അവന്റെ സംഗീതം സൃഷ്ടിക്കുക
ക്വയര്‍ ഡയറക്ടര്‍ അരിയാനെ അബെല തന്റെ കൈകള്‍ മറയ്ക്കുന്നതിനായി കുട്ടിക്കാലത്ത് അവയുടെമേല്‍ ഇരിക്കുമായിരുന്നു. ജന്മനാ രണ്ട് കൈകളിലും വിരലുകള്‍ ഇല്ലാതെയോ അല്ലെങ്കില്‍ വിരലുകള്‍ കൂടിച്ചേര്‍ന്നതോ ആയ അവസ്ഥയുള്ള അവള്‍ക്ക്, ഇടതു കാല്‍ ഇല്ലായിരുന്നു എന്നു മാത്രമല്ല വലതു കാലില്‍ കാല്‍വിരലുകളും ഇല്ലായിരുന്നു. ഒരു സംഗീത പ്രേമിയും ഗാനരചയിതാവുമായ അവള്‍ സ്മിത്ത് കോളേജില്‍ ഗവണ്‍മെന്റില്‍ മേജര്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം അവളുടെ സംഗീതാധ്യാപിക അവളോട് ക്വയര്‍ നടത്താന്‍ ആവശ്യപ്പെട്ടു, അത് അവളുടെ കൈകള്‍ തികച്ചും അനാവൃതമാക്കി. ആ നിമിഷം മുതല്‍, അവള്‍ തന്റെ കരിയര്‍ കണ്ടെത്തി. പള്ളിയിലെ ഗായകസംഘങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ഇപ്പോള്‍ മറ്റൊരു സര്‍വകലാശാലയില്‍ ഗായകസംഘത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ''എന്റെ അധ്യാപകര്‍ എന്നില്‍ എന്തോ കണ്ടു,'' അബെല വിശദീകരിക്കുന്നു.
അവളുടെ പ്രചോദനാത്മകമായ കഥ നമ്മുടെ പരിശുദ്ധ ഗുരുവായ ദൈവം നമ്മുടെ ''പരിമിതികള്‍'' കണക്കിലെടുക്കാതെ നമ്മില്‍ എന്താണ് കാണുന്നത്? എന്നു ചോദിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. മറ്റെന്തിനെക്കാളുമുപരിയായി, അവന്‍ തന്നെത്തന്നെ കാണുന്നു. ''ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' (ഉല്പത്തി 1:27).
അവിടുത്തെ മഹത്വമുള്ള ''സ്വരൂപ വാഹകര്‍'' എന്ന നിലയില്‍ മറ്റുള്ളവര്‍ നമ്മെ കാണുമ്പോള്‍ നാം അവനെ പ്രതിഫലിപ്പിക്കണം. അബെലയെ സംബന്ധിച്ച്, അത് തന്റെ കൈകള്‍ -അല്ലെങ്കില്‍ അവളുടെ വിരലുകള്‍ ഇല്ലാത്ത അവസ്ഥ - അല്ല മറിച്ച് യേശു ആണ്. എല്ലാ വിശ്വാസികളെ സംബന്ധിച്ചും ഇത് ശരിയാണ്. ''എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും, ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു'' എന്ന് 2 കൊരിന്ത്യര്‍ 3:18 പറയുന്നു.
അബെലയ്ക്കു സമാനമായി, ക്രിസ്തുവിന്റെ രൂപാന്തരീകരണ ശക്തിയാല്‍ (വാ. 18), ദൈവിക മഹത്വത്തിനായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ജീവിത സംഗീതം പുറപ്പെടുവിച്ചുകൊണ്ട് നമുക്കു നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ കഴിയും.
