മാപ്പു നല്‍കുന്നതിലൂടെ ഒരു ഭാവി
1994 ല്‍, ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിന് (വംശീയ വേര്‍തിരിവ്) അറുതി വരുത്തി ജനാധിപത്യത്തിലേക്ക് സര്‍ക്കാര്‍ വഴിമാറിയപ്പോള്‍, വര്‍ണ്ണവിവേചനത്തിന് കീഴില്‍ ചെയ്ത കുറ്റകൃത്യങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന വിഷമകരമായ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നു. രാജ്യത്തെ നേതാക്കള്‍ക്ക് ഭൂതകാലത്തെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല, എങ്കിലും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കുന്നത് രാജ്യത്തിന്റെ മുറിവുകളെ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പായ ഡെസ്മണ്ട് ടുട്ടു തന്റെ 'നോ ഫ്യൂച്ചര്‍ വിത്തൗട്ട് ഫോര്‍ഗീവ്നെസ്സ്' (മാപ്പു നല്‍കാതെ ഒരു ഭാവിയില്ല) എന്ന പുസ്തകത്തില്‍ വിശദീകരിച്ചതുപോലെ, ''ഞങ്ങള്‍ക്ക് നീതി ലഭിക്കുമായിരുന്നു, നീതി നേടാമായിരുന്നു, പക്ഷേ ദക്ഷിണാഫ്രിക്ക ചാരത്തില്‍ തന്നെ കിടക്കുമായിരുന്നു.''
ട്രൂത്ത് ആന്‍ഡ് റിക്കണ്സിലിയേഷന് കമ്മറ്റി സ്ഥാപിച്ചതിലൂടെ, സത്യം, നീതി, കരുണ എന്നിവ പിന്തുടരാനുള്ള പ്രയാസകരമായ പാത പുതിയ ജനാധിപത്യം തിരഞ്ഞെടുത്തു. കുറ്റവാളികള്‍ക്ക് യഥാസ്ഥാപനത്തിനുള്ള ഒരു വഴി വാഗ്ദാനം ചെയ്തു - അവര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റുപറയാനും പരിഹാരം വരുത്താനും തയ്യാറാണെങ്കില്‍. ധൈര്യത്തോടെ സത്യത്തെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സൗഖ്യം കണ്ടെത്താന്‍ കഴിയൂ.
ഒരു തരത്തില്‍ പറഞ്ഞാല്‍, നാമെല്ലാവരും അഭിമുഖീകരിക്കുന്ന പോരാട്ടത്തെ ദക്ഷിണാഫ്രിക്കയുടെ ധര്‍മ്മസങ്കടം പ്രതിഫലിപ്പിക്കുന്നു. നീതിയെയും കരുണയെയും ഒരേസമയം പിന്തുടരാന് നാം വിളിക്കപ്പെട്ടിരിക്കുന്നു (6:8), എങ്കിലും കരുണ പലപ്പോഴും ഉത്തരവാദിത്വമേല്‍ക്കാനുള്ള വിമുഖതയുടെ ലക്ഷണമായി കണക്കാക്കപ്പെടാറുണ്ട്. അതുപോലെ നീതിയെ ആവശ്യപ്പെടുന്നതു പ്രതികാരത്തിന്റെ വളച്ചൊടിക്കപ്പെട്ട രൂപമായും.
''തിന്മയെ വെറുക്കുന്നതും'' (റോമര്‍ 12:9) നമ്മുടെ ''അയല്ക്കാരന്റെ'' രൂപാന്തരത്തിനും നന്മയ്ക്കും വേണ്ടി വാഞ്ഛിക്കുന്നതുമായ (13:10) ഒരു സ്നേഹമാണ് നമ്മുടെ മുന്നോട്ടുള്ള ഏക പാത. ക്രിസ്തുവിന്റെ ആത്മാവിന്റെ ശക്തിയിലൂടെ, നന്മയാല് തിന്മയെ ജയിക്കുന്ന ഒരു ഭാവി ഉണ്ടായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്ന് നമുക്ക് പഠിക്കാന്‍ കഴിയും (12:21).
