ദൈവത്തിന്റെ പ്രത്യേക നിക്ഷേപം
ഒരു വിശാലമായ സിംഹാസന മുറി സങ്കല്പിക്കുക. സിംഹാസനത്തില്‍ ഒരു മഹാനായ രാജാവ് ഇരിക്കുന്നു. എല്ലാ പദവികളിലുള്ളവരും മികച്ച സ്വഭാവ വിശേഷമുള്ളവരുമായ സേവകന്മാര് അവന്റെ ചുറ്റും നില്ക്കുന്നു. രാജാവിന്റെ കാല്ക്കല് ഒരു പെട്ടി ഇരിക്കുന്നതായി ഇനി സങ്കല്പിക്കുക. സമയാസമയങ്ങളില്‍ രാജാവ് കൈനീട്ടി അതിലെ ഉള്ളടക്കം പരിശോധിക്കുന്നു. എന്താണ് പെട്ടിയിലുള്ളത്? രാജാവിനു പ്രിയങ്കരമായ ആഭരണങ്ങള്‍, സ്വര്‍ണ്ണം, രത്നക്കല്ലുകള്‍. ഈ പെട്ടിയില്‍ രാജാവിന്റെ നിക്ഷേപമാണുള്ളത്, അവനു മഹാസന്തോഷം പകരുന്ന ശേഖരം. നിങ്ങളുടെ ഹൃദയക്കണ്ണില്‍ ആ ചിത്രം കാണുവാന്‍ കഴിയുന്നുണ്ടോ?
ഈ സമ്പത്തിനുള്ള എബ്രായ പദം സെഗുലാഹ് ആണ്. അതിനര്‍ത്ഥം 'പ്രത്യേക സമ്പത്ത്.' ഈ പദം പുറപ്പാട് 19:5; ആവര്‍ത്തനം 7:6; സങ്കീര്‍ത്തനം 135:4 തുടങ്ങിയ വാക്യങ്ങളില്‍ കാണാം; അവിടെയത് യിസ്രായേല്‍ രാഷ്ട്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതേ വാങ്മയ ചിത്രം അപ്പൊസ്തലനായ പത്രൊസിന്റെ എഴുത്തിലൂടെ പുതിയ നിയമത്തില്‍ കാണാം. അവന് ദൈവജനത്തെ 'കരുണ ലഭിച്ചവര്‍'' (വാ. 10) എന്നു വിളിക്കുന്നു. യിസ്രായേല്‍ ജനത്തിനും അപ്പുറത്തായുള്ള ഒരു സംഘമാണത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, യേശുവില്‍ വിശ്വസിക്കുന്ന, യെഹൂദനും ജാതികളും അടങ്ങിയ ആളുകളെക്കുറിച്ചാണവന്‍ സംസാരിക്കുന്നത്. 'നിങ്ങളോ ... സ്വന്തജനവും ആകുന്നു' എന്ന് അവന് എഴുതുന്നു (വാ. 9).
അതു സങ്കല്പിച്ചു നോക്കൂ! മഹാനും ശക്തനുമായ സ്വര്‍ഗ്ഗത്തിലെ രാജാവ് നിങ്ങളെ അവന്റെ പ്രത്യേക സമ്പത്തായി എണ്ണുന്നു. അവന് നിങ്ങളെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില്‍നിന്നു വിടുവിച്ചു. നിങ്ങളെ തന്റെ സ്വന്തമായി അവന് അവകാശപ്പെടുന്നു. രാജാവിന്റെ വാക്കുകള്‍ പറയുന്നു, 'ഇതു ഞാന്‍ സ്നേഹിക്കുന്നവനാണ്. ഇവന് എന്റേതാണ്.'
ദൈവ സംസാരം
2018 ല്‍ ബാര്‍ണാ ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തില്‍ മിക്ക അമേരിക്കക്കാരും ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു കണ്ടെത്തി. കേവലം ഏഴു ശതമാനം അമേരിക്കക്കാരാണ് അവര്‍ നിരന്തരമായി ആത്മിക കാര്യങ്ങള്‍ സംസാരിക്കുന്നതായി പറഞ്ഞത്. അമേരിക്കയില്‍ യേശുവിലുള്ള വിശ്വാസം അനുവര്‍ത്തിക്കുന്നവര്‍ പോലും അതില്‍നിന്നു വ്യത്യസ്തരല്ല. സ്ഥിരമായി പള്ളിയില്‍ പോകുന്നവരില്‍ പതിമൂന്നു ശതമാനം മാത്രമാണ് ആഴ്ചയിലൊരിക്കല്‍ തങ്ങള്‍ ആത്മിക കാര്യം സംസാരിക്കുന്നതായി പറഞ്ഞത്.
