സ്വസ്ഥതയുള്ള ജീവിതം കണ്ടെത്തുക
'വളരുമ്പോള്‍ നിനക്ക് എന്തായിത്തീരണം?' കുട്ടികളായിരിക്കുമ്പോള്‍ നാമെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ട്, ചിലപ്പോള്‍ വലുതായശേഷവും. ജിജ്ഞാസയില്നിന്നുടലെടുത്തതാണ് ചോദ്യം, ഉത്തരമാകട്ടെ അഭിലാഷത്തെ സൂചിപ്പിക്കുന്നതും. എന്റെ ഉത്തരത്തിന് വര്‍ഷങ്ങള്‍കൊണ്ട് രൂപഭേദം വന്നിട്ടുണ്ട്, ഒരു കാലിച്ചെറുക്കനില് തുടങ്ങി, പിന്നെ ട്രക്ക് ഡ്രൈവര്‍, പട്ടാളക്കാരന്, പിന്നെ ഒരു ഡോക്ടറാകണമെന്ന ലക്ഷ്യത്തില്‍ കോളജില്‍ ചേര്‍ന്നു. എന്നിരുന്നാലും ഒരു സ്വസ്ഥതയുള്ള ജീവിതം നയിക്കണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിച്ചതായോ ഞാന്‍ തന്നെ ഗൗരവമായി ചിന്തിച്ചതായോ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.
എന്നാല്‍ അതാണ് വാസ്തവത്തില്‍ പൗലൊസ് തെസ്സലൊനീക്യരോടു പറയുന്നത്. ഒന്നാമത്, അവരോട് അന്യോന്യവും ദൈവകുടുംബത്തില്പ്പെട്ട എല്ലാവരെയും കൂടുതലായി സ്നേഹിക്കുവാന്‍ അവന് പറയുന്നു (1 തെസ്സലൊനീക്യര്‍ 4:10). അടുത്തതായി അവര്‍ക്കു ചെയ്യാന്‍ സംഗതിവരുന്ന കാര്യങ്ങളെക്കുറിച്ച് പൊതുവായ ഒരു നിര്‍ദ്ദേശം നല്കുന്നു. 'സ്വസ്ഥതയുള്ള ജീവിതം നയിക്കുന്നത് നിങ്ങളുടെ അഭിലാഷമാക്കുക' (വാ. 11). എന്താണ് യഥാര്‍ത്ഥത്തില്‍ പൗലൊസ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? അവന് വ്യക്തമാക്കുന്നു: മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുവാനും ആര്‍ക്കും നിങ്ങള്‍ ഭാരമാകാതിരിക്കാനും നിങ്ങള്‍ 'സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്യുവാനും അഭിമാനം തോന്നണം' (വാ. 11-12). കുട്ടികള്‍ തങ്ങളുടെ കഴിവിനനുസരിച്ചോ ആഗ്രഹങ്ങള്‍ക്കനുസരിച്ചോ ഉള്ളത് അഭിലഷിക്കുന്നതിനെ നാം നിരുത്സാഹപ്പെടുത്തുന്നില്ല എന്നാല്‍ അവര്‍ എന്തു തിരഞ്ഞെടുത്താലും സ്വസ്ഥമായ മനസ്സോടെ അതു തിരഞ്ഞെടുക്കാന്‍ നാമവരെ പ്രോത്സാഹിപ്പിക്കണം.
നാം ജീവിക്കുന്ന ലോകത്തെ പരിഗണിച്ചാല്‍, അഭിലാഷം, സ്വസ്ഥത എന്നീ പദങ്ങള്‍ തമ്മില്‍ വലിയ അകലം തോന്നുകയില്ല. എന്നാല്‍ തിരുവെഴുത്ത് എപ്പോഴും കാലിക പ്രസക്തമാണ്. അതിനാല്‍ സ്വസ്ഥമായ ജീവിതം നയിക്കാന്‍ ആരംഭിക്കുന്ന കാര്യം നാം പരിഗണിക്കേണ്ടിയിരിക്കുന്നു.
വൈക്കോല്‍തുറു പ്രാര്‍ത്ഥനകള്‍
സാമുവേല്‍ മില്‍സും നാലു കൂട്ടുകാരും, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുവാന്‍ കൂടുതല്‍ പേരെ അയ്ക്കുന്നതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ പലപ്പോഴും ഒരുമിച്ചു കൂടിയിരുന്നു. 1806 ലെ ഒരു ദിവസം, പ്രാര്‍ത്ഥനാ മീറ്റിംഗ് കഴിഞ്ഞു മടങ്ങിയപ്പോള്‍, പെട്ടെന്ന്് ഇടിയും മഴയും വരികയും അവര്‍ ഒരു വൈക്കോല്‍ത്തുറുവിനു കീഴില്‍ അഭയം തേടുകയും ചെയ്തു. അങ്ങനെ അവരുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥനാ കൂടിവരവ് വൈക്കോല്‍ത്തുറു പ്രാര്‍ത്ഥനാ മീറ്റിംഗ് എന്നറിയപ്പെട്ടു. അതൊരു ആഗോള മിഷനറി പ്രസ്ഥാനമായി മാറ്റപ്പെട്ടു. ഇന്ന്, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് എന്തുചെയ്യാന്‍ കഴിയും എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി, അമേരിക്കയിലെ വില്യംസ് കോളജില്‍ ഹേസ്റ്റാക്ക് പ്രാര്‍ത്ഥനാ സ്മാരകം നിലകൊള്ളുന്നു.
