പറുദീസയിലെ ലാവ
ഉഷ്ണമേഖലാ ചെടിപ്പടര്‍പ്പുകളുടെ ഓരത്തുകൂടെ ഒഴുകി വന്നുകൊണ്ടിരുന്ന ലാവയുടെ ശീല്ക്കാര ശബ്ദമൊഴികെ എല്ലാം നിശബ്ദമായിരുന്നു. പ്രദേശവാസികള്‍ മങ്ങിയ മുഖത്തോടെയും എന്നാല്‍ അതിശയഭാവത്തിലും നോക്കിനിന്നു. മിക്ക ദിവസങ്ങളിലും അവരിതിനെ 'പറുദീസ' എന്നാണ് വിളിക്കാറ്. എന്നാല്‍ ഇന്നേ ദിവസം, ഹവായിയിലെ പൂനാ ജില്ലയിലുള്ള ഈ അഗ്നിമയ വിള്ളലുകള്‍, മരുങ്ങാത്ത അഗ്നിപര്‍വ്വത ശക്തിയിലൂടെ ദൈവം ഈ ദ്വീപുകളെ ചുട്ടുപഴുപ്പിക്കുകയാണ് എന്നെല്ലാവരെയും ഓര്‍മ്മിപ്പിച്ചു.
പുരാതന യിസ്രായേല്യരും മരുങ്ങാത്ത ഒരു ശക്തിയെ അഭിമുഖീകരിച്ചു. ദാവീദ് രാജാവ് നിയമപ്പെട്ടകം വീണ്ടും കൊണ്ടുവന്നപ്പോള്‍ (2 ശമൂവേല്‍ 6:1-4) ആര്‍പ്പുവിളി പൊട്ടിപ്പുറപ്പെട്ടു (വാ. 5)-എന്നാല്‍ പെട്ടകത്തെ നേരെ നിര്‍ത്തുവാന്‍ ഒരു മനുഷ്യന് അതിനെ പിടിക്കുകയും അവന് പെട്ടെന്നു മരിച്ചുവീഴുകയും ചെയ്തതുവരെ മാത്രമേ അതു നീണ്ടുനിന്നുള്ളു (വാ. 6-7).
സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമല്ല നശിപ്പിക്കുന്ന കാര്യത്തിലും ദൈവം ഒരു അഗ്നിപര്‍വ്വതം പോലെ പ്രവചനാതീതമാണ് എന്നു ചിന്തിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, അവനെ ആരാധിക്കുന്നതിനായി വേര്‍തിരിച്ചിരിക്കുന്ന കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് യിസ്രായേലിന് ദൈവം പ്രത്യേക പ്രമാണങ്ങള്‍ നല്‍കിയിരുന്നു എന്ന കാര്യം ഓര്‍ക്കുവാന്‍ അതു നമ്മെ സഹായിക്കും (സംഖ്യാപുസ്തകം 4 കാണുക). യിസ്രായേലിന് ദൈവത്തോടടുക്കുവാനുള്ള ഭാഗ്യപദവി ലഭിച്ചിരുന്നു എങ്കിലും അലക്ഷ്യമായി അവനെ സമീപിക്കാന്‍ കഴിയാത്തവണ്ണം അവന്റെ സാന്നിധ്യം അത്രയധികം ഭയാനകമായിരുന്നു.
ദൈവം മോശെക്കു പത്തു കല്പനകള് നല്കിയ 'തീ കത്തുന്ന പര്‍വ്വത'ത്തെക്കുറിച്ച് എബ്രായര്‍ 12 അനുസ്മരിക്കുന്നു. ആ പര്‍വ്വതം എല്ലാവരെയും ഭീതിപ്പെടുത്തി (വാ. 18-21). എന്നാല്‍ എഴുത്തുകാരന് ആ കാഴ്ചയുടെ വ്യത്യാസത്തെ ഇപ്രകാരം രേഖപ്പെടുത്തി: എന്നാല്‍ 'പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും... അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്' (വാ. 22-24). യേശു - ദൈവത്തിന്റെ പുത്രന് - അവന്റെ ഇണക്കാനാവാത്ത എന്നാല്‍ സ്നേഹസമ്പന്നനായ പിതാവിന്റെ അടുത്തേക്കു നമുക്കു വരാനുള്ള വഴി നമുക്കായി തുറന്നിരിക്കുന്നു.
