പിതാവിന്റെ വഴികളില്‍
കിണറുള്ള ഒരു വീട് ഒരു പാവപ്പെട്ട കര്ഷകന് വിറ്റ അത്യാഗ്രഹിയും സമ്പന്നനുമായ ഒരു ഭൂവുടമയെക്കുറിച്ച് ഒരു പുരാതന കഥ ഇപ്രകാരമുണ്ട്. അടുത്ത ദിവസം കൃഷിക്കാരന് തന്റെ പാടങ്ങള്‍ നനയ്ക്കുന്നതിനായി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, കിണര്‍ മാത്രമാണ് വിറ്റതെന്നും അതിലെ വെള്ളം വിറ്റിട്ടില്ലെന്നും പറഞ്ഞ് ഭൂവുടമ എതിര്‍ത്തു. പരിഭ്രാന്തനായ കര്ഷകന് അക്ബര്‍ രാജാവിന്റെ സന്നിധിയില്‍ നീതി തേടി എത്തി. ഈ വിചിത്രമായ കേസ് കേട്ട രാജാവ് തന്റെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിന്റെ ഉപദേശം തേടി. ഭൂവുടമയോട് ബീര്‍ബല്‍ പറഞ്ഞു, ''ശരിയാണ്, കിണറിലെ വെള്ളം കര്‍ഷകന്റേതല്ല, കിണര്‍ നിങ്ങളുടേതുമല്ല. അതിനാല്‍, കര്‍ഷകന്റെ കിണറ്റില്‍ വെള്ളം സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ഥലത്തിന് വാടക കൊടുക്കുകയാണ് വേണ്ടത്.' ഉടന്‍ തന്നെ ഭൂവുടമയ്ക്ക് താന്‍ കുടുക്കിലായെന്നു മനസ്സിലായി, വീടിനെയും കിണറിനെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ അയാള്‍ ഉപേക്ഷിച്ചു.
ശമൂവേലും തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അവന്റെ പുത്രന്മാര് ''അവന്റെ വഴിയില്‍ നടന്നില്ല'' (1 ശമൂവേല്‍ 8:3). ശമൂവേലിന്റെ സത്യസന്ധതയ്ക്കു വിപരീതമായി, അവന്റെ മക്കള്‍ ''കൈക്കൂലി വാങ്ങി ന്യായം മറിച്ചു,'' അവരുടെ പദവി അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഈ അന്യായമായ പെരുമാറ്റം യിസ്രായേല്‍ മൂപ്പന്മാരുടെയും ദൈവത്തിന്റെയും അപ്രീതിക്കു കാരണമായി. തല്‍ഫലമായി പഴയനിയമത്തിലെ പേജുകള്‍ നിറയുന്ന ഒരു കൂട്ടം രാജാക്കന്മാരുടെ കടന്നുവരവിനു വഴിതെളിച്ചു (വാ. 4-5).
ദൈവത്തിന്റെ വഴികളില്‍ നടക്കാന്‍ വിസമ്മതിക്കുന്നത് ആ മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകുന്നു, അതിന്റെ ഫലമായി അനീതി വര്‍ദ്ധിക്കുന്നു. അവിടുത്തെ വഴികളില്‍ നടക്കുക എന്നാല്‍ സത്യസന്ധതയും നീതിയും നമ്മുടെ വാക്കുകളില്‍ മാത്രമല്ല നമ്മുടെ പ്രവൃത്തികളിലും വ്യക്തമായി കാണിക്കുക എന്നാണ്. ആ സല്‍പ്രവൃത്തികള്‍ ഒരിക്കലും തങ്ങളില്‍ത്തന്നെ അവസാനിക്കുന്നില്ല, മറിച്ച് എല്ലായ്പ്പോഴും മറ്റുള്ളവര്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യണം.
സ്നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനും
കൗമാരപ്രായത്തില്‍ മോഹന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു. എന്നാല്‍ ആ ആത്മവിശ്വാസം ഒരു മുഖംമൂടിയായിരുന്നു. സത്യത്തില്‍, പ്രക്ഷുബ്ധമായ തന്റെ ഭവനം അവനെ ഭയമുള്ളവനുും അംഗീകാരത്തിനായി ആഗ്രഹിക്കുന്നവനും കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്നു തെറ്റായി ധരിക്കുന്നവനും ആക്കിത്തീര്‍ത്തു. ''ഞാന്‍ ഓര്‍ക്കുന്നിടത്തോളം, എല്ലാ ദിവസവും രാവിലെ ഞാന്‍ ബാത്ത്റൂമില്‍ പോയി കണ്ണാടിയില്‍ നോക്കിക്കൊണ്ട് സ്വയം ഉറക്കെ പറയും, നീ ഒരു വിഡ്ഢിയാണ്, നീ വൃത്തികെട്ടവനാണ്, അത് നിന്റെ തെറ്റാണ്.'
