ഒറ്റിക്കൊടുക്കുക
2019 ല്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തിന്റെ അനുസ്മരണയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാ പ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, അവസാനത്തെ അത്താഴം ഉള്‍പ്പെടെ ഡാവിഞ്ചിയുടേതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അഞ്ച് പെയിന്റിംഗുകള്‍ മാത്രമേയുള്ളൂ.
സങ്കീര്‍ണ്ണമായ ഈ ചുവര്‍ചിത്രം, യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന രീതിയില്‍ ശിഷ്യന്മാരോടൊപ്പമുള്ള യേശുവിന്റെ അവസാന ഭക്ഷണത്തെ ചിത്രീകരിക്കുന്നു . ''നിങ്ങളില്‍ ഒരുത്തന് എന്നെ കാണിച്ചുകൊടുക്കും'' (യോഹന്നാന് 13:21) എന്ന യേശുവിന്റെ പ്രസ്താവനയെത്തുടര്ന്ന്് ശിഷ്യന്മാരുടെ ഇടയിലുണ്ടായ ആശയക്കുഴപ്പത്തെ ഈ ചിത്രം ചിത്രീകരിക്കുന്നു. അമ്പരന്നുപോയ ശിഷ്യന്മാര് വിശ്വാസവഞ്ചകന്‍ ആരാണെന്ന് ചര്‍ച്ചചെയ്യുന്നു - അതേസമയം യൂദാ തന്റെ ഗുരുവും സ്നേഹിതനുമായവന്‍ എവിടെയാണെന്ന് പ്രമാണികളെ അറിയിക്കാന്‍ ഇരുട്ടിലേക്ക് നിശബ്ദമായി ഇറങ്ങിപ്പോയി.
ഒറ്റിക്കൊടുത്തു. യേശുവിന്റെ വാക്കുകളില്‍ യൂദാസിന്റെ വഞ്ചനയുടെ വേദന പ്രകടമാണ്, ''എന്റെ അപ്പം തിന്നുന്നവന് എന്റെ നേരെ കുതികാല് ഉയര്‍ത്തിയിരിക്കുന്നു' (വാ. 18). ഭക്ഷണം പങ്കിടാന്‍ തക്കവിധം അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ആ ബന്ധം യേശുവിനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചു.
നമ്മില്‍ ഓരോരുത്തരും ഒരു സുഹൃത്തിന്റെ ഒറ്റിക്കൊടുക്കല്‍ അനുഭവിച്ചിരിക്കാം. അത്തരം വേദനകളോട് നമുക്ക് എങ്ങനെ പ്രതികരിക്കാനാവും? ഭക്ഷണം പങ്കിടുന്നതിനിടയില്‍ (യോഹന്നാന് 13:18) തന്നെ ഒറ്റിക്കൊടുക്കുന്നയാള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ യേശു ഉദ്ധരിച്ച സങ്കീര്‍ത്തനം 41:9, പ്രത്യാശ നല്കുന്നു. ദാവീദ് ഒരു അടുത്ത സുഹൃത്തിന്റെ കാപട്യത്തെച്ചൊല്ലിയുള്ള തന്റെ സങ്കടം വിവരിച്ച ശേഷം, തന്നെ താങ്ങുകയും എന്നേക്കും ദൈവസന്നിധിയില്‍ ഉയര്‍ത്തിനിര്‍ത്തുകയും ചെയ്യുന്ന ദൈവത്തിന്റെ സ്നേഹത്തിലും സാന്നിധ്യത്തിലും അഭയം കണ്ടെത്തുന്നു (സങ്കീര്‍ത്തനം 41:11-12).
സുഹൃത്തുക്കള്‍ നിരാശപ്പെടുത്തുമ്പോള്‍, ഏറ്റവും വിനാശകരമായ വേദന പോലും സഹിക്കാന്‍ സഹായിക്കുന്നതിന് ദൈവത്തിന്റെ നിലനില്‍ക്കുന്ന സ്നേഹവും അവന്റെ ശക്തീകരിക്കുന്ന സാന്നിധ്യവും നമ്മോടുകൂടെയുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.
ദീര്‍ഘശ്രമം നടത്തുക!
