ലോകത്തിന് എന്താണ് കുഴപ്പം?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടന്‍ ടൈംസ് വായനക്കാരോട് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചതായി പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു കഥയുണ്ട്. ലോകത്തിന് എന്താണ് കുഴപ്പം?
അത് ഒരു ഒന്നാന്തരം ചോദ്യമാണ്, അല്ലേ? ഒരാള്‍ പെട്ടെന്ന് പ്രതികരിച്ചേക്കാം, ''ശരി, എനിക്ക് നിങ്ങളോട് ഉത്തരം പറയാന്‍ എത്ര സമയമുണ്ട്?'' അത് ശരിയാണ്, കാരണം നമ്മുടെ ലോകത്ത് വളരെയധികം കുഴപ്പങ്ങളുണ്ടെന്ന് തോന്നുന്നു. കഥ പറയുന്നതനുസരിച്ച്, ടൈംസിന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, പക്ഷേ ഹ്രസ്വമെങ്കിലും മിഴിവുറ്റ ഒരു ഉത്തരം വേറിട്ടു നിന്നു. ഇംഗ്ലീഷ് എഴുത്തുകാരനും കവിയും തത്ത്വചിന്തകനുമായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ നാല് വാക്കുകളിലൂടെ തന്റെ പ്രതികരണം എഴുതി, ''പ്രിയപ്പെട്ട സാറന്മാരേ, ഞാന്‍ ആകുന്നു.''
കഥ വസ്തുതാപരമാണോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. എന്നാല്‍ ആ പ്രതികരണം? ഇത് സത്യമല്ലാതെ മറ്റൊന്നുമല്ല. ചെസ്റ്റര്‍ട്ടണ്‍ വരുന്നതിനു വളരെ മുമ്പുതന്നെ പൗലൊസ് എന്ന ഒരു അപ്പൊസ്തലന്‍ ഉണ്ടായിരുന്നു. ആജീവനാന്ത മാതൃകാ പൗരനില്‍ നിന്ന് വ്യത്യസ്തമായി, പൗലൊസ് തന്റെ മുന്‍കാല പോരായ്മകള്‍ ഏറ്റുപറഞ്ഞു: ''മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു'' (വാ. 13). യേശു ആരെയാണ് രക്ഷിക്കാന്‍ വന്നതെന്ന് (''പാപികള്‍'') പറഞ്ഞശേഷം അവന്‍ പ്രഖ്യാപിക്കുന്നു: ''ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'' (വാ. 15). ലോകത്തിന് എന്താണു കുഴപ്പം എന്നു പൗലൊസിന് കൃത്യമായി അറിയാമായിരുന്നു. കാര്യങ്ങള്‍ നേരെയാക്കുന്നതിനുള്ള ഏക പ്രത്യാശയെക്കുറിച്ചും അവനറിയാമായിരുന്നു - 'നമ്മുടെ കര്‍ത്താവിന്റെ കൃപ' (വാ. 14).എന്തൊരു അത്ഭുതകരമായ യാഥാര്‍ത്ഥ്യം! നിലനില്‍ക്കുന്ന ഈ സത്യം ക്രിസ്തുവിന്റെ രക്ഷിക്കുന്ന സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നു.
സുവര്‍ണ്ണ മുറിപ്പാടുകള്‍
നെതര്‍ലാന്‍ഡില്‍, ഒരു കൂട്ടം ഫാഷന്‍ ഡിസൈനര്‍മാര്‍ ''ഗോള്‍ഡന്‍ ജോയ്നറി'' വര്‍ക്ക്ഷോപ്പ് വാഗ്ദാനം ചെയ്യുന്നു. തകര്‍ന്ന പോര്‍സലൈന്‍ സ്വര്‍ണ്ണം ഉപയോഗിച്ച് നന്നാക്കുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയായ കിന്റ്‌സുഗിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പങ്കെടുക്കുന്നവര്‍ വസ്ത്രങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹകരിക്കുന്നു. അതില്‍ കീറല്‍ മറയ്ക്കുന്നതിനു പകരം അതു കാണത്തക്കവണ്ണമാണ് ശരിയാക്കുന്നത്. ക്ഷണിക്കപ്പെട്ടവരോട് ''പ്രിയപ്പെട്ടതും എന്നാല്‍ കീറിയതുമായ വസ്ത്രം കൊണ്ടുവന്ന് സ്വര്‍ണ്ണം ഉപയോഗിച്ചു ശരിയാക്കുവാന്‍'' ആവശ്യപ്പെടുന്നു. അവര്‍ വസ്ത്രങ്ങള്‍ റീമേക്ക് ചെയ്യുമ്പോള്‍, അറ്റകുറ്റപ്പണി അലങ്കാരമായി മാറുന്നു, ഒരു ''സ്വര്‍ണ്ണ മുറിപ്പാട്.''
