Month: ജൂൺ 2019

മരുഭൂമിയില്‍ പൂത്തുലയുക

മൊജാവ് മരുഭൂമിയില്‍ എല്ലാ മരുഭൂമികളിലും കാണപ്പെടുന്ന മണല്‍ക്കുന്നുകളും വരണ്ട ഗര്‍ത്തങ്ങളും പെട്ടിക്കുന്നുകളും പര്‍വ്വതങ്ങളും കാണാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായ എഡ്മണ്ട് ജയ്ഗര്‍, ഓരോ ഇടവിട്ടുള്ള ചില വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സമൃദ്ധമായ മഴ നിമിത്തം, മരുഭൂമിയുടെ ഓരോ അടി മണലും അല്ലെങ്കില്‍ പാറ മണലും അക്ഷരാര്‍ത്ഥത്തില്‍ 'പുഷ്പങ്ങളുടെ പുതപ്പുകൊണ്ട് മൂടപ്പെടും' എന്നു നിരീക്ഷിച്ചു. എങ്കിലും മൊജാവ് വന്യപുഷ്പ പ്രദര്‍ശനം വാര്‍ഷിക പ്രതിഭാസമല്ല. ഉണങ്ങിയ ഭൂമി പേമാരി കൊണ്ട് കുതിര്‍ക്കപ്പെടുകയും സൂര്യനാല്‍ ചുടുപിടിക്കപ്പെടുകയും ചെയ്തു ശരിയായ സമയമാകുമ്പോള്‍ മരുഭൂമി ബഹുവര്‍ണ്ണ പുഷ്പങ്ങള്‍കൊണ്ട് മൂടപ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

വരണ്ട ഭൂപ്രദേശത്തും ദൈവം ജീവന്‍ ഉല്പാദിപ്പിക്കുന്ന ഈ ചിത്രം, യെശയ്യാ പ്രവാചകന്റെ വചനങ്ങളാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. സകല രാജ്യങ്ങളുടെമേലും ദൈവിക ന്യായവിധിയുടെ ദൂത് പ്രഖ്യാപിച്ചനന്തരം പ്രത്യാശയുടെ പ്രോത്സാഹജനകമായ ഒരു ദര്‍ശനം അവന്‍ പങ്കുവെച്ചു (യെശയ്യാവ് 35). ദൈവം സകലത്തെയും നേരെയാക്കുന്ന ഭാവികാലത്തെ വിവരിച്ചുകൊണ്ട്, പ്രവാചകന്‍ പറഞ്ഞു, 'മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും' (വാ. 1). ദൈവത്തിന്റെ രക്ഷിതജനം അവന്റെ രാജ്യത്തില്‍ 'ഉല്ലാസഘോഷത്തോടെ വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും' (വാ. 10) എന്നവന്‍ പ്രഖ്യാപിക്കുന്നു.

നമ്മുടെ നിത്യമായ ഭാവി ദൈവിക വാഗ്ദത്തങ്ങളാല്‍ ഉറപ്പാക്കപ്പെട്ടിരിക്കയാല്‍, ജീവിതത്തിന്റെ വരള്‍ച്ചയുടെയും പേമാരിയുടെയും കാലഘട്ടങ്ങളില്‍ നമുക്കവനില്‍ ആശ്രയിക്കാന്‍ കഴിയും. അവന്റെ സ്‌നേഹത്തില്‍ ആഴമായി വേരൂന്നി നമുക്ക് വളരാനും അവന്റെ സാദൃശ്യത്തിലേക്കു പൂത്തുലയുവാനും കഴിയും; തക്കസമയത്ത് യേശു മടങ്ങിവരികയും എല്ലാ കാര്യങ്ങളും ശരിയാക്കുകയും ചെയ്യും.