നിരന്തര പ്രാര്‍ത്ഥന
'പ്രാര്‍ത്ഥനകള്‍ക്കു മരണമില്ല.' ഇ. എം. ബൗണ്ട്സിന്റെ (1835-1915) ശ്രദ്ധേയമായ വാക്കുകളാണിവ. പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സിക് കൃതികള്‍ തലമുറകളായി ആളുകളെ ഉത്തേജിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയും സ്ഥിരതയുള്ള സ്വഭാവവും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഈ വാക്കുകളില്‍ തുടരുന്നു: 'അവ ഉച്ചരിക്കുന്ന അധരങ്ങള്‍ മരണത്താല്‍ അടഞ്ഞേക്കാം, അവ അനുഭവിച്ച ഹൃദയങ്ങളുടെ മിടിപ്പുകള്‍ അവസാനിച്ചേക്കാം, എങ്കിലും പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ജീവിക്കും, ദൈവത്തിന്റെ ഹൃദയം അവയില്‍ ഉറച്ചിരിക്കുകയും അവ ഉച്ചരിച്ച ആളുകള്‍ മരിച്ചാലും അവ ജീവിച്ചിരിക്കുകയും ചെയ്യും; അവ ഒരു തലമുറയ്ക്കപ്പുറം, ഒരു കാലഘട്ടത്തിനപ്പുറം, ഒരു ലോകത്തിനപ്പുറം ജീവിച്ചിരിക്കും.'
നിങ്ങളുടെ പ്രാര്‍ത്ഥന - പ്രത്യേകിച്ചു പ്രതിസന്ധികളിലും വേദനയിലും കഷ്ടതയിലും ഉടലെടുത്തവ - ദൈവസന്നിധിയില്‍ എത്തിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? ബൗണ്ട്സിന്റെ ഉള്‍ക്കാഴ്ച നല്കുന്ന വാക്കുകള്‍പോലെ വെളിപ്പാട് 8:1-5 വാക്യങ്ങളും നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ രംഗം (വാ. 1) ദൈവത്തിന്റെ സിംഹാസന മുറിയും പ്രപഞ്ചത്തിന്റെ നിയന്ത്രണ കേന്ദ്രവുമാണ്. ദൂതന്മാരായ സേവകര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷിച്ചു നില്ക്കുന്നു (വാ. 2). പഴയ നിയമ പുരോഹിതനെപ്പോലെ ഒരു ദൂതന് 'സകല വിശുദ്ധന്മാരുടെയും' (വാ. 3) പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ഭൂമിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നു എന്നതിന്റെ ഈ ചിത്രം എത്രമാത്രം കണ്ണു തുറപ്പിക്കുന്നതും ധൈര്യപ്പെടുത്തുന്നതുമാണ് (വാ. 4). നമ്മുടെ പ്രാര്‍ത്ഥന കൈമാറപ്പെടുന്ന സമയത്തു തന്നെ നഷ്ടപ്പെടുമെന്നോ വിസ്മരിക്കപ്പെടുമെന്നോ നാം ചിന്തിക്കുമ്പോള്‍, ഇവിടെ നാം കാണുന്ന കാര്യം നമ്മെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയില്‍ തുടരുവാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യും, കാരണം നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു വിലപ്പെട്ടവയാണ്!
അതു വിസ്മയാവഹമായിരുന്നു!
അത് ഏഴാം ഗ്രേഡുകാരുടെ ആദ്യത്തെ ക്രോസ്-കണ്ട്രി മീറ്റായിരുന്നു, എങ്കിലും അവള്‍ക്ക് ഓടാന്‍ ആഗ്രഹമില്ലായിരുന്നു. അതിനുവേണ്ടി അവള് തയ്യാറെടുത്തിരുന്നുവെങ്കിലും, പരാജയപ്പെടുമെന്ന് അവള് ഭയന്നു. എന്നിട്ടും എല്ലാവരോടുമൊപ്പം അവളും ഓടിത്തുടങ്ങി. പിന്നീട് മറ്റ് ഓട്ടക്കാര്‍ ഓരോരുത്തരായി രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷ് ലൈന്‍ കടന്നു- വിമുഖയായ ഓട്ടക്കാരി ഒഴികെ ബാക്കിയെല്ലാവരും. ഒടുവില്‍, തന്റെ മകള്‍ പൂര്‍ത്തിയാക്കുന്നതു കാണാന്‍ കാത്തിരുന്ന അവളുടെ അമ്മ, ഒരു ഏകാന്ത രൂപത്തെ വളരെ ദൂരെയായി കണ്ടു. ശ്രദ്ധ പതറിയ മത്സരാര്‍ത്ഥിയെ ആശ്വസിപ്പിക്കുന്നതിനു തയ്യാറെടുത്ത് ഫിനിഷ് ലൈനിലേക്ക് അമ്മ എത്തി. പകരം, ഓട്ടക്കാരി അമ്മയെക്കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു, 'അതു വിസ്മയാവഹമായിരുന്നു!'