വസ്ത്രങ്ങള്‍ കീറിപ്പോയതോ പൊടിഞ്ഞതോ ആയ സ്ഥലങ്ങള്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് രൂപാന്തരപ്പെടുത്തുന്നത്. ഒരുപക്ഷേ, തന്റെ ബലഹീനത വെളിപ്പെടുത്തുന്ന കാര്യങ്ങളില്‍ താന്‍ പ്രശംസിക്കുമെന്നു പൗലൊസ് പറഞ്ഞതുപോലെയായിരിക്കാം ഇത്. ''അതിമഹത്തായ വെളിപ്പാടുകള്‍'' അവന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവന്‍ അവയെക്കുറിച്ച് പ്രശംസിക്കുന്നില്ല (2 കൊരിന്ത്യര്‍ 12:6). തന്റെ 'ജഡത്തിലെ ശൂലം' അഹങ്കാരവും അമിത ആത്മവിശ്വാസവും ഉണ്ടാകുന്നതില്‍ നിന്ന് തന്നെ തടയുന്നതായി അവന്‍ പറയുന്നു (വാ. 7). അവന്‍ എന്താണ് സൂചിപ്പിച്ചതെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല - ഒരുപക്ഷേ വിഷാദരോഗം, ഒരുതരം മലേറിയ, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം. എന്തായാലും അത് എടുത്തുകളയാന്‍ അവന്‍ ദൈവത്തോട് അപേക്ഷിച്ചു. എന്നാല്‍ ദൈവം പറഞ്ഞു, ''എന്റെ കൃപ നിനക്കു മതി, എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു'' (വാ. 9).
ഡിസൈനര്‍മാര്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പഴയ വസ്ത്രങ്ങളിലെ കീറലുകളും വടുക്കളും സൗന്ദര്യ കാഴ്ചകളായിത്തീരുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ തകര്‍ന്നതും ദുര്‍ബലവുമായ സ്ഥലങ്ങള്‍ ദൈവത്തിന്റെ ശക്തിയും മഹത്വവും പ്രകാശിക്കുന്ന സ്ഥലങ്ങളായി മാറ്റും. അവന്‍ നമ്മെ ഒരുമിച്ചു നിര്‍ത്തുന്നു, രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ബലഹീനതകളെ മനോഹരമാക്കുന്നു.
വിദ്വേഷത്തെക്കാള്‍ ശക്തം
അമ്മ ഷാരോണ്ടയുടെ ദാരുണമായ മരണത്തിന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍, ക്രിസ് ശക്തവും കൃപ നിറഞ്ഞതുമായ ഈ വാക്കുകള്‍ ഉച്ചരിച്ചു: ''സ്‌നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണ്.'' അവന്റെ അമ്മ, മറ്റ് എട്ട് പേരോടൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയില്‍ വെച്ച് ഒരു ബുധനാഴ്ച രാത്രിയിലെ ബൈബിള്‍ പഠനസമയത്താണ് കൊല്ലപ്പെട്ടത്. ഈ കൗമാരക്കാരന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഈ വാക്കുകള്‍ ഒഴുകത്തക്കവിധം അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയതെന്താണ്? ക്രിസ് ക്രിസ്തുയേശുവിലുള്ള ഒരു വിശ്വാസിയാണ്, അവന്റെ അമ്മ ''എല്ലാവരെയും പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിച്ചിരുന്ന'' ഒരുവളുമായിരുന്നു.