നിധി കണ്ടെത്തല്‍

ജോണും മേരിയും അവരുടെ വസ്തുവിലൂടെ അവരുടെ നായയെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തയിടെ പെയ്ത മഴയില്‍ മണ്ണിളകി പാതി മണ്ണിനു മുകളില്‍ കാണാവുന്ന തുരുമ്പിച്ച ഒരു പാത്രം അവരുടെ ദൃഷ്ടിയില്‍ പെട്ടു. അവരത് വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോള്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു ശേഖരം ലഭിച്ചു. അവര്‍ മടങ്ങിച്ചെന്ന് പരിശോധിച്ചപ്പോള്‍ ഏഴെണ്ണം കൂടി ലഭിച്ചു - എല്ലാത്തിലും കൂടി 1427 നാണയങ്ങള്‍! തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് അവരത് സുരക്ഷിതമായി കുഴിച്ചിട്ടു.

ഈ നാണയ ശേഖരത്തിന് (10 ദശലക്ഷം ഡോളര്‍ വിലവരുന്ന) സാഡില്‍ റിഡ്ജ് നിധി ശേഖരം എന്ന് പേരായി. അമേരിക്കയില്‍ ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടതിലേക്കും വലിയ നിധിശേഖരമായിരുന്നു ഇത്. ഈ കഥ യേശു പറഞ്ഞ ഒരു ഉപമയോട് അസാധാരണമാം വിധം സാദൃശ്യം പുലര്‍ത്തുന്നു - 'സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന്‍ കണ്ടു മറച്ചിട്ടു,
തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി' (മത്തായി 13:44).

ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള കഥകള്‍ നൂറ്റാണ്ടുകളായി മനുഷ്യ ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് അവനെ സ്വീകരിച്ച് അനുഗമിക്കുന്ന എല്ലാവര്‍ക്കും സ്വായത്തമായ ഒരു നിധിയെക്കുറിച്ചു യേശു പറയുന്നു (യോഹന്നാന്‍ 1:12).

ആ നിധിയുടെ അവസാനത്തിലേക്ക് നാമൊരിക്കലും എത്തുകയില്ല. നാം നമ്മുടെ പഴയ ജീവിതങ്ങളെ ഉപേക്ഷിച്ച് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും തേടുമ്പോള്‍, അവന്റെ വില നാം കണ്ടെത്തും. 'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തിലൂടെ' (എഫെസ്യര്‍ 2:6) സങ്കല്പാതീതമായ നിധി ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു - അവന്റെ പുത്രന്മാരും പുത്രിമാരും എന്ന നിലയില്‍ പുതുജീവന്‍, ഭൂമിയില്‍ പുതു ഉദ്ദേശ്യം, അവനോടൊപ്പം നിത്യതയില്‍ അളവറ്റ സന്തോഷം എന്നിവ.

നമുക്കു ശാന്തമാകാന്‍ കഴിയുമോ?

താന്‍ ഒത്തിരി വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് ഡാര്‍നെല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഓഫീസിലേക്കു പ്രവേശിച്ചു. തെറാപ്പിസ്റ്റ് അവന്റെ കൈ വലിക്കുകയും നീട്ടുകയും, അപകടത്തിന് ശേഷം മാസങ്ങളോളം സ്ഥാനം തെറ്റിയിരുന്ന കൈ ശരിയായ സ്ഥാനത്ത് പിടിച്ചിടുകയും ചെയ്തു. ചില നിമിഷങ്ങള്‍ കൈ അസ്വസ്ഥജനകമായ നിലയില്‍ പിടിച്ചശേഷം അവള്‍ മൃദുവായി പറഞ്ഞു, 'ശരി, ഇനി റിലാക്സ് ചെയ്യാം.'' ''തെറാപ്പിയുടെ സമയത്ത് കുറഞ്ഞപക്ഷം, അമ്പതു പ്രാവശ്യമെങ്കിലും 'ശരി, ഇനി റിലാക്സ് ചെയ്യാം' എന്ന് അവള്‍ പറഞ്ഞു' ഡാര്‍നെല്‍ പിന്നീട് പറഞ്ഞു.