അവസാനമായി ഓടിയെത്തുന്നതില്‍ എന്താണ് വിസ്മയാവഹമായിട്ടുള്ളത്? പൂര്‍ത്തിയാക്കുക എന്നതു തന്നേ.
പെണ്‍കുട്ടി പ്രയാസകരമായ ഒരു കാര്യത്തിനു ശ്രമിക്കുകയും അതു പൂര്‍ത്തിയാക്കുകയും ചെയ്തു! കഠിനാധ്വാനത്തെയും ജാഗ്രതയെയും തിരുവെഴുത്ത് മാനിക്കുന്നു. കായികരംഗത്തും സംഗീതത്തിലും സ്ഥിരോത്സാഹവും പ്രയത്നവും ആവശ്യമുള്ള മറ്റു കാര്യങ്ങളിലും നമുക്കു പഠിക്കാന്‍ കഴിയുന്ന കാര്യമാണിത്.
സദൃശവാക്യങ്ങള്‍ 12:24 പറയുന്നു, 'ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.' പിന്നീട് നാം വായിക്കുന്നു, ''എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണം കൊേണ്ടാ ഞെരുക്കമേ വരൂ' (14:23). ഈ ജ്ഞാന പ്രമാണങ്ങള്‍ - വാഗ്ദത്തങ്ങളല്ല - ദൈവത്തെ നന്നായി സേവിക്കാന്‍ നമ്മെ സഹായിക്കും.
നമുക്കുവേണ്ടിയുള്ള ദൈവിക പദ്ധതിയില്‍ എല്ലായ്പോഴും അധ്വാനം അടങ്ങിയിരിക്കുന്നു. വീഴ്ചയ്ക്കു മുമ്പുപോലും ആദാം ''തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും''വേണമായിരുന്നു (ഉല്പത്തി 2:15). നാം ചെയ്യുന്ന ഏതൊരു അധ്വാനവും 'മനസ്സോടെ' ചെയ്യണം (കൊലൊസ്യര്‍ 3:23). അവന് നമുക്കു തരുന്ന ബലംകൊണ്ട് നമൂക്ക് പ്രവര്‍ത്തിക്കാം-ഫലം ഉളവാക്കുന്നത് അവനു വിട്ടു കൊടുക്കാം.
'നിന്നെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം'
മൂന്നു വയസ്സുള്ള എന്റെ അനന്തരവള്‍ ജെന്നയ്ക്ക്് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ അലിയിക്കുന്ന ഒരു ഭാവപ്രകടനമുണ്ട്. എന്തിനെയെങ്കിലും അവള് അത്യധികം ഇഷ്ടപ്പെട്ടാല്‍ (വല്ലാതെ സ്നേഹിച്ചാല്‍), അതു ബനാന ക്രീം പൈയോ, ട്രാംപൊലീനില്‍ ചാടുന്നതോ, ഫ്രിസ്ബീ കളിക്കുന്നതോ എന്തുമായിക്കൊള്ളട്ടെ, അവള് പറയും, 'ഞാന്‍ അതിനെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം!' (നാടകീയമായി കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ടാണ് 'മുഴുലോകത്തോളം' പറയുന്നത്).
അതുപോലെ സ്നേഹിക്കാന്‍ അവസാനമായി ഞാന്‍ എന്നാണ് ധൈര്യപ്പെട്ടത്? ഒന്നും പിടിച്ചുവയ്ക്കാതെ, ഒട്ടും ഭയപ്പെടാതെ? എന്നു ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
'ദൈവം സ്നേഹം തന്നേ' യോഹന്നാന് ആവര്‍ത്തിച്ച് എഴുതി (1 യോഹന്നാന് 4:8,16), അതിനു കാരണം ദൈവത്തിന്റെ സ്നേഹം - നമ്മുടെ കോപമോ, ഭയമോ, ലജ്ജയോ അല്ല - ആണ് യാഥാര്‍ത്ഥ്യത്തിന്റെ ആഴമോറിയ അടിസ്ഥാനം എന്ന സത്യം മുതിര്‍ന്നവരായ നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നതായിരിക്കാം (1:7-9; 3:18). പ്രകാശം വെളിച്ചത്തുകൊണ്ടുവരുന്നത് എത്ര വേദനാജനകമായ സത്യമായാലും, നാം അപ്പോഴും സ്നേഹിക്കപ്പെടുന്നു എന്നു നമുക്കറിയാന്‍ കഴിയും (4:10,18; റോമര്‍ 8:1).
