Month: നവംബർ 2020

നീങ്ങാത്ത തടസ്സങ്ങളൊന്നുമില്ല

ഒരു അധ്യാപകനെന്ന നിലയില്‍, ഒരു സാഹസിക പാര്‍ക്കിലേക്ക് എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യാത്ര ഞാന്‍ ക്രമീകരിച്ചു. സുരക്ഷാ ഗിയര്‍ ധരിച്ചുകൊണ്ട് എട്ട് അടി ഉയരമുള്ള മതില്‍ കയറാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. ആദ്യം പോയവര്‍ തങ്ങളെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കയറുകളെ വിശ്വസിച്ചുകൊണ്ട്, താഴേക്കുനോക്കാതെ കയറാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരുവളുടെ അരയില്‍ ബെല്‍റ്റുകളും കൊളുത്തും ഞങ്ങള്‍ ഉറപ്പിക്കുമ്പോള്‍ അവള്‍ തടസ്സങ്ങളെയാണ് നോക്കിയത്. ''എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല,'' അവള്‍ പറഞ്ഞു. അവളുടെ സുരക്ഷാബെല്‍റ്റിന്റെ ഉറപ്പ് സ്ഥിരീകരിച്ച് ഞങ്ങള്‍ അവളെ പ്രോത്സാഹിപ്പിക്കുകയും അവള്‍ മതില്‍ കയറി ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളെ അഭിന്ദിക്കുകയും ചെയ്തു.

ജയിക്കാന്‍ അസാധ്യമെന്ന് തോന്നുന്ന പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ഭയവും അരക്ഷിതാവസ്ഥയും സംശയങ്ങള്‍ ഉളവാക്കും. ദൈവത്തിന്റെ മാറ്റമില്ലാത്ത ശക്തി, നന്മ, വിശ്വസ്തത എന്നിവയുടെ ഉറപ്പ് വിശ്വാസത്തിന്റെ ശക്തമായ ഒരു സുരക്ഷാബെല്‍റ്റ് സൃഷ്ടിക്കുന്നു. ആത്മവിശ്വാസത്തിന്റെ ഈ ഉറപ്പ് പഴയനിയമ വിശുദ്ധന്മാരുടെ ധൈര്യത്തിന് ആക്കം കൂട്ടി. ദൈവത്തിന്റെ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അറിയാനുള്ള നമ്മുടെ ആവശ്യത്തെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അവര്‍ തെളിയിച്ചു (എബ്രായര്‍ 11:1-13, 39). അവനില്‍ വിശ്വസിക്കുമ്പോള്‍ പലപ്പോഴും ഒറ്റയ്ക്ക് നില്‍ക്കേണ്ടിവരുന്നു എങ്കിലും ദൃഢനിശ്ചയത്തോടെ നാം ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നു. നമ്മുടെ സാഹചര്യങ്ങളെ ശാശ്വതമായ വീക്ഷണകോണിലൂടെ - നമ്മുടെ പരിശോധനകള്‍ താല്‍ക്കാലികം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് - വീക്ഷിക്കുന്നതിലൂടെ നമ്മുടെ വെല്ലുവിളികളെ സമീപിക്കുന്ന രീതി ക്രമീകരിക്കാന്‍ നമുക്കു കഴിയും (വാ. 13-16).

ജീവിതത്തിലെ ദുര്‍ഘടമായ പാതകളിലും കുത്തനെയുള്ള കയറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൈവം നമ്മെ അപ്പുറത്തെത്തിക്കുമെന്ന് വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. എന്നാല്‍ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ, ഒരു കാലത്ത് അസാധ്യമെന്നു തോന്നിയ തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്ന് ദൈവത്തെ വിശ്വസിച്ചുകൊണ്ട് നമ്മുടെ അനിശ്ചിതത്വങ്ങളെ നമുക്ക് വരുതിയിലാക്കാന്‍ കഴിയും.

അഗ്നിക്കുള്ളില്‍

സ്പെയിനിലുണ്ടായ ഒരു കാട്ടുതീ 50,000 ഏക്കറോളം വനഭൂമി കത്തിച്ചു ചാമ്പലാക്കി. എന്നിരുന്നാലും, ഈ നാശത്തിന്റെ മധ്യത്തില്‍, ആയിരത്തോളം പച്ചനിറത്തിലുള്ള സൈപ്രസ് മരങ്ങളുടെ ഒരു കൂട്ടം നാശമേല്‍ക്കാതെ നിലകൊണ്ടു. വെള്ളം ശേഖരിച്ചുനിര്‍ത്താനുള്ള ആ വൃക്ഷങ്ങളുടെ കഴിവ് അഗ്നിയെ സുരക്ഷിതമായി ചെറുത്തുനില്‍ക്കാന്‍ അവരെ സഹായിച്ചു.