ഈ വാക്കുകളെക്കുറിച്ചു ചിന്തിച്ചപ്പോള്‍, അവയെ തന്റെ ജീവിതത്തിന്റെ ഇതര കാര്യങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയും എന്നു ഡാര്‍നെല്‍ മനസ്സിലാക്കി. ആകുലപ്പെടുന്നതിന് പകരം ദൈവത്തിന്റെ നന്മയിലും വിശ്വസ്തതയിലും തനിക്കു വിശ്രമിക്കാന്‍ കഴിയും.

യേശു തന്റെ മരണത്തോടു സമീപിച്ചപ്പോള്‍, ഇക്കാര്യം തന്റെ ശിഷ്യന്മാര്‍ പഠിക്കണമെന്ന് യേശു അറിഞ്ഞു. താമസിയാതെ അവര്‍ പീഡനത്തിന്റെയും യാതനകളുടെയും അവസരത്തെ നേരിടും. അവരെ ധൈര്യപ്പെടുത്തുന്നതിനായി, അവരോടുകൂടെ വസിക്കേണ്ടതിനും താന്‍ അവരെ പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിക്കേണ്ടതിനുമായി പരിശുദ്ധാത്മാവിനെ അയച്ചുതരും എന്നവന്‍ പറഞ്ഞു (യോഹന്നാന്‍ 14:26). കൂടാതെ അവന്‍ പറഞ്ഞു, 'സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു;
... നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്' (വാ. 27).

ദൈനം ദിന ജീവിതത്തില്‍ നമ്മെ വരിഞ്ഞു മുറുക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു എന്നും അവന്‍ തന്റെ സമാധാനം നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നും നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. അവന്റെ ശക്തി നാം ആര്‍ജ്ജിക്കുമ്പോള്‍ 'ശരി, ഇനി നിനക്ക് ശാന്തമാകാം' എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളില്‍ അവന്‍ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും.

രാത്രി കാവലുകള്‍

എന്റെ കോളേജ് പഠനകാലത്ത്, വേനലവധിക്കാലങ്ങളില്‍ മനോഹരമായ കൊളറാഡോ പര്‍വ്വതത്തിലുള്ള ഒരു അതിഥി കൃഷിയിടത്തില്‍ ജോലി ചെയ്യുമായിരുന്നു. ജോലിക്കാര്‍ മാറിമാറി 'രാത്രി കാവല്‍' ജോലിക്ക് നിയമിക്കപ്പെടുമായിരുന്നു - അതിഥികള്‍ ഉറങ്ങുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി, കാട്ടുതീ പടരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ആ ജോലി. ആദ്യമൊക്കെ തളര്‍ത്തുന്നതും മുഷിപ്പനുമായി തോന്നിയ ജോലി, ക്രമേണ ശാന്തമായിരിക്കാനും ചിന്തിക്കാനും ദൈവസാന്നിദ്ധ്യത്തിന്റെ മഹത്വത്തില്‍ ആശ്വാസം പ്രാപിക്കാനുമുള്ള അതുല്യ അവസരമായി മാറി.

ദാവീദ് രാജാവ്, തന്റെ കിടക്കയിലും 'രാത്രിയാമങ്ങളിലും' ദൈവസാന്നിദ്ധ്യത്തിനായി തീവ്രമായി അന്വേഷിക്കുകയും (വാ. 6) അഭിലഷിക്കുകയും ചെയ്തു (സങ്കീര്‍ത്തനം 63:1). ദാവീദ് അസ്വസ്ഥനായിരുന്നുവെന്ന് സങ്കീര്‍ത്തനത്തില്‍ നിന്നു വ്യക്തമാണ്. തന്റെ മകനായ അബ്ശാലോമിന്റെ മത്സരം നിമിത്തം തന്നെ അലട്ടിയിരുന്ന കഠിനമായ വ്യഥ സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ നിഴലിച്ചു കാണാം. എങ്കിലും രാത്രി യാമം, '[ദൈവത്തിന്റെ] ചിറകിന്‍ നിഴലില്‍' (വാ.7) - അവന്റെ ശക്തിയിലും സാന്നിധ്യത്തിലും - സഹായവും യഥാസ്ഥാപനവും കണ്ടെത്താനുള്ള അവസരമായിരുന്നു ദാവീദിന്.

