Month: ജനുവരി 2020

പോകുന്നു, പോകുന്നു, പോയി

കുസൃതിക്കാരനായ കലാകാരന്‍ ബാങ്ക്‌സേ മറ്റൊരു പ്രായോഗിക തമാശ പുറത്തെടുത്തു. അദ്ദേഹത്തിന്റെ പെണ്‍കുട്ടി ബലൂണുമായി എന്ന പെയിന്റിംഗ്, ലണ്ടനിലെ സോത്ത്ബി ഓക്ഷന്‍ ഹൗസില്‍ വിറ്റുപോയത് ഒരു ദശലക്ഷം പൗണ്ടിനാണ് (9.36 കോടി രൂപ). ലേലം വിളിക്കുന്നവന്‍ 'വിറ്റു'' എന്നു പ്രഖ്യാപിച്ചയുടനെ ഒരു അലാറം മുഴങ്ങുകയും ഫ്രെയിമിന്റെ അടിയില്‍ ഘടിപ്പിച്ചിരുന്ന ഒരു പൊടിക്കല്‍ യന്ത്രത്തിലേക്ക് പെയിന്റിംഗിന്റെ പാതിഭാഗം ഇറങ്ങിപ്പോകുകയും ചെയ്തു. ലേലത്തില്‍ പങ്കെടുത്തവര്‍ തന്റെ മാസ്റ്റര്‍ പീസ് തവിടുപൊടിയാകുന്നത് വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുന്നതിന്റെ ഫോട്ടോ ബാങ്ക്‌സേ ട്വീറ്റു ചെയ്തത് ഈ തലക്കെട്ടോടെയാണ്, 'പോകുന്നു, പോകുന്നു, പോയി.''

സമ്പന്നരുടെമേല്‍ കുസൃതി കാണിക്കുന്നത് ബാങ്ക്‌സേ ആസ്വദിച്ചു എങ്കിലും അദ്ദേഹത്തിന് ഭാരപ്പെടേണ്ട കാര്യമില്ലായിരുന്നു. സമ്പത്തിന്റെ കൈയില്‍ തന്നെ ധാരാളം കുസൃതികള്‍ ഉണ്ട്. ദൈവം പറയുന്നു, ''ധനവാനാകേണ്ടതിനു പണിപ്പെടരുത്; ... നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായ്‌പ്പോകുമല്ലോ. കഴുകന്‍
ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും' (വാ. 4-5).

പണം പോലെ സുരക്ഷിതമല്ലാത്തത് വളരെക്കുറച്ചേയുള്ളു. അതു സമ്പാദിക്കാന്‍ നാം കഠിനമായി അധ്വാനിക്കുന്നു എങ്കിലും അതു നഷ്ടപ്പെടാന്‍ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ട്. നിക്ഷേപങ്ങള്‍ പരാജയപ്പെടാം, നാണയപ്പെരുപ്പം ഉണ്ടാകാം, ബില്ലുകള്‍ വരാം, കള്ളന്മാര്‍ മോഷ്ടിക്കാം, തീയും പ്രളയവും നശിപ്പിക്കാം. നമ്മുടെ പണം സൂക്ഷിക്കുന്നതില്‍ നാം വിജയിച്ചാലും, അതു ചിലവഴിക്കാനുള്ള നമ്മുടെ സമയം തീര്‍ന്നുപോയേക്കാം. കണ്ണടച്ചു തുറക്കും മുമ്പെ നിങ്ങളുടെ ജീവിതം പോകുന്നു, പോകുന്നു, പോയി.

എന്താണു ചെയ്യേണ്ടത്? ചില വാക്യങ്ങള്‍ക്കു ശേഷം ദൈവം പറയുന്നു, 'നീ എല്ലായ്‌പ്പോഴും യഹോവാ ഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല'' (വാ. 17-18). നിങ്ങളുടെ ജീവിതത്തെ യേശുവില്‍ നിക്ഷേപിക്കുക; അവന്‍ മാത്രമാണ് നിങ്ങളെ എന്നേക്കും സൂക്ഷിക്കുന്നത്.

