Month: ഒക്ടോബർ 2020

വേഗം കുറഞ്ഞത്, പക്ഷെ ഉറപ്പായത്

എന്റെ ഒരു പഴയ സുഹൃത്ത് താന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞ് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. അത് സത്യമാണെന്ന് വിശ്വസിക്കാനാവാത്തവിധം നല്ലതായിരുന്നു എന്നു ഞാന്‍ അവനോടു പറഞ്ഞു. എന്നിരുന്നാലും, ആ സംഭാഷണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍, അവന്റെ ബാന്‍ഡ് എല്ലായിടത്തും പ്രസിദ്ധമായി - റേഡിയോയിലെ മികച്ച സിംഗിള്‍സിന്റെ പട്ടികയില്‍ മുതല്‍ ടിവി പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ വരെ. പ്രശസ്തിയിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച അതിവേഗമായിരുന്നു.

പ്രാധാന്യവും വിജയവും - വലുതും നാടകീയമായതും, പെട്ടെന്നുള്ളതും കൊള്ളിമീന്‍ സമാനമായതും - നമ്മെ പെട്ടെന്നു ആകര്‍ഷിക്കും. എന്നാല്‍ കടുകിന്റെയും പുളിച്ച മാവിന്റെയും ഉപമകള്‍ രാജ്യത്തിന്റെ മാര്‍ഗ്ഗത്തെ (ഭൂമിയിലെ ദൈവഭരണം) ചെറുതും മറഞ്ഞിരിക്കുന്നതും നിസ്സാരമെന്നു തോന്നുന്നതുമായ കാര്യങ്ങളുമായി താരതമ്യപ്പെടുത്തുന്നു.

രാജ്യം അതിന്റെ രാജാവിനെപ്പോലെയാണ്. ക്രിസ്തുവിന്റെ ദൗത്യം അവന്റെ ജീവിതത്തില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി - ഒരു വിത്തു പോലെ, നിലത്തു കുഴിച്ചിട്ടു; മാവില്‍ മറഞ്ഞിരിക്കുന്ന പുളിപ്പുപോലെ. എന്നിട്ടും അവന്‍ എഴുന്നേറ്റു - മണ്ണു പിളര്‍ന്നു മുളച്ചുവരുന്ന ഒരു വൃക്ഷം പോലെ, ചൂട് വര്‍ദ്ധിക്കുമ്പോള്‍ പൊങ്ങിവരുന്ന അപ്പം പോലെ. യേശു ഉയിര്‍ത്തെഴുന്നേറ്റു.

അവിടുത്തെ മാര്‍ഗ്ഗത്തിന് അനുസൃതമായി ജീവിക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്നു. അത് നിലനില്‍ക്കുന്നതും വ്യാപിക്കുന്നതുമാണ്. കാര്യങ്ങള്‍ നമ്മുടെ കൈകളിലേക്ക് എടുക്കുന്നതിനും അധികാരം കൈയാളുവാനും ലോകത്തിലെ നമ്മുടെ ഇടപാടുകളെ അത് ഉളവാക്കിയേക്കാവുന്ന ഫലങ്ങളാല്‍ ന്യായീകരിക്കുവാനും ഉള്ള പ്രലോഭനത്തെ ചെറുക്കുക. ഫലം - ''ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിക്കുവാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു' (വാ. 32), ഒരു വലിയ വിരുന്നു നല്‍കുന്ന അപ്പം - ക്രിസ്തുവിന്റെ പ്രവൃത്തിയാണ്, നമ്മുടെയല്ല.

പ്രസംഗിക്കുകയോ ഉഴുകയോ?

കുടുംബ ഐതിഹ്യമനുസരിച്ച്, ബില്ലി, മെല്‍വിന്‍ എന്നീ രണ്ട് സഹോദരന്മാര്‍ ഒരു ദിവസം കുടുംബത്തിന്റെ ഡയറി ഫാമില്‍ നില്‍ക്കുമ്പോള്‍ ഒരു വിമാനം ആകാശത്തില്‍ എഴുതുന്നത് കണ്ടു. വിമാനം ''GP'' എന്നീ അക്ഷരങ്ങള്‍ എഴുതുന്നത് ആണ്‍കുട്ടികള്‍ നിരീക്ഷിച്ചു.