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം' എന്ന് ജെന്നാ എന്നോടു പറഞ്ഞപ്പോള്‍ 'ഞാനും നിന്നെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം' എന്നു ഞാന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും ഞാന്‍ അറുതിയില്ലാത്ത സ്നേഹത്താലും കൃപയാലും പിടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൗമ്യമായ ഓര്‍മ്മപ്പെടുത്തലിന് ഞാന്‍ നന്ദിയുള്ളവളായിരുന്നു.
ഒരിക്കലും പ്രത്യാശ കൈവിടരുത്
സ്നേഹിതയ്ക്ക് ക്യാന്‍സര്‍ ആണെന്ന പരിശോധനാ ഫലം ലഭിച്ചപ്പോള്‍, അവളുടെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നു ക്രമീകരിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. അവള് കരഞ്ഞുകൊണ്ട് എന്നെ വിളിക്കുകയും തന്റെ ഭര്‍ത്താവിനെയും മക്കളെയും കുറിച്ച് ആകുലപ്പെടുകയും ചെയ്തു. ഞാന്‍ അവളുടെ അടിയന്തിര പ്രാര്‍ത്ഥനാ വിഷയം ഞങ്ങളുടെ സ്നേഹിതരുമായി പങ്കുവെച്ചു. പ്രതീക്ഷ കൈവിടരുതെന്നും താനും തന്റെ സംഘവും തങ്ങളാല്‍ കഴിയുന്നത് ചെയ്യാമെന്നും മറ്റൊരു ഡോക്ടര്‍ അവളോടു പറഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. ചില ദിവസങ്ങള്‍ മറ്റുള്ളവയെക്കാള്‍ പ്രയാസകരമായിരുന്നുവെങ്കിലും, തനിക്കെതിരെ വരുന്ന പ്രതിസന്ധികള്‍ക്കപ്പുറമായി അവള് ദൈവത്തില്‍ ആശ്രയിച്ചു. അവള് ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.
എന്റെ സ്നേഹിതയുടെ സ്ഥിരതയുള്ള വിശ്വാസം ലൂക്കൊസ് 8 ലെ ആശയറ്റ സ്ത്രീയുടെ കാര്യം എന്നെ ഓര്‍മ്മിപ്പിച്ചു. 12 വര്‍ഷം തുടര്‍ച്ചയായി രോഗവും നിരാശയും ഒറ്റപ്പെടലും അനുഭവിച്ച അവള് യേശുവിന്റെ പുറകില്‍ ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് തൊട്ടു. അവളുടെ വിശ്വാസ പ്രവൃത്തിയെ തുടര്‍ന്നു സത്വര സൗഖ്യം അവള്‍ക്കുണ്ടായി. തന്റെ സാഹചര്യം എത്ര പ്രതീക്ഷയറ്റതായിരുന്നാലും ... മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിയാത്തത് യേശുവിനു ചെയ്യാന്‍ കഴിയുമെന്നു വിശ്വസിച്ചു ...പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു (വാ. 43-44).
അവസാനിക്കയില്ലെന്നു തോന്നുന്ന വേദനയും പ്രതീക്ഷയറ്റതെന്നു തോന്നുന്ന സാഹചര്യവും അസഹനീയമായ കാത്തിരിപ്പും നാം അനുഭവിച്ചേക്കാം. നമുക്കെതിരായ പ്രതികൂലങ്ങള്‍ ഉയരത്തിലും വിശാലമായും കുന്നുകൂടുന്ന നിമിഷങ്ങള്‍ നാം അനുഭവിച്ചേക്കാം. ക്രിസ്തുവില്‍ നാം ആശ്രയിച്ചിട്ടും നാം ആശിക്കുന്ന സൗഖ്യം നമുക്കു ലഭിച്ചില്ല എന്നു വന്നേക്കാം. എങ്കിലും അപ്പോള്‍ പോലും, അവനെ തൊടുവാനും ഒരിക്കലും പ്രത്യാശ കൈവിടാതെ അവനില്‍ ആശ്രയിക്കുവാനും, അവന് എല്ലായ്പ്പോഴും പ്രാപ്തനും എല്ലായ്പ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്നവനും എല്ലായ്പ്പോഴും സമീപേയുള്ളവനും എന്നു വിശ്വസിക്കുവാനും യേശു നമ്മെ ക്ഷണിക്കുന്നു.