നിങ്ങള്‍ അവളെ വീണ്ടും കാണും
ഞാന്‍ ജാക്വിയുടെ കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരന്നു. മുറി മങ്ങിയതും നിശബ്ദവുമായിരുന്നു. ക്യാന്‍സറുമായി മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനുമുമ്പ്, എന്റെ സുഹൃത്ത് ഊര്‍ജ്ജസ്വലയായ ഒരു വ്യക്തിയായിരുന്നു. അവളുടെ ചിരി എനിക്ക് ഇപ്പോഴും സങ്കല്പ്പിക്കാന് കഴിയും- ജീവന് തുടിക്കുന്ന കണ്ണുകളുള്ള അവളുടെ മുഖം പുഞ്ചിരികൊണ്ടു പ്രകാശിക്കുമായിരുന്നു. ഇപ്പോള്‍ അവള് ശാന്തയും നിശ്ചലയുമായിരുന്നു, ഞാന്‍ അവളെ ഒരു പ്രത്യേക പരിചരണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ ഞാന്‍ കുറച്ച് തിരുവെഴുത്തുകള്‍ വായിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പേഴ്സില്‍ നിന്ന് ബൈബിള്‍ പുറത്തെടുത്ത് 1 കൊരിന്ത്യരിലേക്ക് തിരിഞ്ഞു ഒരു ഭാഗം വായിക്കാന്‍ തുടങ്ങി.
സന്ദര്‍ശനത്തിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഏകാന്തതയില്‍ അല്പ സമയം കണ്ണുനീരോടെ കാത്തിരുന്ന ശേഷം, എന്റെ കണ്ണുനീര് തുടയ്ക്കുന്ന ഒരു ചിന്ത മനസ്സില്‍ വന്നു: നീ അവളെ വീണ്ടും കാണും. ദുഃഖനിമഗ്നയായ ഞാന്‍, മരണം വിശ്വാസികള്‍ക്ക് താല്‍ക്കാലികം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മറന്നിരുന്നു (1 കൊരിന്ത്യര്‍ 15:21-22). ഞങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി ഞങ്ങള്‍ രണ്ടുപേരും യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ ജാക്വിയെ വീണ്ടും കാണുമെന്ന് എനിക്കറിയാം (വാ. 3-4). തന്റെ ക്രൂശീകരണത്തിനുശേഷം യേശു ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, വിശ്വാസികളെ തമ്മില്‍തമ്മിലും ദൈവത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള മരണത്തിന്റെ ആത്യന്തിക ശക്തി നഷ്ടപ്പെട്ടു. നാം മരിച്ചതിനുശേഷം, ദൈവത്തോടും നമ്മുടെ എല്ലാ ആത്മീയ സഹോദരങ്ങളോടും ഒപ്പം - എന്നേക്കും - സ്വര്‍ഗ്ഗത്തില്‍ വസിക്കും.
യേശു ഇന്ന് ജീവിച്ചിരിക്കുന്നതിനാല്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളില്‍ പ്രത്യാശയുണ്ട്. ക്രൂശിന്റെ വിജയം മരണത്തെ വിഴുങ്ങിയിരിക്കുന്നു (വാ. 54).
അവസാനം ദര്‍ശിച്ചുകൊണ്ട് ആരംഭിക്കുക
''നിനക്കു വലുതാകുമ്പോള്‍ ആരാകണം?'' കുട്ടിക്കാലത്ത് എന്നോട് പലപ്പോഴും ആ ചോദ്യം ചോദിച്ചിരുന്നു. ഉത്തരങ്ങള്‍ കാറ്റ് പോലെ മാറിക്കൊണ്ടിരുന്നു. ഒരു ഡോക്ടര്‍. ഒരു അഗ്നിശമന സേനാംഗം. ഒരു മിഷനറി. ഒരു ആരാധനാ നേതാവ്. ഒരു ഭൗതികശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട ടിവി കഥാപാത്രം . ഇപ്പോള്‍, നാല് കുട്ടികളുടെ പിതാവ് എന്ന നിലയില്‍, അവരോട് അതേ ചോദ്യം ചോദിക്കുന്നത് അവര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ''നാം ഏതിലായിരിക്കും മികച്ചവനാകാന്‍ പോകുന്നതെന്ന് എനിക്കറിയാം!'' എന്നു ചില സമയങ്ങളില്‍ അവരോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. കുട്ടികള്‍ സ്വയം കാണുന്നതിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ കാണാന്‍ കഴിയും.