തങ്ങള്‍ കണ്ടത് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്താണെന്ന് രണ്ട് സഹോദരന്മാരും തീരുമാനിച്ചു. ''Go Preach - പോയി പ്രസംഗിക്കുക'' എന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ഒരാള്‍ കരുതി. മറ്റൊരാള്‍ ഇത് ''Go plow - പോയി ഉഴുക'' എന്ന് വായിച്ചു. പില്‍ക്കാലത്ത് ആണ്‍കുട്ടികളിലൊരാളായ ബില്ലി ഗ്രഹാം സുവിശേഷം പ്രസംഗിക്കാന്‍ സ്വയം സമര്‍പ്പിക്കുകയും സുവിശേഷീകരണത്തിന്റെ പ്രതിരൂപമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന്‍ മെല്‍വിന്‍ വര്‍ഷങ്ങളോളം വിശ്വസ്തതയോടെ കുടുംബ ഡയറി ഫാം നടത്തി.

സ്‌കൈ റൈറ്റിംഗ് അടയാളങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദൈവം ബില്ലിയെ പ്രസംഗിക്കാന്‍ വിളിക്കുകയും മെല്‍വിനെ ഉഴാന്‍ വിളിക്കുകയും ചെയ്തതിനാല്‍, അവര്‍ രണ്ടുപേരും തങ്ങളുടെ തൊഴിലുകളിലൂടെ ദൈവത്തെ ബഹുമാനിച്ചു. ബില്ലിക്ക് ഒരു നീണ്ട പ്രസംഗജീവിതം ഉള്ളപ്പോള്‍ തന്നേ, അദ്ദേഹത്തിന്റെ വിജയത്തിന്റെ അര്‍ത്ഥം, ഉഴാനുള്ള ആഹ്വാനത്തോടുള്ള സഹോദരന്റെ അനുസരണത്തിന് പ്രാധാന്യം കുറവാണ് എന്നല്ല.

മുഴുസമയ ശുശ്രൂഷ എന്ന് നാം വിളിക്കുന്ന കാര്യങ്ങളില്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെങ്കിലും (എഫെസ്യര്‍ 4:11-12), അതിനര്‍ത്ഥം മറ്റ് ജോലികളിലും ഉത്തരവാദിത്വങ്ങളിലുമുള്ളവര്‍ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നില്ല എന്നല്ല. രണ്ടായാലും, പൗലൊസ് പറഞ്ഞതുപോലെ, ''ഓരോ ഭാഗവും അതിന്റെ വേല ചെയ്യണം'' (വാ. 16). അതിനര്‍ത്ഥം യേശു നമുക്കു നല്‍കിയ വരങ്ങളെ വിശ്വസ്തതയോടെ ഉപയോഗിച്ചുകൊണ്ട് അവനെ ബഹുമാനിക്കുക എന്നാണ്. അങ്ങനെയാകുമ്പോള്‍, നാം ''പ്രസംഗിക്കുകയോ'' അല്ലെങ്കില്‍ ''ഉഴുകയോ'' ചെയ്താലും നാം ശുശ്രൂഷിക്കുന്നിടത്ത് അല്ലെങ്കില്‍ ജോലി ചെയ്യുന്നിടത്ത് യേശുവിനായി ഒരു മാറ്റമുണ്ടാക്കാന്‍ നമുക്കു കഴിയും.

ഒരുമിച്ച് വളരുക

എതിര്‍ ടീമിലെ ഒരംഗം വായുവിലേക്ക് ഒരു പന്ത് അടിച്ചുവിട്ടപ്പോള്‍ എന്റെ ഭര്‍ത്താവ് അലന്‍ ക്രിക്കറ്റ് മൈതാനത്തെ പ്രകാശിപ്പിക്കുന്ന ഉയര്‍ന്ന ലൈറ്റുകള്‍ക്ക് താഴെയായി നില്‍ക്കുകയായിരുന്നു. പന്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട് അലന്‍ ഫീല്‍ഡിന്റെ ഇരുണ്ട കോണിലേക്ക് പൂര്‍ണ്ണ വേഗതയില്‍ ഓടി - വേലിയില്‍ ചെന്നിടിച്ചു.

