തകര്ന്നവന്റെ പ്രാര്‍ത്ഥന
''സ്വര്‍ഗ്ഗസ്ഥനായ പ്രിയപിതാവേ, ഞാന്‍ പ്രാര്‍ത്ഥനാ മനുഷ്യനല്ല, പക്ഷേ അങ്ങ് അവിടെയുണ്ടെങ്കില്‍ അങ്ങേയ്ക്ക് എന്നെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍ എന്നെ വഴി കാണിക്കൂ. ഞാന്‍ എന്റെ കയറിന്റെ അറ്റത്തെത്തി.' പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇറ്റ്സ് എ വണ്ടര്ഫുള് ലൈഫിലെ ഒരു കഥാപാത്രമായ ജോര്‍ജ്ജ് ബെയ്ലിയാണ് ഈ പ്രാര്‍ത്ഥന ഉരുവിട്ടത്. ഇപ്പോള്‍ പ്രതീകാത്മകമായി അംഗീകരിക്കപ്പെട്ട ആ രംഗത്തില്‍ അവന്റെ കണ്ണുകള്‍ നിറയുന്നതായി കാണാം. അവ തിരക്കഥയുടെ ഭാഗമായിരുന്നില്ല, പക്ഷേ ആ രംഗം അഭിനയിച്ച നടന് പറയുന്നു, താന്‍ ആ പ്രാര്‍ത്ഥന ഉരുവിട്ടപ്പോള്‍ തനിക്ക് ''തിരിയാന്‍ ഒരിടവുമില്ലാത്ത ആളുകളുടെ ഏകാന്തതയും നിരാശയും അനുഭവപ്പെട്ടു.'' അത് അവനെ തകര്‍ത്തു.
തിളച്ചുമറിയുന്ന ഈ പ്രാര്‍ത്ഥന കേവലം ''എന്നെ സഹായിക്കണമേ'' എന്നതായിരുന്നു. 99- സങ്കീര്‍ത്തനത്തില്‍ ഇത് തന്നെയാണ് പറയുന്നത്. ദാവീദ് അവന്റെ കയറിന്റെ അറ്റത്തായിരുന്നു: ''എളിയവനും ദരിദ്രനും.'' അവന്റെ ''ഹൃദയം. . . ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു' (വാ. 22), അവന്റെ ശരീരം ''പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു' (വാ. 24). അവന് ''ചാഞ്ഞുപോകുന്ന നിഴല്‍ പോലെ'' മങ്ങുകയായിരുന്നു (വാ. 23), കുറ്റാരോപിതരുടെ കണ്ണില്‍ ''ഒരു നിന്ദയായി തീര്‍ന്നിരിക്കുന്നു' എന്ന് അവന് സ്വയം മനസ്സിലാക്കി (വാ. 25). അങ്ങേയറ്റത്തെ തകര്‍ച്ചയില്‍, അവനു തിരിയാന്‍ മറ്റൊരിടമില്ലായിരുന്നു. 'എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ' (വാ. 26).
'തകര്‍ന്നത്'' എന്ന പദം എല്ലാത്തിനെയും വിവരിക്കുന്ന അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാന്‍ പ്രയാസമാണ്. സഹായത്തിനായുള്ള നമ്മുടെ ലളിതമായ പ്രാര്‍ത്ഥനയോട് നമ്മുടെ സ്നേഹനിധിയായ ദൈവം പ്രതികരിക്കും.
ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എന്നോടു വാത്സല്യമുണ്ടായിരുന്ന എന്റെ ആന്റി ബെറ്റി ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം അത് ക്രിസ്മസ് പോലെയാണ് എനിക്കനുഭവപ്പെട്ടത്. ആന്റി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരികയും മടങ്ങിപ്പോകുന്ന സമയത്ത് എനിക്കു പണം നല്‍കുകയും ചെയ്യുമായിരുന്നു. ഞാന്‍ ആന്റിയോടൊപ്പം താമസിക്കുമ്പോഴെല്ലാം ആന്റി ഫ്രീസറില്‍ നിറയെ ഐസ്ക്രീം കരുതുമായിരുന്നു. ഒരിക്കലും പച്ചക്കറികള്‍ പാകം ചെയ്തില്ല. അവര്‍ക്ക് വളരെ കുറച്ചു നിയമങ്ങളേ ഉണ്ടായിരുന്നുള്ളു, രാത്രി വൈകി വരെ ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. ദൈവത്തിന്റെ ഔദാര്യം പ്രതിഫലിപ്പിച്ചിരുന്ന എന്റെ ആന്റി അത്ഭുതസ്ത്രീയായിരുന്നു. എന്നിരുന്നാലും, ആരോഗ്യവാനായി വളരാന്‍, എനിക്ക് ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം മാത്രമല്ല വേണ്ടത്. എന്നെയും എന്റെ പെരുമാറ്റത്തെയും കുറിച്ച് പ്രതീക്ഷകള്‍ വയ്ക്കാനും എന്നെ അവരോട് ചേര്‍ത്തുപിടിക്കാനും എനിക്ക് എന്റെ മാതാപിതാക്കള്‍ ആവശ്യമായിരുന്നു.