പൗലൊസ് താന്‍ സ്നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഫിലിപ്പിയ വിശ്വാസികളില്‍ കണ്ട കാര്യങ്ങളെ ഇത് പ്രതിധ്വനിപ്പിക്കുന്നു (ഫിലിപ്പിയര്‍ 1:3). അവന് അവസാനം കാണാന്‍ കഴിഞ്ഞു; എല്ലാം പറഞ്ഞും ചെയ്തു കഴിയുമ്പോഴും അവര്‍ എന്തായിരിക്കുമെന്ന് അവനറിയാമായിരുന്നു. കഥയുടെ അവസാനത്തെ - പുനരുത്ഥാനത്തെയും എല്ലാറ്റിന്റെയും പുതുക്കലിനെയും - കുറിച്ചുള്ള മഹത്തായ ഒരു ദര്‍ശനം ബൈബിള്‍ നല്കുന്നു (1 കൊരിന്ത്യര്‍ 15; വെളിപ്പാട് 21 എന്നിവ കാണുക). ആരാണ് കഥ എഴുതുന്നതെന്നും അത് നമ്മോട് പറയുന്നു.
ജയിലില്‍ നിന്ന് എഴുതിയ ഒരു കത്തിന്റെ പ്രാരംഭ വരികളില്‍ പൗലൊസ് ഫിലിപ്പിയ സഭയെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചു, ''നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന് യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും'' (ഫിലിപ്പിയര്‍ 1:6). യേശു പ്രവൃത്തി ആരംഭിച്ചു, അവന് അത് പൂര്‍ത്തിയാക്കും. പൂര്‍ത്തീകരണം എന്ന വാക്ക് പ്രത്യേകിച്ചും പ്രധാനമാണ് - കഥ അവസാനിക്കുന്നില്ല, കാരണം ദൈവം ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.
അസാധാരണ ആശ്വാസം
ലിസയ്ക്ക് ലഭിച്ച കാര്‍ഡിലെ വാക്യം അവളുടെ അവസ്ഥയുമായി പൊരുത്തപ്പെടുന്നതായി തോന്നിയില്ല: ''യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന് കണ്ടു'' (2 രാജാക്കന്മാര് 6:17). എനിക്ക് കാന്‍സര്‍ ആണ്! അവള് ആശയക്കുഴപ്പത്തില്‍ ചിന്തിച്ചു. എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി! ദൂത സൈനികരെക്കുറിച്ചുള്ള ഒരു വാക്യം ഇവിടെ ബാധകമാണെന്നു തോന്നുന്നില്ല.
അപ്പോള്‍ ''ദൂതന്മാര്'' പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാന്‍സറിനെ അതിജീവിച്ചവര്‍ അവരുടെ സമയം അവള് പറയുന്നതു കേള്‍ക്കാനായി നീക്കിവെച്ചു. അവളുടെ ഭര്‍ത്താവിന് വിദേശത്തെ സൈനിക സേവനത്തില്‍ നിന്ന് വിടുതല്‍ ലഭിച്ചു. സുഹൃത്തുക്കള്‍ അവളോടൊപ്പം പ്രാര്‍ത്ഥിച്ചു. എന്നാല്‍ ദൈവം തന്നെ സ്നേഹിക്കുന്നു എന്ന് അവള്‍ക്ക് ഏറ്റവും അധികം വ്യക്തമായ നിമിഷം അവളുടെ സുഹൃത്ത് പാറ്റി രണ്ട് പെട്ടി ടിഷ്യൂകളുമായി വന്നതാണ്. അവയെ മേശപ്പുറത്ത് വച്ചിട്ട് അവള് കരയാന്‍ തുടങ്ങി. പാറ്റിക്ക് മനസ്സിലാകുമായിരുന്നു. അവളും ഗര്‍ഭം അലസലിലൂടെ കടന്നുപോയിരുന്നു.
