മുന്നൂറു കുട്ടികള്‍ വസ്ത്രം മാറി പ്രഭാതഭക്ഷണത്തിനായി ഇരുന്നു, ഭക്ഷണത്തിനായി നന്ദിപറഞ്ഞു പ്രാര്‍ത്ഥിച്ചു. പക്ഷേ ഭക്ഷണമില്ലായിരുന്നു! അനാഥാലയ ഡയറക്ടറും മിഷനറിയുമായ ജോര്‍ജ്ജ് മുള്ളറിന് (1805-1898) ഇതുപോലെയുള്ള സാഹചര്യങ്ങള്‍ അസാധാരണമായിരുന്നില്ല. ദൈവം എങ്ങനെ നല്‍കുമെന്നറിയാനുള്ള ഒരു അവസരമാണ് ഇവിടെ ലഭിച്ചത്. മുള്ളറുടെ പ്രാര്‍ത്ഥന കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍, തലേദിവസം രാത്രി ഉറങ്ങാന്‍ കഴിയാത്ത ഒരു ബേക്കറി ഉടമ വാതില്‍ക്കല്‍ തല കാണിച്ചു. അനാഥാലയത്തിന് റൊട്ടി ആവശ്യമായിരിക്കുമെന്ന് മനസ്സിലാക്കിയ അദ്ദേഹം മൂന്ന് ബാച്ചു റൊട്ടികള്‍ ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ, പട്ടണത്തിലെ പാല്‍ക്കാരന്‍ പ്രത്യക്ഷപ്പെട്ടു. അനാഥാലയത്തിന് മുന്നില്‍വെച്ച് അയാളുടെ പാല്‍ വണ്ടി തകര്‍ന്നിരുന്നു. പാല്‍ നശിച്ചുപോകുമെന്നു ഭയന്ന ആ മനുഷ്യന്‍ അത് മുള്ളര്‍ക്ക് വാഗ്ദാനം ചെയ്തു.

നമ്മുടെ ക്ഷേമത്തിന് ആവശ്യമായ വിഭവങ്ങള്‍ – ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, സാമ്പത്തികം, സൗഹൃദങ്ങള്‍ – ഇല്ലാത്തപ്പോള്‍ ആകുലത, ഉത്കണ്ഠ, ആത്മനിന്ദ എന്നിവ അനുഭവിക്കുന്നത് സാധാരണമാണ്. ദരിദ്രയായ വിധവയെപ്പോലെ അപ്രതീക്ഷിത ഉറവിടങ്ങളിലൂടെ ദൈവത്തിന്റെ സഹായം ലഭിക്കുമെന്ന് 1 രാജാക്കന്മാര്‍ 17:8-16 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ”ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല” (വാ. 12). നേരത്തെ ഇത് ഏലിയാവിനായി നല്‍കിയിരുന്നത് കാക്കയായിരുന്നു (വാ. 4-6). നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആശങ്കകള്‍ പല ദിശകളിലേക്കും തിരയാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്ത ദാതാവ് എന്ന നിലയില്‍ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നമ്മെ സ്വതന്ത്രരാക്കും. സ്വയം പരിഹാരങ്ങള്‍ തേടുന്നതിനുമുമ്പ്, ആദ്യം അവനെ അന്വേഷിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. അങ്ങനെ ചെയ്യുന്നത് നമുക്ക് സമയവും ഊര്‍ജ്ജവും ലാഭിക്കാനും നിരാശപ്പെടുന്നത് ഒഴിവാക്കാനും സഹായിക്കും.