തന്റെ മക്കള്‍ ഒരു പൊതു ആവശ്യവുമായി തന്നെ സമീപിക്കുമ്പോള്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു സന്തോഷിക്കുന്നു. ഒരു പൊതു ഭാരം പങ്കിട്ടുകൊണ്ട് ഉദ്ദേശ്യത്തില്‍ ഐക്യപ്പെടുന്ന ഒരു കുടുംബ കൂട്ടായ്മയാണ് അത്.
കഠിനമായ കഷ്ടതയുടെ നടുവില്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനയാല്‍ എങ്ങനെയാണ് ദൈവം തന്നെ സഹായിച്ചതെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. 'അവന് മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ' (2 കൊരിന്ത്യര്‍ 1:10-11). ലോകത്തില്‍ തന്റെ പ്രവൃത്തി നിവര്‍ത്തിക്കുന്നതിനു നമ്മുടെ പ്രാര്‍ത്ഥനയെ -പ്രത്യേകിച്ചു നമ്മുടെ കൂട്ടായ പ്രാര്‍ത്ഥനയെ - ഉപയോഗിക്കുന്നതു ദൈവം തിരഞ്ഞെടുത്തു. ആ വാക്യം ഇങ്ങനെ തുടരുന്നതില്‍ അത്ഭുതമില്ല: 'പലര് മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കു വേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്തോത്രം
ഉണ്ടാകുവാന്‍ ഇടവരും.'
ദൈവത്തിന്റെ നന്മയില് നമുക്കൊരുമിച്ചു സന്തോഷിക്കുവാന്‍ കഴിയേണ്ടതിന് നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം. നമുക്കൊരിക്കലും സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതിനും അപ്പുറമായ വഴികളില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയേണ്ടതിന് നാം അവന്റെ അടുക്കല്‍ ചെല്ലുന്നതിനായി നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു കാത്തിരിക്കുന്നു.
സംഗീതത്തില്‍ ശക്തിപ്പെടുക
രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് ഗ്രാമവാസികള്‍ നാസികളില്‍നിന്ന് യെഹൂദ അഭയാര്‍ത്ഥികളെ രക്ഷിച്ചുകൊണ്ടിരുന്ന സമയത്ത്, ചിലര്‍ തങ്ങളുടെ പട്ടണത്തിനു ചുറ്റുമുള്ള കൊടുങ്കാട്ടില്‍ പോയി പാട്ടുകള്‍ പാടിയിരുന്നു-അപകടമില്ലെന്നും ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് പുറത്തു വരാനും യെഹുദ അഭയാര്‍ത്ഥികള്‍ക്കുള്ള അടയാളമായിരുന്നു അത്. 'ലാ മൊണ്ടാനെ പ്രോട്ടസ്റ്റന്റെ' എന്നറിയപ്പെട്ടിരുന്ന പീഠപ്രദേശത്തുള്ള ലെ ചാമ്പോന്‍-സര്-ലിഗ്നോണ് പട്ടണത്തിലെ ഈ ധൈര്യശാലികളായ ആളുകള്‍, അവരുടെ പാസ്റ്റര്‍ ആന്‍ഡ്രെ ട്രോക്മെയുടെയും ഭാര്യ മഗ്ഡയുടെയും ആഹ്വാനമനുസരിച്ചാണ് യെഹൂദ ജനത്തിന് അഭയം നല്‍കിയത്. സുനിശ്ചിതമായിരുന്ന മരണത്തില്‍ നിന്ന് 3000 ലധികം യെഹൂദന്മാരെ രക്ഷിച്ച ഗ്രാമവാസികളുടെ ധീരതയുടെ സവിശേഷതകളില്‍ ഒന്നു മാത്രമായിരുന്നു അവരുടെ സംഗീത അടയാളം.
