Month: നവംബർ 2019

അടുത്ത കാര്യം ചെയ്യുക

അവസാനമായി എന്നാണ് ഒരുവനെ സഹായിക്കാനായി നിങ്ങള്‍ക്കു നിര്‍ബന്ധം തോന്നിയിട്ടും ഒന്നും ചെയ്യാതെ പോയിട്ടുള്ളത്? ദി 10-സെക്കന്റ് റൂള്‍ എന്ന ഗ്രന്ഥത്തില്‍ ക്ലെയര്‍ ഡി ഗ്രാഫ് പറയുന്നത്, ദിനംതോറും നമുക്കുണ്ടാകുന്ന തോന്നലുകള്‍ ആഴമായ ആത്മിക നടപ്പിനുവേണ്ടി -അവനോടുള്ള സ്‌നേഹത്താല്‍ പ്രചോദിപ്പിക്കപ്പെട്ട അനുസരണത്തിന്റെ ജീവിതത്തിനുവേണ്ടി - ദൈവം നമ്മെ വിളിക്കുന്ന വഴികളാണെന്നാണ്. 'നിങ്ങള്‍ ചെയ്യണമെന്ന് യേശു ആവശ്യപ്പെടുന്നു എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ള അടുത്ത കാര്യം' ചെയ്യുന്നതിനും 'നിങ്ങള്‍ നിങ്ങളുടെ മനസ്സു മാറ്റുന്നതിനുമുമ്പ്' ശരിയായ രീതിയില്‍ അതു ചെയ്യുന്നതിനും ദി 10-സെക്കന്റ് റൂള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

യേശു പറയുന്നു, 'നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്‍പ്പനകളെ കാത്തു കൊള്ളും' (യോഹന്നാന്‍ 14:15). ഞാന്‍ അവനെ സ്‌നേഹിക്കുന്നു, എനിക്കെങ്ങനെ അവന്റെ ഹിതമെന്തെന്ന്് ഉറപ്പാക്കി അതു ചെയ്യാന്‍ കഴിയും? എന്നു നാം ചിന്തിച്ചേക്കാം. യേശു തന്റെ ജ്ഞാനത്തില്‍, ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജ്ഞാനം നന്നായി മനസ്സിലാക്കുന്നതിനും അതനുസരിക്കുന്നതിനും നമുക്കാവശ്യമായത് നല്‍കിയിരിക്കുന്നു. അവന്‍ ഒരിക്കല്‍ പറഞ്ഞു, 'എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും' (വാ. 16). നമ്മോടുകൂടെയിരിക്കുകയും നമ്മില്‍ വസിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലാണ് ദിവസവും നാം അനുഭവിക്കുന്ന അവന്റെ പ്രചോദനങ്ങളോട് പ്രതികരിച്ചുകൊണ്ട് (വാ. 17) യേശുവിനെ അനുസരിക്കാന്‍ നാം പഠിക്കുകയും 'അവന്റെ കല്പനകളെ പ്രമാണിക്കുകയും' ചെയ്യുന്നത്.

വലുതും ചെറുതുമായ കാര്യങ്ങളില്‍, ദൈവത്തെ മഹത്വപ്പെടുത്തുന്നതും അവനോടും മറ്റുള്ളവരോടുമുള്ള നമ്മുടെ സ്‌നേഹത്തെ വെളിപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ വിശ്വാസത്താല്‍ ഉറപ്പുള്ളവരായി ചെയ്യുവാന്‍ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കും.

ഇനിമേല്‍ ഭയപ്പെടുകയില്ല

അവളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കുശേഷം എത്യോപ്യന്‍ പോലീസ് അവളെ കണ്ടെത്തുമ്പോള്‍, കറുത്ത സടയുള്ള മൂന്നു സിംഹങ്ങള്‍ അവളെ വലയം ചെയ്ത് അവയുടെ സ്വന്തം എന്ന മട്ടില്‍ അവളെ സംരക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പന്ത്രണ്ടുകാരിയായ അവളെ ഏഴുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അവര്‍ അവളെ വനത്തിലേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ സിംഹങ്ങളുടെ ഒരു ചെറിയ സംഘം അവളുടെ കരച്ചില്‍ കേട്ട് ഓടി വന്ന് അക്രമികളെ ഓടിച്ചു. 'ഞങ്ങള്‍ അവളെ കണ്ടെത്തുന്നതുവരെ സംിംഹങ്ങള്‍ അവള്‍ക്കു കാവല്‍നിന്നു, എന്നിട്ട് ഒരു സമ്മാനം പോലെ അവളെ വിട്ടു തന്നിട്ട് കാട്ടിലേക്കു പിന്‍വാങ്ങി' പോലീസ് സാര്‍ജന്റ് വോണ്ടിമൂ ഒരു റിപ്പോര്‍ട്ടറോടു പറഞ്ഞു.