ലൂക്കൊസ് 23:26-49 ല്‍ വധശിക്ഷ നടപ്പാക്കുന്ന ഒരു വേദിയുടെ മുന്‍ നിര സീറ്റില്‍ നാം ഇരിക്കുകയാണ്. അവിടെ രണ്ട് കുറ്റവാളികളെയും നിരപരാധിയായ യേശുവിനെയും നിര്‍ത്തിയിരിക്കുന്നു (വാ. 32). മൂന്നുപേരെയും ക്രൂശിച്ചു (വാ. 33). ക്രൂശില്‍ തൂങ്ങിക്കിടക്കുന്നവരുടെ നെടുവീര്‍പ്പുകളുടെയും ഞരക്കങ്ങളുടെയും വിലാപങ്ങളുടെയും നടുവില്‍ യേശുവിന്റെ വാക്കുകള്‍ ഇപ്രകാരം കേട്ടു: 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (വാ. 34.). വിദ്വേഷം നിറഞ്ഞ മതനേതാക്കള്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി സ്‌നേഹത്തിന്റെ ആള്‍രൂപമായവന്‍ ക്രൂശിക്കപ്പെട്ടു. വേദനയിലാണെങ്കിലും, യേശുവിന്റെ സ്‌നേഹം വിജയിച്ചുകൊണ്ടിരുന്നു.
നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ എങ്ങനെയാണ് വിദ്വേഷം, ദുഷ്ടലാക്ക്, കൈപ്പ് അല്ലെങ്കില്‍ ദുഷ്ടത എന്നിവയുടെ ഇരയായിത്തീര്‍ന്നിട്ടുള്ളത്? നിങ്ങളുടെ വേദന നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പ്രേരണയാകട്ടെ, വെറുപ്പിനെക്കാള്‍ സ്‌നേഹം തിരഞ്ഞെടുക്കാന്‍ യേശുവിനെയും ക്രിസിനെയും പോലുള്ളവരുടെ മാതൃക ആത്മാവിന്റെ ശക്തിയാല്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.
നക്ഷത്രങ്ങള്‍ക്കപ്പുറം ശ്രദ്ധിക്കുക
മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ അല്ലെങ്കില്‍ മൈക്രോവേവ് ഓവനുകള്‍ എന്നിവ ഇല്ലാത്ത ജീവിതം സങ്കല്‍പ്പിക്കുക. അക്കാരണത്താലാണ് അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലെ ചെറിയ പട്ടണമായ ഗ്രീന്‍ ബാങ്ക് 'അമേരിക്കയിലെ ഏറ്റവും നിശബ്ദമായ പട്ടണം'' എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് നിലകൊള്ളുന്ന ഗ്രീന്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയുടെ ആസ്ഥാനം കൂടിയാണിത്. ബഹിരാകാശത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള തുടിപ്പുകളും താരാപഥങ്ങളുടെ ചലനങ്ങളും വഴി സ്വാഭാവികമായി ഉണ്ടാകുന്ന റേഡിയോ തരംഗങ്ങളെ ''കേള്‍ക്കാന്‍'' ദൂരദര്‍ശിനിക്ക് ''നിശബ്ദത'' ആവശ്യമാണ്. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിയ ഉപരിതല വിസ്തീര്‍ണ്ണമുള്ള ഇത് 13,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള നാഷണല്‍ റേഡിയോ ക്വയറ്റ് സോണിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ദൂരദര്‍ശിനിയുടെ അത്യന്തം ഉന്നതമായ സംവേദനക്ഷമതയെ തകര്‍ക്കാതിരിക്കുന്നതിനാണ് ഇത്രയും വിശാലമായ നിശബ്ദ മേഖല സൃഷ്ടിച്ചിരിക്കുന്നത്.
