സൗഹൃദത്തിന്റെ അടയാളങ്ങള്‍
ഘാനയില്‍ ഒരു കൊച്ചുകുട്ടിയായി വളര്‍ന്നപ്പോള്‍ ജനത്തിരക്കേറിയ സ്ഥലങ്ങളിലൂടെ എന്റെ പിതാവിന്റെ കരം പിടിച്ച് നടക്കുന്നത് എനിക്കിഷ്ടമായിരുന്നു. അദ്ദേഹം ഒരേസമയം എന്റെ പിതാവും സ്നേഹിതനുമായിരുന്നു. കാരണം എന്റെ സംസ്കാരത്തില്‍ കരം പിടിക്കുന്നത് യഥാര്‍ത്ഥ സുഹൃദ്ബന്ധത്തിന്റെ അടയാളമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ അനേക വിഷയങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിക്കുമായിരുന്നു. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോഴൊക്കെ, എന്റെ പിതാവിന്റെ അടുക്കല്‍ ഞാന്‍ ആശ്വാസം കണ്ടെത്തുമായിരുന്നു. ഞങ്ങളുടെ സൗഹൃദത്തെ ഞാന്‍ എത്ര വിലമതിച്ചിരുന്നുവെന്നോ!
കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരെ സ്നേഹിതന്മാര് എന്നു വിളിച്ചു, തന്റെ സൗഹൃദത്തിന്റെ അടയാളങ്ങള്‍ അവന് അവര്‍ക്കു കാണിച്ചുകൊടുത്തു. 'പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു' (യോഹന്നാന് 15:9) യേശു പറഞ്ഞു. അവര്‍ക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുത്തു (വാ.13). തന്റെ രാജ്യത്തിന്റെ പ്രവൃത്തികള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു (വാ.15). ദൈവം അവനു നല്കിയതെല്ലാം അവന് അവരെ പഠിപ്പിച്ചു (വാ.15). തന്റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ അവന് അവര്‍ക്കവസരം നല്കി (വാ.16).
നമ്മുടെ ജീവിതത്തിലെ കൂട്ടാളിയെന്ന നിലയില്‍ യേശു നമ്മോടൊപ്പം നടക്കുന്നു. നമ്മുടെ ഹൃദയവേദനകളും നമ്മുടെ ആഗ്രഹങ്ങളും അവന് ശ്രദ്ധയോടെ കേള്‍ക്കുന്നു. നാം ഏകാന്തരും ഹൃദയം തളര്‍ന്നവരും ആകുമ്പോള്‍ നമ്മുടെ സ്നേഹിതനായ യേശു നമ്മോടൊപ്പം നില്ക്കുന്നു.
നാം പരസ്പരം സ്നേഹിക്കുകയും അവന്റെ കല്പനകള് അനുസരിക്കുകയും ചെയ്യുമ്പോള്‍ യേശുവുമായുള്ള നമ്മുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നു (വാ. 10, 17). നാം അവന്റെ കല്പനകള് അനുസരിക്കുമ്പോള്‍ നാം 'നിലനില്‍ക്കുന്ന ഫലം' കായ്ക്കും (വാ. 16).
നമ്മുടെ പ്രശ്നസങ്കീര്‍ണ്ണമായ ലോകത്തിലെ ജനനിബിഢമായ തെരുവുകളിലൂടെയും അപകടം നിറഞ്ഞ വഴികളിലൂടെയും നടക്കുമ്പോള്‍ കര്‍ത്താവിന്റെ സഖിത്വത്തില്‍ നമുക്കാശ്രയിക്കാം. അവന്റെ സൗഹൃദത്തിന്റെ അടയാളമാണത്.
പ്രത്യാശ പുനഃസ്ഥാപിക്കപ്പെട്ടു
സൂര്യന് കിഴക്കാണോ ഉദിക്കുന്നത്? ആകാശം നീലയാണോ? സമുദ്രം ഉപ്പുള്ളതാണോ? കോബാള്‍ട്ടിന്റെ അറ്റോമിക ഭാരം 58.9 ആണോ? ശരി, ശരി. അവസാനത്തേതിന്റെ ഉത്തരം അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ശാസ്ത്രകുതുകിയോ അപ്രധാന വിശദാംശങ്ങള്‍ ഇഷ്ടപ്പെടുന്നവനോ ആയിരിക്കണം. എങ്കിലും മറ്റ് ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നിങ്ങള്‍ക്കുണ്ട്: അതേ. വാസ്തവത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം സാധാരണയായി പരിഹാസരൂപേണയുള്ളതായിരിക്കും.
നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ നമ്മുടെ ആധുനിക - ചിലപ്പോള്‍ അടഞ്ഞ - കാതുകള്‍ക്ക്, രോഗിയായ മനുഷ്യനോടുള്ള 'നിനക്കു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ?' (യോഹന്നാന് 5:6) എന്ന യേശുവിന്റെ ചോദ്യം പരിഹാസദ്യോതകമായി തോന്നിയേക്കാം. അതിനു ലഭിക്കാവുന്ന മറുപടി ഇതായിരിക്കും: 'നീ എന്നെ കളിയാക്കുകയാണോ? മുപ്പത്തെട്ടു വര്‍ഷമായി സഹായം കാത്തു കഴിയുകയാണ് ഞാന്‍.'' എന്നാല്‍ അവിടെ പരിഹാസമില്ലായിരുന്നു. യേശുവിന്റെ വാക്കുകള്‍ എല്ലായ്പ്പോഴും മനസ്സലിവു നിറഞ്ഞതും അവന്റെ ചോദ്യങ്ങള്‍ എപ്പോഴും നമ്മുടെ നന്മയ്ക്കുവേണ്ടി ഉള്ളതും ആയിരിക്കും.
മനുഷ്യന് സൗഖ്യമാകാന്‍ ആഗ്രഹമുണ്ടെന്ന് യേശു അറിഞ്ഞിരുന്നു. കരുതലിന്റെ ഒരു കരം ആരെങ്കിലും അവന്റെ നേരെ നീട്ടിയിട്ട് ഒരുപാട് കാലമായെന്നും യേശുവിനറിയാമായിരുന്നു. ദൈവിക അത്ഭുതത്തിനു മുമ്പ്, തണുത്തുപോയ അവന്റെ പ്രത്യാശയെ ഉണര്‍ത്തുകയായിരുന്നു യേശുവിന്റെ ഉദ്ദേശ്യം. വ്യക്തമായ ഒരു ചോദ്യം ചോദിച്ചു കൊണ്ടും 'എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക'' (വാ. 8) എന്നു പറഞ്ഞ് പ്രതികരിക്കാന്‍ അവന് അവസരം നല്കിക്കൊണ്ടും ആണവന് അതു ചെയ്തത്.
ആ പക്ഷവാത രോഗിയെപ്പോലെയാണ് നാം, നാമോരോരുത്തരും നമ്മുടെ ജീവിതത്തിലെ പ്രതീക്ഷ കരിഞ്ഞുണങ്ങിയ സ്ഥാനങ്ങളിലാണ്. അവന് നമ്മെ കാണുകയും മനസ്സലിവോടെ വീണ്ടും പ്രത്യാശയില്‍ വിശ്വസിക്കാന്‍ - അവനില്‍ വിശ്വസിക്കാന്‍ - നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.
നീ അവിടെയുണ്ടോ?
മൈക്കിളിന്റെ ഭാര്യയ്ക്ക് ഒരു കഠിന രോഗം ബാധിച്ചപ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലൂടെ തനിക്കു കൈവന്നിട്ടുള്ള സമാധാനം തന്റെ ഭാര്യയും അനുഭവിക്കണമെന്നവന് ആഗ്രഹിച്ചു. അവന് തന്റെ വിശ്വാസം അവളുമായി പങ്കിട്ടുവെങ്കിലും അവള് താല്പര്യം കാണിച്ചില്ല. ഒരു ദിവസം, പ്രാദേശിക പുസ്തക ശാലയിലൂടെ നടക്കുമ്പോള്‍ ഒരു പുസ്തകം കണ്ണില്‍പ്പെട്ടു: 'ദൈവമേ, നീ അവിടെയുണ്ടോ?' എന്നായിരുന്നു അതിന്റെ തലക്കെട്ട്. തന്റെ ഭാര്യ എങ്ങനെ പുസ്തകത്തോടു പ്രതികരിക്കുമെന്നു നിശ്ചയമില്ലാതിരുന്നതിനാല്‍ അതു വാങ്ങും മുമ്പ് അവന് പലവട്ടം കടയില്‍ കയറുകയും ഇറങ്ങുകയും ചെയ്തു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളതു സ്വീകരിച്ചു.