ഇരുപത്തിയൊന്നു വയസ്സുള്ളപ്പോള്‍, യേശുവിലുള്ള തന്റെ സ്വത്വത്തെക്കുറിച്ചുള്ള ദൈവിക വെളിപ്പെടുത്തല്‍ അവനുണ്ടാകുന്നതുവരെ മോഹന്റെ ഈ സ്വയ-നിന്ദ തുടര്‍ന്നു. ''ദൈവം എന്നെ നിരുപാധികമായി സ്നേഹിക്കുന്നുവെന്നും അതിന് ഒന്നിനാലും മാറ്റം വരില്ലെന്നും ഞാന്‍ മനസ്സിലാക്കി,'' അവന് പറഞ്ഞു ''എനിക്ക് ഒരിക്കലും ദൈവത്തെ ലജ്ജിപ്പിക്കാനാവില്ല, അവന് ഒരിക്കലും എന്നെ തള്ളിക്കളയുകയുമില്ല.'' കാലക്രമേണ, മോഹന്‍ കണ്ണാടി നോക്കി സ്വയം വ്യത്യസ്തമായി സംസാരിച്ചു. ''നീ സ്നേഹിക്കപ്പെടുന്നു, നീ സവിശേഷതയുള്ളവനാണ്, നിനക്ക് ദൈവിക വരമുണ്ട്,' അവന് പറഞ്ഞു, 'അത് നിന്റെ തെറ്റല്ല.''
യേശുവിലുള്ള വിശ്വാസിക്കുവേണ്ടി ദൈവാത്മാവ് ചെയ്യുന്നതെന്താണെന്ന് മോഹന്റെ അനുഭവം വ്യക്തമാക്കുന്നു - നാം എത്രമാത്രം അഗാധമായി സ്നേഹിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവന് നമ്മെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്നു (റോമര്‍ 8:15, 38-39), ഒപ്പം ദൈവമക്കള്‍ക്കു ലഭ്യമാകുന്ന നേട്ടങ്ങളും പദവിയും ഉള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു (8:16-17; 12:6-8). തല്‍ഫലമായി, നമ്മുടെ ചിന്ത പുതുക്കിയെടുത്തുകൊണ്ട് നമുക്ക് സ്വയം ശരിയായി കാണാന്‍ ആരംഭിക്കാം (12:2-3).
വര്‍ഷങ്ങള്‍ക്കുശേഷം, മോഹന്‍ ഇപ്പോഴും ആ വാക്കുകള്‍ ദിവസേന ഉരുവിട്ടുകൊണ്ട് താന്‍ ആരാണെന്ന് ദൈവം പറഞ്ഞതിനെ ഉറപ്പിക്കുന്നു. പിതാവിന്റെ ദൃഷ്ടിയില് അവന് സ്നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനുമാണ്. നാമും അങ്ങനെതന്നെ.
പ്രവര്‍ത്തനക്ഷമമായ ദൈവത്തിന്റെ കരുണ
ഒരു സ്ത്രീ എന്നോട് മോശമായി പെരുമാറുകയും എന്നെ കുറ്റപ്പെടുത്തുകയും എന്നെക്കുറിച്ച് ദുഷ്പ്രചരണം നടത്തുകയും ചെയ്തപ്പോള്‍ എന്റെ കോപം വര്‍ദ്ധിച്ചു. അവള് എന്താണ് ചെയ്തതെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു - അതായത് അവളുടെ പെരുമാറ്റം കാരണം ഞാന്‍ അനുഭവിച്ചതുപോലെ അവളും അനുഭവിക്കണമെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ചെന്നി കുത്തിത്തുളയ്ക്കുന്നതു പോലെയുള്ള തലവേദന എനിക്കുണ്ടാകുന്നതുവരെ നീരസം എന്നില്‍ പുകഞ്ഞു. എന്നാല്‍ എന്റെ വേദന മാറുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവ് എനിക്ക് കുറ്റബോധം നല്കി. ആശ്വാസത്തിനായി ദൈവത്തോട് യാചിക്കുമ്പോള്‍ എനിക്ക് എങ്ങനെ പ്രതികാരത്തിനു പദ്ധതിയിടാന്‍ കഴിയും? അവന് എന്നെ പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കില്‍, ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഞാന്‍ അവനെ വിശ്വസിക്കാത്തത് എന്തുകൊണ്ട്? എന്നെ വേദനിപ്പിക്കുന്ന ആളുകള്‍ പലപ്പോഴും മറ്റുള്ളവരെയും വേദനിപ്പിക്കുന്നവരാണ് എന്നറിഞ്ഞുകൊണ്ട് ആ സ്ത്രീയോട് ക്ഷമിക്കുന്നതിനും നിരപ്പിനായി ശ്രമിക്കുന്നതിനും എന്നെ സഹായിക്കാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു.