''അത് എന്തിനേക്കാളും അര്‍ത്ഥവത്തായിരുന്നു,'' ലിസ പറയുന്നു. ''കാര്‍ഡ് ഇപ്പോള്‍ അര്‍ത്ഥവത്തായി. എന്റെ 'ദൂത സൈനികര്‍' അവിടെ ഉണ്ടായിരുന്നു.'
ഒരു സൈന്യം യിസ്രായേലിനെ ഉപരോധിച്ചപ്പോള്‍, അക്ഷരീകമായ ഒരു ദൂതസഞ്ചയം എലീശയെ സംരക്ഷിച്ചു. എന്നാല്‍ എലീശയുടെ ദാസന് അവരെ കാണാന്‍ കഴിഞ്ഞില്ല. ''നാം എന്തു ചെയ്യും?'' അവന് പ്രവാചകനോട് നിലവിളിച്ചു (വാ. 15). എലീശാ പ്രാര്‍ത്ഥിച്ചു, 'യഹോവേ, ഇവന് കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കണമേ' (വാ. 17).
നാം ദൈവത്തിങ്കലേക്ക് നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പ്രധാനമെന്നും നാം തനിച്ചല്ല എന്നും നമ്മുടെ പ്രതിസന്ധി നമ്മെ കാണിക്കും. ദൈവത്തിന്റെ ആശ്വാസകരമായ സാന്നിധ്യം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ലെന്ന് നാം മനസ്സിലാക്കും. അവന് തന്റെ സ്നേഹത്തെ പരിധിയില്ലാത്ത അത്ഭുതകരമായ വിധത്തില്‍ നമുക്ക് കാണിച്ചുതരുന്നു.
നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുക
എന്റെ ഭര്‍ത്താവ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ നേരം വെളുത്തിരുന്നില്ല. ലൈറ്റ് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നതു ഞാന്‍ കണ്ടു, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഞങ്ങളുടെ അടുക്കള കൗണ്ടറിലെ ഒരു ''നുഴഞ്ഞുകയറ്റക്കാരനെ'' കണ്ടപ്പോള്‍ ഞാന്‍ അലറിയ കാര്യം എനിക്കോര്‍മ്മ വന്നു. വ്യാഖ്യാനം: ആറ് കാലുകളുള്ള അനഭിമതനായ ഒരു ജീവി. എന്റെ ഭയത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന് അറിയാമായിരുന്നതിനാല്‍ അതിനെ നീക്കംചെയ്യാനായി ഓടിയെത്തി. എനിക്ക് ആശങ്കയില്ലാതെ പ്രവേശിക്കുന്നതിനായി ഞങ്ങളുടെ അടുക്കള പ്രാണി രഹിതമാണെന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ഇന്നു നേരത്തെ എഴുന്നേറ്റത്. എന്തൊരു മനുഷ്യന്!
എന്റെ ഭര്‍ത്താവ് എന്നെ മനസ്സില്‍ വെച്ചുകൊണ്ട്, അഥവാ എന്റെ ആവശ്യത്തിന് തന്റെ ആവശ്യത്തെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രവൃത്തി എഫെസ്യര്‍ 5:25-ല്‍ പൗലൊസ് വിവരിക്കുന്ന സ്നേഹത്തെ വ്യക്തമാക്കുന്നു: ''ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.'' പൗലൊസ് തുടരുന്നു, ''ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍'
(വാ. 28). ഒരു ഭര്‍ത്താവിന്റെ സ്നേഹത്തെ ക്രിസ്തുവിന്റെ സ്നേഹവുമായി പൗലൊസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്? യേശു നമ്മുടെ ആവശ്യങ്ങളെ തന്റെ ആവശ്യങ്ങള്‍ക്കു മുന്‍പായി വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണത്. ചില നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ ഭയപ്പെടുന്നുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം, അതിനാല്‍ അദ്ദേഹം എന്റെ ആശങ്കയെ തന്റെ മുന്‍ഗണനയാക്കി.