പുസ്തകം അവളെ സ്പര്‍ശിച്ചു, പിന്നീട് അവള് ബൈബിള്‍ വായിക്കാനും തുടങ്ങി. രണ്ടാഴ്ചയ്ക്ക് ശേഷം മൈക്കളിന്റെ ഭാര്യ, ദൈവം തന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ലായെന്ന ഉറപ്പോടെ ദൈവാശ്രയത്തോടെയും സമാധാനത്തോടെയും മരിച്ചു.
തന്റെ ജനത്തെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിക്കുന്നതിനായി ദൈവം മോശയെ വിളിച്ചപ്പോള്‍, അവന് ശക്തി ദൈവം വാഗ്ദത്തം ചെയ്തില്ല. മറിച്ച് തന്റെ സാന്നിധ്യം അവന് വാഗ്ദത്തം ചെയ്തു. 'ഞാന്‍ നിന്നോട് കൂടെയിരിക്കും'' (പുറപ്പാട് 3:12). തന്റെ ക്രൂശീകരണത്തിന് മുമ്പ് തന്റെ ശിഷ്യന്മാരോടുള്ള അവസാന വാക്കുകളില്‍ യേശു പരിശുദ്ധാത്മാവിലൂടെ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ദൈവത്തിന്റെ നിത്യമായ സാന്നിധ്യം വാഗ്ദത്തം ചെയ്തു (യോഹന്നാന് 15:16).
ഭൗതിക സുഖങ്ങള്‍, സൗഖ്യം, നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള സത്വര പരിഹാരം എന്നിങ്ങനെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനു നമ്മെ സഹായിക്കാനായി നിരവധി കാര്യങ്ങള്‍ നമുക്ക് നല്കാന് ദൈവത്തിനു കഴിയും. ചിലപ്പോള്‍ അവനതു ചെയ്യാറുമുണ്ട്. എന്നാല്‍ അവന് നല്കുന്ന ഏറ്റവും മികച്ച ദാനം തന്നെത്തന്നെയാണ്. നമുക്കുള്ള ഏറ്റവും മികച്ച ആശ്വാസം ഇതാണ്: ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും അവന് നമ്മോടു കൂടെയിരിക്കും; അവന് നമ്മെ ഉപേക്ഷിക്കുകയില്ല.
ദഹിപ്പിക്കപ്പെടുക
ഓസ് ഗിന്നസ് 'ദി കോള്‍' എന്ന തന്റെ ഗ്രന്ഥത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഫ്രാന്‍സിനു തെക്ക് ചില സ്നേഹിതരോടൊപ്പം അവധിക്കാലം ആസ്വദിച്ചതിനെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. തണുത്ത രാത്രിയില്‍ തീക്കു ചുറ്റുമിരിക്കുമ്പോള്‍, എരിയുന്ന തീയിലേക്ക് നോക്കിയ മുന്‍പ്രധാന മന്ത്രി, പൈന്‍ വിറകുകള്‍ കത്തുമ്പോള്‍ 'പൊട്ടുകയും ചീറ്റുകയും തുപ്പുകയും ചെയ്യുന്നതു കണ്ടു. പെട്ടെന്ന് തന്റെ ചിരപരിചിത മുരണ്ട ശബ്ദത്തില്‍ പറഞ്ഞു, 'വിറകുകള്‍ എന്തുകൊണ്ടാണ് തുപ്പുന്നത് എന്നെനിക്കറിയാം. ദഹിപ്പിക്കപ്പെടുക എന്നാല്‍ എന്താണെന്നെനിക്കറിയാം.''
പ്രതിസന്ധികള്‍, നിരാശ, അപകടങ്ങള്‍, ദുരിതം, നമ്മുടെ തന്നെ വീഴ്ചകളുടെ ഫലങ്ങള്‍ എന്നിവയെല്ലാം ദഹിപ്പിക്കുന്നവയാണ്. സാഹചര്യങ്ങള്‍ പതുക്കെപ്പതുക്കെ നമ്മുടെ ഹൃദയത്തിന്റെ സമാധാനവും സന്തോഷവും ഊറ്റിയെടുക്കും. ദാവീദ് തന്റെ തന്നെ പാപ പ്രവൃത്തികളുടെ ഭവിഷ്യത്തുകളാല്‍ ദഹിപ്പിക്കപ്പെടുന്ന അനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ അവന് എഴുതി, 'ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി' (സങ്കീര്‍ത്തനം 32:3-4).