ബലഹീനനെ ശക്തീകരിക്കുക

ഞാന്‍ ഒരു കുട്ടിയായിരിക്കുമ്പോള്‍, 'അവന്‍ എന്റെ തെറ്റിനു അപ്പുറമായി നോക്കി എന്റെ ആവശ്യം കണ്ടു'' എന്ന പേരിലുള്ള ഒരു പാട്ടു കേട്ടു. 1967 ല്‍ അമേരിക്കന്‍ ഗായികയായ ഡോട്ടി റാംബോ ആണ് ഈ പാട്ട് എഴുതിയത്. അവളുടെ സഹോദരനായ എഡ്ഢി ചെയ്ത തെറ്റുകളുടെ പേരില്‍ താന്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്നുള്ള അവന്റെ വിശ്വാസത്തിനോടുള്ള പ്രതികരണമായി ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തെക്കുറിച്ചാണ് ഡോട്ടി ഈ ഗാനം രചിച്ചത് എന്ന് പില്‍ക്കാലത്ത് അറിയുന്നതു വരെ ഈ ഗാനത്തിന്റെ ആഴമായ അര്‍ത്ഥം ഞാന്‍ ഗ്രഹിച്ചിരുന്നില്ല. ദൈവം അവന്റെ ബലഹീനതകളെ കാണുന്നു എങ്കിലും അവനെ സ്‌നേഹിക്കുന്നു എന്ന് പാട്ടുകാരി അവനെ ഉറപ്പിക്കുന്നു.

ദൈവത്തിന്റെ നിരുപാധിക സ്‌നേഹം യിസ്രായേല്‍ ജനത്തിന്റെയും യെഹൂദയുടെയും അനേക ബലഹീന നിമിഷങ്ഹളില്‍ വ്യക്തമായിരുന്നു. വഴിതെറ്റിയ തന്റെ ജനത്തിനോടുള്ള സന്ദേശങ്ങളുമായി ദൈവം യെശയ്യാവിനെപ്പോലെയുള്ള ധാരാളം പ്രവാചകന്മാരെ അയച്ചു. യെശയ്യാവ് 35 ല്‍ ദൈവം നല്‍കുന്ന യഥാസ്ഥാപനത്തിന്റെ പ്രത്യാശ പ്രവാചകന്‍ പങ്കുവയ്ക്കുന്നു.. പ്രത്യാശയെ ആശ്ലേഷിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രോത്സാഹനം 'തളര്‍ന്ന കൈകളെ ബലപ്പെടുത്തുകയും കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കയും'' ചെയ്യും (വാ. 3). അവര്‍ക്കു ലഭിച്ച പ്രോത്സാഹന ഫലമായി, ദൈവജനം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രാപ്തരാകും. അതുകൊണ്ടാണ് വാ. 4 ല്‍ യെശയ്യാവ് നിര്‍ദ്ദേശിക്കുന്നത്, 'മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ... എന്നു പറവിന്‍.''

ബലഹീനനെന്നു തോന്നുന്നുവോ? നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനോടു സംസാരിക്കുക. തിരുവചനത്തിന്റെ സത്യത്തിലൂടെയും തന്റെ സാന്നിധ്യത്തിന്റെ ശക്തികൊണ്ടും അവന്‍ ബലഹീനരെ ശക്തീകരിക്കും. എന്നിട്ട് മറ്റുള്ളവരെ ശക്തീകരിക്കാന്‍ നിങ്ങള്‍ പ്രാപ്തരാകും.

സമൃദ്ധിയായ ജീവന്‍

1918 ല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത്, ഫോട്ടോഗ്രാഫര്‍ എറിക് എന്‍സ്‌ട്രോം തന്റെ വര്‍ക്കുകളുടെ ഒരു സമാഹാരം തയ്യാറാക്കുകയായിരുന്നു. അനേകരെ സംബന്ധിച്ച് ശുന്യതയുടെ ഒരു സമയമായി അനുഭവപ്പെട്ട ആ കാലഘട്ടത്തില്‍ പൂര്‍ണ്ണതയുടെ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്ന് ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ, ഇന്ന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഫോട്ടോയില്‍ താടിക്കാരനായ ഒരു വൃദ്ധന്‍ മേശക്കരികില്‍ തലകുമ്പിട്ട് കൈകള്‍ കോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മേശമേല്‍ ഒരു പുസ്തകവും കണ്ണടയും ഒരു പാത്രം കഞ്ഞിയും ഒരു കഷ്ണം ബ്രെഡും ഒരു കത്തിയും ഉണ്ട്. വേറൊന്നുമില്ല, എന്നാല്‍ ഒന്നും കുറവുമില്ല.