അന്നു രാത്രി ഞാന്‍ അദ്ദേഹത്തിന് ഒരു ഐസ് പായ്ക്ക് കൈമാറി. ''താങ്കള്‍ക്ക് കുഴപ്പമില്ലല്ലോ?'' ഞാന്‍ ചോദിച്ചു. അദ്ദേഹം തോളില്‍ തടവി. ''ഞാന്‍ വേലിക്ക് സമീപത്തേക്കു നീങ്ങുകയാണെന്ന് എന്റെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ എനിക്ക് സുഖം തോന്നുമായിരുന്നു,'' അദ്ദേഹം പറഞ്ഞു.

ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. വേലിക്കടുത്തെത്തിയപ്പോള്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും മുന്നറിയിപ്പ് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ അലന്റെ പരിക്ക് ഒഴിവാക്കാമായിരുന്നു.

സഭയിലെ അംഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരു ടീം പോലെ പരസ്പരം ശ്രദ്ധിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് തിരുവെഴുത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നത് ദൈവത്തിനു വിഷയമാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു, കാരണം ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴു വിശ്വാസ സമൂഹത്തെയും സ്വാധീനിക്കും (കൊലൊസ്യര്‍ 3:13-14). ഐക്യത്തിനും സമാധാനത്തിനും വേണ്ടി പൂര്‍ണ്ണമായും അര്‍പ്പണബോധത്തോടെ പരസ്പരം സേവിക്കാനുള്ള അവസരങ്ങള്‍ നാമെല്ലാവരും സ്വീകരിക്കുമ്പോള്‍, സഭ തഴച്ചുവളരുന്നു (വാ. 15).

'സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടി നിങ്ങളില്‍ വസിക്കട്ടെ'' (വാ. 16). സ്‌നേഹപൂര്‍വവും സത്യസന്ധവുമായ ബന്ധങ്ങളിലൂടെ, നന്ദിയുള്ള ഹൃദയങ്ങളോടെ ദൈവത്തെ അനുസരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് പരസ്പരം പ്രചോദനം നല്‍കാനും സംരക്ഷിക്കാനും കഴിയും.

ദൈവം നമ്മെ പിടിച്ചിരിക്കുന്നു

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫ്രെഡി ബ്ലോം എന്ന ഒരു മനുഷ്യന് 2018-ല്‍ 114 വയസ്സു തികഞ്ഞു. അറിയപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള മനുഷ്യനാണദ്ദേഹം. 1904 ല്‍ ജനിച്ച അദ്ദേഹം, രണ്ടു ലോക മഹായുദ്ധങ്ങള്‍, വര്‍ണ്ണവിവേചനം, മഹാ സാമ്പത്തിക മാന്ദ്യം എന്നിവയെയെല്ലാം അതിജീവിച്ചു. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍വലിഞ്ഞു. നമ്മില്‍ പലരേയും പോലെ, ആരോഗ്യദായക ഭക്ഷണങ്ങളും ജീവിതചര്യകളും അദ്ദേഹം എല്ലായ്‌പ്പോഴും തിരഞ്ഞെടുത്തിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആരോഗ്യത്തിന് ഒരു കാരണം അദ്ദേഹം പറയുന്നു: ''ഒരേയൊരു കാര്യം മാത്രമേയുള്ളൂ, അത് [ദൈവം] ആണ്. അവനാണ് സര്‍വ്വശക്തന്‍. . . അവന്‍ എന്നെ പിടിച്ചിരിക്കുന്നു.'

ശത്രുക്കളുടെ കഠിനമായ അടിച്ചമര്‍ത്തലിനു കീഴില്‍ രാഷ്ട്രം ഞെരുങ്ങിയപ്പോള്‍ ദൈവം യിസ്രായേലിനോട് സംസാരിച്ചതിന് സമാനമായ വാക്കുകളാണ് ഈ മനുഷ്യന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. ''ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും'' എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിങ്ങളെ താങ്ങും'' (യെശയ്യാവ് 41:10). അവരുടെ അവസ്ഥ എത്ര നിരാശാജനകമാണെങ്കിലും, അവര്‍ക്ക് ആശ്വാസം ലഭിക്കുക അസാധ്യമാണെങ്കിലും, ദൈവം തന്റെ ജനത്തെ തന്റെ ആര്‍ദ്രമായ കരുതലില്‍ സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കി. ''ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്,'' അവന്‍ ഉറപ്പുനല്‍കി. ''ഭ്രമിച്ചുനോക്കേണ്ട, ഞാന്‍ നിന്റെ ദൈവമാകുന്നു'' (വാ. 10).