മനഃപൂര്‍വമായ ഈ നിശബ്ദത ശാസ്ത്രജ്ഞരെ ''ഗോളങ്ങളുടെ സംഗീതം'' കേള്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ ശ്രദ്ധിക്കാന്‍ വേണ്ടത്ര നിശബ്ദമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് എന്നെ ഓര്‍മ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്‍ മുഖാന്തരം വഴിപിഴച്ചതും അശ്രദ്ധമായതുമായ ഒരു ജനതയോട് ദൈവം ആശയവിനിമയം നടത്തി, ''നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍' (യെശയ്യാവ് 55:3). തന്നെ അന്വേഷിക്കുകയും പാപമോചനത്തിനായി തങ്കലേക്ക് തിരിയുകയും ചെയ്യുന്ന എല്ലാവരോടും ദൈവം തന്റെ വിശ്വസ്ത സ്‌നേഹം വാഗ്ദാനം ചെയ്യുന്നു.
തിരുവെഴുത്തിലും പ്രാര്‍ത്ഥനയിലും ദൈവത്തെ കണ്ടുമുട്ടുന്നതിനായി നമ്മുടെ ശ്രദ്ധ തിരിക്കുന്നതിലൂടെ നാം മനഃപൂര്‍വ്വം ദൈവത്തെ ശ്രദ്ധിക്കുന്നു. ദൈവം അകലെയല്ല. നാം അവനുവേണ്ടി സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്നീട് നിത്യതയിലും അവന്‍ നമ്മുടെ മുന്‍ഗണനയായിത്തീരും.
ഒരു ഗായികയുടെ ഹൃദയം
സ്തുതിഗീതം താഴത്തെ നിലയിലേക്ക് ഒഴുകിയിറങ്ങി. . . ഒരു ശനിയാഴ്ച രാവിലെ 6:33 ന്. മറ്റാരും ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷേ എന്റെ ഇളയ മകളുടെ ശബ്ദം എന്റെ അനുമാനം തെറ്റാണെന്ന് തെളിയിച്ചു. അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല, പക്ഷേ അവളുടെ ചുണ്ടുകളില്‍ ഇതിനകം ഒരു പാട്ട് ഉണ്ടായിരുന്നു.
എന്റെ ഇളയവള്‍ ഒരു ഗായികയാണ്. വാസ്തവത്തില്‍, അവള്‍ക്ക് പാടാതിരിക്കാന്‍ കഴിയില്ല. അവള്‍ ഉണരുമ്പോള്‍ പാടുന്നു. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍, അവള്‍ ഉറങ്ങാന്‍ പോകുമ്പോള്‍, എല്ലാം പാടുന്നു. ഹൃദയത്തില്‍ ഒരു പാട്ടോടെയാണ് അവള്‍ ജനിച്ചത് - മിക്കപ്പോഴും, അവളുടെ ഗാനങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നു. അവള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ദൈവത്തെ സ്തുതിക്കും.
എന്റെ മകളുടെ ശബ്ദത്തിന്റെ ലാളിത്യവും ഭക്തിയും ആത്മാര്‍ത്ഥതയും ഞാന്‍ ഇഷ്ടപ്പെടുന്നു. അവളുടെ സ്വതസിദ്ധവും സന്തോഷകരവുമായ ഗാനങ്ങള്‍ തിരുവെഴുത്തിലുടനീളം കണ്ടെത്തിയ, ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. 95-ാം സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു, ''വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചു ഘോഷിക്കുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക' (വാ. 1). കൂടുതല്‍ വായിച്ചാല്‍ അവന്‍ ആരാണ് എന്നതില്‍ നിന്നും ('യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതേ മഹാരാജാവു തന്നേ,' വാ. 3) നാം ആരാണ് എന്നതില്‍ നിന്നും ('നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ,''വാ. 7) ആണ് ഈ ആരാധന പുറപ്പെടുന്നത് എന്നു മനസ്സിലാകും.
എന്റെ മകളെ സംബന്ധിച്ചിടത്തോളം, ആ സത്യങ്ങളാണ് പ്രഭാതത്തിലെ അവളുടെ ആദ്യ ചിന്ത. ദൈവകൃപയാല്‍, ഈ കൊച്ചു ആരാധക, അവനു പാടുന്നതിന്റെ സന്തോഷത്തിന്റെ ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ ഞങ്ങള്‍ക്കു നല്‍കുന്നു.