ചിലര്‍ പറയും ഫോട്ടോ ദൗര്‍ലഭ്യത്തെയാണു കാണിക്കുന്നതെന്ന്. എന്നാല്‍ എന്‍സ്‌ട്രോമിന്റെ പോയിന്റ് നേരെ തിരിച്ചാണ്: ഇവിടെയിതാ കൃതജ്ഞതയില്‍ ജീവിക്കുന്ന ഒരുവന്റെ സമ്പൂര്‍ണ്ണ ജീവിതം, നമ്മുടെ സാഹചര്യം എന്തായിരുന്നാലും എനിക്കും നിങ്ങള്‍ക്കും അനുഭവമാക്കാന്‍ കഴിയുന്ന ഒന്ന്. യേഹന്നാല്‍ 10 ല്‍ യേശു സുവാര്‍ത്ത പ്രഖ്യാപിച്ചു: 'ജീവന്‍ ... സമൃദ്ധിയായി'' (വാ. 10). സമൃദ്ധി അഥവാ പൂര്‍ണ്ണതയെ നാം 'അനേക കാര്യങ്ങള്‍ക്ക്'' സമമാക്കുമ്പോള്‍ ഈ സദ്വാര്‍ത്തയോട് നാം കഠിനമായ അന്യായമാണു ചെയ്യുന്നത്. യേശു പറയുന്ന സമൃദ്ധിയായ ജീവന്‍, സമ്പത്ത് അല്ലെങ്കില്‍ വസ്തുവകകള്‍ എന്നീ ലോകപരമായ ഇനങ്ങള്‍ കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് നല്ലയിടയന്‍ 'തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍'' കൊടുക്കുന്നതിനും (വാ. 11), നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തിത്തരുന്നതിനുമുള്ള നന്ദിയാല്‍ നിറഞ്ഞ ഒരു ഹൃദയവും മനസ്സും ആത്മാവും ശക്തിയുമാണ് അതിന്റെ അളവുകോല്‍. ഇതാണ് സമൃദ്ധിയായ ജീവന്‍-ദൈവവുമായുള്ള ബന്ധം ആസ്വദിക്കുക-അതു നമുക്കോരോരുത്തര്‍ക്കും സാധ്യമാണ്.

ഒരു പഴയ മണ്‍ പാത്രം

വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ വളരെയധികം കളിമണ്‍പാത്രങ്ങള്‍ ശേഖരിച്ചു. എനിക്കിഷ്ടപ്പെട്ട ഒന്ന് ഒരു പുരാവസ്തു സ്ഥലത്തു നിന്നും കുഴിച്ചെടുത്ത അബ്രഹാമിന്റെ കാലത്തെ ഒരു പാത്രമാണ്. കുറഞ്ഞപക്ഷം ഞങ്ങളുടെ ഭവനത്തിലുള്ള എന്നെക്കാള്‍ പ്രായമുള്ള ഒരു വസ്തു അതാണ്. അത് കാണാന്‍ അത്ര ഭംഗിയുള്ളതല്ല: കറപിടിച്ച്, പൊട്ടല്‍ വീണ്, അടര്‍ന്നുപോയ, തേച്ചുകഴുകേണ്ട അവസ്ഥയിലാണത്. ഞാന്‍ മണ്ണില്‍നിന്നും നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഞാന്‍ അതു സൂക്ഷിച്ചിരിക്കുന്നത്. ദുര്‍ബ്ബലവും ബലഹീനവും ആണെങ്കിലും ഞാന്‍ അളവറ്റതും വിലയേറിയതുമായ ഒരു നിധി വഹിക്കുന്നുണ്ട് - 'ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്'' (2 കൊരിന്ത്യര്‍ 4:7).

പൗലൊസ് തുടരുന്നു: 'ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍
എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും
നശിച്ചുപോകുന്നില്ല'' (വാ. 8-9). കഷ്ടം സഹിക്കുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍, ഉപദ്രവം അനുഭവിക്കുന്നവര്‍, വീണുകിടക്കുന്നവര്‍. നമ്മിലുള്ള യേശുവിന്റെ ശക്തിയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണിവ.

'യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു'' (വാ. 10).ഓരോ ദിവസവും സ്വയത്തിനു മരിച്ച യേശുവിന്റെ സവിശേഷത ഈ മനോഭാവമായിരുന്നു. ഈ മനോഭാവം തന്നെയാണ് നമ്മുടെ സവിശേഷതയായും ഇരിക്കേണ്ടത്-നമ്മില്‍ വസിക്കുന്നവന്റെ പര്യാപ്തതയില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് സ്വയ-പ്രയത്‌നത്തിനു മരിക്കാനുള്ള ഒരു ഒരുക്കം.

'യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു'' (വാ. 10). ഇതാണ് ഫലം: യേശുവിന്റെ സൗന്ദര്യം ഒരു പഴയ മണ്‍പാത്രത്തില്‍ ദൃശ്യമാകുക.

സൗഹൃദ ബഞ്ച്

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ യുദ്ധക്കെടുതികളും തൊഴിലില്ലായ്മയും ജനങ്ങളെ നൈരാശ്യത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്നു-ഒരു 'സൗഹൃദ ബഞ്ചില്‍'' അവര്‍ പ്രത്യാശ കണ്ടെത്തുന്നതു വരെ. നിസ്സഹായരായ ആളുകള്‍ അവിടേക്കു ചെന്ന് പരിശീലനം നേടിയ 'മുത്തശ്ശി''മാരുമായി സംസാരിക്കാം - വിഷാദ രോഗികളായ ആളുകള്‍ പറയുന്നതു കേള്‍ക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രായമുള്ള സ്ത്രീകളാണവര്‍. ആ ദേശത്തെ ഷോണാ ഭാഷയില്‍ അവരെ കുഫുംഗിസിസാ അഥവാ 'ധാരാളം ചിന്തിക്കുന്ന' എന്നു വിളിക്കും.

സൗഹൃദ ബഞ്ച് പ്രോജക്ട് സാന്‍സിബാര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. 'അതിന്റെ ഫലം ഞങ്ങളെ ആവേശഭരിതരാക്കുന്നു'' ഒരു ലണ്ടന്‍ ഗവേഷകന്‍ പറഞ്ഞു. ന്യുയോര്‍ക്ക് കൗണ്‍സിലര്‍ അതിനോടു യോജിച്ചു, 'നിങ്ങള്‍ മനസ്സിലാക്കും മുമ്പുതന്നെ, നിങ്ങള്‍ ഒരു ബഞ്ചിലല്ല, കരുതുന്ന ഒരുവനുമായി സന്തോഷകരമായ ഒരു സംഭാഷണത്തിലായിരിക്കും നിങ്ങള്‍.'

നമ്മുടെ സര്‍വ്വശക്തനായ ദൈവവുമായി സംസാരിക്കുന്നതിന്റെ ഉന്മേഷവും വിസ്മയവും പ്രോജക്ട് ഉണര്‍ത്തുന്നു. മോശെ ഒരു ബഞ്ച് സ്ഥാപിച്ചില്ല, മറിച്ച് ദൈവവുമായി കണ്ടുമുട്ടുവാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിനു സമാഗമന കൂടാരം എന്നു വിളിച്ചു. അവിടെ 'ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു'' (പുറപ്പാട് 33:11). അവന്റെ സഹായിയായ യോശുവ കൂടാരം വിട്ടുപിരിയാതിരുന്നു, കാരണം അവനും ദൈവത്തോടൊത്തുള്ള സമയത്തെ അത്യധികം വിലമതിച്ചിരിക്കാം (വാ. 11).

ഇന്ന് നമുക്ക് ഒരു സമാഗന കൂടാരത്തിന്റെ ആവശ്യമില്ല. യേശു പിതാവിനെ നമ്മുടെ സമീപത്തേക്കു കൊണ്ടുവന്നു. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ
സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു'' (യോഹന്നാന്‍ 15:15). അതേ, നമ്മുടെ ദൈവം നമ്മെ കാത്തിരിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ജ്ഞാനിയായ സഹായിയും നമ്മെ മനസ്സിലാക്കുന്ന സ്‌നേഹിതനുമാണ്. ഇപ്പോള്‍ അവനോടു സംസാരിക്കുക.