ലോകം അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. 1700-കളില്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വില്യം കാരി വളര്‍ന്നത്, അദ്ദേഹത്തിന് വിദ്യാഭ്യാസം തീരെയില്ലായിരുന്നു. താന്‍ തിരഞ്ഞെടുത്ത തൊഴിലില്‍ കാര്യമായ വിജയം നേടാനാവാതെ അദ്ദേഹം ദാരിദ്ര്യത്തില്‍ ജീവിച്ചു. എന്നാല്‍ സുവാര്‍ത്ത പങ്കുവെക്കാനുള്ള ഒരു അഭിനിവേശം ദൈവം അവനു നല്കി അവനെ ഒരു മിഷനറിയായി വിളിച്ചു. കാരി ഗ്രീക്ക്, ഹീബ്രു, ലാറ്റിന്‍ ഭാഷകള്‍ പഠിക്കുകയും ഒടുവില്‍ ആദ്യമായി പുതിയ നിയമം ബംഗാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇന്ന് അദ്ദേഹത്തെ ''ആധുനിക മിഷനറി പ്രസ്ഥാനങ്ങളുടെ പിതാവായി'' കണക്കാക്കുന്നു. എന്നാല്‍ തന്റെ അനന്തരവന് എഴുതിയ ഒരു കത്തില്‍ അദ്ദേഹം തന്റെ കഴിവുകളെക്കുറിച്ച് വളരെ എളിയ നിലയിലാണ് വിലയിരുത്തിയത്്: ''എനിക്ക് കഠിനമായി അധ്വാനിക്കാന്‍ കഴിയും. എനിക്ക് സ്ഥിരോത്സാഹം കാണിക്കാന്‍ കഴിയും.'
ദൈവം നമ്മെ ഒരു ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍, നമ്മുടെ പരിമിതികള്‍ കണക്കിലെടുക്കാതെ അത് നിറവേറ്റാനുള്ള ശക്തിയും അവന് നല്കുന്നു. ന്യായാധിപന്മാര് 6:12-ല്‍ കര്‍ത്താവിന്റെ ദൂതന് ഗിദെയോന് പ്രത്യക്ഷനായി, 'അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്' എന്നു പറഞ്ഞു. തങ്ങളുടെ പട്ടണങ്ങളും വിളകളും കൊള്ളയടിക്കുന്ന മിദ്യാന്യരില്‍ നിന്ന് യിസ്രായേലിനെ രക്ഷിക്കാന്‍ ദൂതന് അവനോടു പറഞ്ഞു. ''പരാക്രമശാലി'' എന്ന പദവി നേടാന്‍ തക്കവിധം ഒന്നും ചെയ്തിട്ടില്ലാത്ത ഗിദെയോന് താഴ്മയോടെ പ്രതികരിച്ചു, ''ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും?... ഞാന്‍ ചെറിയവനും അല്ലോ' (വാ. 15). എന്നിട്ടും, തന്റെ ജനത്തെ മോചിപ്പിക്കാന്‍ ദൈവം ഗിദെയോനെ ഉപയോഗിച്ചു.
ഗിദെയോന്റെ വിജയത്തിന്റെ താക്കോല്‍ 'യഹോവ നിന്നോടുകൂടെ ഉണ്ട്'' (വാ. 12) എന്ന വാക്കുകളിലുണ്ട്. നാം താഴ്മയോടെ നമ്മുടെ രക്ഷകനോടൊപ്പം നടക്കുകയും അവന്റെ ശക്തിയില്‍ ആശ്രയിക്കുകയും ചെയ്യുമ്പോള്‍, അവനിലൂടെ മാത്രം സാധ്യമായത് നിറവേറ്റാന്‍ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തും.
അവന്റെ മുറിപ്പാടുകള്‍
ഗൗരവുമായുള്ള എന്റെ സംഭാഷണത്തിനുശേഷം, ഷേക്ക് ഹാന്‍ഡിനു പകരം അവന് ഇഷ്ടപ്പെട്ട അഭിവാദ്യം ''മുഷ്ടി കൂട്ടിമുട്ടിക്കല്‍'' ആയിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഹാന്‍ഡ്ഷേക്ക് അവന്റെ കൈത്തണ്ടയിലെ പാടുകള്‍ വെളിപ്പെടുത്തുമായിരുന്നു. സ്വയം മുറിവേല്പിക്കാനുള്ള അവന്റെ ശ്രമത്തിന്റെ ഫലമായുണ്ടായതായിരുന്നു അത്. മറ്റുള്ളവര്‍ മൂലമുണ്ടായതോ സ്വയം വരുത്തിയതോ ആയ, ബാഹ്യമോ ആന്തരികമോ ആയ മുറിവുകള്‍ മറയ്ക്കുന്നത് അസാധാരണമല്ല.