അന്യായമായ പെരുമാറ്റം സഹിക്കുമ്പോള്‍ ദൈവത്തിലാശ്രയിക്കുന്നതിനുള്ള ബുദ്ധിമുട്ട് സങ്കീര്‍ത്തനക്കാരനായ ദാവീദ് മനസ്സിലാക്കിയിരുന്നു. സ്നേഹമുള്ള ഒരു ദാസനായി വര്‍ത്തിക്കുവാന്‍ ദാവീദ് പരമാവധി ശ്രമിച്ചെങ്കിലും ശൗല്‍ രാജാവ് അസൂയാലുവായി അവനെ കൊല്ലുവാന്‍ ആഗ്രഹിച്ചു (1 ശമൂവേല്‍ 24:1-2). ദൈവം അവനുവേണ്ടി പ്രവര്‍ത്തിക്കുകയും അവനെ സിംഹാസനത്തിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും ദാവീദ് കഷ്ടപ്പെട്ടു, എങ്കിലും പ്രതികാരം അന്വേഷിക്കുന്നതിനുപകരം ദൈവത്തെ മാനിക്കാന്‍ അവന് തീരുമാനിച്ചു (വാ. 3-7). ശൗലുമായി അനുരഞ്ജനപ്പെടുന്നതിനായി താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവന് ചെയ്യുകയും അതിന്റെ ഫലം ദൈവത്തിനു വിട്ടുകൊടുക്കുകയും ചെയ്തു (വാ. 8-22).
മറ്റുള്ളവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടും രക്ഷപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, ആ അനീതിയോട് പൊരുത്തപ്പെടാന്‍ നാം പൊരുതുന്നു. എന്നാല്‍ നമ്മുടെ ഹൃദയത്തിലും മറ്റുള്ളവരുടെ ഹൃദയത്തിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യത്താല്‍, അവന് നമ്മോടു ക്ഷമിച്ചതുപോലെ നമുക്ക് ക്ഷമിക്കാനും അവന് നമുക്കായി ഒരുക്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും കഴിയും.
പോരാട്ടം അവസാനിച്ചു. യഥാര്‍ത്ഥമായും.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഇരുപത്തിയൊമ്പത് വര്‍ഷം, തന്റെ രാജ്യം കീഴടങ്ങിയെന്ന് വിശ്വസിക്കാന്‍ വിസമ്മതിച്ച ഒരു ജാപ്പനീസ് പടയാളി ഹിറൂ ഒനോഡ കാട്ടില്‍ ഒളിച്ചു താമസിച്ചു. ഫിലിപ്പീന്‍സിനു കീഴിലുള്ള ഒരു വിദൂര ദ്വീപില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തെ നിരീക്ഷിക്കുന്നതിനായി ജാപ്പനീസ് സൈനിക നേതാക്കള്‍ അയാളെ അയച്ചതായിരുന്നു. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്തതിനുശേഷവും അയാള്‍ ആ വിജനഭൂമിയില്‍ തുടര്‍ന്നു. 1974-ല്‍, അയാളുടെ കമാന്‍ഡിംഗ് ഓഫീസര്‍ ആ ദ്വീപിലെത്തി അയാളെ കണ്ടെത്തി വസ്തുത ബോധ്യപ്പെടുത്തിയ ശേഷമാണ് അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയത്.
മൂന്നു ദശാബ്ദത്തോളം ഈ മനുഷ്യന് പരിമിതമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്, കാരണം കീഴടങ്ങാന്‍ അയാള്‍ വിസമ്മതിച്ചു - അഥവാ സംഘര്‍ഷം അവസാനിച്ചതായി വിശ്വസിക്കാന്‍ വിസമ്മതിച്ചു. നമുക്കും സമാനമായ തെറ്റ് ചെയ്യാന്‍ കഴിയും. ''യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു'' എന്ന അതിശയകരമായ സത്യം പൗലൊസ് പ്രഖ്യാപിക്കുന്നു (റോമര്‍ 6:3). ക്രൂശില്‍, ശക്തവും മാര്‍മ്മികവുമായ രീതിയില്‍, യേശു സാത്താന്റെ ഭോഷ്കുകളെയും മരണത്തിന്റെ ഭീകരതയെയും പാപത്തിന്റെ ദൃഢമായ പിടിത്തത്തെയും വധിച്ചു. നാം 'പാപസംബന്ധമായി മരിച്ചു' 'ദൈവത്തിനു ജീവിക്കുന്നവര്‍' (വാ. 11) ആണെങ്കിലും, തിന്മയ്ക്കാണ് ഇപ്പോഴും ശക്തി എന്ന മട്ടിലാണ് നാം പലപ്പോഴും ജീവിക്കുന്നത്. നാം പ്രലോഭനത്തിന് വഴങ്ങുന്നു, പാപത്തിന്റെ വഞ്ചനയ്ക്കു കീഴടങ്ങുന്നു. യേശുവിനെ വിശ്വസിക്കാന്‍ തയ്യാറാകാതെ ഭോഷ്കില് ശ്രദ്ധിക്കുന്നു. പക്ഷേ, നാം കീഴടങ്ങേണ്ടതില്ല. തെറ്റായ ആഖ്യാനത്തില്‍ നാം ജീവിക്കേണ്ടതില്ല. ദൈവകൃപയാല്‍ നമുക്ക് ക്രിസ്തുവിന്റെ വിജയത്തിന്റെ യഥാര്‍ത്ഥ കഥയെ ആശ്ലേഷിക്കാന്‍ കഴിയും.