ഇത്തരം പ്രയാസഘട്ടങ്ങളില്‍, എവിടേക്കാണ് സഹായത്തിനായി തിരിയുക? പ്രത്യാശയ്ക്കു വേണ്ടി? ശുശ്രൂഷാ ഭാരത്താലും തകര്‍ച്ചകളാലും നിറയപ്പെട്ട അനുഭവത്തിനുടമയായ പൗലൊസ് എഴുതി, 'ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല' (2 കൊരിന്ത്യര്‍ 4:8-9).
എങ്ങനെയാണതു സംഭവിക്കുന്നത്? നാം യേശുവില്‍ വിശ്രമിക്കുമ്പോള്‍, നല്ലയിടയന് നമ്മുടെ പ്രാണനെ തണുപ്പിക്കുകയും (സങ്കീര്‍ത്തനം 23:3), നമ്മുടെ യാത്രയുടെ അടുത്ത ചുവടിനായി നമ്മെ ശക്തീകരിക്കയും ചെയ്യുന്നു. പാതയിലെ ഓരോ ചുവടിലും നമ്മോടൊപ്പം സഞ്ചരിക്കാമെന്ന് അവന് വാഗ്ദത്തം ചെയ്യുന്നു (എബ്രായര്‍ 13:5).
സമാധാനം നിറഞ്ഞ ഹൃദയങ്ങള്‍
പ്രൊഫഷണല്‍ അത്ലറ്റ് എന്ന നിലയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജെറി ക്രാമറിനെ സ്പോട്ട്സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ (ഏറ്റവും ഉയര്‍ന്ന അംഗീകാരം) പ്രതിഷ്ഠിച്ചില്ല. മറ്റനേക അംഗീകാരങ്ങളും നേട്ടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതില്‍ അദ്ദേഹത്തെ അവഗണിച്ചു. ഈ അംഗീകാരത്തിനായി പത്തു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. നിരവധി പ്രാവശ്യം തന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടും ക്രാമര്‍ അക്ഷോഭ്യനായിരുന്നു. അദ്ദേഹം പറഞ്ഞു, 'നാഷണല്‍ ഫുട്ബോള്‍ ലീഗ്' എനിക്ക് 100 സമ്മാനങ്ങള്‍ എന്റെ ജീവിതകാലത്തു നല്‍കിയതായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്ക് കിട്ടാത്ത ഒന്നിനെച്ചൊല്ലി അസ്വസ്ഥനാകയോ കോപിക്കയോ ചെയ്യുന്നത് ഭോഷത്തമാണ്.'
മറ്റു കളിക്കാരെ ആദരിക്കുന്നതിനായി തനിക്കര്‍ഹമായ ആദരവ് നിരവധി തവണ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൈപ്പുള്ളവരായി തീരുന്ന സ്ഥാനത്ത്, ക്രാമര്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ മനോഭാവം, 'അസ്ഥികളെ ദ്രവിപ്പിക്കുന്ന' (സദൃ. 14:30) അസൂയയുടെ തിന്നുകളയുന്ന സ്വഭാവത്തിനെതിരെ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നു പഠിപ്പിക്കുന്നു. നമുക്കില്ലാത്തവയെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ - നമുക്കുള്ള അനേക കാര്യങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ - ദൈവിക സമാധാനം നമുക്ക് നഷ്ടപ്പെടുന്നു.
പതിനൊന്നാമത്തെ നാമനിര്‍ദ്ദേശത്തിനുശേഷം ഒടുവില്‍ 2018 ഫെബ്രുവരിയില്‍ ജെറി ക്രാമര്‍ 'എന്‍ എഫ് എല്‍' ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അദ്ദേഹത്തിനു സാധിച്ചതുപോലെ ഒരുപക്ഷേ നമ്മുടെ ഭൗമിക ആഗ്രഹങ്ങളെല്ലാം സാധിച്ചെന്നു വരികയില്ല. എങ്കിലും, ദൈവം സമൃദ്ധിയായി നമ്മുടെമേല്‍ ചൊരിഞ്ഞ അനേക നന്മകളില് നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ 'സമാധാന ഹൃദയം' ഉള്ളവരായിരിക്കാന്‍ നമുക്ക് കഴിയും. നാം ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അവന് നമ്മുടെ ജീവിതങ്ങളില്‍ നല്കുന്ന ജീവ-ദായക സമാധാനം എപ്പോഴും ആസ്വദിക്കാന്‍ നമുക്ക് കഴിയും.