ധൈര്യം വരിച്ചുകൊണ്ട്
സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്താണ് ആന്‍ഡ്രൂ ജീവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ ചെയ്യുന്നില്ല എന്നദ്ദേഹം പറഞ്ഞു. തന്റെ സഭയെ പരസ്യപ്പെടുത്തുന്ന ഒരു ബട്ടണ്‍ അദ്ദേഹം ധരിക്കുന്നു, അറസ്റ്റുചെയ്യുമ്പോഴെല്ലാം ''അവര്‍ക്കും യേശുവിനെ ആവശ്യമുണ്ട്'' എന്ന് പോലീസിനോട് അദ്ദേഹം പറയുന്നു. തന്റെ പക്ഷത്ത് ആരാണുള്ളതെന്ന് അറിയാവുന്നതിനാല്‍ ആന്‍ഡ്രൂവിന് ധൈര്യമുണ്ട്.
അവനെ അറസ്റ്റുചെയ്യാന്‍ യിസ്രായേല്‍ രാജാവ് അമ്പത് സൈനികരെ അയച്ചപ്പോള്‍ ഏലീയാവ് ഭയപ്പെട്ടില്ല (2 രാജാക്കന്മാര് 1:9). ദൈവം തന്നോടൊപ്പമുണ്ടെന്ന് പ്രവാചകന് അറിയാമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു തീയിറക്കി അവന് അവരെ നശിപ്പിച്ചു. രാജാവ് കൂടുതല്‍ പട്ടാളക്കാരെ അയച്ചു, ഏലീയാവ് അവരെയും നശിപ്പിച്ചു (വാ. 12). രാജാവ് മൂന്നാമതും പടയാളികളെ അയച്ചെങ്കിലും അവര്‍ മുമ്പത്തെ പടയാളികള്‍ക്കു സംഭവിച്ച കാര്യം കേട്ടിരുന്നു. തന്റെ സൈനികരുടെ ജീവന് രക്ഷിക്കണമെന്ന് ക്യാപ്റ്റന്‍ ഏലീയാവിനോട് അപേക്ഷിച്ചു. ഏലീയാവ് അവരെ ഭയപ്പെട്ടതിനേക്കാള്‍ അധികം അവര്‍ അവനെ ഭയപ്പെട്ടിരുന്നു, അതിനാല്‍ അവരോടൊപ്പം പോകുന്നത് സുരക്ഷിതമാണെന്ന് കര്‍ത്താവിന്റെ ദൂതന് ഏലീയാവിനോട് പറഞ്ഞു (വാ. 13-15).
നമ്മുടെ ശത്രുക്കളുടെ മേല്‍ തീയിടാന്‍ നാം പ്രാര്‍ത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നില്ല. ഒരു ശമര്യ ഗ്രാമത്തെ തീയിറക്കി നശിപ്പിക്കട്ടെ എന്ന് ശിഷ്യന്മാര് ചോദിച്ചപ്പോള്‍ യേശു അവരെ ശാസിച്ചു (ലൂക്കൊസ് 9:51-55). നാം മറ്റൊരു സമയത്താണ് ജീവിക്കുന്നത്. എന്നാല്‍ ഏലീയാവിന്റെ ധൈര്യം നമുക്കുണ്ടാകണമെന്ന് യേശു ആഗ്രഹിക്കുന്നു - അവര്‍ക്കുവേണ്ടി മരിച്ച രക്ഷകനെക്കുറിച്ച് എല്ലാവരോടും പറയാനുള്ള ധൈര്യം. ഒരു വ്യക്തി അമ്പത് പേരെ നേരിടുന്നതായി തോന്നാം, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒന്ന് അമ്പതിനു തുല്യമാണ്. നാം ധൈര്യത്തോടെ സ്നേഹിക്കാനും മറ്റുള്ളവരെ സമീപിക്കാനും ആവശ്യമായ കാര്യങ്ങള്‍ യേശു നല്കുന്നു.
ശ്വാസം കിട്ടാതെ
എന്റെ അടുത്ത് ഒരു ഹോം-ഇംപ്രൂവ്മെന്റ് സ്റ്റോര്‍ ഉണ്ട്, അതിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വലിയ പച്ച ബട്ടണ്‍ ഉണ്ട്. ഒരു സഹായിയും ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ഒരു ടൈമര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നിങ്ങള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ സേവനം ലഭിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വാങ്ങലിന് ഡിസ്കൗണ്ട് ലഭിക്കും.