ഗൗരവുമായുള്ള ആ കൂട്ടിമുട്ടലിനുശേഷം യേശുവിന്റെ മുറിവടയാളങ്ങളെക്കുറിച്ച് - അവന്റെ കൈയിലും കാലിലുമുള്ള ആണിപ്പാടുകളും വിലാപ്പുറത്ത് കുന്തം കുത്തിയിറക്കിയതിന്റെ പാടും - ഞാന്‍ ചിന്തിച്ചു. അവ മറച്ചു വയ്ക്കുന്നതിനു പകരം ക്രിസ്തു അവയിലേക്ക് ശ്രദ്ധ ക്ഷണിച്ചു.
യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്ന് തോമസ് ആദ്യം സംശയിച്ചതിനെത്തുടര്‍ന്ന് യേശു അവനോടു പറഞ്ഞു, ''നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കുക' (യോഹന്നാന് 20:27). തോമസ് ആ അടയാളങ്ങള്‍ നേരില്‍ കാണുകയും ക്രിസ്തുവിന്റെ അത്ഭുതകരമായ വാക്കുകള്‍ കേള്‍ക്കുയും ചെയ്തപ്പോള്‍, അത് യേശുവാണെന്ന് അവനു ബോധ്യമായി. ''എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!'' എന്ന് അവന് വിശ്വാസത്തോടെ പറഞ്ഞു (വാ. 28). തന്നെയോ അവന്റെ ശാരീരിക മുറിവുകളെയോ കാണാത്തവരും എന്നിട്ടും അവനില്‍ വിശ്വസിക്കുന്നവരുമായവര്‍ക്ക് യേശു ഒരു പ്രത്യേക അനുഗ്രഹം പ്രഖ്യാപിച്ചു: ''കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്'' (വാ. 29).
എക്കാലത്തെയും മികച്ച വാര്‍ത്ത അവന്റെ ആണിപ്പാടുകള്‍ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണ് എന്നതാണ് - മറ്റുള്ളവരുടെ നേരെയോ നമ്മോടുതന്നേയോ ഉള്ള പാപങ്ങള്‍. യേശുവിന്റെ മരണം അവനില്‍ വിശ്വസിക്കുകയും തോമസിനെപ്പോലെ ''എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!'' എന്ന് ഏറ്റുപറയുകയും ചെയ്യുന്ന എല്ലാവരുടെയും പാപമോചനത്തിനാണ്.
കടലില്‍ ഒരു മങ്ങിയ വെളിച്ചം
''പഴകിയ മദ്യവും നിരാശയും നിറഞ്ഞവനായി എന്റെ കട്ടിലില്‍ ഞാന്‍ കിടക്കുന്നു,'' ഗവണ്മെന്റിന്റെ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നതിനിടെ വളരെ മോശമായ ഒരു സായാഹ്നത്തെക്കുറിച്ച് ഒരു പ്രസിദ്ധന്‍ എഴുതി. ''പ്രപഞ്ചത്തില്‍, നിത്യതയില്‍, ഒറ്റയ്ക്ക്, ഒരു തരി വെളിച്ചമില്ലാതെ.''
അത്തരമൊരു അവസ്ഥയില്‍, ബുദ്ധിപരമെന്ന് തോന്നിയ ഒരേയൊരു കാര്യം അയാള്‍ ചെയ്തു; അവന് മുങ്ങിമരിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത ബീച്ചിലേക്ക് കാറോടിച്ച അയാള്‍ തളര്‍ന്നുപോകുന്നതുവരെ സമുദ്രത്തിലേക്ക് നീണ്ട നീന്തല്‍ ആരംഭിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ വിദൂരത്ത് ബീച്ചിലെ വിളക്കുകള്‍ മിന്നുന്നതു കണ്ടു. ആ സമയത്ത് അയാള്‍ വ്യക്തമായ ഒരു കാരണവുമില്ലാതെ, വീണ്ടും വെളിച്ചത്തിനുനേരെ തിരിച്ചു നീന്താന്‍ തുടങ്ങി. ക്ഷീണമുണ്ടായിട്ടും, 'അത്യധികം സന്തോഷം' അനുഭവപ്പെട്ടതായി അയാള്‍ ഓര്‍മ്മിക്കുന്നു.
അതെങ്ങനെയെന്ന് മഗറിഡ്ജിന് കൃത്യമായി അറിയില്ലായിരുന്നു, പക്ഷേ ആ ഇരുണ്ട നിമിഷത്തില്‍ ദൈവം തന്റെയടുത്തേക്കെത്തി അമാനുഷികമായ ഒരു പ്രത്യാശ അയാളിലേക്കു സന്നിവേശിപ്പിച്ചു. അത്തരം പ്രത്യാശയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും എഴുതിയിട്ടുണ്ട്. ക്രിസ്തുവിനെ അറിയുന്നതിനുമുമ്പ് നാം ഓരോരുത്തരും ''നമ്മുടെ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരും'' 'ലോകത്തില്‍ ദൈവമില്ലാത്തവരും'' ആയിരുന്നു എന്നും എഫെസ്യര്‍ക്ക് പൗലൊസ് എഴുതി (2:1, 12). എന്നാല്‍ ''കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം ... നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു'' (വാ. 4-5).