ബെറ്റി ആന്റിയേക്കാള്‍ കൂടുതല്‍ ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സ്നേഹത്താല്‍ - നാം എതിര്‍ത്തുനില്‍ക്കുമ്പോഴും അല്ലെങ്കില്‍ ഓടിപ്പോകുമ്പോഴും ഒരിക്കലും മാറ്റം വരാത്ത സ്നേഹത്താല്‍ - അവന് നമ്മെ നിറയ്ക്കുമ്പോള്‍ തന്നേ, അവന് നമ്മില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന് ദൈവം യിസ്രായേലിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, അവന് പത്തു കല്‍പ്പനകള്‍ നല്കി - പത്ത് നിര്‍ദ്ദേശങ്ങളല്ല (പുറപ്പാട് 20:1-17). നമ്മുടെ ആത്മവഞ്ചനയെക്കുറിച്ച് ബോധവാനായ ദൈവം വ്യക്തമായ പ്രതീക്ഷകള്‍ നല്കുന്നു: നാം ''ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകള് അനുസരിക്കുകയും വേണം'' (1 യോഹന്നാന് 5:2).
'അവന്റെ കല്പനകള് ഭാരമുള്ളവയല്ല'' (വാ. 3) എന്നതിനു നന്ദി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ദൈവസ്നേഹവും സന്തോഷവും അനുഭവിച്ചുകൊണ്ട് നമുക്ക് അവയെ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും. നമ്മോടുള്ള അവന്റെ സ്നേഹം നിരന്തരമായതാണ്. എന്നാല്‍ നാം തിരിച്ചു ദൈവത്തെ സ്നേഹിക്കുന്നുണ്ടോ എന്നറിയാന്‍ തിരുവെഴുത്തുകള്‍ ഒരു ചോദ്യം വാഗ്ദാനം ചെയ്യുന്നു: ആത്മാവ് നമ്മെ നയിക്കുന്നതനുസരിച്ച് നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടോ?
നാം ദൈവത്തെ സ്നേഹിക്കുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയും, പക്ഷേ അവന്റെ ശക്തിയില്‍ നാം ചെയ്യുന്നകാര്യങ്ങളാണ് യഥാര്‍ത്ഥ കഥ പറയുന്നത്.
ക്രിസ്തുമസ് വില്‍പ്പന
കുടുംബത്തിനുള്ള ക്രിസ്തുമസ് സമ്മാനങ്ങള്‍ക്കായി താന്‍ അമിതമായി പണം ചെലവഴിക്കുന്നുവെന്ന് ഒരു അമ്മയ്ക്ക് തോന്നി, അതിനാല്‍ ഒരു വര്‍ഷം വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കാന്‍ അവള് തീരുമാനിച്ചു. ക്രിസ്തുമസിനു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, വിലകുറഞ്ഞതും ഉപയോഗിച്ചതുമായ ഇനങ്ങള്‍ക്കായി അവള് സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പനശാല സന്ദര്‍ശിച്ചു. അവള് പതിവിലും കൂടുതല്‍ വാങ്ങിയെങ്കിലും വളരെ കുറച്ചു പണം മാത്രമേ ചിലവായുള്ളു. ക്രിസ്തുമസ് രാവില്‍, അവളുടെ കുട്ടികള്‍ ആവേശത്തോടെ ഒന്നിനുപുറകേ ഒന്നായി സമ്മാനപ്പൊതികള്‍ തുറന്നു. അടുത്ത ദിവസവും കൂടുതല്‍ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു! പുത്തന്‍ സമ്മാനങ്ങള്‍ നല്‍കാത്തതില്‍ അമ്മയ്ക്ക് കുറ്റബോധം തോന്നിയതിനാല്‍ ക്രിസ്തുമസ് രാവിലെയും കൂടുതല്‍ സമ്മാനങ്ങള്‍ അവള് ഒരുക്കിവെച്ചു. കുട്ടികള്‍ അവ തുറക്കാന്‍ തുടങ്ങിയെങ്കിലും വേഗം പരാതിപ്പെട്ടു, ''ഞങ്ങള്‍ സമ്മാനങ്ങള്‍ തുറന്നു മടുത്തു! മമ്മി ഞങ്ങള്‍ക്ക് വളരെയധികം തന്നു!'' ഒരു ക്രിസ്തുമസ് പ്രഭാതത്തില്‍ കുട്ടികളില്‍ നിന്നു കേള്‍ക്കുന്ന സാധാരണ പ്രതികരണമായിരുന്നില്ല അത്!
