യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക
തദ്ദേശീയ ഗായകനായ ടിം മക്ഗ്രോയുടെ 'ലീവ് ലൈക്ക് യു വേര്‍ ഡൈയിംഗ്' (നിങ്ങള്‍ മരിക്കുകയാണ് എന്ന നിലയില്‍ ജീവിക്കുക) എന്ന ഗാനം എന്നെ പ്രചോദിപ്പിച്ചു. ഒരു മനുഷ്യന് തന്റെ മോശമായ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം അയാള്‍ ആവേശപൂര്‍വ്വം ചെയ്യാന്‍ ശ്രമിച്ച ചില കാര്യങ്ങളുടെ പട്ടികയാണ് ആ പാട്ടില്‍ വിവരിക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആളുകളെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും - അവരോടു കൂടുതല്‍ സൗമ്യമായി സംസാരിക്കുവാനും - അയാള്‍ തയ്യാറായി. നമ്മുടെ ജീവിതം ഉടനെ അവസാനിക്കും എന്ന മട്ടില്‍ നന്നായി ജീവിക്കാനാണ് പാട്ട് ശുപാര്‍ശ ചെയ്യുന്നത്.
ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ സമയത്തിനു പരിമിതിയുണ്ടെന്നാണ്. ഇന്നു നാം ചെയ്യേണ്ടത് നാളത്തേയ്ക്കു മാറ്റിവയ്ക്കരുത് എന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ദിവസം നമ്മുടെ നാളെകള്‍ നഷ്ടമാകും. യേശുവില്‍ വിശ്വസിക്കുന്നവരെ, ഏതു നിമിഷവും യേശു മടങ്ങിവരും (ഒരുപക്ഷേ നിങ്ങള്‍ ഇതു വായിക്കുന്ന ആ നിമിഷത്തില്‍ തന്നേ) എന്നു വിശ്വസിക്കുന്നവരെ, സംബന്ധിച്ച് ഇതു പ്രത്യേകം അടിയന്തിര പ്രാധാന്യമുള്ളതാണ്. മണവാളന്‍ വരുന്നനേരം ഒരുങ്ങാതിരുന്ന 'ബുദ്ധിയില്ലാത്ത' കന്യകമാരില്‍ നിന്നു വ്യത്യസ്തമായി ഒരുങ്ങിയിരിക്കാന്‍ യേശു നമ്മെ നിര്‍ബന്ധിക്കുന്നു (മത്തായി 25:6-10).
മക്ഗ്രോയുടെ സംഗീതം മുഴുവന്‍ കഥയും പറയുന്നില്ല. യേശുവിനെ സ്നേഹിക്കുന്ന നമുക്ക് ഒരിക്കലും നാളെകള്‍ നഷ്ടമാകുകയില്ല. യേശു പറഞ്ഞു, 'ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന്‍ 11:25-26). അവനിലുള്ള നമ്മുടെ ജീവിതം ഒരുനാളും അവസാനിക്കുന്നില്ല.
അതുകൊണ്ട് മരിക്കുന്നവരെപ്പോലെ നിങ്ങള്‍ ജീവിക്കരുത്. കാരണം നിങ്ങള്‍ മരിക്കയില്ല. മറിച്ച് യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക. കാരണം അവന്‍ വരുന്നു!

