ഹെറോയിന്‍ ആസക്തി ദുഃഖകരമാവിധം ദുരന്തപൂര്‍ണ്ണമാണ്. ഉപയോഗിക്കുന്നവര്‍ക്ക് സഹനശക്തി കൂടുന്നതിനാല്‍ ഉത്തേജനം നിലനിര്‍ത്താന്‍ ഉയര്‍ന്ന ഡോസ് വേണ്ടിവരുന്നു. താമസിയാതെ അവരുപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് അവരെ കൊല്ലാന്‍ ശേഷിയുള്ളതായി മാറുന്നു. ഉയര്‍ന്ന ബാച്ചിന്റെ ഉപയോഗം നിമിത്തം ഒരാള്‍ മരിച്ചു എന്ന് ആസക്തിക്കടിമപ്പെട്ട ഒരുവന്‍ കേള്‍ക്കുമ്പോള്‍, ആദ്യമുണ്ടാകുന്ന പ്രതികരണം ഭയമില്ല മറിച്ച് ‘എവിടെ എനിക്കത് കിട്ടും?’ എന്നാണ്.

ഈ കുത്തനെയുള്ള ഇറക്കത്തെക്കുറിച്ച് സി.എസ്. ലൂയിസ് തന്റെ ‘സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സില്‍’ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രലോഭന കലയെക്കുറിച്ച് ഒരു പിശാച് നല്‍കുന്ന വിശദീകരണം തന്റെ ഭാവനയില്‍ അദ്ദേഹം വിവരിക്കുന്നു. അല്പം സുഖത്തിലാരംഭിക്കുക – സാധ്യമെങ്കില്‍ ദൈവത്തിന്റെ നല്ല സുഖങ്ങളിലൊന്നില്‍ – അത് ദൈവം വിലക്കിയ മാര്‍ഗ്ഗത്തില്‍ നല്‍കുക. ഒരിക്കല്‍ ആ വ്യക്തി അനുഭവിച്ചു കഴിഞ്ഞാല്‍, കൂടുതല്‍ വേണമെന്നു തോന്നത്തക്കവിധം അവനെ വശീകരിക്കാന്‍ അളവു കുറയ്ക്കുക. ‘ഒരിക്കലും മങ്ങിപ്പോകാത്ത സുഖത്തിനുവേണ്ടി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആസക്തി’ നല്‍കുകയും ഒടുവില്‍ നാം ‘അവന്റെ ആത്മാവിനെ എടുക്കുകയും പകരം അവന് ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുക.’

ലൈംഗിക പാപത്തോടുള്ള ബന്ധത്തില്‍ നാശോന്മുഖമായ ഈ ചക്രഗതിയെക്കുറിച്ച് സദൃശവാക്യങ്ങള്‍ 7 ല്‍ ചിത്രീകരിച്ചിരിക്കുന്നു. ലൈംഗികത നല്ല ദൈവിക ദാനമാണ്, എങ്കിലും വിവാഹബന്ധത്തിനു പുറത്ത് അതിന്റെ ആസ്വാദനം തേടുമ്പോള്‍ നാം ‘അറുക്കുന്നേടത്തേക്ക് കാള’ പോകുന്നതുപോലെയാകുന്നു (വാ. 22). നമ്മെക്കാളും ശക്തന്മാരായ ആളുകള്‍ ദോഷകരമായ ഉന്നത ഉത്തേജനം തേടി പോയതു നിമിത്തം തങ്ങളെത്തന്നെ നശിപ്പിച്ചിട്ടുണ്ട്; അതിനാല്‍ ‘ശ്രദ്ധിപ്പിന്‍, നിന്റെ മനസ്സ് അവളുടെ വഴിയിലേക്കു ചായരുത്’ (വാ. 24-25). പാപം വശീകരിക്കുന്നതും അടിമപ്പെടുത്തുന്നതും ആണ്; എങ്കിലും എല്ലായ്പോഴും മരണത്തില്‍ അവസാനിക്കുന്നതും ആകുന്നു (വാ. 27). ദൈവത്തിന്റെ ബലത്തില്‍ ആശ്രയിച്ച് പാപത്തിനുള്ള പ്രലോഭനം ഒഴിവാക്കുന്നതിലൂടെ നമുക്ക് അവനില്‍ യഥാര്‍ത്ഥ സന്തോഷവും സാക്ഷാത്ക്കാരവും കണ്ടെത്താന്‍ കഴിയും.