ഓരോ അവസരവും
എപ്പോഴെങ്കിലും ഒരു സിംഹത്തെ പിടിച്ചിട്ടുണ്ടോ? എന്റെ ഫോണില്‍ ഒരു ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ എന്റെ മകന് എന്നെ ബോധ്യപ്പെടുത്തുന്നതുവരെ ഞാനും അതു ചെയ്തിരുന്നില്ല. യഥാര്‍ത്ഥ ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ മാപ്പ് നിര്‍മ്മിച്ചുകൊണ്ട് നിങ്ങളുടെ സമീപമുള്ള വര്‍ണ്ണാഭമായ സൃഷ്ടികളെ പിടിക്കാന്‍ ഗെയിം നിങ്ങളെ അനുവദിക്കുന്നു.
മിക്ക മൊബൈല്‍ ഗെയിമുകളില്‍ നിന്നും വ്യത്യസ്തമായി, ഇതിന് ചലനം ആവശ്യമാണ്. നിങ്ങള്‍ പോകുന്നിടമെല്ലാം ഗെയിമിന്റെ കളിസ്ഥലത്തിന്റെ ഭാഗമാണ്. ഫലം? ഞാന്‍ വളരെയധികം നടക്കുന്നു! ഞാനും മകനും കളിക്കുന്ന ഏത് സമയത്തും, നമുക്ക് ചുറ്റുമുള്ള പോപ്പ് അപ്പ് ചെയ്യുന്ന ക്രിട്ടറുകളെ പിടികൂടാനുള്ള എല്ലാ അവസരങ്ങളും പരമാവധി ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എളുപ്പമാണ്. ഞാന്‍ ഗെയിം കളിക്കുമ്പോള്‍, ഈ ചോദ്യം എന്നിലുയര്‍ന്നു: എനിക്ക് ചുറ്റുമുള്ള ആത്മീയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഞാന്‍ ഇത്രമാത്രം തല്പരനാണോ?
നമുക്ക് ചുറ്റുമുള്ള ദൈവത്തിന്റെ വേലയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൗലൊസിന് അറിയാമായിരുന്നു. കൊലൊസ്യര്‍ 4-ല്‍, സുവിശേഷം പങ്കിടാനുള്ള അവസരത്തിനായി അവന് പ്രാര്‍ത്ഥന ചോദിച്ചു (വാ. 3). എന്നിട്ട് അവന് അവരെ ആഹ്വാനം ചെയ്തു, ''സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍' (വാ. 5). ക്രിസ്തുവിന്റെ സുവിശേഷവുമായി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ഒരു അവസരവും കൊലൊസ്യര്‍ നഷ്ടപ്പെടുത്തരുതെന്ന് പൗലൊസ് ആഗ്രഹിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് അവരെയും അവരുടെ ആവശ്യങ്ങളെയും യഥാര്‍ഥത്തില്‍ കാണുകയും തുടര്‍ന്ന് ''കൃപ നിറഞ്ഞ'' കാര്യങ്ങളില്‍ ഏര്‍പ്പെടുകയും വേണം (വാ. 6).
നമ്മുടെ ലോകത്ത്, ഒരു ഗെയിമിന്റെ സാങ്കല്‍പ്പിക സിംഹങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ സമയത്തിനും ശ്രദ്ധയ്ക്കും വേണ്ടി മത്സരിക്കുന്നു. എന്നാല്‍ ഓരോ ദിവസവും ദൈവത്തെ ലോകത്തിനു ചൂണ്ടിക്കാണിക്കാനുള്ള അവസരം അന്വേഷിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ ലോക സാഹസികതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു.
അതിനെ സംബന്ധിച്ച് എല്ലാം അവനറിയാം
ഞങ്ങളുടെ വീട്ടില്‍ രണ്ട് വര്‍ഷമായി ഒരു പോരാളി (fighter) മത്സ്യത്തെ വളര്‍ത്തിയിരുന്നു. എന്റെ ഇളയ മകള്‍ ഭക്ഷണം അവന്റെ ടാങ്കിലേക്ക് ഇട്ടശേഷം അവനുമായി സംസാരിക്കാന്‍ പലപ്പോഴും കുനിഞ്ഞിരിക്കും. കിന്റര്‍ഗാര്‍ട്ടനില്‍ വളര്‍ത്തുമൃഗങ്ങളുടെ വിഷയം വന്നപ്പോള്‍ അവള് അഭിമാനത്തോടെ അവന് തന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ടു. ഒടുവില്‍, മത്സ്യം ചത്തുപോയപ്പോള്‍ എന്റെ മകളുടെ ഹൃദയം തകര്‍ന്നു.