മറ്റൊരു അപകടകരമായ സമയത്ത്, ദാവീദിനെ വധിക്കുവാനായി ശത്രുവായ ശൗല്‍ കൊലയാളികളെ രാത്രിയില്‍ അയച്ചപ്പോള്‍ ദാവീദ് പാട്ടുപാടി. അവന്റെ സംഗീതം ഒരു അടയാളമായിരുന്നില്ല; മറിച്ച് തന്റെ സങ്കേതമായ ദൈവത്തോടുള്ള നന്ദിയുടെ സംഗീതമായിരുന്നു. 'ഞാനോ നിന്റെ ബലത്തക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു' എന്നു ദാവീദ് സന്തോഷിച്ചു പാടി (സങ്കീര്‍ത്തനം 59:16).
അത്തരം സംഗീതം അപകട സമയത്ത് രാത്രിയിലെ ചൂളമടി അല്ല. പകരം ദാവീദിന്റെ സംഗീതം സര്‍വ്വശക്തനായ ദൈവത്തിലുള്ള അവന്റെ ആശ്രയത്തെയാണു കാണിക്കുന്നത്. 'ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ' (വാ. 17).
ദാവീദിന്റെ സ്തുതിയും ലെ ചാമ്പോന്‍ ഗ്രാമവാസികളുടെ പാട്ടും, ഇന്ന് നമ്മുടെ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുവാന്‍, ജീവിത ഭാരങ്ങളുടെ നടുവിലും അവനു സംഗീതം ആലപിക്കുവാന്‍, നമ്മോടുള്ള ഒരു ആഹ്വാനമാണ്. അവന്റെ സ്നേഹാര്‍ദ്രമായ സാന്നിധ്യം നമ്മുടെ ഹൃദയത്തെ ശക്തീകരിച്ചുകൊണ്ട് പ്രതികരിക്കുക തന്നെ ചെയ്യും.
കാത്തിരിപ്പ് പ്രയോജനകരമാണ്
ടോക്കിയോയിലെ ഷിബുവാ ട്രെയിന്‍ സ്റ്റേഷനു വെളിയിലായി, ഹച്ചിക്കോ എന്നു പേരുള്ള ഒരു അക്കിതാ നായയുടെ ഓര്‍മ്മയ്ക്കായുള്ള ഒരു പ്രതിമയുണ്ട്. അതിന്റെ ഉടമസ്ഥനോടുള്ള അസാധാരണ വിശ്വസ്തതയുടെ പേരിലാണ് ഹച്ചിക്കോ ഓര്‍മ്മിക്കപ്പെടുന്നത്. ആ സ്റ്റേഷനില്‍ നിന്ന് എന്നും യാത്ര പുറപ്പെടുന്ന ഒരു യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു അതിന്റെ ഉടമസ്ഥന്. രാവിലെ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ അത് യജമാനന്റെ ഒപ്പം നടക്കുകയും ഉച്ചകഴിഞ്ഞ് ട്രെയിന്‍ എത്തുന്ന സമയത്ത് യജമാനനെ സ്വീകരിക്കാന്‍ വരികയും ചെയ്യുമായിരുന്നു.
ഒരു ദിവസം പ്രൊഫസര്‍ സ്റ്റേഷനിലേക്കു മടങ്ങിവന്നില്ല. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം ജോലിസ്ഥലത്തുവെച്ചു മരിച്ചു. എന്നാല്‍ തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലമത്രയും-ഒന്‍പതിലധികം വര്‍ഷങ്ങള്‍-ഉച്ചകഴിഞ്ഞു ട്രെയിന്‍ എത്തുന്ന സമയത്ത് ഹിച്ചിക്കോ സ്റ്റേഷനില്‍ മുടങ്ങാതെ എത്തി. ഓരോ ദിവസവും കാലാവസ്ഥ വകവെയ്ക്കാതെ, തന്റെ യജമാനന്റെ മടങ്ങിവരവിനായി അതു കാത്തുനിന്നു.
തെസ്സലൊനീക്യരുടെ 'വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും' 'യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും' എടുത്തു പറഞ്ഞുകൊണ്ട് അവരുടെ വിശ്വസ്തതയെ പൗലൊസ് അഭിനന്ദിക്കുന്നു (1 തെസ്സലൊനീക്യര്‍ 1:3). കഠിനമായ എതിര്‍പ്പിന്റെ നടുവിലും 'ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും ... യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നത് കാത്തിരിക്കുവാനും' (വാ. 9-10) വേണ്ടി അവര്‍ തങ്ങളുടെ പഴയ വഴികളെ ഉപേക്ഷിച്ചു.