ഒരുപക്ഷേ നിങ്ങള്‍ ജീവിതത്തിലെ ചില പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ നേരിടുകയോ ആയിരിക്കാം; രാത്രിയാമം ഒരിക്കലും ആശ്വാസദായകമല്ലായിരിക്കാം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം 'അബ് ശാലോം' നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ഭാരമായി തീര്‍ന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ കുടുംബത്തിലെയും ജോലിയിലെയും സാമ്പത്തിക വിഷയങ്ങളിലെയും ഭാരങ്ങള്‍ നിങ്ങളെ ബാധിച്ചിരിക്കാം. അങ്ങനെയാണെങ്കില്‍, ഈ നിദ്രാവിഹീന നിമിഷങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കാനും അവനെ മുറുകെപ്പിടിക്കാനുമുള്ള അവസരങ്ങളായി കരുതുക - അവന്റെ സ്‌നേഹമസൃണ കരം നിങ്ങളെ താങ്ങുവാന്‍ അനുവദിക്കുക (വാ. 8).

ദൈവത്തിന്റെ സ്വരൂപത്തില്‍

ഒരു യുവതിക്ക് അവളുടെ മനോഹരമായ തവിട്ടു നിറമുള്ള ത്വക്ക് നിറം മങ്ങിത്തുടങ്ങിയപ്പോള്‍, തന്റെ 'വ്യക്തിത്വം' നഷ്ടപ്പെടുന്നതായി അവള്‍ ഭയപ്പെട്ടു. എന്റെ 'പാടുകള്‍' എന്നവള്‍ വിളിച്ച ഭാഗങ്ങളെ അവള്‍ കനത്ത മേക്കപ്പുകൊണ്ട് മായ്ക്കാന്‍ ശ്രമിച്ചു - അവ യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ എന്നു വിളിക്കുന്ന ഒരു അവസ്ഥയായിരുന്നു. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന ഘടകം കുറയുമ്പോഴാണതു സംഭവിക്കുന്നത്.

എന്നാല്‍ ഒരു ദിവസം 'എന്തിന് മറയ്ക്കണം?' എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു. സ്വയം അംഗീകരിക്കാന്‍ ദൈവിക ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കനത്ത മേക്കപ്പ് അണിയുന്നത് അവള്‍ നിര്‍ത്തി. താമസിയാതെ അവളുടെ ആത്മവിശ്വാസത്തിന്റെ പേരില്‍ അവള്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. പിന്നീട് അവള്‍ ഒരു ആഗോള സൗന്ദര്യ സംവര്‍ദ്ധക ബ്രാന്‍ഡിന്റെ വിറ്റിലിഗോയ്‌ക്കെതിരായ ഒന്നാമത്തെ മോഡല്‍ വക്താവായി.

'അതൊരു അനുഗ്രഹമാണ്' തന്റെ വിശ്വാസവും കുടുംബവും സ്‌നേഹിതരുമായിരുന്നു തനിക്കു പ്രോത്സാഹനം നല്‍കിയതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവള്‍ വ്യക്തമാക്കി.

ഈ സ്ത്രീയുടെ കഥ, നാമോരോരുത്തരും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നോര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവനെ സൃഷ്ടിച്ചു'' (ഉല്പത്തി 1:27). പുറമെ നമ്മുടെ രൂപം എങ്ങനെയായിരുന്നാലും നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപ-വാഹികളാണ്. അവന്റെ സൃഷ്ടികളായ വ്യക്തികളെന്ന നിലയില്‍, നാം അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നു; യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ അവനെ ലോകത്തില്‍ പ്രതിനിധീകരിക്കുവാനായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ത്വക്കിനെ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? ഇന്ന്, കണ്ണാടിയില്‍ നോക്കി ദൈവത്തിനുവേണ്ടി പുഞ്ചിരിക്കുക. അവന്‍ തന്റെ സ്വരൂപത്തില്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.