ആത്മിക സംഭാഷണങ്ങള്‍ക്ക് ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ ഒരുപക്ഷേ അത്ഭുതമില്ല. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് അപകടമാണ്. ധ്രുവീകൃതമായ രാഷ്ട്രീയ അന്തരീക്ഷം കാരണമോ, ആത്മീയകാര്യങ്ങളിലെ വിയോജിപ്പ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതോ, ആത്മീയ സംസാരം നിങ്ങളുടെ തന്നെ ജീവിതത്തില്‍ വരുത്തേണ്ട ഒരു മാറ്റത്തെക്കുറിച്ചു ബോധ്യപ്പെടാന്‍ കാരണമാകുന്നു എന്നു ഭയന്നോ - അത്യധികം അപകടകരമായ സംഭാഷണങ്ങളായി ഇതു മാറിയേക്കാം.
എങ്കിലും ആവര്‍ത്തന പുസ്തകത്തില്‍, ദൈവജനമായ യിസ്രായേലിനു നല്കിയ നിര്‍ദ്ദേശങ്ങളില്‍ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് സാധാരണവും ദൈനംദിന ജീവിതത്തിലെ ഒരു സ്വാഭാവിക ഭാഗവുമായിരിക്കണം എന്നു പറയുന്നു. ദൈവത്തിന്റെ ജനം അവന്റെ വചനങ്ങള്‍ മനഃപാഠമാക്കുകയും എപ്പോഴും കാണത്തക്കവിധം അവയെ പ്രദര്ശപ്പിക്കുകയും വേണമായിരുന്നു. ജീവിതത്തിനുവേണ്ടിയുള്ള ദൈവിക പ്രമാണങ്ങളെക്കുറിച്ചു 'വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും'' നിങ്ങളുടെ മക്കളോടു സംസാരിക്കണമെന്ന് ന്യായപ്രമാണം നിഷ്കര്‍ഷിക്കുന്നു (11:19).
സംഭാഷണത്തിനായി ദൈവം നമ്മെ വിളിക്കുന്നു. ഒരു അവസരം കണ്ടെത്തുക, ആത്മാവില്‍ ആശ്രയിക്കുക, നിങ്ങളുടെ ചെറിയ സംസാരങ്ങള്‍ ആഴമായ ഒന്നിലേക്കു നയിക്കുക. നാം അവന്റെ വചനങ്ങളെക്കുറിച്ചു സംസാരിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മുടെ സമൂഹങ്ങളെ അനുഗ്രഹിക്കും.
ഒരുവന്റെ അംഗീകാരം
ഇതിഹാസ സംഗീതജ്ഞനായ ഗിസെപ്പി വെര്‍ഡി (1813-1901) ബാലനായിരുന്നപ്പോള്‍, അംഗീകാരത്തിനുള്ള ദാഹം അവനെ വിജയത്തിലേക്കു നയിച്ചു. വാരന്‍ വിയേഴ്സ്ബി അദ്ദേഹത്തെക്കുറിച്ചെഴുതി: 'വെര്‍ഡി ഫ്ളോറന്‍സില്‍ വെച്ച് തന്റെ ആദ്യത്തെ ഓപ്പറാ നിര്‍മ്മിച്ചപ്പോള്‍, അദ്ദേഹം ഏകനായി നിഴലില്‍ മറഞ്ഞുനിന്നുകൊണ്ട് സദസ്സിലുള്ള ഒരു മനുഷ്യന്റെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു-മഹാനായ റോസ്സിനിയുടെ മുഖത്തേക്ക്. ഹാളിലുള്ള ആളുകള്‍ തന്നെ അഭിനന്ദിക്കുന്നോ ആരവം മുഴക്കുന്നോ എന്നത് വെര്‍ഡിക്കു വിഷയമായിരുന്നില്ല; അദ്ദേഹത്തിനാകെ വേണ്ടിയിരുന്നത് മഹാനായ സംഗീതജ്ഞനില്‍ നിന്ന് അംഗീകാരത്തിന്റെ ഒരു പുഞ്ചിരിയായിരുന്നു.'
ആരുടെ അംഗീകാരമാണു നാം തേടുന്നത്? മാതാപിതാക്കളുടെ? തൊഴിലുടമയുടെ? സ്നേഹഭാജനത്തിന്റെ? പൗലൊസിനെ സംബന്ധിച്ച് ഒരൊറ്റ ഉത്തരമേ ഉള്ളു. അവനെഴുതി, 'ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്' (1 തെസ്സലൊനീക്യര്‍ 2:4).