ഈ ലോകം നമ്മെ ആഴത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ നിരാശയ്ക്ക് വഴങ്ങാന്‍ ഒരു കാരണവുമില്ല. കടലില്‍ നീന്തുന്നതിനെക്കുറിച്ച് മഗറിഡ്ജ് പറഞ്ഞതുപോലെ, ''ഇരുട്ട് ഇല്ലെന്ന് എനിക്ക് വ്യക്തമായി, നിത്യമായി പ്രകാശിക്കുന്ന ഒരു പ്രകാശത്തിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത മാത്രമേയുള്ളു.''
ഒരു വിശാലമായ, സമ്പൂര്‍ണ്ണമായ കൃപ
ആമസോണിന്റെ ശബ്ദ-നിയന്ത്രിത ഉപകരണമായ അലക്സയ്ക്ക് രസകരമായ ഒരു സവിശേഷതയുണ്ട്: അതിന് നിങ്ങള്‍ പറയുന്നതെല്ലാം മായ്ക്കാനാകും. നിങ്ങള്‍ അലക്സയോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്തും, വീണ്ടെടുക്കാന്‍ നിങ്ങള്‍ അലക്സയോട് ആവശ്യപ്പെട്ട ഏത് വിവരവും ഒരു ലളിതമായ വാചകത്തിലൂടെ (''ഇന്ന് ഞാന്‍ പറഞ്ഞതെല്ലാം മായിക്കുക'') മായിച്ചുകളയുന്നു - അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ. നമ്മുടെ ജീവിതത്തിന് ഈ കഴിവ് ഇല്ലാത്തത് വളരെ മോശമാണ്. തെറ്റായി സംസാരിക്കുന്ന ഓരോ വാക്കും, നിന്ദ്യമായ ഓരോ പ്രവൃത്തിയും, മായ്ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നമ്മള് ആഗ്രഹിക്കുന്ന ഓരോ നിമിഷവും - നാം ഒരു കല്‍പ്പന കൊടുക്കുക മാത്രമേ വേണ്ടൂ, മുഴുവന്‍ കുഴപ്പങ്ങളും അപ്രത്യക്ഷമാകും.
എങ്കിലും ഒരു നല്ല വാര്‍ത്തയുണ്ട്. ദൈവം നമ്മില്‍ ഓരോരുത്തര്‍ക്കും സംശുദ്ധമായ തുടക്കം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ തെറ്റുകള്‍ അല്ലെങ്കില്‍ മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിനേക്കാള്‍ വളരെ ആഴത്തിലാണ് അവിടുന്ന് ചെയ്യുന്നത്. ദൈവം വീണ്ടെടുപ്പ് നല്കുന്നു, ആഴത്തിലുള്ള രോഗശാന്തി നമ്മെ രൂപാന്തരപ്പെടുത്തുകയും പുതിയവരാക്കുകയും ചെയ്യുന്നു. ''ഞാന്‍ നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു'' (യെശയ്യാവ് 44:22) . യിസ്രായേല്‍ മത്സരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തെങ്കിലും, ദൈവം അവരെ വളരെ കരുണയോടെ സമീപിച്ചു. 'ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (വാ. 22). അവരുടെ ലജ്ജയും പരാജയങ്ങളും എല്ലാം അവന് ശേഖരിക്കുകയും തന്റെ വിശാലമായ കൃപയാല്‍ അവരെ കഴുകുകയും ചെയ്തു.
നമ്മുടെ പാപവും ഭോഷത്തവും ദൈവം ഇതുപോലെ നീക്കിക്കളയും. അവന് പരിഹരിക്കാനാകാത്ത തെറ്റില്ല, അവനു സുഖപ്പെടുത്താനാകാത്ത മുറിവില്ല. ദൈവത്തിന്റെ കരുണ നമ്മുടെ ആത്മാവിലെ ഏറ്റവും വേദനാജനകമായ സ്ഥലങ്ങളെ സുഖപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു - ദീര്‍ഘകാലമായി നാം മറച്ചുവെച്ചിരിക്കുന്നവയെ പോലും. അവന്റെ കരുണ നമ്മുടെ കുറ്റബോധം ഇല്ലാതാക്കുന്നു, എല്ലാ ഖേദവും കഴുകിക്കളയുന്നു.