നമ്മുടെ ഹൃദയത്തില്‍ മുദ്രണം ചെയ്യുക
1450-ല്‍ ജോഹാനസ് ഗുട്ടന്‍ബര്‍ഗ് എടുത്തുമാറ്റാവുന്ന അച്ചുകളുപയോഗിച്ചുള്ള അച്ചടി കണ്ടുപിടിച്ചപ്പോള്‍, പഠനത്തെ പുതിയ സാമൂഹിക മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് പാശ്ചാത്യലോകത്ത് സമൂഹ ആശയവിനിമയത്തിന്റെ മേഖലയിലേക്ക് അദ്ദേഹം പ്രവേശിക്കുകയാണു ചെയ്തത്. പഠനത്തിലൂടെ ലോകമെമ്പാടും സാക്ഷരത വര്‍ദ്ധിക്കുകയും പുതിയ ആശയങ്ങള്‍ സാമൂഹിക, മതപര മേഖലകളില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഗുട്ടന്‍ബര്‍ഗ് ആദ്യമായി ബൈബിളിന്റെ അച്ചടിച്ച പതിപ്പ് നിര്‍മ്മിച്ചു. ഇതിനുമുമ്പ്, ബൈബിളുകള്‍ കഠിനാധ്വാനത്തിലൂടെ കൈകൊണ്ട് പകര്‍ത്തി എഴുതുകയായിരുന്നു. പകര്‍പ്പെഴുത്തുകാര്‍ ഇതിന് ഒരു വര്‍ഷം വരെ എടുത്തിരുന്നു.
അതിനുശേഷം നൂറ്റാണ്ടുകളായി, അച്ചടിശാല നിങ്ങളെയും എന്നെയും പോലുള്ളവര്‍ക്ക് തിരുവെഴുത്തുകളിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അവസരം നല്‍കി. നമുക്ക് ഇലക്ട്രോണിക് പതിപ്പുകളും ലഭ്യമാണെങ്കിലും, അദ്ദേഹത്തിന്റെ കണ്ടുപിടുത്തം കാരണം നമ്മളില്‍ പലരും ഇപ്പോഴും ബൈബിളിന്റെ ഒരു കോപ്പി കൈയ്യില്‍ പിടിക്കുന്നു. ഒരു ബൈബിള്‍ പകര്‍ത്താനുള്ള ചെലവും സമയവും കണക്കിലെടുക്കുമ്പോള്‍ നമുക്കൊരിക്കലും പ്രാപ്യമല്ലാതിരുന്നത് ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണ്.
ദൈവത്തിന്റെ സത്യത്തിലേക്ക് പ്രവേശിക്കുക എന്നത് ഒരു അത്ഭുതകരമായ പദവിയാണ്. സദൃശവാക്യങ്ങളുടെ രചയിതാവു നമ്മെ ഓര്‍മ്മപ്പിക്കുന്നത് തിരുവെഴുത്തിലൂടെ അവന്‍ നമുക്കു നല്‍കിയിരിക്കുന്നു അവന്റെ കല്‍പ്പനകളെയും ഉപദേശങ്ങളെയും ''നമ്മുടെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ'' (സദൃശവാക്യങ്ങള്‍ 7:2) കാത്തുകൊള്ളണമെന്നും അവന്റെ ജ്ഞാനവാക്കുകളെ 'ഹൃദയത്തിന്റെ പലകയില്‍' എഴുതണം (വാ. 3) എന്നുമാണ്. നാം ബൈബിള്‍ മനസ്സിലാക്കാനും അതിന്റെ ജ്ഞാനമനുസരിച്ച് ജീവിക്കാനും ശ്രമിക്കുമ്പോള്‍, എഴുത്തുകാരെപ്പോലെ, നാം ദൈവത്തിന്റെ സത്യത്തെ നമ്മുടെ ''വിരലുകളില്‍'' നിന്ന് നമ്മുടെ ഹൃദയങ്ങളിലേക്ക് പതിപ്പിക്കുകയാണു ചെയ്യുന്നത്.
നമ്മുടെ പ്രാര്‍ത്ഥനകളാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുക
''ആളുകള്‍ ഇപ്പോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ?''
ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ തന്റെ ഭാര്യ എത്തുമ്പോഴെല്ലാം ആ മിഷനറി അവളോടു ചോദിച്ച ആദ്യത്തെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ രണ്ടു വര്‍ഷമായി ജയിലില്‍ അടച്ചിരുന്നു. ജയിലിലെ അവസ്ഥയും ശത്രുതയും കാരണം അദ്ദേഹത്തിന്റെ ജീവിതം കൂടെക്കൂടെ അപകടത്തിലായിരുന്നു, ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അദ്ദേഹത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ പ്രാര്‍ത്ഥന നിര്‍ത്തുകയില്ലെന്ന് ഉറപ്പു ലഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു, കാരണം ദൈവം അവരുടെ പ്രാര്‍ത്ഥനകളെ ശക്തമായി ഉപയോഗിക്കുന്നുവെന്ന് മിഷനറി വിശ്വസിച്ചു.
മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ - പ്രത്യേകിച്ച് വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളവ - ഒരു സജീവമായ ദാനമാണ്. തന്റെ മിഷനറി യാത്രയില്‍ താന്‍ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് കൊരിന്തിലെ വിശ്വാസികള്‍ക്കെഴുതിയപ്പോള്‍ പൗലൊസ് ഇക്കാര്യം വ്യക്തമാക്കി. അവന്‍ ''അത്യന്തം ഭാരപ്പെട്ടു.'' അവന്‍ ''ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നി'' (2 കൊരിന്ത്യര്‍ 1:8). എന്നാല്‍ ദൈവം അവനെ വിടുവിച്ചുവെന്നും അവന്‍ അത് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം എന്താണെന്നും അവന്‍ അവരോട് പറഞ്ഞു: ''ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു. അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ'' (വാ. 10-11 ഊന്നല്‍ ചേര്‍ത്തത്).
തന്റെ ജനത്തിന്റെ ജീവിതത്തില്‍ വലിയ നന്മ ഉളവാക്കാന്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്, കാരണം നമ്മുടെ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സഹായം കരസ്ഥമാക്കാന്‍ നാം അവര്‍ക്കായി വാതില്‍ തുറക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്റെ ശക്തിയില്‍ നാം അവരെ സ്‌നേഹിക്കുകയാണു ചെയ്യുന്നത്. അവനെക്കാള്‍ വലിയവനോ വലുതായി സ്‌നേഹിക്കുന്നവനോ മറ്റാരുമില്ല.
ഇപ്പോള്‍, തുടര്‍ന്ന് അടുത്തത്
ഞാന്‍ അടുത്തിടെ ഒരു കോളേജ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു. ഈ സമയത്ത് ബിരുദം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ക്ക് ആവശ്യമായ ഒരു ആഹ്വാനം പ്രസംഗകന്‍ നല്‍കി. ''അടുത്തത് എന്താണ്?'' എന്ന് എല്ലാവരും അവരോടു തന്നേ ചോദിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പരാമര്‍ശിച്ചു. അടുത്തതായി അവര്‍ എന്ത് ജോലിയാണ് ചെയ്യാന്‍ പോകുന്നത്? അവര്‍ എവിടെയാണ് സ്‌കൂളില്‍ പോകുന്നത് അല്ലെങ്കില്‍ അടുത്തതായി ജോലി ചെയ്യുന്നത്? തുടര്‍ന്ന്, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ വിശ്വാസയാത്രയുടെ പശ്ചാത്തലത്തില്‍, അവര്‍ക്കുവേണ്ടിയല്ല, യേശുവിനുവേണ്ടി ജീവിക്കാന്‍ അവരെ നയിക്കുന്ന എന്തു തീരുമാനങ്ങളാണ് അവര്‍ ദിവസേന എടുക്കുന്നത്?
അദ്ദേഹത്തിന്റെ വാക്കുകള്‍ സദൃശവാക്യങ്ങളുടെ പുസ്തകത്തെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തി - ഇപ്പോള്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ധാരാളം വ്യക്തമായ പ്രസ്താവനകള്‍ അതു നടത്തുന്നു. ഉദാഹരണത്തിന്: ഇപ്പോള്‍ സത്യസന്ധത പരിശീലിക്കുക (11:1); ഇപ്പോള്‍ ശരിയായ സ്‌നേഹിതരെ തിരഞ്ഞെടുക്കുക (12:26); ഇപ്പോള്‍ ആര്‍ജ്ജവത്തോടെ ജീവിക്കുക (13:6); ഇപ്പോള്‍ നല്ല വിവേചനം നടത്തുക (13:15); ഇപ്പോള്‍ വിവേകത്തോടെ സംസാരിക്കുക (14:3).