ആ തത്വം ഭര്ത്താക്കന്മാര്ക്ക് മാത്രമല്ല ബാധകമാകുന്നത്. യേശുവിന്റെ മാതൃക പിന്തുടര്ന്ന്, ഒരാള്‍ക്ക് ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയേണ്ടതിന് സമ്മര്‍ദ്ദം, ഭയം, ലജ്ജ അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുന്നതിനു സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്നേഹപൂര്‍വ്വം ത്യാഗം ചെയ്യാന്‍ കഴിയും.
അവന് നമ്മെ പോകാന്‍ അനുവദിക്കയില്ല
അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലൂടെ - ന്യൂയോര്‍ക്ക് നഗരത്തെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡ് - സൈക്കിള്‍ ചവിട്ടുകയായിരുന്നു ജൂലിയോ. പെട്ടെന്ന് ഒരു ജീവന്മരണ സാഹചര്യം അദ്ദേഹം നേരിട്ടു. ഒരു മനുഷ്യന് നദിയിലേക്കു ചാടാന്‍ തയ്യാറെടുത്ത് പാലത്തിന്റെ കൈവരിയില്‍ നില്‍ക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് വരില്ലെന്ന് അറിഞ്ഞ ജൂലിയോ വേഗത്തില്‍ പ്രവര്‍ത്തിച്ചു. തന്റെ ബൈക്കില്‍ നിന്നിറങ്ങി കൈകള്‍ വിരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''അരുത് അതു ചെയ്യരുത്. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു.'' പിന്നെ, ഒരു ഇടയന് തന്റെ വളഞ്ഞ വടികൊണ്ട് ചെയ്യുന്നതുപോലെ ശ്രദ്ധ പതറിയ ആ മനുഷ്യനെ പിടിച്ചു, മറ്റൊരു വഴിയാത്രക്കാരന്റെ സഹായത്തോടെ അയാളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അയാള്‍ സുരക്ഷിതനായിരുന്നിട്ടും ജൂലിയോ തന്റെ പിടുത്തം വിട്ടില്ല.
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു ജീവന്മരണ സാഹചര്യത്തില്‍, തന്നില്‍ വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടുകയില്ലെന്നും അവരെ രക്ഷിക്കാനായി തന്റെ ജീവന് സമര്‍പ്പിക്കുമെന്നും നല്ല ഇടയനായ യേശു പറഞ്ഞു. തന്റെ ആടുകളെ എങ്ങനെ അനുഗ്രഹിക്കും എന്ന് അവന് ഇപ്രകാരം സംഗ്രഹിച്ചു: അവര്‍ അവനെ വ്യക്തിപരമായി അറിയുകയും നിത്യജീവന്റെ ദാനം നേടുകയും ചെയ്യും; അവര്‍ ഒരിക്കലും നശിച്ചുപോകയില്ല. അവന്റെ സംരക്ഷണത്തില്‍ അവര്‍ സുരക്ഷിതരായിരിക്കും. ഈ സുരക്ഷ ദുര്‍ബലരും ബലഹീനരുമായ ആടുകളുടെ കഴിവിനെ ആശ്രയിച്ചല്ല, മറിച്ച് ഇടയന്റെ പര്യാപ്തതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആരും
അവയെ അവന്റെ കൈയില്‍ നിന്നു പിടിച്ചുപറിക്കുവാന്‍ അവന് ഒരിക്കലും അനുവദിക്കില്ല (യോഹന്നാന് 10:28-29).
നാം ലക്ഷ്യത്തില്‍ നിന്നകന്ന്് പ്രതീക്ഷയറ്റവരായിത്തീര്‍ന്നപ്പോള്‍ യേശു നമ്മെ രക്ഷിച്ചു; അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ ഇപ്പോള്‍ നമുക്ക് സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയും. അവന് നമ്മെ സ്നേഹിക്കുന്നു, നമ്മെ പിന്തുടരുന്നു, കണ്ടെത്തുന്നു, രക്ഷിക്കുന്നു, ഒരിക്കലും നമ്മെ കൈവിടുകയില്ലെന്ന് വാഗ്ദത്തം ചെയ്യുന്നു.