ദൈവം നമുക്കു ധാരാളമായി നല്കി അനുഗ്രഹിച്ചിരിക്കുന്നു, എന്നിട്ടും നാം എപ്പോഴും കൂടുതല്‍ ലഭിക്കുന്നതിനായി ചോദിക്കുന്നതായി തോന്നുന്നു: കുറച്ചുകൂടി വലിയ ഒരു വീട്, ഒരു മികച്ച കാര്‍, ഒരു വലിയ ബാങ്ക് അക്കൗണ്ട്, അല്ലെങ്കില്‍ [വിട്ടുപോയ ഭാഗം പൂരിപ്പിക്കുക]. "ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉെണ്ടങ്കില്‍ മതി എന്ന് നാം വിചാരിക്കുക'' എന്ന് തന്റെ സഭയിലെ ആളുകളെ ഓര്‍മ്മിപ്പിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 6:7-8).
നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ ദൈവം നമുക്കു ശ്വാസവും ജീവനും നല്കുന്നു. അവിടുത്തെ ദാനങ്ങള്‍ ആസ്വദിച്ച് സംതൃപ്തരാകുകയും, 'അങ്ങു ഞങ്ങള്‍ക്ക് വളരെയധികം തന്നിരിക്കുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമില്ല' എന്നു പറയുകയും ചെയ്യുന്നത് എത്ര ഉന്മേഷദായകമാണ്. ''അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു'' (വാ. 6).
നിരന്തരമായ സ്നേഹം
അതികഠിനമായ ചൂടുള്ള ഒരു വിദേശരാജ്യത്തെ ജോലിക്കുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു കുടുംബം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് മാസങ്ങളോളം പാര്‍ത്തു - അതു ശീതകാലമായിരുന്നു. അവരുടെ പത്തു മക്കളില്‍ മിക്കവരും മഞ്ഞിന്റെ പ്രകൃതി ഭംഗി കാണുന്നത് ഇതാദ്യമായിട്ടായിരുന്നു.
എന്നാല്‍ ഇവിടെ ശൈത്യകാലത്തെ അതിജീവിക്കാന്‍ കോട്ട്, കൈയ്യുറ, ബൂട്ട് ഉള്‍പ്പെടെ ധാരാളം ചൂടുവസ്ത്രങ്ങള്‍ ആവശ്യമാണ്. ഒരു വലിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം, കഠിനമായ ശൈത്യകാലത്തെ അതിജീവിക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി കരുതി. ആദ്യം, ഒരു അയല്ക്കാരന് പാദരക്ഷകളും പിന്നീട് മഞ്ഞു പാന്റുകളും പിന്നെ തൊപ്പികളും കയ്യുറകളും കൊണ്ടുവന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും പന്ത്രണ്ട് വലുപ്പത്തിലുള്ള പലതരം ചൂടു വസ്ത്രങ്ങള്‍ ശേഖരിച്ചു നല്കാന് ഒരു സുഹൃത്ത് അവളുടെ സഭയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. മഞ്ഞുകാലം എത്തുമ്പോഴേക്കും കുടുംബത്തിന് ആവശ്യമുള്ളതെല്ലാം കൃത്യമായി ലഭിച്ചിരുന്നു.