ബാബിലോണില്‍ നെബൂഖദ്‌നേഖര്‍ രാജാവിന്റെ ഭരണകാലത്ത് സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘം രാജാവിന്റെ ക്രോധാഗ്നിയെ അതിജീവിച്ചു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും നെബൂഖദ്‌നേസര്‍ നിര്‍മ്മിച്ച ഒരു പ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ചുകൊണ്ടുപറഞ്ഞു 'ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും വിടുവിക്കും' (ദാനീയേല്‍ 3:17). കോപിഷ്ഠനായ രാജാവ് ചൂളയുടെ ചൂട് സാധാരണയേക്കാള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കല്‍പ്പിച്ചു (വാ. 19).

തീയുടെ ചൂട് അതികഠിനമായിരുന്നതിനാല്‍ രാജാവിന്റെ കല്‍പ്പനയനുസരിച്ച് മൂന്നു യുവാക്കളെ തീയിലേക്ക് എറിഞ്ഞ സൈനികരെ തീ ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതും അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ലെന്നും ചുറ്റും നിന്നവര്‍ കണ്ടു. മറ്റൊരാള്‍ കൂടി ആ അഗ്നികുണ്ഡത്തില്‍ ഉണ്ടായിരുന്നു - നാലാമത്തവന്റെ രൂപം ഒരു 'ദൈവപുത്രനോട്' ഒത്തിരുന്നു (വാ. 25). പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് യേശുവിന്റെ ജഡധാരണത്തിനു മുമ്പുള്ള രൂപമായിരുന്നു എന്നാണ്.

ഭീഷണികളും പരിശോധനകളും നേരിടുമ്പോള്‍ യേശു നമ്മോടൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്‌പ്പെടാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന നിമിഷങ്ങളില്‍, നാം ഭയപ്പെടേണ്ടതില്ല. ദൈവം എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ നമ്മെ സഹായിക്കുമെന്ന് നമുക്ക് എല്ലായ്‌പ്പോഴും അറിയില്ലായിരിക്കാം, പക്ഷേ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. നാം സഹിക്കുന്ന ഓരോ ''അഗ്‌നി''യിലും അവനോട് വിശ്വസ്തത പുലര്‍ത്താന്‍ അവന്‍ നമുക്ക് ശക്തി നല്‍കും.

ദൈവം സംസാരിക്കുമ്പോള്‍

ബൈബിള്‍ പരിഭാഷകയായ ലില്ലി വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടു. അവളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും, പുതിയ നിയമത്തിന്റെ ഒരു ഓഡിയോ കോപ്പി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും രണ്ട് മണിക്കൂര്‍ അവളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ അവളോട് തിരുവെഴുത്ത് ആപ്ലിക്കേഷന്‍ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു, അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മത്തായി 7:1-2 ആണ് കേട്ടത്: ''നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.' ഈ വാക്കുകള്‍ സ്വന്തം ഭാഷയില്‍ കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ വിളറി. പിന്നീട് തുടര്‍നടപടികളൊന്നും കൂടാതെ അവള്‍ മോചിപ്പിക്കപ്പെട്ടു.

വിമാനത്താവളത്തിലെ ആ ഉദ്യോഗസ്ഥന്റെ ഹൃദയത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല, എന്നാല്‍ (ദൈവത്തിന്റെ) വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നുവെന്ന് നമുക്കറിയാം (യെശയ്യാവ് 55:11). പ്രവാസികളായ ദൈവജനത്തോട് യെശയ്യാവ് ഈ പ്രവചനവചനങ്ങള്‍ പ്രവചിച്ചു, മഴയും മഞ്ഞും ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ, ''അവന്റെ വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്റെ ഉദ്ദേശ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പുനല്‍കി (വാ. 10-11).

ദൈവത്തിലുള്ള നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഭാഗം വായിക്കാന്‍ കഴിയും. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ലില്ലി നേരിട്ടതുപോലുള്ള അനിയന്ത്രിതമായ സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കു വിശ്വസിക്കാന്‍ കഴിയും-അന്തിമഫലം നാം കാണാത്തപ്പോള്‍ പോലും.

ദൈര്‍ഘ്യമുള്ള വഴി

തന്റെ സമപ്രായക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ബെന്യാമിന് അസൂയപ്പെടാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ''നിനക്കെന്തുകൊണ്ടാണ് ഇതുവരെ ഒരു മാനേജരാകാന്‍ കഴിയാത്തത്? നീ അത് അര്‍ഹിക്കുന്നു,''സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബെന്‍ തന്റെ തൊഴില്‍ വിഷയം ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ''ഇതാണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെങ്കില്‍, ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും,'' അദ്ദേഹം മറുപടി നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ബെന്നിന് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തിന്റെ അധിക അനുഭവം ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും കീഴുദ്യോഗസ്ഥരുടെ ബഹുമാനം നേടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ ചില സമപ്രായക്കാര്‍ അവരുടെ മേല്‍നോട്ട ചുമതലകളുമായി മല്ലിടുകയായിരുന്നു, കാരണം അവര്‍ അതിനു തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. ദൈവം തന്നെ ''ദൈര്‍ഘ്യമുള്ള വഴിയെ'' കൊണ്ടുപോയെന്ന് ബെന്‍ മനസ്സിലാക്കി.