ഈ കൊച്ചു പെണ്‍കുട്ടിക്കു സംഭവിച്ചതുപോലെയുള്ള അക്രമത്തിന്റെയും തിന്മയുടെയും നാളുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയും അശരണരും ഭയചകിതരുമാക്കി നമ്മെ തീര്‍ക്കുകയും ചെയ്‌തേക്കാം. പുരാതന കാലങ്ങളില്‍, യെഹൂദാ ജനം ഇതനുഭവിച്ചു. ക്രൂരരായ സൈന്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുകയും രക്ഷപെടാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയില്‍ അവര്‍ ആയിപ്പോകയും ചെയ്തു. ഭയം അവരെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും, ദൈവം തന്റെ ജനത്തോടുകൂടെയുള്ള തന്റെ മാറ്റമില്ലാത്ത സാന്നിധ്യത്തിന്റെ വാഗ്ദത്തം പുതുക്കിക്കൊണ്ടിരുന്നു: 'യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല'' (സെഫന്യാവ് 3:15). നമ്മുടെ ദുരന്തങ്ങള്‍ നമ്മുടെ മറുതലിപ്പിന്റെ ഫലമായിരിക്കുമ്പോള്‍ പോലും ദൈവം നമ്മുടെ രക്ഷയ്ക്കായി എത്തുന്നു. 'നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു' (വാ. 17).

ഏതു പ്രതിസന്ധികള്‍ നമ്മെ എതിരിട്ടാലും, എന്തു തിന്മ നമുക്കെതിരെ വന്നാലും യെഹൂദാഗോത്രത്തിലെ സിംഹമായ യേശു നമ്മോടുകൂടെയുണ്ട് (വെളിപ്പാട് 5:5). എത്ര ഏകാന്തത നമുക്കനുഭവപ്പെട്ടാലും, നമ്മുടെ ശക്തനായ രക്ഷകന്‍ നമ്മോടുകൂടെയുണ്ട്. എന്തു ഭയം നമ്മെ അടിമപ്പെടുത്തിയാലും, നമ്മുടെ ദൈവം നമ്മുടെ സമീപേയുണ്ടെന്ന് ഉറപ്പ് അവന്‍ നമുക്കു തരുന്നു.

നവ മാനവികത

ലണ്ടനിലെ ടെയ്റ്റ് മോഡേണ്‍ ഗാലറി സന്ദര്‍ശിച്ചപ്പോള്‍, ഒരു കലാസൃഷ്ടി എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബ്രസീലിയന്‍ കലാകാരന്‍ സില്‍ഡോ മെയ്ര്‍ലെസ് നൂറുകണക്കിനു പഴയ റേഡിയോകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഭീമാകാരമായ ഒരു ഗോപുരമായിരുന്നു അത്. ഓരോ റോഡിയോയും ട്യൂണ്‍ ചെയ്തിരുന്നു എന്നു മാത്രമല്ല ഓരോന്നും വിവിധ സ്‌റ്റേഷനുകളിലായി ട്യൂണ്‍ ചെയ്തിരുന്നു. നൂറുകണക്കിനാളുകള്‍ വിവിധഭാഷകളില്‍ ഒരേ സമയം സംസാരിച്ചാലുണ്ടാകുന്ന ആശയക്കുഴപ്പം അതു സൃഷ്ടിച്ചിരുന്നു. മെയ്ര്‍ലെസ് ആ ശില്പത്തിനിട്ട പേര് ബാബേല്‍ എന്നായിരുന്നു.

പേര് അനുയോജ്യമായിരുന്നു. യഥാര്‍ത്ഥ ബാബേല്‍ ഗോപുരത്തില്‍, സ്വര്‍ഗ്ഗം കീഴടക്കാനുള്ള മനുഷ്യന്റെ വഴിവിട്ട ശ്രമത്തെ മനുഷ്യന്റെ ഭാഷ കലക്കിക്കൊണ്ടു ദൈവം തടഞ്ഞു (ഉല്പത്തി 11:1-9). പരസ്പരമുള്ള ആശയവിനിമയം അസാദ്ധ്യമായതോടുകൂടി, മനുഷ്യവര്‍ഗ്ഗം വ്യത്യസ്ത ഭാഷകള്‍ ഉള്ള ഗോത്രങ്ങളായി ചിതറിപ്പോയി (വാ. 10-26). ഭാഷയാല്‍ വിഭജിക്കപ്പെട്ട നാം അന്നു മുതല്‍ അന്യോന്യം മനസ്സിലാക്കുന്നതിനായി പ്രയാസപ്പെടുന്നു.

ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ട്. പെന്തക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് ആദ്യ ക്രിസ്തീയ വിശ്വാസികളുടെമേല്‍ വന്നപ്പോള്‍, അന്നേ ദിവസം യെരുശലേം സന്ദര്‍ശിച്ചവരുടെ വ്യത്യസ്ത ഭാഷകളില്‍ ദൈവത്തെ സ്തുതിക്കാനായി അവരെ പ്രാപ്തരാക്കി (പ്രവൃത്തികള്‍ 2:1-12). ഈ അത്ഭുതത്തിലൂടെ, ദേശീയതയ്ക്കും ഭാഷയ്ക്കും അതീതമായി എല്ലാവരും ഒരേ സന്ദേശം കേട്ടു. ബാബേലിലെ കലക്കം നേരെ തിരിഞ്ഞുവന്നു.

ജാതീയവും സാംസ്‌കാരികവുമായ വിഭാഗീയതയുടെ ലോകത്തില്‍, ഇതു സുവാര്‍ത്തയാണ്. യേശുവിലൂടെ, ദൈവം സകല ജാതികളില്‍നിന്നും ഗോത്രങ്ങളില്‍നിന്നും ഭാഷകളില്‍നിന്നും ഒരു പുതിയ മാനവികത ഉളവാക്കുന്നു (വെളിപ്പാട് 7:9). ടെയ്റ്റ് മോഡേണില്‍ ഞാന്‍ നില്‍ക്കുമ്പോള്‍, ആ റേഡിയോകള്‍ എല്ലാം ഒരു സിഗ്നലിലേക്കു ട്യൂണ്‍ ചെയ്യുന്നതും മുറിയിലുള്ള എല്ലാവര്‍ക്കുംവേണ്ടി 'അമേസിംഗ് ഗ്രെയ്‌സ്, ഹൗ സ്വീറ്റ് ദി സൗണ്ട്' എന്ന ഒരേ ഗാനം പാടുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.

സുരക്ഷിതമായ സ്ഥലം

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണില്‍ നശീകരണ ശക്തിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍, എന്റെ മകള്‍ അവളുടെ ഭവനം വിട്ടുപോകാന്‍ തയ്യാറെടുത്തു. ചുഴലിക്കാറ്റ് വഴിമാറിപ്പോകുമെന്ന പ്രതീക്ഷയില്‍ അവള്‍ അവസാന നിമിഷം വരെ കാത്തിരുന്നു. ഒടുവില്‍ എന്തെല്ലാം കൊണ്ടുപോകണമെന്നു നോക്കി സുപ്രധാന കടലാസുകളും ചിത്രങ്ങളും സാധനങ്ങളും അവള്‍ പരതി. ''വീടുവിട്ടു പോകുന്നത് ഇത്രമാത്രം പ്രയാസമുള്ളതാണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല' പിന്നീട് അവള്‍ പറഞ്ഞു. 'എങ്കിലും ഞാന്‍ മടങ്ങിവരുമ്പോള്‍ എന്തെങ്കിലും അവിടെ ശേഷിക്കുമോ എന്ന് ആ നിമിഷത്തില്‍ എനിക്കറിയില്ലായിരുന്നു.'

ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വിവിധ രൂപത്തിലാണ് വരുന്നത്: ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, ജലപ്രളയം, വിവാഹബന്ധത്തിലും മക്കളുടെ കാര്യത്തിലും അവിചാരിതമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക നഷ്ടം എന്നിങ്ങനെ. നാം വിലമതിക്കുന്നവ നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഇല്ലാതാകുന്നു.

കൊടുങ്കാറ്റിന്റെ നടുവില്‍ ഒരു സുരക്ഷിത സ്ഥാനം തിരുവചനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും ... നാം ഭയപ്പെടുകയില്ല'' (സങ്കീര്‍ത്തനം 46:1-2).

ഈ സങ്കീര്‍ത്തനത്തിന്റെ രചയിതാക്കള്‍, തലമുറകളായി ദൈവത്തെ സേവിച്ചവരില്‍ പെട്ടവനും പിന്നീട് ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി ഒരു ഭൂകമ്പത്തില്‍ നശിച്ചുപോയവനുമായ ഒരു മനുഷ്യന്റെ സന്തതികളായിരുന്നു (സംഖ്യാപുസ്തകം 26:9-11 കാണുക). അവര്‍ പങ്കുവയ്ക്കുന്ന വീക്ഷണം, താഴ്മയും ദൈവത്തിന്റെ മഹിമ, മനസ്സലിവ്, വീണ്ടെടുപ്പിന്‍ സ്‌നേഹം എന്നിവയെക്കുറിച്ചുള്ള ആഴമായ അറിവുമാണ്.