നമുക്ക് എത്ര വര്‍ഷം നല്‍കപ്പെട്ടാലും, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നമ്മുടെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും. തകര്‍ന്ന ദാമ്പത്യം. കുടുംബത്തെ ഉപേക്ഷിച്ചുപോയ ഒരു കുട്ടി. ഡോക്ടറില്‍ നിന്നു കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന വാര്‍ത്ത. ചിലപ്പോള്‍ പീഡനം പോലും. എന്നിരുന്നാലും, നമ്മുടെ ദൈവം നമ്മുടെ അടുത്തെത്തുകയും നമ്മെ മുറുകെ പിടിക്കുകയും ചെയ്യുന്നു. അവന്‍ നമ്മെ ശേഖരിക്കുകയും തന്റെ ശക്തവും ആര്‍ദ്രവുമായ കൈയില്‍ പിടിക്കുകയും ചെയ്യുന്നു.

പരദേശിയെ സ്‌നേഹിക്കുക

ഞാന്‍ ഒരു പുതിയ രാജ്യത്തേക്ക് മാറിയപ്പോള്‍, എന്റെ ആദ്യ അനുഭവങ്ങളിലൊന്ന് ഞാനവിടെ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്നെനിക്കു തോന്നിയ സന്ദര്‍ഭമായിരുന്നു. അന്ന് എന്റെ ഭര്‍ത്താവ് പ്രസംഗിച്ചുകൊണ്ടിരുന്ന ചെറിയ സഭയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയപ്പോള്‍ ''താഴേക്ക് നീങ്ങുക'' എന്ന് ഒരു വൃദ്ധനായ മാന്യന്‍ എന്നോടു പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അവര്‍ സ്ഥിരമായി ഇരിക്കുന്ന ഇരിപ്പിടത്തിലാണ് ഞാന്‍ ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ ക്ഷമാപണം നടത്തിക്കൊണ്ടു വിശദീകരിച്ചു. സഭകള്‍ പണം സ്വരൂപിക്കുന്നതിനായും ഒരാളുടെ ഇരിപ്പിടം മറ്റാരും കയ്യേറുന്നില്ലെന്നു ഉറപ്പാക്കുന്നതിനുമായി സഭകള്‍ ഇരിപ്പിടം വാടകയ്ക്കു കൊടുക്കുന്നു എന്നു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി. അത്തരം മനോഭാവങ്ങളില്‍ ചിലത് പതിറ്റാണ്ടുകളായി തുടരുന്നു എന്നു വ്യക്തമായിരുന്നു.

ഞാന്‍ നേരിട്ടതുപോലുള്ള സാംസ്‌കാരിക രീതികള്‍ക്ക് വിരുദ്ധമായി വിദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചതെങ്ങനെയെന്ന് പിന്നീട് ഞാന്‍ ചിന്തിച്ചു. തന്റെ ജനത്തിനു അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പരദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം അവരെ ഓര്‍മ്മിപ്പിച്ചു, കാരണം അവരും ഒരു കാലത്ത് പരദേശികളായിരുന്നു (ലേവ്യാപുസ്തകം 19:34). അപരിചിതരോട് അവര്‍ ദയയോടെ പെരുമാറുക മാത്രമല്ല (വാ. 33), ''തങ്ങളെപ്പോലെ തന്നെ സ്‌നേഹിക്കുകയും വേണം'' (വാ. 34). ദൈവം അവരെ ഈജിപ്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ''പാലും തേനും ഒഴുകുന്ന'' ദേശത്ത് അവര്‍ക്ക് ഒരു ഭവനം നല്‍കി (പുറപ്പാട് 3:17). ആ ദേശത്തു പാര്‍ക്കുന്ന മറ്റുള്ളവരെ തന്റെ ആളുകള്‍ സ്‌നേഹിക്കണമെന്ന് അവന്‍ പ്രതീക്ഷിച്ചു.

നിങ്ങളുടെ ഇടയില്‍ അപരിചിതരെ കണ്ടുമുട്ടുമ്പോള്‍, ദൈവസ്‌നേഹം അവരുമായി പങ്കിടുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ഏതെങ്കിലും സാംസ്‌കാരിക രീതികള്‍ വെളിപ്പെടുത്താന്‍ ദൈവത്തോട് ആവശ്യപ്പെടുക.