ദൈവത്തെ സേവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നതാണ്. നമ്മുടെ സ്വന്തം സമ്പത്തിന്റെ സമൃദ്ധിയില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കാന്‍ 1 യോഹന്നാന് 3:16-18 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശു ചെയ്തതുപോലെ ആളുകളെ സ്നേഹിക്കാനും കാണാനും നാം തുടങ്ങുമ്പോള്‍ യേശുവിനെപ്പോലെയാകാന്‍ സേവനം നമ്മെ സഹായിക്കുന്നു.
ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനും ദൈവം പലപ്പോഴും തന്റെ മക്കളെ ഉപയോഗിക്കുന്നു. നാം മറ്റുള്ളവരെ സേവിക്കുമ്പോള്‍ അവരെ നാം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നമ്മുടെ തന്നെ ഹൃദയം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി, ദൈവം പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സേവനത്തിനായി നമ്മെ സജ്ജരാക്കുക വഴി നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു (വാ. 18).
പ്രാര്‍ത്ഥനയുടെ വിശേഷാധികാരം
"ഡാഡി ഇനിമേല്‍ പ്രാര്‍ത്ഥിക്കുക ഇല്ല,'' എന്ന തലക്കെട്ടുള്ള തികച്ചും വ്യക്തിപരമായ ഒരു ഇംഗ്ലീഷ് ഗാനത്തിനു പ്രചോദനമായത് ഗാനരചയിതാവിനുവേണ്ടിയുള്ള സ്വന്തം പിതാവിന്റെ പ്രാര്‍ത്ഥനയാണ്. പിതാവിന്റെ പ്രാര്‍ത്ഥനകള്‍ അവസാനിച്ചതിന്റെ കാരണം വികാരതീവ്രമായ വരികള്‍ വെളിപ്പെടുത്തുന്നു: നിരാശയോ ക്ഷീണമോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ മരണമാണ് പ്രാര്‍ത്ഥനയ്ക്കു വിരാമം കുറിച്ചത്. ഇപ്പോള്‍, യേശുവിനോടൊപ്പം പ്രാര്‍ത്ഥനയില്‍ സംസാരിക്കുന്നതിനുപകരം, അവന്റെ പിതാവ് യേശുവിനോട്് മുഖാമുഖം സംസാരിക്കുകയാണെന്ന് അദ്ദേഹം സങ്കല്‍പ്പിക്കുന്നു.
ഒരു പിതാവിന്റെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ ഓര്‍മ്മ, വേദപുസ്തകത്തില്‍ കാണുന്ന ഒരു പിതാവിന്റെ മകനുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുന്നു. ദാവീദ് രാജാവ് ജീവിതാന്ത്യത്തിലെത്തിയപ്പോള്, തന്റെ പുത്രനായ ശലോമോനെ യിസ്രായേലിന്റെ അടുത്ത രാജാവായി ചുമതലയേല്പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി.
ശലോമോനെ അഭിഷേകം ചെയ്യാന്‍ ജനത്തെ ഒരുമിച്ചുകൂട്ടിയശേഷം, ദാവീദ് ആളുകളെ പ്രാര്‍ത്ഥനയില്‍ നയിച്ചു. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് വിവരിച്ചശേഷം, ജനങ്ങളും ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ അവന് ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവന് തന്റെ മകനുവേണ്ടി ഒരു വ്യക്തിപരമായ പ്രാര്‍ത്ഥന നടത്തി, ''നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന് ... അവന് ഒരു ഏകാഗ്രഹൃദയം നല്കണമേ'' എന്നു ദാവീദ് ദൈവത്തോട് ആവശ്യപ്പെട്ടു (1 ദിനവൃത്താന്തം 29:19).
ദൈവം നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകള്‍ക്കുവേണ്ടി വിശ്വസ്തതയോടെ പ്രാര്‍ത്ഥിക്കാനുള്ള പ്രത്യേകമായ പദവി നമുക്കുണ്ട്. വിശ്വസ്തതയ്ക്കുള്ള നമ്മുടെ മാതൃക മായാത്ത സ്വാധീനം ചെലുത്തുകയും നാം പോയിക്കഴിഞ്ഞാലും നിലനില്ക്കുകയും ചെയ്യും. ശലോമോനും യിസ്രായേലിനും വേണ്ടി ദാവീദ് നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം അവന് പോയിക്കഴിഞ്ഞും ദൈവം നല്കിക്കൊണ്ടിരുന്നതുപോലെ, നമ്മുടെ പ്രാര്‍ത്ഥനകളുടെ സ്വാധീനവും നമുക്കു ശേഷം തുടരും.