1962 ലെ മെക്‌സിക്കോ സന്ദര്‍ശന വേളയില്‍ ബില്‍ ആഷെ, ഒരു അനാഥാലയത്തിലെ കാറ്റാടിമില്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് പമ്പുകള്‍ നന്നാക്കാന്‍ സഹായിച്ചു. പതിനഞ്ചു വര്‍ഷത്തിനുശേഷം, ആവശ്യമുള്ള ഗ്രാമങ്ങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ സഹായിച്ചുകൊണ്ട് ദൈവത്തെ സേവിക്കുന്നതിനായി ബില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചു. അദ്ദേഹം പറഞ്ഞു, ”ദരിദ്ര ഗ്രാമീണര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കാനുള്ള ആഗ്രഹത്തോടെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ‘സമയം പരമാവധി പ്രയോജനപ്പെടുത്താന്‍’ ദൈവം എന്നെ ഉണര്‍ത്തി.’ പിന്നീട് നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പാസ്റ്റര്‍മാരുടെയും സുവിശേഷകന്മാരുടെയും അഭ്യര്‍ത്ഥനകളിലൂടെ സുരക്ഷിതമായ വെള്ളത്തിന്റെ ആഗോള ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കിയ ബില്‍, തന്റെ ശുശ്രൂഷാ പദ്ധതികളില്‍ പങ്കാളികളാകാന്‍ മറ്റുള്ളവരെയും ക്ഷണിച്ചു.

വിവിധ നിലകളില്‍ ജനങ്ങളെ സേവിക്കാന്‍ ദൈവത്തോടും മറ്റുള്ളവരോടും ഒന്നിച്ച് അണിനിരക്കാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. കൊരിന്ത് നിവാസികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉപദേഷ്ടാക്കളെ ചൊല്ലി കലഹിച്ചപ്പോള്‍, അപ്പൊസ്തലനായ പൗലൊസ് തന്റെ പങ്കിനെക്കുറിച്ചു പറഞ്ഞത്, താന്‍ ആത്മീയ വളര്‍ച്ചയ്ക്കായി ദൈവത്തെ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്ന യേശുവിന്റെ ഒരു ദാസനും അപ്പല്ലോസിന്റെ കൂട്ടാളിയും ആണെന്നാണ് (1 കൊരിന്ത്യര്‍ 3:1-7). എല്ലാ പ്രവൃത്തികള്‍ക്കും ദൈവദത്തമായ ഒരു മൂല്യമുണ്ടെന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 8). ദൈവത്തെ സേവിക്കുമ്പോള്‍ മറ്റുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന പദവിയെ വിലയേറിയതായി കണക്കാക്കിയ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്, ദൈവം നമ്മെ തന്റെ സ്‌നേഹത്തില്‍ രൂപാന്തരപ്പെടുത്തുമ്പോള്‍ നാം അന്യോന്യം പണിയുന്നവരായിരിക്കണം എന്നാണ് (വാ. 9).

തന്റെ മഹത്തായ പ്രവൃത്തികള്‍ നിറവേറ്റാന്‍ നമ്മുടെ ശക്തനായ പിതാവിന് നമ്മുടെ സഹായം ആവശ്യമില്ലെങ്കിലും, അവിടുന്ന് നമ്മെ സജ്ജരാക്കുകയും അവനുമായി പങ്കാളിയാകാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.