ദൈവം യിസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ചപ്പോള്‍ (പുറപ്പാട് 13:17-18), കനാനിലേക്കുള്ള ''കുറുക്കുവഴി'' അപകടസാധ്യത നിറഞ്ഞതിനാല്‍ അവന്‍ ദൈര്‍ഘ്യമുള്ള വഴി തിരഞ്ഞെടുത്തു. ദൈര്‍ഘ്യമേറിയ യാത്ര, ബൈബിള്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കുക, തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.

ഹ്രസ്വമായ മാര്‍ഗം എല്ലായ്‌പ്പോഴും മികച്ചതല്ല. ചില സമയങ്ങളില്‍ ജീവിതത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അത് നമ്മുടെ ജോലിയിലായാലും മറ്റ് പരിശ്രമങ്ങളിലായാലും. അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് നാം നന്നായി തയ്യാറാകും. കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയും.

ഭവനത്തിലേക്കുള്ള മടക്കം

അമേരിക്കയിലെ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന വാള്‍ട്ടര്‍ ഡിക്‌സോണയ്ക്ക്, വിദേശത്തുള്ള യുദ്ധമുന്നണിയിലേക്കു പോകുന്നതിനു മുമ്പ് മധുവിധുവിനായി അഞ്ച് ദിവസം ലഭിച്ചു. ഒരു വര്‍ഷം കഴിയുംമുമ്പ് അദ്ദേഹത്തിന്റെ ജാക്കറ്റ് യുദ്ധമേഖലയില്‍ നിന്ന് സൈന്യം കണ്ടെത്തി. അതിന്റെ പോക്കറ്റു നിറയെ അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്തുകളായിരുന്നു. ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ യുവതിയായ ഭാര്യയെ അറിയിച്ചു. യഥാര്‍ത്ഥത്തില്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, അടുത്ത രണ്ടര വര്‍ഷം യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു. ഉണര്‍ന്നിരുന്ന ഓരോ മണിക്കൂറിലും അദ്ദേഹം വീട്ടിലെത്താന്‍ പദ്ധതിയിട്ടു. അദ്ദേഹം അഞ്ചു തവണ രക്ഷപ്പെട്ടു എങ്കിലും എല്ലായ്‌പ്പോഴും പിടിക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ!

തടവുകാരാക്കപ്പെടുന്നതും വിദൂരത്തേക്ക് കൊണ്ടുപോകപ്പെടുന്നതും ഭവനത്തിനായി കൊതിക്കുന്നതും എന്താണെന്ന് ദൈവജനത്തിന് അറിയാമായിരുന്നു. ദൈവത്തിനെതിരെയുള്ള മത്സരത്തെത്തുടര്‍ന്ന് അവര്‍ പ്രവാസികളായി മാറി. ഓരോ പ്രഭാതത്തിലും മടങ്ങിവരാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ സ്വയം രക്ഷപ്പെടാന്‍ അവര്‍ക്ക് വഴിയില്ലായിരുന്നു. എന്നാല്‍ താന്‍ അവരെ മറക്കുകയില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട്് അവരെ മടക്കിവരുത്തും'' (സെഖര്യാവ് 10:6). ഭവനത്തിനുവേണ്ടിയുള്ള ജനത്തിന്റെ നിരന്തരമായ വേദനയെ അവന്‍ പരിഹരിക്കും, അവരുടെ സ്ഥിരോത്സാഹത്താലല്ല, മറിച്ച് അവന്റെ കരുണകൊണ്ടാണതു ചെയ്യുന്നത്: ''അവരെ ചൂളകുത്തി ശേഖരിക്കും; ... അവര്‍ മടങ്ങിവരും' (വാ. 8-9).

നമ്മുടെ മോശം തീരുമാനങ്ങള്‍ മൂലമോ അല്ലെങ്കില്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമായ ബുദ്ധിമുട്ടുകള്‍ മൂലമോ ആയിരിക്കും നമ്മില്‍ പ്രവാസ ചിന്ത ഉടലെടുക്കുന്നത്. ഏതുവിധത്തിലായാലും ദൈവം നമ്മെ മറന്നിട്ടില്ല. നമ്മുടെ ആഗ്രഹം അവനറിയാം, അവന്‍ നമ്മെ വിളിക്കും. നാം ഉത്തരം നല്‍കുകയാണെങ്കില്‍, നാം അവനിലേക്ക് മടങ്ങിവരുന്നതായി - ഭവനത്തിലേക്കുള്ള മടക്കം - കണ്ടെത്തും.