എന്റെ മകളുടെ വികാരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും ''ദൈവത്തിന് ഇതിനെക്കുറിച്ച് എല്ലാം അറിയാം'' എന്ന് പറയാനും എന്റെ അമ്മ എന്നെ ഉപദേശിച്ചു. ദൈവത്തിന് എല്ലാം അറിയാമെന്ന് ഞാന്‍ സമ്മതിച്ചു, എന്നിട്ടും ആശ്ചര്യപ്പെട്ടു, അത് എങ്ങനെ ആശ്വാസകരമാകും? നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് ദൈവം കേവലം ബോധവാനല്ലെന്ന് എനിക്ക് മനസ്സിലായി - പകരം അവന് നമ്മുടെ ആത്മാവിലേക്ക് അനുകമ്പയോടെ കാണുകയും അവ നമ്മെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുകയും ചെയ്യുന്നു. നമ്മുടെ പ്രായം, മുന്‍കാല മുറിവുകള്‍, വിഭവങ്ങളുടെ അഭാവം എന്നിവയെ ആശ്രയിച്ച് ''ചെറിയ കാര്യങ്ങള്‍'' വലിയ കാര്യങ്ങളായി അനുഭവപ്പെടുമെന്ന് അവന് മനസ്സിലാക്കുന്നു.
ഒരു വിധവ രണ്ട് നാണയങ്ങള്‍ ദൈവാലയ ഭണ്ഡാരത്തിലേക്ക് ഇട്ടപ്പോള്‍ അവളുടെ ദാനത്തിന്റെയും ഹൃദയത്തിന്റെയും യഥാര്‍ത്ഥ വലുപ്പം യേശു കണ്ടു. ''ഭണ്ഡാരത്തില് ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. ... ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു'' (മര്‍ക്കൊസ് 12:43-44) എന്നു പറഞ്ഞപ്പോള്‍ അവളെ സംബന്ധിച്ച് അതെത്രമാത്രം വിലയേറിയതായിരുന്നു എന്നാണവന് സൂചിപ്പിച്ചത്.
വിധവ അവളുടെ അവസ്ഥയെക്കുറിച്ച് മിണ്ടാതിരുന്നു, എന്നാല്‍ മറ്റുള്ളവര്‍ ഒരു ചെറിയ സംഭാവനയായി കരുതിയത് അവള്‍ക്ക് ഒരു ത്യാഗമാണെന്ന് യേശു തിരിച്ചറിഞ്ഞു. അവന് നമ്മുടെ ജീവിതത്തെ അതേ രീതിയില്‍ കാണുന്നു. അവിടുത്തെ പരിധിയില്ലാത്ത വിവേകത്തില്‍ നമുക്ക് ആശ്വാസം ലഭിക്കും.
പങ്കിടുന്നതിനായി നുറുക്കപ്പെടുക
ഒരു വാഹനാപകടത്തില്‍ അദ്ദേഹത്തിനു ഭാര്യയെ നഷ്ടപ്പെട്ടതിന് ശേഷം ഞങ്ങള്‍ എല്ലാ വ്യാഴാഴ്ചയും കണ്ടുമുട്ടി. ചില സമയങ്ങളില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി അദ്ദേഹം വന്നു; ചില സമയങ്ങളില്‍ അദ്ദേഹം പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകളുമായി വന്നു. കാലക്രമേണ, അപകടം നമ്മുടെ ലോകത്തിലെ തകര്‍ച്ചയുടെ ഫലമാണെങ്കിലും, അതിനിടയില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തിന് കഴിയുമെന്ന് അദ്ദേഹം അംഗീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുഃഖത്തെക്കുറിച്ചും നന്നായി വിലപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഞങ്ങളുടെ പള്ളിയില്‍ ഒരു ക്ലാസ് പഠിപ്പിച്ചു. താമസിയാതെ, നഷ്ടം അനുഭവിക്കുന്ന ആളുകള്‍ക്കുള്ള ഞങ്ങളുടെ വഴികാട്ടിയായി അദ്ദേഹം മാറി. ചില സമയങ്ങളില്‍ നല്‍കാനായി നമ്മുടെ പക്കല്‍ എന്തെങ്കിലും ഉള്ളതായി നമുക്കു തോന്നാത്തപ്പോള്‍ ദൈവം നമ്മുടെ ''അപര്യാപ്തമായവയെ'' എടുക്കുകയും അതിനെ ''ആവശ്യത്തിലധികം'' ഉള്ളത് ആക്കുകയും ചെയ്യുന്നു.