വേഗത്തിലുള്ള സേവനം ലഭിക്കുന്ന ഈ സാഹചര്യത്തിലെ ഉപഭോക്താവാകാന്‍ നാം ആഗ്രഹിക്കുന്നു. എന്നാല്‍ നാം ആണ് സേവനദാതാക്കളെങ്കില്‍ അതിവേഗ സേവനത്തിനായുള്ള ഡിമാന്‍ഡ് നമുക്കിഷ്ടമല്ല. ഇന്ന് നമ്മളില്‍ പലരും ദീര്‍ഘനേരം ജോലി ചെയ്യുന്നതും ഒന്നിലധികം തവണ ഇമെയില്‍ പരിശോധിക്കുന്നതും നമ്മെ തിരക്കിലാക്കുന്നതായും, ഒട്ടും ഇളവില്ലാത്ത സമയപരിധി പാലിക്കാന്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും പരാതിപ്പെടുന്നു. ഹോം-ഇംപ്രൂവ്മെന്റ് സ്റ്റോറിന്റെ ഉപഭോക്തൃ സേവന തന്ത്രങ്ങള്‍ നമ്മുടെ എല്ലാ ജീവിതങ്ങളിലേക്കും കടന്നുവന്ന് തിരക്കിന്റെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു.
ശബ്ബത്ത് ആചരിക്കാന്‍ ദൈവം യിസ്രായേല്യരോട് പറഞ്ഞപ്പോള്‍, ഒരു പ്രധാന കാരണവും ദൈവം പറഞ്ഞു, ''നീ മിസ്രയീംദേശത്ത് അടിമയായിരുന്നു ...എന്നും ഓര്‍ക്കുക' (ആവര്‍ത്തനം 5:15). ഫറവോന്റെ അമിതമായ സമയ നിയന്ത്രണങ്ങളില്‍ അവിടെ നിരന്തരം പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി (പുറപ്പാട് 5:6-9). ഇപ്പോള്‍ മോചിതരായ അവര്‍, തങ്ങള്‍ക്കും തങ്ങളെ സേവിക്കുന്നവര്‍ക്കും വിശ്രമം ഉറപ്പുവരുത്താന്‍ ഓരോ ആഴ്ചയും ഒരു ദിവസം മുഴുവന്‍ സ്വസ്ഥതയ്ക്കായി വേര്‍തിരിക്കണമായിരുന്നു (ആവര്‍ത്തനം 5:14). ദൈവഭരണത്തിന്‍കീഴില്‍, മുഖം ചുവന്ന, ശ്വാസം കിട്ടാത്ത ആളുകള്‍ ഉണ്ടായിരിക്കരുത്.
നിങ്ങള്‍ എത്ര തവണ ക്ഷീണിതനാകുവോളം പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ നിങ്ങളെ കാത്തിരുത്തുന്ന ആളുകളോട് അക്ഷമരായിത്തീരുന്നു? നമുക്കും മറ്റുള്ളവര്‍ക്കും ഒരു ഇടവേള നല്‍കാം. തിരക്കിന്റെ സംസ്കാരം ഫറവോന്റേതാണ്, ദൈവത്തിന്റേതല്ല.
ഒരു ശക്തമായ അരുവി
വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്റ് കള്‍ച്ചറില്‍, അടിമത്തത്തിന്റെ പരുഷമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പര്യവേക്ഷണം നടത്താന്‍ സഹായിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കരകൗശല വസ്തുക്കളും നിറഞ്ഞിരിക്കുന്നു. ശാന്തമായ ഈ മുറിയില്‍ വെങ്കല ഗ്ലാസിന്റെ അര്‍ദ്ധസുതാര്യമായ ഭിത്തികള്‍ ഉണ്ട്, കൂടാതെ സീലിംഗില്‍ നിന്ന് ഒരു കുളത്തിലേക്ക് വെള്ളം പെയ്യുന്നതായി തോന്നുന്നു.
ശാന്തത നിറഞ്ഞ ആ സ്ഥലത്ത് ഞാന്‍ ഇരിക്കുമ്പോള്‍, ചുവരില്‍ തൂക്കിയിരിക്കുന്ന ഡോ. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഒരു ഉദ്ധരണി എന്റെ ശ്രദ്ധ പിടിച്ചുപറ്റി: ''ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകുന്നതുവരെ .... പ്രവര്‍ത്തിക്കാനും പോരാടാനും ഞങ്ങള്‍ ദൃഢനിശ്ചയമുള്ളവരാണ്.' ആമോസിന്റെ പഴയനിയമ പുസ്തകത്തില്‍ നിന്നാണ് ഈ ശക്തമായ വാക്കുകള്‍ വരുന്നത്.