ദൈവത്തിന്റെ അംഗീകാരം തേടുക എന്നാല്‍ എന്താണര്‍ത്ഥം? കുറഞ്ഞപക്ഷം അതില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു: മറ്റുള്ളവരുടെ കൈയടി നേടാനുള്ള ആഗ്രഹത്തില്‍ നിന്നു മാറി, നമ്മെ സ്നേഹിക്കുകയും തന്നെത്താന്‍ നമുക്കു വേണ്ടി നല്‍കുകയും ചെയ്ത ക്രിസ്തുവിനോട് നമ്മെ കൂടുതല്‍ തുല്യരാക്കുന്നതിന് പരിശുദ്ധാത്മാവിനെ അനുവദിക്കുക. നമ്മിലും നമ്മിലൂടെയുമുള്ള അവന്റെ സമ്പൂര്‍ണ്ണ ഉദ്ദേശ്യത്തിന് നാം ഏല്പിച്ചുകൊടുക്കുമ്പോള്, നാം ഏറ്റവും വിലമതിക്കുന്ന ഒരുവന്റെ അംഗീകാരത്തിന്റെ പുഞ്ചിരി നാം അനുഭവിക്കുന്ന ഒരു ദിവസം നമുക്കു പ്രതീക്ഷിക്കാം.
മൂത്ത സഹോദരന്
എഴുത്തുകാരനായ ഹെന്റി ന്യൂവെന്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു മ്യൂസിയം സന്ദര്‍ശിച്ച കാര്യം ഓര്‍മ്മിക്കുന്നു. അവിടെ അദ്ദേഹം റംബ്രാന്റിന്റെ മുടിയനായ പുത്രന് എന്ന ചിത്രം കണ്ട് അതിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് മണിക്കൂറുകള്‍ ചിലവഴിച്ചു. പകല്‍ അസ്തമിക്കാറായപ്പോള്‍ ജനാലയിലൂടെ വന്ന വെളിച്ചം ചിത്രത്തില്‍ പതിക്കുകയും വെളിച്ചത്തിനുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അത്രയും വ്യത്യസ്ത ചിത്രങ്ങളാണു താന്‍ കാണുന്നതെന്ന ചിന്ത അദ്ദേഹത്തിനുണ്ടാകുകയും ചെയ്തു. ഓരോന്നും തകര്‍ന്നുപോയ തന്റെ മകനോടുള്ള പിതാവിന്റെ സ്നേഹത്തെക്കുറിച്ച് പുതിയതൊന്ന് തനിക്കു വെളിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
എതാണ്ട് നാലു മണിക്ക് പെയിന്റിംഗിലെ മൂന്നു കഥാപാത്രങ്ങള്‍ 'മുന്നോട്ടു കയറി നില്ക്കുന്നതായി' തോന്നി എന്ന് ന്യൂവെന്‍ വിവരിക്കുന്നു. ഒന്ന്, മുടിയനായിപ്പോയ തന്റെ ഇളയ സഹോദരന്റെ മടങ്ങിവരവില്‍ ചുവപ്പു പരവതാനി വിരിച്ച് അവനെ സ്വീകരിക്കാന്‍ തയ്യാറായ പിതാവിനോടു നീരസമുള്ള മൂത്ത സഹോദരനായിരുന്നു. ഒന്നുമല്ലെങ്കിലും കുടുംബസ്വത്ത് അന്യാധീനപ്പെടുത്തുകയും അവര്‍ക്ക് വേദനയും മനോഭാരവും വരുത്തുകയും ചെയ്തവനല്ലേ അവന്? (ലൂക്കൊസ് 15:28-30)
മറ്റു രണ്ടു കഥാപാത്രങ്ങള്‍, യേശു ഈ ഉപമ പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന മതനേതാക്കളെയാണ് ന്യൂവെനെ ഓര്‍മ്മിപ്പിച്ചത്. യേശു സ്വീകരിക്കുന്ന പാപികളെക്കുറിച്ച് പുറകില്‍ നിന്നു പിറുപിറുക്കുന്നവരായിരുന്നു അവര്‍ (വാ. 1-2).
അവരിലെല്ലാം ന്യൂവെന്‍ തന്നെത്തന്നെ കണ്ടു-തന്റെ ഇളയ മകന്റെ തകര്‍ന്നുപോയ ജീവിതത്തില്‍, കുറ്റംവിധിക്കുന്ന മൂത്ത സഹോദരനിലും മതനേതാക്കളിലും, ഏതൊരുവനെയും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്ക വലിപ്പമുള്ള പിതാവിന്റെ ഹൃദയത്തിലും.