ആളുകള്‍ക്ക് ഭക്ഷിക്കാന്‍ എന്തെങ്കിലും നല്‍കണമെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. ഒന്നും നല്‍കാനില്ലെന്ന് അവര്‍ പ്രതിഷേധിച്ചു; യേശു അവരുടെ തുച്ഛമായ സാധനങ്ങള്‍ വര്‍ദ്ധിപ്പിച്ച ശേഷം ശിഷ്യന്മാരുടെ അടുത്തേക്കു തിരിഞ്ഞു അവരുടെ പക്കല്‍ അതു കൊടുത്തു, ''ഞാന്‍ ഇതാണ് ഉദ്ദേശിച്ചത്: നിങ്ങള്‍ അവര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കുക!'' (ലൂക്കൊസ് 9:13-16). ക്രിസ്തു അത്ഭുതങ്ങള്‍ ചെയ്യും, എന്നാല്‍ പലപ്പോഴും നമ്മെ ഉള്‍പ്പെടുത്തുന്നത് അവന് തിരഞ്ഞെടുക്കുന്നു.
യേശു നമ്മോടു പറയുന്നു, ''നിങ്ങള്‍ ആരാണ് എന്നതും നിങ്ങള്‍ക്കെന്താണ് ഉള്ളത് എന്നതും എന്റെ കൈയില്‍ തരിക. നിങ്ങളുടെ തകര്‍ന്ന ജീവിതം. നിങ്ങളുടെ കഥ. നിങ്ങളുടെ ബലഹീനതയും പരാജയവും. നിങ്ങളുടെ വേദനയും കഷ്ടപ്പാടും. അവയെ എന്റെ കൈയില്‍ തരിക. എനിക്കെന്താണ് ചെയ്യാന്‍ കഴിയുക എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും.'' നമ്മുടെ ശൂന്യതയില്‍ നിന്ന്, പൂര്‍ണത കൈവരിക്കാന്‍ അവനു കഴിയുമെന്ന് യേശുവിനറിയാം. നമ്മുടെ ബലഹീനതയില്‍ നിന്ന്, അവന്റെ ശക്തി വെളിപ്പെടുത്താന്‍ അവനു കഴിയും.
ദൈവത്താല്‍ പരിപാലിക്കപ്പെടുക
ഞങ്ങളുടെ കൊച്ചുമകന് യാത്രപറയുന്നതിനിടയില്‍ ഒരു ചോദ്യവുമായി തിരിഞ്ഞു. ''മുത്തശ്ശി, ഞങ്ങള്‍ പുറപ്പെടുന്നതുവരെ എന്തിനാണ് പൂമുഖത്ത് നില്‍ക്കുന്നത്?'' ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു, അവന് കൊച്ചുകുഞ്ഞായിരുന്നതിനാല്‍ അവന്റെ ചോദ്യം ''ഭംഗിയുള്ളത്'' ആയി തോന്നി. എന്നിരുന്നാലും, അവന്റെ ആകാംക്ഷ കണ്ട് ഞാന്‍ ഒരു നല്ല ഉത്തരം നല്കാന് ശ്രമിച്ചു. ''ശരി, ഇത് മര്യാദയാണ്,'' ഞാന്‍ അവനോട് പറഞ്ഞു. ''നീ എന്റെ അതിഥിയാണെങ്കില്‍, നീ പോകുന്നതുവരെ ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുന്നു.'' അവന് എന്റെ ഉത്തരം തൂക്കിനോക്കി, പക്ഷേ ഇപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. അതിനാല്‍, ഞാന്‍ അവനോട് ലളിതമായ സത്യം പറഞ്ഞു. ഞാന്‍ പറഞ്ഞു, ''ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതിനാല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ കാര്‍ പോകുന്നത് ഞാന്‍ കാണുമ്പോള്‍, നിങ്ങള്‍ സുരക്ഷിതമായി വീട്ടിലേക്ക് പോകുകയാണെന്ന് എനിക്കറിയാം.'' അവന് പുഞ്ചിരിച്ചു, എനിക്ക് ചുംബനം നല്കി. ഒടുവില്‍, അവനു മനസ്സിലായി.
അവന്റെ ശിശുസഹജമായ ധാരണ, നമ്മളെല്ലാവരും ഓര്‍ത്തിരിക്കേണ്ട കാര്യത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു - നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അവന്റെ വിലയേറിയ മക്കളായ നമ്മെ ഓരോരുത്തരെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്. സങ്കീര്‍ത്തനം 121 പറയുന്നതുപോലെ, ''യഹോവ നിന്റെ പരിപാലകന്; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍'' (വാ. 5).