ഉത്സവങ്ങള്‍ ആഘോഷിക്കുക, യാഗങ്ങള്‍ അര്‍പ്പിക്കുക തുടങ്ങിയ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ജനതയ്ക്കിടയില്‍ ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു ആമോസ്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയായിരുന്നു (ആമോസ് 5:21-23). ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള അവന്റെ കല്പനകളില് നിന്ന് പിന്തിരിയാന് അവയെ അവര്‍ ഉപയോഗിച്ചതുകൊണ്ട് ദൈവം അവരുടെ യാഗങ്ങളെ നിരസിച്ചു.
ദൈവത്തോടും മറ്റുള്ളവരോടും സ്നേഹമില്ലാത്ത മതപരമായ ചടങ്ങുകള്‍ക്കുപകരം, എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായുള്ള ആത്മാര്‍ത്ഥമായ താത്പര്യം പ്രകടിപ്പിക്കാന്‍ ദൈവം തന്റെ ജനത്തെക്കുറിച്ച് ആഗ്രഹിക്കുന്നുവെന്ന് ആമോസ് എഴുതി - ഉദാരമായ ഒരു ജീവിതരീതി, അത് ഒഴുകുന്നിടത്തെല്ലാം ജീവന് നല്കുന്ന ശക്തമായ നദിയായിരിക്കും.
ദൈവത്തെ സ്നേഹിക്കുന്നത് നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അതേ സത്യം യേശു പഠിപ്പിച്ചു (മത്തായി 22:37-39). നാം ദൈവത്തെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍, അതു നീതിയെ വിലപ്പെട്ടതായി കരുതുന്ന ഒരു ഹൃദയത്തില്‍നിന്നായിരിക്കട്ടെ.
ഒടുവില്‍ സ്വതന്ത്രനായി
ലെബനനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധകാലത്ത് അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ മക്കാര്‍ത്തി, തന്റെ വിടുതലിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ മനുഷ്യനെ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടിയത്. ഒടുവില്‍ യുഎന്‍ പ്രതിനിധിയായ ജിയാന്‍ഡോമെനിക്കോ പിക്കോയെ കണ്ടപ്പോള്‍ മക്കാര്‍ത്തി പറഞ്ഞു, ''എന്റെ സ്വാതന്ത്ര്യത്തിന് നന്ദി!'' ആ ഹൃദയംഗമമായ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്തായിരുന്നു.
കാരണം പിക്കോ സ്വന്തം ജീവന് പണയപ്പെടുത്തിയാണ് മക്കാര്‍ത്തിക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി അപകടകരമായ ചര്‍ച്ചകള്‍ നടത്തിയത്.
വിശ്വാസികളായ നമുക്ക് കഠിനാധ്വാനത്തിലൂടെ നേടിയ അത്തരം സ്വാതന്ത്ര്യത്തോടു നമ്മെ ബന്ധിപ്പിക്കാന്‍ കഴിയും. നാം ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും ആത്മീയ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി യേശു തന്റെ ജീവിതം നല്കി - ഒരു റോമന്‍ ക്രൂശില്‍ മരണം വരിച്ചു. ''സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി'' എന്ന് അപ്പൊസ്തലനായ പൗലൊസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു (ഗലാത്യര്‍ 5:1).
'പുത്രന് നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' എന്നു രേഖപ്പെടുത്തിക്കൊണ്ട് യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു (യോഹന്നാന് 8:36).
എന്നാല്‍ ഏതെല്ലാം നിലകളിലാണ് സ്വാതന്ത്ര്യം? പാപത്തില്‍ നിന്നും അതിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മാത്രമല്ല, കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, സാത്താന്റെ നുണകള്‍, അന്ധവിശ്വാസങ്ങള്‍, തെറ്റായ പഠിപ്പിക്കലുകള്‍, നിത്യമരണം എന്നിവയില്‍ നിന്നും യേശുവില്‍ നാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. മേലില്‍ നാം ബന്ദികളായിരിക്കുന്നില്ല, ശത്രുക്കളോട് സ്നേഹം കാണിക്കാനും ദയയോടെ നടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും അയല്‍ക്കാരെ സ്നേഹിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ നാം പിന്തുടരുമ്പോള്, നാം ക്ഷമിക്കപ്പെട്ടതുപോലെ നമുക്ക് ക്ഷമിക്കാനും കഴിയും.
ഇതിനെല്ലാം, ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം. മറ്റുള്ളവരും അവന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി അറിയേണ്ടതിന് നമുക്ക് സ്നേഹിക്കാം.