നാം ഇപ്പോഴും പാപവുമായി മല്ലടിക്കുമ്പോള്‍, യേശു യുദ്ധം ജയിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവിലൂടെയാണ് വിമോചനം ലഭിക്കുന്നത്. അവിടുത്തെ ശക്തിയില്‍ നമുക്ക് ആ സത്യത്തെ ജീവിച്ചു കാണിക്കാം.
ദയാപൂര്‍വ്വമായ തിരുത്തല്‍
വേനല്‍ക്കാലത്തിന്റെ ആദ്യകാല കാലാവസ്ഥ നവോന്മേഷപ്രദമായിരുന്നു, ഒപ്പം എന്റെ സഹയാത്രികയായ എന്റെ ഭാര്യയും മികച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ തെറ്റായ ദിശയിലേക്കാണു നീങ്ങുന്നതെന്ന് ചുവപ്പും വെള്ളയും നിറത്തിലുള്ള ഒരു ബോര്‍ഡ് മുന്നറിയിപ്പു നല്കിയിരുന്നില്ലെങ്കില് ഒന്നിച്ചുള്ള ആ നിമിഷങ്ങളുടെ മനോഹാരിത അതിവേഗം ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. ഞാന്‍ വേണ്ടത്ര തിരിയാതിരുന്നതിനാല്‍, ''പ്രവേശിക്കരുത്'' എന്ന അടയാളമാണ് പെട്ടെന്നു എന്റെ മുമ്പില്‍ ഞാന്‍ കണ്ടത്. ഞാന്‍ പെട്ടെന്നു വാഹനം തിരിച്ചു, ക്രമീകരിച്ചു, പക്ഷേ ഞാന്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്ന അടയാളം ഞാന്‍ അവഗണിച്ചിരുന്നെങ്കില്‍ എന്റെ ഭാര്യയ്ക്കും എനിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ വരുത്തിവച്ചേക്കാമായിരുന്ന ദോഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ വിറച്ചുപോയി.
യാക്കോബിന്റെ അവസാന വാക്കുകള്‍ തിരുത്തലിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. തെറ്റായ പാതകളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തീരുമാനങ്ങളില്‍ നിന്നോ ഉപദ്രവകരമായേക്കാവുന്ന മോഹങ്ങളില്‍ നിന്നോ നമ്മെ സ്നേഹിക്കുന്നവരാല്‍ ''തിരികെ കൊണ്ടുവരാന്‍'' ആവശ്യമില്ലാത്ത ആരാണ് നമ്മുടെയിടയില്‍ ഇല്ലാത്തത്? ചിലര്‍ തക്കസമയത്ത് ധൈര്യത്തോടെ ഇടപെട്ടിരുന്നില്ലെങ്കില്‍ നമുക്കോ മറ്റുള്ളവര്‍ക്കോ എന്ത് ദോഷമാണ് സംഭവിക്കുമായിരുന്നതെന്ന് ആര്‍ക്കറിയാം.
ഈ വാക്യങ്ങളിലൂടെ ദയാപൂര്‍വ്വമായ തിരുത്തലിന്റെ മൂല്യം യാക്കോബ് ഊന്നിപ്പറയുന്നു, ''പാപിയെ നേര്‍വ്വഴിക്ക് ആക്കുന്നവന് അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കുകയും പാപങ്ങളുടെ ബഹുത്വം മറയ്ക്കുകയും ചെയ്യും'' (5:20). ദൈവത്തിന്റെ കരുണയുടെ പ്രകടനമാണ് തിരുത്തല്‍. മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള നമ്മുടെ സ്നേഹവും കരുതലും ദൈവത്തിന് ''ആ വ്യക്തിയെ തിരികെ കൊണ്ടുവരാന്‍'' ഉപയോഗിക്കാവുന്ന വിധത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ പ്രേരിപ്പിക്കട്ടെ (വാ. 19).