പരിശുദ്ധാത്മാവിന്റെ നടത്തിപ്പില്‍ ഇപ്പോള്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നത്, അടുത്തതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നു. 'യഹോവയല്ലോ ജ്ഞാനം നല്കുന്നത്; ... അവന്‍ നേരുള്ളവര്‍ക്ക് രക്ഷ സംഗ്രഹിച്ചുവയ്ക്കുന്നു: ... അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു' (2:6-8). അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കട്ടെ, അവിടുത്തെ മഹത്വത്തിനായി അടുത്തതിലേക്ക് അവന്‍ നമ്മെ നയിക്കട്ടെ.
വീണ്ടും പരാജയപ്പെട്ടു
എന്റെ പ്രസംഗ-തയ്യാറാക്കലിന്റെ ആരംഭ നാളുകളില്‍, ഞാന്‍ ചില ഞായറാഴ്ച പ്രഭാതങ്ങളെ സമീപിച്ചിരുന്നത് ഒരു പുഴുവിനു സമാനമായിട്ടായിരുന്നു. തലേ ആഴ്ചയില്‍, ഞാന്‍ മികച്ച ഭര്‍ത്താവോ, പിതാവോ, സുഹൃത്തോ ആയിരുന്നില്ല. ദൈവം എന്നെ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ശരിയായ ജീവിതത്തിന്റെ ഒരു ട്രാക്ക് റെക്കോര്‍ഡ് സ്ഥാപിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതിനാല്‍ എനിക്ക് കഴിയുന്നത്ര മികച്ച രീതിയില്‍ പ്രഭാഷണം നടത്തുകയും അടുത്ത ആഴ്ച നന്നായി ജീവിക്കാന്‍ ശ്രമിക്കുമെന്നും ഞാന്‍ ശപഥം ചെയ്തു.
അത് ശരിയായ സമീപനമായിരുന്നില്ല. ഗലാത്യര്‍ 3-ല്‍, ദൈവം നിരന്തരം തന്റെ ആത്മാവിനെ നമുക്കു പ്രദാനം ചെയ്യുന്നുവെന്നും ഒരു സൗജന്യ ദാനമായി നമ്മിലൂടെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു - നാം എന്തെങ്കിലും ചെയ്തതിനാലോ നാം അതിന് അര്‍ഹരായതിനാലോ അല്ല.
അബ്രഹാമിന്റെ ജീവിതം ഇത് പ്രകടമാക്കുന്നു. ചില സമയങ്ങളില്‍ അവന്‍ ഒരു ഭര്‍ത്താവെന്ന നിലയില്‍ പരാജയപ്പെട്ടു. ഉദാഹരണത്തിന്, സ്വന്തം ജീവന്‍ രക്ഷിക്കാനായി നുണ പറഞ്ഞ് അവന്‍ രണ്ടു പ്രാവശ്യം സാറയുടെ ജീവന്‍ അപകടത്തിലാക്കി (ഉല്പത്തി 12:10-20; 20:1-18). എന്നിട്ടും അവന്റെ വിശ്വാസം ''അവനു നീതിയായി കണക്കാക്കപ്പെട്ടു'' (ഗലാത്യര്‍ 3:6). പരാജയങ്ങള്‍ക്കിടയിലും അബ്രഹാം തന്നെത്തന്നെ ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ചു, അവന്റെ വംശത്തിലൂടെ ലോകത്തിന് രക്ഷ എത്തിക്കാന്‍ ദൈവം അവനെ ഉപയോഗിച്ചു.
മോശമായി പെരുമാറുന്നതിന് ഒരു ന്യായീകരണവുമില്ല. അനുസരണത്തോടെ തന്നെ അനുഗമിക്കാന്‍ യേശു നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവിടുന്ന് നല്‍കുന്നു. കഠിനവും അനുതാപമില്ലാത്തതുമായ ഒരു ഹൃദയം എല്ലായ്പോഴും നമുക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യങ്ങളെ തടസ്സപ്പെടുത്തും. പക്ഷേ നമ്മെ ഉപയോഗിക്കാനുള്ള അവന്റെ കഴിവ് നമ്മുടെ നല്ല പെരുമാറ്റത്തിന്റെ ഒരു നീണ്ട ലിസ്റ്റിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മിലൂടെ പ്രവര്‍ത്തിക്കാനുള്ള ദൈവത്തിന്റെ സന്നദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ് അത് - അതായത് കൃപയാല്‍ രക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുക. അവന്റെ കൃപയ്ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതില്ല - അതു സൗജന്യമാണ്.