വിശ്വാസ-നില്‍പ്പ്
ഡെസ്മണ്ട് ഡോസ്സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാട്ടത്തിനല്ലാതെ നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മതവിശ്വാസം തോക്കു കൊണ്ടുനടക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നുവെങ്കിലും അദ്ദേഹം ആതുര സേവകനായി പ്രവര്‍ത്തിച്ചു. ഒരു യുദ്ധത്തില്‍, മുറിവേറ്റ എഴുപത്തിയഞ്ചു പടയാളികളെ കഠിനമായ വെടിവെയ്പിന്റെ നടുവില്‍ അദ്ദേഹം രക്ഷിച്ച് സുരക്ഷിതസ്ഥാനത്താക്കി. അദ്ദേഹത്തിന്റെ കഥ 'ദി കോണ്‍ഷ്യെന്‍ഷ്യസ് ഒബ്ജക്ടര്‍' എന്ന ഡോക്യുമെന്ററിയിലും 'ഹാക്ക്സോ റിഡ്ജ്' എന്ന സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസ വീരന്മാരുടെ ഒരു പട്ടികയില്‍ അബ്രഹാം, മോശെ, ദാവീദ്, ഏലീയാവ്, പത്രൊസ്, പൗലൊസ് തുടങ്ങിയ അത്തരത്തിലുള്ള ധൈര്യശാലികളായ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അരിമഥ്യയിലെ യോസേഫ്, നിക്കോദേമൊസ് തുടങ്ങി പ്രകീര്‍ത്തിക്കപ്പെടാത്ത വീരന്മാരുമുണ്ട്. അവര്‍ യെഹൂദ പ്രമാണിമാരോടൊപ്പമുള്ള തങ്ങളുടെ സ്ഥാനം വകവയ്ക്കാതെ ക്രിസ്തുവിന്റെ ക്രൂശിത ശരീരം താഴെയിറക്കുവാനും അവനു നല്ലൊരു അടക്കം നല്‍കുവാനും തങ്ങളുടെ ജീവനെ തൃണവല്‍ഗണിച്ചു മുന്നിട്ടിറങ്ങി (യോഹന്നാന്‍ 19:40-42). യേശുവിന്റെ രഹസ്യ ശിഷ്യനും ഭീരുവുമായ ഒരുവന്റെയും രാത്രിയില്‍ മാത്രം യേശുവിനെ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ട മറ്റൊരുവനായ നിക്കോദേമൊസിന്റെയും (വാ. 38-39) ഭാഗത്തുനിന്നുള്ള ധൈര്യപൂര്‍വ്വമായ ചുവടുവയ്പായിരുന്നു ഇത്. ഇതിനെക്കാളെല്ലാം ശ്രദ്ധേയം യേശു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനു മുമ്പായിരുന്നു അവരിതു ചെയ്തത് എന്നതായിരുന്നു. എന്തുകൊണ്ട്?
ഒരുപക്ഷേ യേശുവിന്റെ മരണവിധവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും (മത്തായി 27:50-54) ഈ ഭീരുക്കളായ ശിഷ്യന്മാരുടെ ചഞ്ചല വിശ്വാസത്തെ ഉറപ്പിച്ചിരിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് തങ്ങളോടു ചെയ്യാന്‍ കഴിയുന്ന കാര്യത്തെക്കാള്‍ ദൈവം ആരാണ് എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാം. പ്രേരകം എന്തായിരുന്നാലും, നമുക്ക് അവരുടെ മാതൃക പിന്‍തുടര്‍ന്ന് മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ ദൈവത്തിലുള്ള വിശ്വാസത്തിനുവേണ്ടി ധൈര്യം കാട്ടുവാന്‍ തയ്യാറാകാം.

സുരക്ഷിതത്വത്തിന്റെ വ്യാജ ഇടങ്ങള്‍
ഞങ്ങളുടെ നായ റൂപ്പെര്‍ട്ട് കുഞ്ഞായിരിക്കുമ്പോള്‍, വെളിയില്‍ പോകുന്നതിനു ഭയങ്കര പേടിയായിരുന്നതിനാല്‍ ഞാന്‍ അവനെ വലിച്ചുകൊണ്ടാണ് പാര്‍ക്കില്‍ പോയിരുന്നത്. ഒരു ദിവസം പാര്‍ക്കില്‍ എത്തിയശേഷം ഞാന്‍ അവനെ എന്റെ ഭോഷത്വത്തിന് അഴിച്ചു വിട്ടു. ക്ഷണനേരം കൊണ്ട് അവന്‍ വീട്ടിലേക്കോടി അവന്റെ സുരക്ഷിത സ്ഥാനത്തെത്തി.
ആ അനുഭവം എന്നെ വിമാനത്തില്‍ വെച്ചു പരിചയപ്പെട്ട ഒരു മനുഷ്യനെ ഓര്‍മ്മിപ്പിച്ചു. വിമാനം റണ്‍വേയിലൂടെ ഓടിയപ്പോള്‍ ആ മനുഷ്യന്‍ എന്നോടു ക്ഷമാപണം ചെയ്യാന്‍ തുടങ്ങി. 'ഈ യാത്രയില്‍ ഞാന്‍ മദ്യപിക്കാന്‍ പോകയാണ്.' അയാള്‍ പറഞ്ഞു. 'നിങ്ങള്‍ക്കത് താല്പര്യമില്ലെന്നു തോന്നുന്നല്ലോ' ഞാന്‍ പറഞ്ഞു. 'എനിക്കു താല്പര്യമില്ല, പക്ഷേ ഞാന്‍ എല്ലായ്പ്പോഴും വീഞ്ഞിലേക്ക് ഓടിച്ചെല്ലുന്നു.' അയാള്‍ മദ്യപിച്ചു ലക്കുകെട്ടു. ഏറ്റവും ദുഃഖകരമായ ഭാഗം വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ അയാളെ ആലിംഗനം ചെയ്തു, എന്നാല്‍ അയാളുടെ ശ്വാസത്തിന്റെ മണമറിഞ്ഞപ്പോള്‍ അയാളെ ദൂരേക്കു തള്ളിമാറ്റി. മദ്യപാനം ആയിരുന്നു അയാളുടെ സുരക്ഷിത സ്ഥാനം, പക്ഷേ അതൊരു സുരക്ഷിതസ്ഥാനമേ അല്ലായിരുന്നു.
'കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍' (മര്‍ക്കൊസ് 1:15) എന്ന വാക്കുകളോടെയാണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചത്. 'മാനസാന്തരപ്പെടുക' എന്നു പറഞ്ഞാല്‍ ദിശ നേരെ തിരിക്കുക എന്നാണ്. 'ദൈവരാജ്യം' എന്നത് നമ്മുടെ ജീവിതത്തിന്മേലുള്ള അവന്റെ സ്നേഹമസൃണ ഭരണമാണ്. നമ്മെ കെണിയില്‍പ്പെടുത്തുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനു പകരം അല്ലെങ്കില്‍ ഭയവും ആസക്തിയും നമ്മെ ഭരിക്കുന്നതിനു പകരം, നമുക്ക് നമ്മെ പുതു ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന ദൈവത്താല്‍ നമുക്കു ഭരിക്കപ്പെടുവാന്‍ കഴിയും എന്ന് യേശു പറഞ്ഞു.
ഇന്ന് റൂപ്പെര്‍ട്ട് സന്തോഷത്തോടെ കുരച്ചുകൊണ്ട് പാര്‍ക്കിലേക്ക് ഓടുന്നു. വിമാനത്തില്‍ കണ്ട ആ മനുഷ്യനും സുരക്ഷിതത്വത്തിന്റെ വ്യാജ ഇടം വിട്ട് സന്തോഷവും സ്വാതന്ത്ര്യവും പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവത്തിന്റെ ദൃഷ്ടിയില്‍ യോഗ്യതയുള്ളവന്‍
എനിക്ക് കമ്പ്യൂട്ടര്‍ കോഡ് ഒരു വരി പോലും എഴുതാന്‍ അറിയില്ലെങ്കിലും ബിസിനസ് ജ്ഞാനം ഒട്ടുമില്ലാഞ്ഞിട്ടും കോളജ് പഠനത്തിനുശേഷം ഒരു ടെക്നോളജി-കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്നെ ജോലിക്കെടുത്തു. എന്റെ എന്‍ട്രി ലെവല്‍ സ്ഥാനത്തിനായുള്ള ഇന്റര്‍വ്യൂവില്‍, കമ്പനി എക്സ്പീരിയന്‍സിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. പകരം, പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള കഴിവ്, നല്ല വിവേചന ശക്തി, ടീമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം. കമ്പനി അന്വേഷിക്കുന്ന തരത്തിലുള്ള ആളുകളാണ് എങ്കില്‍ പുതിയ ജോലിക്കാരെ അത്യാവശ്യമുള്ള വൈദഗ്ധ്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് കമ്പനി മനസ്സിലാക്കി.
പെട്ടകം പണിക്കാവശ്യമുള്ള ശരിയായ റസ്യൂമെ നോഹയ്ക്കില്ലായിരുന്നു-അവനൊരു ബോട്ടു നിര്‍മ്മാതാവോ, ഒരു ആശാരി പോലുമോ ആയിരുന്നില്ല. നോഹ ഒരു കൃഷിക്കാരനായിരുന്നു, തന്റെ ഉടുപ്പില്‍ മണ്ണു പറ്റാന്‍ താല്പര്യമുള്ളവനും കയ്യില്‍ കലപ്പയുള്ളവനും. എന്നിട്ടും അന്നത്തെ ലോകത്തിന്റെ ദുഷ്ടതയ്ക്ക് അറുതിവരുത്താന്‍ ദൈവം തീരുമാനിച്ചപ്പോള്‍, നോഹയെയാണ് അനുയോജ്യനായി കണ്ടത്, കാരണം അവന്‍ 'ദൈവത്തോടുകൂടെ നടന്നു' (ഉല്പത്തി 6:9). നോഹയുടെ പഠിക്കാന്‍ മനസ്സുള്ള ഹൃദയത്തെ - തനിക്കു ചുറ്റുമുള്ള അധഃപതനത്തെ എതിര്‍ക്കുവാനും ശരിയായ കാര്യം ചെയ്യുവാനും മനസ്സുള്ള ഹൃദയത്തെ - ദൈവം വിലമതിച്ചു.