പ്രശ്‌നങ്ങള്‍ വരാം, എന്നാല്‍ അതിലെല്ലാം അതീതനാണ് ദൈവം. രക്ഷകന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നവന്‍, അവന്‍ കുലുങ്ങിപ്പോകുകയില്ല എന്നറിയും. അവന്റെ നിത്യസ്‌നേഹത്തിന്റെ കരവലയത്തില്‍ നാം നമ്മുടെ സമാധാന സ്ഥാനം കണ്ടെത്തും.

നിരപ്പിന്റെ വാതില്‍

അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള സെന്റ് പാട്രിക് കത്തീഡ്രലിനുള്ളില്‍ അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള ഒരു കഥ പറയുന്ന ഒരു വാതിലുണ്ട്. 1492 ല്‍ ബട്ട്‌ലര്‍, ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ദേശത്തെ ഉന്നത അധികാരത്തെ ചൊല്ലി ഏറ്റുമുട്ടാനാരംഭിച്ചു. പോരാട്ടം രൂക്ഷമായതോടെ ബട്ട്‌ലര്‍മാര്‍ കത്തീഡ്രലില്‍ അഭയം തേടി. ഫിറ്റ്‌സ്‌ജെറാള്‍ഡ് ഒത്തുതീര്‍പ്പിനായി വന്നപ്പോള്‍, വാതില്‍ തുറക്കാന്‍ ബട്ട്‌ലര്‍മാര്‍ ഭയപ്പെട്ടു. അതുകൊണ്ട് ഫിറ്റ്‌സ്‌ജെറാള്‍ഡുകള്‍ വാതിലില്‍ ഒരു ദ്വാരം ഉണ്ടാക്കിയിട്ട് അവരുടെ നേതാവ് സമാധാന സൂചകമായി തന്റെ കൈ നീട്ടി. തുടര്‍ന്ന് രണ്ടു കുടുംബങ്ങളും രമ്യതയിലാകുകയും എതിരാളികള്‍ സ്‌നേഹിതരാകുകയും ചെയ്തു.

കൊരിന്തിലെ സഭയ്ക്കുള്ള തന്റെ ലേഖനത്തില്‍ അപ്പൊസ്തലനായ പൗലൊസ് ആവേശപൂര്‍വ്വം എഴുതുന്ന നിരപ്പിന്റെ ഒരു വാതില്‍ ദൈവത്തിന്റെ പക്കലുണ്ട്. തന്റെ അനന്തമായ സ്‌നേഹത്തിന്റെ ഫലമായി ദൈവം മുന്‍കൈയെടുത്ത് ക്രിസ്തുവിന്റെ ക്രൂശിലെ മരണത്താല്‍ മനുഷ്യരുമായുള്ള തന്റെ തകര്‍ന്ന ബന്ധത്തെ അവന്‍ പുനഃസ്ഥാപിച്ചു. നാം ദൈവത്തില്‍നിന്നും വിദൂരത്തിലായിരുന്നു, എങ്കിലും അവന്റെ കരുണ നമ്മെ അവിടെ തുടരാന്‍ അനുവദിച്ചില്ല. 'ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ'' (2 കൊരിന്ത്യര്‍ 5:19) തന്നോടു നമ്മെ നിരപ്പിക്കുവാന്‍ അവന്‍ മുന്നോട്ടു വന്നു. 'പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി'യപ്പോള്‍ നീതി നിവര്‍ത്തിക്കപ്പെട്ടു (വാ. 21).

ഒരിക്കല്‍ നാം സമാധാനത്തിനായുള്ള ദൈവത്തിന്റെ കരം സ്വീകരിക്കുമ്പോള്‍, ആ സന്ദേശം മറ്റുള്ളവര്‍ക്കു എത്തിച്ചുകൊടുക്കാനുള്ള സുപ്രധാന ദൗത്യം നമ്മില്‍ ഭരമേല്പിക്കപ്പെടുകയാണ്. വിശ്വസിക്കുന്ന ഏവര്‍ക്കും സമ്പൂര്‍ണ്ണ പാപക്ഷമയും യഥാസ്ഥാപനവും വാഗ്ദാനം ചെയ്യുന്ന അതിശയവാനും സ്‌നേഹവാനുമായ ദൈവത്തെ നാം പ്രതിനിധീകരിക്കുന്നു.