണ കേന്ദ്രമായിരുന്നു, എങ്കിലും അസുഖകരമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഞങ്ങള്‍ കഴിയുന്നത്ര സുരക്ഷിതരായിരിക്കാന്‍ ശ്രമിച്ചു. ഒരു അര്‍ദ്ധരാത്രിയില്‍, എന്റെ മകന്‍ രോഹിത് കൂടാരത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ എന്റെ ഫ്‌ളാഷ്ലൈറ്റ് എടുത്ത് അത് ഓണാക്കി, അവനു മുമ്പില്‍ ഒരു യഥാര്‍ത്ഥ അപകടമായിരിക്കാം ഞാന്‍ കാണാന്‍ പോകുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
അവിടെ, നാലിഞ്ച് ഉയരമുള്ള ഒരു എലി നിവര്‍ന്നിരുന്ന് കൈകാലുകള്‍ വായുവില്‍ ചലിപ്പിക്കുന്നത് ഞാന്‍ കണ്ടു. അത് രോഹിതിന്റെ തൊപ്പി മുറുകെ കടിച്ചു പിടിച്ചിരുന്നു. ആ ചെറിയ ജീവി അവന്റെ തലയില്‍ നിന്ന് തൊപ്പി വിട്ടുപിരിയുന്നതുവരെ വലിച്ചിഴച്ചിരുന്നു. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍, എലി തൊപ്പി ഉപേക്ഷിച്ച് ഓടിപ്പോയി. ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കൂടാരങ്ങളിലേക്ക് നൂണ്ടു കടന്നു. എന്നിരുന്നാലും, ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നു, ഉറങ്ങാന്‍ കഴിയാതെ മറ്റൊരു വേട്ടക്കാരനെക്കുറിച്ച് ചിന്തിച്ചു - പിശാച്.
യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നത് ചിന്തിക്കുക (മത്തായി 4:1-11). അവന്‍ തന്റെ പ്രലോഭനങ്ങളെ തിരുവെഴുത്തുകളുമായി കൂട്ടിക്കലര്‍ത്തി. ഓരോ ഉത്തരത്തിലും, ദൈവം ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ അതിന് അനുസരണക്കേടു കാണിക്കില്ലെന്നും യേശു അവനെ ഓര്‍മിപ്പിച്ചു. ഇത് പിശാച് ഓടിപ്പോകാന്‍ കാരണമായി.
സാത്താന്‍ നമ്മെ വിഴുങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന്‍ എലിയെപ്പോലെയുള്ള ഒരു സൃഷ്ടിയാണെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. യോഹന്നാന്‍ പറഞ്ഞു, ''നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ'' (1 യോഹന്നാന്‍ 4:4).

ജീവിതം പ്രയാസകരമാകുമ്പോള്‍
ശാരീരികമായും മാനസികമായും വൈകാരികമായും തളര്‍ന്ന ഞാന്‍ എന്റെ ചാരുകസേരയില്‍ ചുരുണ്ടു കിടന്നു. ഞങ്ങളുടെ കുടുംബം ദൈവത്തിന്റെ നടത്തിപ്പനുസരിച്ച്് തെലങ്കാനയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറിയിരുന്നു. ഞങ്ങള്‍ എത്തിയതിനുശേഷം ഞങ്ങളുടെ കാര്‍ കേടുവന്നു, രണ്ട് മാസത്തേക്ക് വാഹനമില്ലാതെ ഞങ്ങള്‍ ഭാരപ്പെട്ടു. അതേസമയം, അപ്രതീക്ഷിതമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ഭര്‍ത്താവിന് നടക്കാന്‍ കഴിയാതെവന്നതും എന്റെ വിട്ടുമാറാത്ത വേദനയും ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ പഴയപടിയാക്കുന്ന ജോലിയെ പ്രയാസകരമാക്കി. ഞങ്ങള്‍ പുതുതായി പാര്‍ക്കാനാരംഭിച്ച പഴയ വീട്ടിലെ വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ മുതിര്‍ന്ന നായ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞു. ഞങ്ങളുടെ പുതിയ നായ്ക്കുട്ടി വലിയ സന്തോഷം നല്‍കിയിട്ടുണ്ടെങ്കിലും, അവന്റെ വര്‍ദ്ധിച്ച ഊര്‍ജ്ജസ്വലത പ്രതീക്ഷിച്ചതിലും വലിയ ജോലി ഞങ്ങള്‍ക്കു നല്‍കി. എന്റെ മനോഭാവം കൈപ്പുള്ളതായി. കാഠിന്യത്തിന്റെ കുണ്ടും കുഴിയും ഉള്ള ഒരു വഴിയില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് എങ്ങനെ അചഞ്ചലമായ വിശ്വാസം ഉള്ളവളായിരിക്കാന്‍ കഴിയും?
ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, സങ്കീര്‍ത്തനക്കാരനെക്കുറിച്ച് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി - അവന്റെ സ്തുതി സാഹചര്യങ്ങളെ ആശ്രയിച്ചായിരുന്നില്ല. ദാവീദ് തന്റെ വികാരങ്ങള്‍ ദൈവസന്നിധിയില്‍ പകര്‍ന്നു, പലപ്പോഴും വലിയ ദുര്‍ബലതയോടെ, ദൈവസന്നിധിയില്‍ അഭയം തേടി (സങ്കീര്‍ത്തനം 16:1). ദൈവത്തെ ദാതാവും സംരക്ഷകനുമായി അംഗീകരിച്ച അവന്‍ (വാ. 5-6) അവനെ സ്തുതിക്കുകയും അവന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു (വാ. 7). 'യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വച്ചിരിക്കുന്നതിനാല്‍'' താന്‍ കുലുങ്ങുകയില്ലെന്ന് ദാവീദ് ഉറപ്പിച്ചു (വാ. 8). അതിനാല്‍, അവന്‍ സന്തോഷിക്കുകയും ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്തു (വാ. 9-11).
നമ്മുടെ സമാധാനം നമ്മുടെ ഇന്നത്തെ സാഹചര്യത്തെ ആശ്രയച്ചല്ലെന്ന് അറിയുന്നതില്‍ നമുക്കും സന്തോഷിക്കാം. മാറ്റമില്ലാത്ത നമ്മുടെ ദൈവത്തിന് അവന്‍ ആരാണെന്നും എല്ലായ്‌പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നതിനും നാം നന്ദി പറയുമ്പോള്‍, അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ജ്വലിപ്പിക്കും.

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക
പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.
ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).
നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.