ദൈവത്തെ സേവിക്കുവാനുള്ള അവസരം നമുക്കു ലഭിക്കുമ്പോള്‍, ആ ജോലിക്കു യോഗ്യതയുള്ളവരാണെന്നു നമുക്കു തോന്നിയേക്കില്ല. എന്നാല്‍ നമ്മുടെ നൈപുണ്യം ദൈവത്തിനു വിഷയമല്ല എന്നതില്‍ ദൈവത്തിനു നന്ദി. അവന്‍ നമ്മുടെ സ്വഭാവത്തെയും അവനോടുള്ള സ്നേഹത്തെയും അവനില്‍ ആശ്രയിക്കാനുള്ള മനസ്സിനെയും വിലമതിക്കുന്നു. ഈ സ്വഭാവങ്ങള്‍ ആത്മാവിനാല്‍ നമ്മുടെ ഉള്ളില്‍ വികസിക്കുമ്പോള്‍, ഭൂമിയിലെ തന്റെ ഹിതം നിവര്‍ത്തിക്കുവാന്‍ അവന്‍ നമ്മെ വലുതോ ചെറുതോ ആയ വഴികളില്‍ ഉപയോഗിക്കും.

എനിക്കു ചുറ്റും ഒരു പരിച
അനേക കഴിവുകളുള്ള ഞങ്ങളുടെ ആരാധനാ ശുശ്രൂഷകന്‍ ഒരു ബോട്ട് അപകടത്തില്‍ മുപ്പത്തൊന്നാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ സഭ ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോയി. പോളിനും ഭാര്യ ഡുറോന്റയ്ക്കും വേദന അപരിചിതമായിരുന്നില്ല; അകാലത്തില്‍ കടന്നുപോയ നിരവധി കുഞ്ഞുങ്ങളെ അവര്‍ അടക്കിയിട്ടുണ്ട്; ഇപ്പോഴിതാ ആ കൊച്ചു കുഴിമാടങ്ങള്‍ക്കരികെ മറ്റൊരു കുഴിമാടം കൂടി. ഈ കുടുംബം അനുഭവിച്ച, ജീവിതത്തെ തകര്‍ത്തുടച്ച പ്രതിസന്ധികള്‍ അവരെ സ്നേഹിച്ചവരെയെല്ലാം തലക്കേറ്റ ആഘാതം പോലെ ഉലച്ചു.
വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികള്‍ ദാവീദിന് അന്യമായിരുന്നില്ല. സങ്കീര്‍ത്തനം 3 ല്‍ തന്റെ മകന്‍ അബ്ശാലോമിന്റെ മത്സരം നിമിത്തം ദാവീദ് തകര്‍ന്നുപോയി. കൊട്ടാരത്തില്‍ താമസിച്ചു യുദ്ധം ചെയ്യുന്നതിനുപകരം, അവന്‍ തന്റെ ഭവനവും സിംഹാസനവും വിട്ട് ഓടിപ്പോയി (2 ശമുവേല്‍ 15:13-23). അവന്‍ ദൈവത്താല്‍ കൈവിടപ്പെട്ടു എന്ന് 'അനേകര്‍' കരുതിയെങ്കിലും (സങ്കീര്‍ത്തനം 3:2), ദാവീദിന് സത്യം അറിയാമായിരുന്നു, കാരണം അവന്‍ യഹോവയെ തന്റെ ശരണമാക്കിയിരുന്നു (വാ. 3),അതനുസരിച്ച് അവന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു (വാ. 4). അതുതന്നെയാണ് ഡുറോന്റ ചെയ്തതും. തന്റെ ഭര്‍ത്താവിനെ സ്മരിക്കുവാന്‍ നൂറുകണക്കിനാളുകള്‍ കൂടിവന്നപ്പോള്‍, അവള്‍ തന്റെ അതിദുഃഖത്തിന്റെ നടുവിലും തന്റെ ശാന്തവും മൃദുവുമായ ശബ്ദത്തില്‍ ദൈവത്തിലുള്ള ഉറപ്പ് പ്രഖ്യാപിക്കുന്ന ഒരു പാട്ടു പാടി.
ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രോത്സാഹജനകമല്ലാതിരിക്കുമ്പോള്‍, സാമ്പത്തിക ഞെരുക്കത്തിന് അയവു വരാതിരിക്കുമ്പോള്‍, ബന്ധങ്ങള്‍ നിരപ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍, നമ്മുടെ സ്നേഹഭാജനങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍- 'നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു' (വാ. 3) എന്ന് പറയാന്‍ നമുക്കും ശക്തി ലഭിക്കട്ടെ.