തങ്ങളുടെ രക്ഷകനിലും അവരോടുള്ള അവന്റെ സ്നഹത്തിലുമുള്ള സജീവ പ്രത്യാശ ഈ ആദിമ വിശ്വാസികളെ തങ്ങളുടെ കഷ്ടതകള്‍ക്കപ്പുറത്തേക്കു കാണുവാനും ഉത്സാഹത്തോടെ തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുവാനും പ്രേരിപ്പിച്ചു. യേശുവിനുവേണ്ടി ജീവിക്കുന്നതിനേക്കാളും മെച്ചമായ മറ്റൊന്നുമില്ല എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവരെ ശക്തീകരിച്ച അതേ പരിശുദ്ധാത്മാവ് (വാ. 5) നാം യേശുവിന്റെ വരവിനെ നാം കാത്തിരിക്കുമ്പോള്‍ തന്നേ അവനെ വിശ്വസ്തമായി സേവിക്കുവാനും നമ്മെയും ശക്തീകരിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നത് എത്ര നല്ലതാണ്.
നിങ്ങളുടെ പേരു പൂരിപ്പിക്കുക
'ഗോഡ്സ് ലൗ ലെറ്റേഴ്സ്' എന്ന ഗ്രന്ഥത്തില്‍ ഗ്ലെനിസ് നെല്ലിസ്റ്റ്, കര്‍ത്താവിനോട് ആഴമായ നിലയില്‍ ഇടപെടുവാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്നു. ഈ ബാലകൃതികളില്‍ ഓരോ ബൈബിള്‍ കഥയ്ക്കുശേഷവും ദൈവത്തില്‍നിന്നുള്ള ഒരു കുറിപ്പും കുട്ടിയുടെ പേരു എഴുതുവാന്‍ സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവചന സത്യങ്ങള്‍ വ്യക്തിപരമാക്കുന്നത് കുഞ്ഞു വായനക്കാര്‍ക്ക് ബൈബിള്‍ കേവലം ഒരു കഥാപുസ്തകമല്ല എന്നു മനസ്സിലാക്കാന്‍ സഹായിക്കും.
അവരുമായി ഒരു ബന്ധം ദൈവം ആഗ്രഹിക്കുന്നുവെന്നും തിരുവെഴുത്തിലൂടെ അവന് തന്റെ അതീവ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടു സംസാരിക്കുന്നുവെന്നും അവരെ പഠിപ്പിക്കുന്നു.
ഞാന്‍ എന്റെ അനന്തരവനുവേണ്ടി ഒരു പുസ്തകം വാങ്ങുകയും ദൈവത്തില്‍നിന്നുള്ള ഓരോ കുറിപ്പിന്റെയും ആദ്യ ഭാഗത്തുള്ള ഭാഗം പൂരിപ്പിക്കുകയും ചെയ്തു. തന്റെ പേരു കണ്ടതിന്റെ സന്തോഷത്തില്‍, എന്റെ അനന്തരവന് പറഞ്ഞു, 'ദൈവം എന്നെയും സ്നേഹിക്കുന്നു!' സ്നേഹവാനായ നമ്മുടെ സ്രഷ്ടാവിന്റെ ആഴമേറിയതും പൂര്‍ണ്ണമായും വ്യക്തിപരമായതുമായ സ്നേഹം അറിയുന്നത് എത്ര ആശ്വാസകരമാണ്.
ദൈവം പ്രവാചകനായ യെശയ്യാവിലൂടെ യിസ്രായേലിനോടു നേരിട്ടു സംസാരിച്ചപ്പോള്‍, അവന് അവരുടെ ശ്രദ്ധയെ ആകാശത്തിലേക്കു ക്ഷണിച്ചു. 'ആകാശത്തിലെ സൈന്യത്തെ'' താന്‍ സംഖ്യാക്രമത്തില് നടത്തുന്നുവെന്നും (യെശയ്യാവ് 40:26), നക്ഷത്രങ്ങളുടെ ഓരോന്നിന്റെയും വില കണക്കാക്കുന്നുവെന്നും സ്നേഹത്തോടെ ഓരോന്നിനെയും പേരുചൊല്ലി വിളിക്കുന്നുവെന്നും അവന് പ്രസ്താവിക്കുന്നു. ഒരു നക്ഷത്രത്തെയും താന്‍ മറക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും അവന് തന്റെ ജനത്തിന് ഉറപ്പു നല്കുന്നു. അഥവാ താന്‍ മനപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെയും അനന്തമായ സ്നേഹത്തോടെയും രൂപപ്പെടുത്തിയ ഒരു പ്രിയ കുഞ്ഞിനെയും മറക്കുന്നില്ല.
തിരുവെഴുത്തില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്നേഹമസൃണ വാഗ്ദത്തത്തെയും സ്നേഹത്തിന്റെ പ്രഖ്യാപനങ്ങളെയും നാം ആഘോഷിക്കുമ്പോള്‍, നമ്മുടെ പേരുകളും നമുക്കു പൂരിപ്പിക്കാം. നമുക്ക് ആശ്രയിക്കുകയും ശിശുതുല്യമായ സന്തോഷത്തോടെ 'ദൈവം എന്നെയും സ്നേഹിക്കുന്നു!' എന്നു പ്രഖ്യാപിക്കുകയും ചെയ്യാം.