ആരാധനയ്ക്കായി യെരുശലേമിലേക്ക് അപകടകരമായ റോഡുകളിലൂടെ കയറിപ്പോകുമ്പോള്‍ യിസ്രായേല്യ തീര്‍ഥാടകര്‍ക്കുള്ള ഉറപ്പായിരുന്നു അത്. ''പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ÷ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും. അവന് നിന്റെ പ്രാണനെ പരിപാലിക്കും' (വാ. 6-7). അതുപോലെ, നാം ഓരോരുത്തരും നമ്മുടെ ജീവിത പാതയില്‍ കയറുമ്പോള്‍, ചിലപ്പോള്‍ ആത്മീയ ഭീഷണിയോ ഉപദ്രവമോ നേരിടേണ്ടിവരുമ്പോള്‍, ''യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.'' എന്തുകൊണ്ട്? അത് അവന്റെ സ്നേഹം കൊണ്ട്. എപ്പോള്‍? ''ഇന്നും എന്നേക്കും'' (വാ. 8).
നിര്‍മ്മലമായ ആരാധന
പരിപാടികള്‍ക്കും നാടക നിര്‍മ്മാണങ്ങള്‍ക്കും പേരുകേട്ട ഒരു പള്ളിയിലെ പാസ്റ്റര്‍ ആയിരുന്നു ജോസഫ്. അവര്‍ എല്ലാം നന്നായി ചെയ്തു, എന്നിട്ടും സഭയുടെ തിരക്ക് ഒരു ബിസിനസ്സിലേക്ക് വഴുതിവീഴുമെന്ന് അദ്ദേഹം ഭയപ്പെട്ടു. സഭ വളരുന്നത് ശരിയായ കാരണങ്ങളാലാണോ അതോ അതില്‍ നടക്കുന്ന പ്രവര്ത്തനങ്ങളാലാണോ? അതു കണ്ടെത്താന്‍ ജോസഫ് ആഗ്രഹിച്ചു. അതിനാല്‍ ഒരു വര്‍ഷത്തേക്കുള്ള എല്ലാ അധിക പരിപാടികളും അദ്ദേഹം റദ്ദാക്കി. ആളുകള്‍ ദൈവത്തെ ആരാധിക്കുന്ന ജീവനുള്ള ഒരു ആലയമായിരിക്കുന്നതില് അദ്ദേഹത്തിന്റെ സഭ ശ്രദ്ധ കേന്ദ്രീകരിക്കും.
ദൈവാലയത്തിന്റെ പ്രാകാരങ്ങളില്‍ പ്രവേശിക്കുമ്പോള്‍ യേശു എന്തു ചെയ്തുവെന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നത് വരെ ജോസഫ് ചെയ്തത് തീവ്രമായിപ്പോയി എന്നു നിങ്ങള്‍ക്കു തോന്നും. ലളിതമായ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകേണ്ട വിശുദ്ധ സ്ഥലം ആരാധനാ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. ''നിങ്ങളുടെ പ്രാവുകളെ ഇവിടെ കൊണ്ടുവരിക! ദൈവം ആവശ്യപ്പെടുന്നതുപോലെ വെളുത്തവയെ!'' യേശു വ്യാപാരികളുടെ മേശകള്‍ മറിച്ചിടുകയും അവരുടെ ചരക്കുകളുമായി വന്നവരെ തടയുകയും ചെയ്തു. അവര്‍ ചെയ്യുന്നതില്‍ പ്രകോപിതനായ അവന് യെശയ്യാവ് 56, യിരെമ്യാവ് 7 എന്നിവയില്‍ നിന്ന് ഉദ്ധരിച്ചു: ''എന്റെ ഭവനം സകലജാതികള്ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്ത്തിരിക്കുന്നു' (മര്‍ക്കൊസ് 11:17). ജാതികളുടെ പ്രാകാരം, പുറത്തുനിന്നുള്ളവര്‍ക്ക് ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം, പണം സമ്പാദിക്കാനുള്ള ലൗകിക ചന്തയായി മാറി.
ബിസിനസ്സ് ചെയ്യുന്നതിലോ തിരക്കുള്ളവരായിരിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാല്‍ അത് സഭയുടെ ലക്ഷ്യമല്ല. നമ്മള് ദൈവത്തിന്റെ ജീവനുള്ള ആലയമാണ്, യേശുവിനെ ആരാധിക്കുക എന്നതാണ് നമ്മുടെ പ്രധാന ദൗത്യം. യേശുവിനെപ്പോലെ നമുക്ക് ഒരു മേശയും മറിച്ചിടേണ്ട ആവശ്യമില്ല, പക്ഷേ അതുപോലെ കഠിനമായ എന്തെങ്കിലും ചെയ്യാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ടാകാം.