നമ്മുടെ കാര്യമോ? റംബ്രാന്റിന്റെ പെയിന്റിംഗില്‍ എവിടെയെങ്കിലും നമുക്കു നമ്മെത്തന്നെ കാണാന്‍ കഴിയുന്നുണ്ടോ? ചില കാര്യങ്ങളില്‍ യേശു പറഞ്ഞ ഓരോ കഥയും നമ്മെക്കുറിച്ചാണ്.
മനോഹരമാംവിധം ഭാരപ്പെടുക
ഞാന്‍ ഉണര്‍ന്നത് കനത്ത ഇരുട്ടിലേക്കാണ്. മുപ്പതു മിനിറ്റില്‍ കൂടുതല്‍ ഞാന്‍ ഉറങ്ങിയിരുന്നില്ല, ഉടനെയൊന്നും ഉറക്കം വരില്ല എന്നെന്റെ ഹൃദയം പറഞ്ഞു. ഒരു സ്നേഹിതയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുന്നു; 'കാന്‍സര്‍ തിരിച്ചു വന്നിരിക്കുന്നു-തലച്ചോറിലും നട്ടെല്ലിലും ആയി'' എന്ന ഭയാനക വാര്‍ത്തയാണ് ലഭിച്ചത്. എന്റെ മുഴുവന്‍ ആളത്വവും എന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി വേദനിച്ചു. എത്ര വലിയ ഭാരമാണ്! എന്നിട്ടും എങ്ങനെയോ എന്റെ ജാഗ്രതയോടെയുള്ള പ്രാര്‍ത്ഥനയാല്‍ എന്റെ ആത്മാവ് ധൈര്യപ്പെട്ടു. അവര്‍ക്കുവേണ്ടി ഞാന്‍ മനോഹരമാംവിധം ഭാരമുള്ളവളായി എന്നു നിങ്ങള്‍ക്കു പറയാം. ഇതെങ്ങനെ സംഭവിച്ചു?
മത്തായി 11:28-30 ല്‍, നമ്മുടെ ക്ഷീണിച്ച ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കാമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. വിചിത്രമെന്നു പറയട്ടെ, നാം അവന്റെ നുകത്തിനു കീഴില്‍ കുനിയുകയും അവന്റെ ഭാരം ഏറ്റുകൊള്ളുകയും ചെയ്യുമ്പോഴാണ് അവന്റെ ആശ്വാസം നമുക്കു ലഭിക്കുന്നത്. വാ. 30 ല്‍ അവനതു വ്യക്തമാക്കുന്നു: 'എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവുമാകുന്നു.' നമ്മുടെ ചുമലില്‍ നിന്നു നമ്മുടെ ഭാരം മാറ്റുവാന്‍ നാം യേശുവിനെ അനുവദിക്കുകയും നമ്മെത്തന്നെ യേശുവിന്റെ നുകത്തോടു ചേര്‍ത്തു ബന്ധിക്കുകയും ചെയ്യുമ്പോള്‍, നാം അവനോടൊപ്പം നുകത്തിന് കീഴില്‍ ഇണയ്ക്കപ്പെടുകയും അവന് അനുവദിക്കുന്നിടത്തെല്ലാം അവനോടൊപ്പം ചുവടു വയ്ക്കുകയും ചെയ്യും. നാം അവന്റെ ഭാരത്തിന് കീഴില്‍ അമരുമ്പോള്‍ നാം അവന്റെ കഷ്ടതകള്‍ പങ്കുവയ്ക്കുകയും, അത് ആത്യന്തികമായി അവന്റെ ആശ്വാസവും പങ്കുവയ്ക്കുവാന്‍ ഇടയാകുകയും ചെയ്യും (2 കൊരിന്ത്യര്‍ 1:5).
എന്റെ സ്നേഹിതര്‍ക്കുവേണ്ടിയുള്ള എന്റെ ഉത്ക്കണ്ഠ ഒരു വലിയ ഭാരമാണ്. എങ്കിലും അവയെ പ്രാര്‍ത്ഥനയില്‍ വഹിക്കുവാന്‍ ദൈവം അനുവദിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ക്രമേണ ഞാന്‍ ഉറക്കത്തിലേക്കു വഴുതിവീഴുകയും ഉണരുകയും ചെയ്തു - ഇപ്പോഴും മനോഹരമാംവിധം ഭാരമുള്ളവളായിരുന്നു എങ്കിലും ഇപ്പോള്‍ മൃദുവായ നുകത്തിന് കീഴിലും യേശുവിനോടൊപ്പം നടക്കുന്നതിന്റെ ലഘുവായ ഭാരത്തിന് കീഴിലുമായിരുന്നു ഞാന്‍.